Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പിയുടെ ഡിജിറ്റല്‍ സൈന്യം; രഹസ്യങ്ങളുടെ ഉള്ളറകളിലേക്കൊരു പുസ്തകം

troll.jpg

സാമൂഹിക മാധ്യമ ഇടങ്ങള്‍ വലത് പക്ഷ സംഘങ്ങളുടെ വിദ്വേഷവും, അസഹിഷ്ണുതയും, മതഭ്രാന്തും പ്രചരിപ്പിക്കുന്നതിന് വേണ്ടി വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും, അത്തരം ഇടങ്ങളെല്ലാം ബി.ജെ.പിയോട് കൂറ് പുലര്‍ത്തുന്ന രാഷ്ട്രീയ സംഘങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്നവയുമാണെന്നും സമര്‍ത്ഥിക്കുന്നതാണ് സ്വാതി ചതുര്‍വേദിയുടെ പുതിയ പുസ്തകം. ബി.ജെ.പിയുടെ ഡിജിറ്റല്‍ സൈന്യത്തിന്റെ രഹസ്യലോകത്തേക്ക് ആഴത്തില്‍ കടന്ന് ചെല്ലുന്ന പുസ്തകം അതിനകത്തുള്ളതെല്ലാം വലിച്ച് പുറത്തിടുന്നുണ്ട്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ ഊന്നിനില്‍ക്കുന്ന പുസ്തകം, ട്വിറ്റര്‍ അകൗണ്ടുകളിലൂടെയുള്ള ഇന്റര്‍നെറ്റ് ട്രോളുകള്‍ എത്രമാത്രം വര്‍ഗീയവിഷം ഉള്‍ക്കൊള്ളുന്നതും, ലൈംഗികതിക്രമപരവുമാണെന്നും, എതിര്‍ശബ്ദങ്ങളെ അവ എങ്ങനെയാണ് അടിച്ചമര്‍ത്തുന്നതെന്നും തുറന്ന് കാണിക്കുന്നു. ഓണ്‍ലൈന്‍ ട്രോളുകളും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇത് വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്.

അഞ്ച് അധ്യായങ്ങളാണ് പുസ്തകത്തിനുള്ളത്. അപകടകരമായ സന്ദേശങ്ങളും, ഭീഷണികളും അടങ്ങുന്ന ഇന്റര്‍നെറ്റ് ട്രോളുകള്‍ നമ്മുടെ പ്രധാനമന്ത്രി എന്തിനാണ് ഫോളോ ചെയ്യുന്നത് എന്ന് ചോദ്യം ചെയ്യുന്നതാണ് ആദ്യത്തെ അധ്യായം. രണ്ടാമത്തെ അധ്യായം അവയുമായുള്ള ബി.ജെ.പിയുടെ ബന്ധം തുറന്ന് കാട്ടുന്നതും, ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിനെ കുറിച്ചും, അതിന്റെ പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെ കുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നതാണ്. കൂടാതെ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ സെല്ലിലെ മുന്‍ വളണ്ടിയര്‍ സാധ്വി കോസ്ലയുടെ കുറ്റസമ്മതവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതാനും ചില ഇന്റര്‍നെറ്റ് ട്രോള്‍ പ്രൊഫൈലുകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതാണ് മൂന്നാമത്തെ അധ്യായം. മോദി ഹാഷ്ടാഗുകളുടെ ഉപയോഗം, ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍, വ്യാജ ട്വിറ്റര്‍ അകൗണ്ടുകളുടെ ഉപയോഗം, എതിരാളികളെ താറടിച്ച് കാണിക്കുന്ന ഫോട്ടോഷോപ്പ് ചിത്രങ്ങള്‍ തുടങ്ങിയ പ്രവണതകളെ തുറന്ന് കാണിക്കുന്നതാണ് നാലാമത്തെ അധ്യായം. സോഷ്യല്‍ മീഡിയ രംഗത്തെ ആര്‍.എസ്.എസ് ചരിത്രവുമായി ബന്ധപ്പെട്ടതാണ് അഞ്ചാമത്തെ അധ്യായം.

ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ വലതുപക്ഷ പീഢന സംസ്‌കാരം ശിക്ഷിക്കപ്പെടാതെ പോകുന്നു എന്ന യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് ഗ്രന്ഥകാരി ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. മറിച്ച് അത് പ്രോത്സാഹിപ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയുള്ള ഓണ്‍ലൈന്‍ അസഭ്യവര്‍ഷവും, മാനസികപീഢനവും സര്‍വ്വസാധാരണമായിരിക്കുന്നു. ലിബറല്‍ രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീകളാണ് അതിന്റെ ഇരകളില്‍ കൂടുതലും. ലൈംഗികച്ചുവ നിറഞ്ഞ സന്ദേശങ്ങളാണ് അവര്‍ക്കേറെയും വരുന്നത്. വിദ്വേഷം ഇളക്കിവിടുന്ന വലതുപക്ഷ പ്രത്യയശാസ്ത്രത്തെ നേരിട്ട് തന്നെ പ്രോത്സാഹിപ്പിക്കുന്നവയാണ് ഈ ട്രോളുകള്‍. ഉദാഹരണമായി, ട്വീറ്റര്‍ രാഹുല്‍ രാജിന്റെ ഉടമസ്ഥതയിലുള്ള ഒ.പി.എല്‍ ഇന്ത്യ എന്ന വെബ്‌സൈറ്റ് വിദ്വേഷം വളര്‍ത്തുന്നതും, വളച്ചൊടിച്ച വസ്തുതകള്‍ കൊണ്ട് നിറഞ്ഞ ഉള്ളടക്കങ്ങള്‍ നിറഞ്ഞതുമാണ്. ‘യോദ്ധാക്കള്‍’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ അധിക്ഷേപകരെല്ലാം തന്നെ പ്രധാനമന്ത്രിയാല്‍ ഫോളോ ചെയ്യപ്പെടുന്നവരും, സൗകര്യങ്ങള്‍ നല്‍കപ്പെടുന്നവരുമാണെന്ന ആശങ്ക സ്വാതി പങ്കുവെക്കുന്നു. ‘പ്രൗഡ് ഹിന്ദു’, ‘ഗര്‍വ്വിത് ഹിന്ദു’, ‘ഭാരത് മാതാ കീ ജയ്’, തുടങ്ങിയ പേരുകളുള്ള അകൗണ്ടുകളാണ് സ്ത്രീകളെയും, ന്യൂനപക്ഷങ്ങളെയും, ദലിതുകളെയും പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടുള്ള വധഭീഷണികള്‍ മുഴക്കുന്നത്.

ട്രോളുകള്‍ക്ക് ആവര്‍ത്തിച്ച് വിഷയീഭവിക്കുന്ന ചില വിഷയങ്ങളുണ്ട്. ഗോവധം, ലൗവ് ജിഹാദ് എന്നിവ അവയില്‍ ചിലതാണ്. ബദല്‍ രാഷ്ട്രീയാഭിപ്രായം പറയുന്നവരെ അധിക്ഷേപിക്കാന്‍ പ്രത്യേകം ഉപയോഗിക്കുന്ന ഒന്നാണ് ‘പാകിസ്ഥാനിലേക്ക് പൊയ്‌ക്കോ’ എന്നതെന്ന് എല്ലായ്‌പ്പോഴും കാണുന്ന ഒന്നാണ്. ഈ ഓണ്‍ലൈന്‍ അധിക്ഷേപകരെയെല്ലാം പ്രധാനമന്ത്രി ഫോളോ ചെയ്യുന്നതിന്റെ നേരിട്ടുള്ള ഫലമാണിതെന്ന് ഗ്രന്ഥകാരി സാക്ഷ്യപ്പെടുത്തുന്നു.

1995 മുതല്‍ക്ക് ബി.ജെ.പി സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും, സോഷ്യല്‍ മീഡിയ സെല്ലിലൂടെ അവര്‍ നടത്തിയ 272+ സീറ്റുകള്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാമ്പയിനിലൂടെയാണ് അവരുടെ ഉപയോഗം വര്‍ദ്ധിച്ചത്. രാഷ്ട്രീയ യുദ്ധത്തിന്റെ സമയത്ത് തുടങ്ങിയ കാമ്പയിന്‍ അതിന് ശേഷവും അതേ വീര്യത്തില്‍ തന്നെ തുടര്‍ന്നു. ഇപ്പോള്‍ അതൊരു പി.ആര്‍ എജന്‍സിയുടെ രൂപത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അരവിന്ദ് ഗുപ്തയാണ് ഓരോ ദിവസത്തിനും വേണ്ട ട്വീറ്റ് അജണ്ടകള്‍ നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതാവട്ടെ കാശ് കൊടുത്ത് ഏര്‍പ്പാടാക്കിയിരിക്കുന്ന സോഷ്യല്‍ മീഡിയ ജോലിക്കാരും. ആയിരക്കണക്കിന് വ്യാജ ട്വിറ്റര്‍ അകൗണ്ടുകളാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രിക്ക് സ്തുതി പാടുകയും, എതിരാളികളെ അധിക്ഷേപിക്കുകയും, താറടിക്കുകയും ചെയ്യുന്നതുമായ ദൗത്യങ്ങളിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

യുവ സംരഭകയും, ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ മുന്‍ വളണ്ടിയറുമായിരുന്ന സാധ്വി കോസ്ലയുടെ അനുഭവങ്ങള്‍ പുസ്തകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പരമ്പരാഗത കോണ്‍ഗ്രസ് അനുകൂല കുടുംബത്തില്‍ നിന്നും വരുന്ന കോസ്ലെ ബി.ജെ.പിയുടെ പ്രോപഗണ്ടയില്‍ ആകൃഷ്ടയായി. അങ്ങനെ ബി.ജെ.പിയുടെ 272+ സീറ്റ് മിഷന്‍ കാമ്പയിനിന് വേണ്ടി രൂപീകരിച്ച നാഷണല്‍ ഡിജിറ്റല്‍ ഓപറേഷന്‍സ് സെന്ററില്‍ (എന്‍.ഡി.ഓ.സി) സാധ്വി ജോലിയില്‍ പ്രവേശിച്ചു. രാജ്ദീപ് സര്‍ദേശായ്, ബര്‍ഖ ദത്ത് തുടങ്ങിയവരുള്‍പ്പെടുന്ന അക്രമിക്കപ്പെടേണ്ട മാധ്യമപ്രവര്‍ത്തകരുടെ ‘ഹിറ്റ് ലിസ്റ്റ്’ നല്‍കപ്പെട്ട മീഡിയ വളണ്ടിയര്‍മാരില്‍ ഒരാളായിരുന്നു കോസ്ലെ. മോദിക്കെതിരെ എന്തെങ്കിലും തരത്തിലുള്ള പരാമര്‍ശമുണ്ടായാല്‍ മതി, ഉടനെ തന്നെ അത് ഡിജിറ്റല്‍ ട്രാക്കിംഗ് ടൂള്‍സ് കണ്ടെത്തുകയും, അതിനെതിരെയുള്ള ട്രോള്‍ ആക്രമണം ആരംഭിക്കുകയും ചെയ്യും. ഗാന്ധി കുടുംബത്തിനെതിരെയുള്ള പ്രചാരണങ്ങളും, കാര്‍ട്ടൂണുകളും നിര്‍മിച്ചത് എന്‍.ഡി.ഓ.സിയാണ്. മോദി വിരുദ്ധരെന്ന് തോന്നുന്ന എല്ലാവരെയും ഉള്‍പ്പെടുത്തി കൊണ്ട് ‘ഹിറ്റ് ലിസ്റ്റ്’ പിന്നെയും വികസിപ്പിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ബലാത്സംഗ ഭീഷണികളും, അസഭ്യവര്‍ഷവും, വധഭീഷണികളും കോസ്ലെയില്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങി. അസഹിഷ്ണുതയെ സംബന്ധിച്ച ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്ന സമയത്ത് ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ക്കെതിരെ നടന്ന ആക്രമണവും കോസ്ലെയില്‍ മാനസിക പ്രയാസങ്ങള്‍ സൃഷ്ടിച്ചു. മുസ്‌ലിംകളെന്ന നിലയില്‍ തന്നെ ഖാന്‍മാരെ ആക്രമിച്ചു കൊണ്ടുള്ള വാട്ട്‌സപ്പ് സന്ദേശങ്ങള്‍ അയക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതോടെ കോസ്ലെക്ക് സഹിക്കാന്‍ കഴിഞ്ഞില്ല, അങ്ങനെയാണ് ബി.ജെ.പിയുടെ മീഡിയ സെല്ലില്‍ നിന്നും കോസ്ലെ രാജിവെച്ച് പുറത്തുപോരുന്നത്.

സോഷ്യല്‍ മീഡിയ വളണ്ടിയര്‍മാരുടെ പ്രൊഫൈലുകള്‍ സ്വാതി വിശദീകരിക്കുന്നുണ്ട്. ഇരുപതു മുതല്‍ മുപ്പത് വയസ്സ് വരെ പ്രായമുള്ളവരാണ് ആ അകൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഹിന്ദുത്വത്തോട് ശക്തമായ കൂറ് പുലര്‍ത്തുന്നവരാണവര്‍. ‘നവ-മധ്യവര്‍ഗത്തില്‍’ നിന്നും അവര്‍ വോട്ടുകള്‍ സ്വരൂപിച്ചു. സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വിദഗ്ദന്‍മാരാണെങ്കിലും ഇംഗ്ലീഷ് പ്രാവീണ്യമില്ലാത്തവരാണ് ഇക്കൂട്ടര്‍. അതുകൊണ്ടു തന്നെ മുസ്‌ലിംകളെ കുറിച്ചുള്ള തങ്ങളുടെ കാഴ്ച്ചപ്പാടുകളും, രാഷ്ട്രം തകര്‍ക്കാനുള്ള മുസ്‌ലിംകളുടെ പദ്ധതികളെ കുറിച്ചുമൊക്കെയുള്ള തങ്ങളുടെ വീക്ഷണങ്ങള്‍ ഇംഗ്ലീഷില്‍ പ്രകടിപ്പിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ ഇക്കൂട്ടര്‍ ആകെ നിരാശയിലാവും.

ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് നേരെയുണ്ടായ അക്രമസംഭവങ്ങളിലേക്കും പുസ്തകം ശ്രദ്ധക്ഷണിക്കുന്നുണ്ട്. അതിലൊന്നാണ് പരസ്യങ്ങളില്‍ ഹിന്ദു മിത്തോളജിക്കല്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ മിന്ത്ര ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം. സ്‌നാപ് ഡീലിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്നും അമീര്‍ ഖാനെ മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയതും ഇവരാണ്. ഓണലൈനില്‍ ഉത്പാദിപ്പിക്കപ്പെട്ട വിദ്വേഷം ഇളക്കിവിടുന്ന സന്ദേശങ്ങള്‍ ഓഫ്‌ലൈനില്‍ ശാരീരികാക്രമണങ്ങളായി പരിവര്‍ത്തിപ്പിക്കപ്പെട്ടു. കനയ്യ കുമാറും, മാധ്യമപ്രവര്‍ത്തകരും മര്‍ദ്ദിക്കപ്പെട്ടത് ഇതിനൊരു ഉദാഹരണമാണ്.

ബി.ജെ.പിയുടെ ജനിതകത്തിലുള്ള എന്തോ ഒന്നാണ് സോഷ്യല്‍ മീഡിയയുടെ ഇരുണ്ട ഇടങ്ങളില്‍ അവരുടെ പ്രചാരണങ്ങളെ കൂടുതല്‍ സ്വീകാര്യമാക്കിയത്. നിരന്തരമായ കാമ്പയിനുകളും, അവയുടെ ആര്‍.എസ്.എസ് ബന്ധവും അതില്‍ ഉള്‍പ്പെടും. ആളുകള്‍ക്കിടയിലേക്ക് എത്താനുള്ള ഒരു മാര്‍ഗമായി ആര്‍.എസ്.എസ് സോഷ്യല്‍ മീഡിയയെ കണ്ടു. ആളുകളെ തമ്മിലടിപ്പിക്കാന്‍ പ്രത്യയശാസ്ത്രപരമായും, സാമൂഹികമായും സോഷ്യല്‍ മീഡിയയെ ഉപയോഗപ്പെടുത്തുന്നത് ജാതീയവും, വര്‍ഗീയവുമായ കൂടുതല്‍ അക്രമസംഭവങ്ങള്‍ക്ക് വഴിവെക്കുമെന്ന ഭീതി ഗ്രന്ഥകാരി പങ്കുവെക്കുന്നുണ്ട്. ആര്‍.എസ്.എസ്സിന്റെ ലോകവീക്ഷണത്തോട് വിയോജിക്കുന്നവര്‍ക്കെല്ലാം എതിരെ അക്രമം അഴിച്ച് വിടുന്ന ഒരു ഭീകരസത്വമായി അത് മാറിയേക്കാം. നമ്മെ കാത്തുനില്‍ക്കുന്ന കൊടിയ അപകടങ്ങളിലേക്ക് കണ്ണ് തുറക്കാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നെന്ന് സ്വാതി മുന്നറിയിപ്പ് നല്‍കുന്നു.

സോഷ്യല്‍ മീഡിയയെ കുറിച്ചും, വലതുപക്ഷ ഗ്രൂപ്പുകള്‍ അവയെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും എന്തുകൊണ്ടും ഉപകാരപ്രദമാവുന്ന ഒരു പുസ്തകം തന്നെയാണിത്. ബി.ജെ.പിയുടെ ഡിജിറ്റല്‍ സൈന്യത്തിന്റെ ഉള്ളറകളെ സംബന്ധിച്ച വസ്തുതകളാലും, യഥാര്‍ത്ഥ്യങ്ങളാലും സമ്പന്നമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

കടപ്പാട്: countercurrents

Related Articles