Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സില്‍ ബ്രദര്‍ഹുഡ് അധികാരത്തില്‍!

houellebecq.jpg

”സ്വതന്ത്രമായിരിക്കുക എന്ന കലയേക്കാള്‍ മനോഹരമായി ഒന്നുമില്ല. എന്നാല്‍ സ്വാതന്ത്ര്യം എങ്ങനെ ഉപയോഗിക്കണം എന്നതിനേക്കാള്‍ ശ്രമകരമായ പഠനവും മറ്റൊന്നില്ല” – അലക്‌സ് ദെ ടോക്യുവില്ലെ

കോളനിവല്‍കരണത്തില്‍ നിന്ന് മുക്തി നേടിയ രാജ്യങ്ങള്‍ക്ക് സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിവര്‍ത്തന കാലമായിരുന്നു ഇരുപതാം നൂറ്റാണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിച്ചിരുന്ന യൂറോപ്പാകട്ടെ ജന്മിത്വത്തിന്റെയും അടിമത്വത്തിന്റെയും ചര്‍ച്ച് ഭരണത്തിന്റെയും കറകള്‍ ശുദ്ധമാക്കാതെ കുടുംബം എന്ന സ്ഥാപനത്തിന്റെ എല്ലാവിധ ശേഷിപ്പും മായ്ച്ചുകളയാന്‍ ശ്രമിച്ചു. ഭര്‍ത്താവ് ഭാര്യക്ക് മേലും പിതാവ് മകളുടെ മേലും മാതാപിതാക്കള്‍ മക്കളുടെ മേലും ചെലുത്തിയ ‘അധികാര’ത്തിന്റെ ഉദാരവല്‍ക്കരണമായിരുന്നു അവര്‍ ആഗ്രഹിച്ചത്. അഥവാ പുരുഷ കേന്ദ്രീകൃത നിയന്ത്രിത ലോകത്ത് നിന്നുള്ള മോചനം. പാശ്ചാത്യ ലോകത്താകെ ഒരു ലൈംഗിക വിപ്ലവം തന്നെ നടന്നു. സ്ത്രീകളെ പുരുഷന്മാര്‍ക്ക് തുല്യരായി പരിഗണിക്കുന്ന സാമൂഹ്യ ക്രമം നിലവില്‍ വന്നു. ലജ്ജയും പാതിവ്രത്യവുമുള്ള സ്ത്രീകള്‍ കുറഞ്ഞു തുടങ്ങി.

എന്നാല്‍ ഈ മാറ്റം സമൂഹത്തിന് എത്രത്തോളം ഗുണം ചെയ്തു? ഇന്ന് ഇന്ത്യയും അതിവേഗം പാശ്ചാത്യവല്‍ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഈ തലമുറയിലെ മധ്യവയസ്‌കരുടെ കാലം കൂടി കഴിഞ്ഞാല്‍ സാരിയുടുക്കുന്ന സ്ത്രീകളെ ഇന്ത്യയില്‍ കാണാന്‍ ആവുമോ എന്ന് സംശയമാണ്. വിവാഹേതര ബന്ധങ്ങളും ലിവിങ് ടുഗെതറും ഇന്ത്യയില്‍ ഇന്ന് സര്‍വസാധാരണമാണ്. അഥവാ വ്യക്തിസ്വാതന്ത്ര്യം ബന്ധങ്ങളുടെ ഊഷ്മളതയെ ബാധിച്ചുകൊണ്ടിരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ പവിത്രത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ പ്രമാദമായ എന്നാല്‍ ശ്രമകരമായ വിഷയമാണ് ഫ്രഞ്ച് എഴുത്തുകാരനായ മിഷെല്‍ ഹൊല്‍ബെക്ക് തന്റെ ‘Submission’ എന്ന നോവലിലൂടെ അവതരിപ്പിക്കുന്നതും.

ഇടതു നിരൂപകര്‍ ഉന്നയിക്കുന്നതു പോലെ ഒരു ഇസ്‌ലാം വിരുദ്ധ പരിസരമല്ല ഹൊല്‍ബെക്കിന്റെ പുസ്തകത്തിനുള്ളത്. ഇന്ത്യയും ചൈനയും പോലുള്ള പൗരസ്ത്യ രാജ്യങ്ങള്‍ പാശ്ചാത്യന്‍ സ്വാതന്ത്ര്യ സങ്കല്‍പങ്ങള്‍ക്കും ഉപഭോഗ സംസ്‌കാരത്തിനും അടിമയായതിനെ കുറിച്ച് നടത്താവുന്ന നിരൂപണാത്മക വായനയാണ് ഈ നോവല്‍. ആല്‍ഡസ് ഹക്സ്ലിയുടെ ‘Brave New World’-ന്റെ ഗണത്തില്‍ വരുന്ന പുസ്തകമാണ് ‘Submission’. കേന്ദ്ര കഥാപാത്രമായ ഫ്രാന്‍സ്വൊ തന്റെ നാല്‍പതുകളിലുള്ള ഒരു പ്രൊഫസറാണ്. ഫ്രഞ്ച് സാഹിത്യപഠനമാണ് അയാളുടെ ഹോബി. തന്റെ വിദ്യാര്‍ഥിനികളുമായും വേശ്യകളുമായും നടത്തുന്ന രഹസ്യവേഴ്ചകളാണ് അയാളുടെ ആനന്ദം. മാതാപിതാക്കളാകട്ടെ നേരത്തെ മരിച്ചുപോയി. പലപ്പോഴും ഫ്രാന്‍സ്വൊയുടെ ഒരു ദിവസം അവസാനിക്കുന്നത് സ്വന്തം അപ്പാര്‍ട്ട്‌മെന്റിലെ തണുത്ത ഭക്ഷണവും നീലച്ചിത്രങ്ങളും ആസ്വദിച്ചുകൊണ്ടാണ്. ഇത് ഫ്രാന്‍സ്വൊയുടെ മാത്രം കാര്യമല്ല, ലോകത്തിന്റെ പല ഭാഗത്തും പലരുടെയും ജീവിതം ഇങ്ങനെയാണ്.

വര്‍ഷം 2022 ആണ്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ഫ്രാന്‍സിന്റെ സാമൂഹ്യ-രാഷ്ട്രീയാവസ്ഥകളെ ആകെ മാറ്റിമറിച്ചിരിക്കുന്നു. ഇപ്പോള്‍ രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫാസിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിം ബ്രദര്‍ഹുഡുമാണ്. ഫാസിസ്റ്റ് പാര്‍ട്ടി മുന്നോട്ടു വെക്കുന്ന തീവ്ര വലതു പക്ഷ ആശയങ്ങള്‍ക്ക് ബ്രദര്‍ഹുഡ് പ്രതിരോധമൊരുക്കുന്നത് തങ്ങളുടെ മിതവാദിയായ നേതാവ് മുഹമ്മദ് ബിന്‍ അബ്ബാസിന്റെ തന്ത്രങ്ങളിലൂടെയും. ബ്രദര്‍ഹുഡിന് പിന്തുണയുമായി സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലിബറല്‍ ആശയക്കാരായ യു.എം.പിയും മുന്നോട്ടു വരുന്നു. രാജ്യം തെരെഞ്ഞെടുപ്പിലേക്ക് കടന്നപ്പോള്‍ ബിന്‍ അബ്ബാസും ഫാഷിസ്റ്റു പാര്‍ട്ടിയുടെ മരൈന്‍ ലെ പെന്നും തമ്മില്‍ മുഖാമുഖം വന്നു. എന്നാല്‍ ഫ്രാന്‍സ് ഒന്നാകെ ബിന്‍ അബ്ബാസിന്റെ ബ്രദര്‍ഹുഡിനെ അധികാരത്തിലേറ്റി. ബിന്‍ അബ്ബാസ് ഫ്രാന്‍സിന്റെ ആദ്യ മുസ്‌ലിം പ്രസിഡന്റാവുന്നു.

പുതിയ ഭരണകൂടത്തിന്റെ വരവ് ഫ്രാന്‍സിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ചെറിയ സ്‌കര്‍ട്ടുകള്‍ ധരിച്ച പെണ്‍കുട്ടികളെ പിന്നീട് ആരും കണ്ടില്ല. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ബദല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിതുടങ്ങി. ഒരുകാലത്ത് മതത്തെ സ്വകാര്യതയിലേക്ക് ഒതുക്കിയ റിപ്പബ്ലിക്കന്‍ കാലഘട്ടത്തില്‍ നിന്ന് ബഹുദൂരം സഞ്ചരിച്ച് മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും തങ്ങളുടെ മക്കളെ മതവിദ്യാലയങ്ങളിലേക്ക് വിടാവുന്ന അവസ്ഥ സംജാതമായി. ഓരോ മതവിഭാഗങ്ങള്‍ക്കും തങ്ങളുടെ മതനിയമങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാവുന്ന മതസ്വാതന്ത്ര്യം രൂപപ്പെട്ടു. മറ്റൊരു പ്രധാന മാറ്റം ഫ്രഞ്ച് ജനത ഇസ്‌ലാമിക മൂല്യങ്ങളെ തിരിച്ചറിയുകയും ധാരാളമായി ഇസ്‌ലാമിലേക്ക് കടന്നു വരികയും ചെയ്തു എന്നതാണ്.

ഇതിനിടയില്‍ ഫ്രാന്‍സ്വൊയുടെ ജീവിതവും ആകെ മാറാന്‍ തുടങ്ങിയിരുന്നു. തന്റെ ജൂത കാമുകിയായ മിറിയം അവളുടെ മാതാപിതാക്കളുടെ മരണശേഷം ഇസ്രായേലിലേക്ക് തിരിച്ചുപോയി. നന്മയുടെ വഴിവിളക്കുകള്‍ തെളിഞ്ഞ ഫ്രാന്‍സിന്റെ തെരുവീഥികളില്‍ ഫ്രാന്‍സ്വൊക്ക് ഏകാന്തത അനുഭവപ്പെട്ടു. എന്നാല്‍ കടുത്ത ഏകാന്തയ്ക്കിടയിലും ഫ്രാന്‍സിന് തിരിച്ചു കിട്ടിയ ബന്ധങ്ങളുടെ ഊഷ്മളത അയാള്‍ നോക്കിക്കാണുന്നുണ്ടായിരുന്നു. മാതാപിതാക്കളും മക്കളും ഭാര്യാ ഭര്‍ത്താക്കന്മാരും ഫ്രാന്‍സിലെ നഗരങ്ങളില്‍ വര്‍ധിച്ചു തുടങ്ങി. ഇത് ഫ്രാന്‍സ്വൊയെ അത്യധികം ആകര്‍ഷിച്ചു. തന്റെ ഏകാന്തതയ്ക്കുള്ള പരിഹാരമായി അയാള്‍ കണ്ടെത്തിയത് ഇസ്‌ലാമിനെയായിരുന്നു. ഭൗതികതയുടെ കരാള ഹസ്തങ്ങളില്‍ അകപ്പെട്ടിരുന്ന യൂറോപ്പിന് രക്ഷകനായാണ് ഇസ്‌ലാം അവതരിച്ചതെന്ന് ഹൊളെന്‍ബെക്ക് നോവലില്‍ പറയുന്നു. യുക്തിവാദവും ഉദാരവാദവുമാണ് യൂറോപ്പിനെ സാംസ്‌കാരികമായി ക്ഷയിപ്പിച്ചതെന്ന് നോവലിസ്റ്റ് നിരീക്ഷിക്കുന്നു.

സ്വതന്ത്ര കമ്പോളത്തിനും സോഷ്യലിസ്റ്റ് കമ്പോളത്തിനും ഇടയില്‍ ബ്രദര്‍ഹുഡ് അവതരിപ്പിച്ച ‘വിതരണവാദം’ അഥവാ ഉള്ളവനില്‍ നിന്ന് ഇല്ലാത്തവനിലേക്കുള്ള വിതരണം എന്ന സിദ്ധാന്തം ഫ്രാന്‍സിനെ സാമ്പത്തിക സുസ്ഥിരതയിലേക്ക് നയിച്ചതായും ഹൊല്‍ബെക്ക് തന്റെ നോവലില്‍ പറയുന്നു. സെക്‌സും മൈലി സിറസും ഐ ഫോണുമൊക്കെ വാഴുന്ന യൂറോപ്പിന്റെ സാംസ്‌കാരിക ഭൂമിക കഴിഞ്ഞ നാല് പതിറ്റാണ്ടായി എല്ലാവിധ സാമൂഹ്യ സ്ഥാപനങ്ങളെയും നിരാകരിച്ചു കൊണ്ടാണ് മുന്നോട്ടു പോകുന്നത്. നോവലില്‍ തന്റെ കാമുകിയായ മിറിയമിനോട് ഫ്രാന്‍സ്വൊ പറയുന്ന ഒരു വര്‍ത്തമാനമുണ്ട്, നമുക്ക് കുട്ടികള്‍ കുറവായത് കൊണ്ട് നമ്മുടെ വംശപരമ്പര അറ്റുപോയാലോ എന്ന്. വംശവേരും കുടംബവേരും അറ്റുപോകുന്ന യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഈ ചോദ്യം പ്രസക്തമാണ്. ഓരോരുത്തരും ജീവിച്ചു മരിക്കുന്നു എന്നല്ലാതെ ഇവരൊക്കെ തമ്മിലുള്ള ബന്ധം എങ്ങും രേഖപ്പെട്ടു കിടക്കുന്നില്ല.

മൊഴിമാറ്റം: അനസ് പടന്ന

Related Articles