Current Date

Search
Close this search box.
Search
Close this search box.

പ്രവാചക കാല്‍പാടുകളെ പിന്തുടര്‍ന്ന്

thariq.jpg

പ്രവാചകജീവിതത്തെ കുറിച്ച് പ്രശസ്ത ഇസ്‌ലാമിക ചിന്തകന്‍ താരിഖ് റമദാന്‍ രചിച്ച പുസ്തകമാണ് ‘In the footsteps of the Prophet: Lessons from the Life of Muhammed’. ഈ പുസ്‌കതത്തിന് വായനക്കാര്‍ ഏറിവരികയാണ്. കാരണം, പരമ്പരാഗതമായ പ്രവാചക ജീവചരിത്രരചന രീതിയല്ല താരിഖ് റമദാന്‍ തന്റെ പുസ്തകത്തിന് സ്വീകരിച്ചിരിക്കുന്നത്. വായനക്കാര്‍ക്ക് ഗ്രഹിക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ പദപ്രയോഗങ്ങളോ അറബി സംജ്ഞകളോ അദ്ദേഹം ഇതില്‍ ഉപയോഗിക്കുന്നില്ല. എന്നാല്‍ ഇത് അമുസ്‌ലിംകളെ മാത്രം ഉദ്ദേശിച്ച് എഴുതിയ പുസ്തകവുമല്ല. മുസ്‌ലിംകളെ കൂടി അഭിസംബോധന ചെയ്യുകയും പ്രവാചക ജീവിതത്തിലെ ആത്മീയ പാഠങ്ങള്‍ പകര്‍ന്ന നല്‍കുകയും ചെയ്യുന്നു.

പ്രവാചക ജീവചരിത്രത്തിലെ കേട്ടു തഴമ്പിച്ച ചരിത്രമുഹൂര്‍ത്തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന് പകരം അവയിലെ മര്‍മങ്ങളിലും ഗുണപാഠങ്ങളിലും ഊന്നുകയാണ് താരിഖ് റമദാന്‍ ചെയ്യുന്നത്. പ്രവാചക ജീവചരിത്രത്തിന്റെ സൂക്ഷ്മ വിവരണങ്ങളും അദ്ദേഹം ഒഴിവാക്കുന്നു. പ്രവാചകന്റെ ഓരോ കഥകളിലെയും ഗുണപാഠങ്ങള്‍ പ്രസിദ്ധമാണ്. എന്നാല്‍ അവയില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടാത്തവയും വ്യത്യസ്ത വീക്ഷണകോണിലൂടെ കാണപ്പെടുന്നവയുമായ ജീവിത സന്ദര്‍ഭങ്ങളാണ് ഗ്രന്ഥകാരന്‍ പുസ്തകത്തിലൂടെ വരച്ചിടുന്നത്. ഖന്‍ദഖ് യുദ്ധത്തിന്റെ മുന്നൊരുക്കമായി കിടങ്ങ് കുഴിക്കുന്ന സന്ദര്‍ഭത്തില്‍ പാട്ടു പാടുകയും കവിത ചൊല്ലുകയും ചെയ്യുന്ന സുസ്‌മേര വദനനായ പ്രവാചകനെയാണ് നാം കാണുന്നത്. വരാനിരിക്കുന്ന യുദ്ധത്തിന്റെയോ ആഴമേറിയ കിടങ്ങ് കുഴിക്കുന്നതിന്റെയോ വിഷമങ്ങളോ വേവലാതികളോ ഇല്ലാതെ അനുയായികള്‍ക്കും ഊര്‍ജം പകര്‍ന്നു നല്‍കുകയായിരുന്നു പ്രവാചകന്‍(സ). പ്രതിസന്ധി ഘട്ടങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാം എന്ന് പ്രവാചകന്‍ പ്രവൃത്തിയിലൂടെ കാണിക്കുകയായിരുന്നു. അതുപോലെ അനുയായികളോട് അറിവ് സമ്പാദിക്കാന്‍ പരിശ്രമിക്കണമെന്ന് പറഞ്ഞ പ്രവാചകന്‍ തന്നെ തങ്ങള്‍ക്ക് പൂര്‍ണ അറിവില്ലെന്ന് സമ്മതിക്കാനും എല്ലാം അറിയുന്ന അല്ലാഹുവിന്റെ മുന്നില്‍ വിനയം കാണിക്കാനും പഠിപ്പിച്ചു.

പ്രവാചകന്‍(സ) അനാഥനായാണ് വളര്‍ന്നത്. എന്നാല്‍ അല്ലാഹു അദ്ദേഹത്തിന് അഭയം നല്‍കി. മുഴുവന്‍ മനുഷ്യരിലും ശ്രേഷ്ഠനാക്കി. തനിക്ക് അല്ലാഹു ചെയ്ത ഈ അനുഗ്രഹത്തില്‍ മരണം വരെ നന്ദിയുള്ളവനായിരുന്ന പ്രവാചകന്‍(സ) അനാഥകളെയും അഗതികളെയും സംരക്ഷിക്കണമെന്നും അവരെ പരിഗണിക്കണമെന്നും തന്റെ അനുയായികളെ പഠിപ്പിച്ചു. താരിഖ് റമദാന്‍ പുസ്തകത്തില്‍ പറയുന്നു: ”ഇതില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന ആത്മീയ പാഠം എല്ലാ മനുഷ്യരും ഉള്‍കൊള്ളേണ്ടതാണ്. ഒരിക്കലും സ്വന്തം ഭൂതകാലം മറക്കരുത്. സ്വന്തത്തിന്റെ കയ്‌പേറിയ അനുഭവങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ക്ക് മധുരതരമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. സ്വന്തം ഭൂതകാലം പാവങ്ങള്‍ക്കും അശരണര്‍ക്കും സമൂഹത്തിലെ താഴ്ന്ന വിഭാഗത്തിനും വേണ്ടി നിലകൊള്ളാനുള്ള വിലയേറിയ ജീവിതപാഠങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്. അവര്‍ അനുഭവിക്കുന്നത് മനസ്സിലാക്കാന്‍ അദ്ദേഹത്തിന് വാക്കുകളുടെ ആവശ്യമില്ലായിരുന്നു.”

സ്വന്തം അനുയായികളോടും സഹചാരികളോടും പ്രവാചകന്‍ കാണിച്ച സ്‌നേഹവും അനുകമ്പയും വീട്ടുവീഴ്ചാ മനോഭാവവും താരിഖ് റമദാന്‍ കുറിക്കുന്നു. പ്രവാചകാധ്യാപനങ്ങള്‍ വെറും ആരാധനാകര്‍മങ്ങളെ കുറിച്ചായിരുന്നില്ല. വാക്കുകള്‍ കൊണ്ട് അവിടുന്ന് പറയാത്ത പല കാര്യങ്ങളും അനുചരന്മാര്‍ക്ക് ആ ജീവിതത്തില്‍ നിന്ന് കണ്ടുപഠിക്കാന്‍ പറ്റി. സ്വന്തം ഭാര്യമാരോട് സൗമ്യമായി പെരുമാറിയിരുന്ന, കുട്ടികളോടൊപ്പം കളിച്ചിരുന്ന, ജീവജാലങ്ങളോട് പോലും കാരുണ്യത്തോടെ മാത്രം പെരുമാറിയിരുന്ന അല്ലാഹുവിന്റെ ദൂതര്‍ മതം എന്നാല്‍ മനുഷ്യത്വവും സ്‌നേഹവും കാരുണ്യവും അനുകമ്പയും ഗുണകാംക്ഷയുമാണെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു.

പ്രവാചകന്‍(സ) തന്റെ ജീവിതത്തിലൂടെ പകര്‍ന്നു നല്‍കിയ വലിയൊരു പാഠം അവതരിപ്പിച്ചു കൊണ്ടാണ് ഗ്രന്ഥകാരന്‍ പുസ്തകം ഉപസംഹരിക്കുന്നത്. ”ദൈവദൂതര്‍ ഈ ഭൂലോകം വിട്ടു പോയി എങ്കിലും, ഒരിക്കലും മറക്കരുതെന്ന് അവിടുന്ന് പഠിപ്പിച്ച ഒരസ്തിത്വമുണ്ട്, അവസാന അഭയസ്ഥാനമായ, സര്‍വം സാക്ഷിയായ, ഏറ്റവും സമീപസ്ഥനായ അല്ലാഹു.”

വളരെ സരസമായി ഈ വായന നമ്മുടെ മനസ്സുകളിലൂടെ കടന്നുപോകും. മുസ്‌ലിമായാലും അമുസ്‌ലിമായാലും.

വിവ: അനസ് പടന്ന

Related Articles