Current Date

Search
Close this search box.
Search
Close this search box.

പ്രവാചകാനുരാഗത്തിന്റെ കാവ്യഭംഗി

prophet1.jpg

മുഹമ്മദ് നബിയുടെ ശോഭയാര്‍ന്ന വ്യക്തിത്വത്തെ ആസ്വാദ്യകരമായി അനാവരണം ചെയ്യുന്ന കാവ്യാവിഷ്‌കാരണമാണ് ‘അല്‍കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ’. ഖസീദതുല്‍ ബുര്‍ദഃ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ലോകത്തെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഈ കൃതിക്ക് ഇബ്‌നു ഹജറില്‍ ഹൈതമി, മഹല്ലി, ഖസ്ത്വല്ലാനി, ശീറാസി, ഇബ്‌റാഹീമുല്‍ ബാജുരി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.

(കഅ്ബുബ്‌നു സുഹൈര്‍ പ്രവാചക സന്നിധിയില്‍ ആലപിച്ച ‘ബാനത് സുആദ്’ എന്ന് തുടങ്ങുന്ന കവിതയും ഖസീദതുല്‍ ബുര്‍ദഃ എന്നാണ് അറിയപ്പെടുന്നത്. രണ്ട് വിധത്തിലുള്ള നിരൂപണങ്ങള്‍ അതിനെ സംബന്ധിച്ചുണ്ട്. ജാഹിലീ കവിയായിരുന്ന സുഹൈറിന്റെ മക്കളായിരുന്ന കഅ്ബും ബുജൈറും ഇസ്‌ലാമിന്റെ ബദ്ധവൈരികളായിരുന്നു. എന്നാല്‍ മക്കാവിജയത്തിനുശേഷം ബുജൈര്‍ ഇസ്‌ലാം സ്വീകരിച്ചു. ഇതോടെ കഅ്ബിന്റെ ശത്രുത പതിന്മടങ്ങ് വര്‍ധിച്ചു. അയാളുടെ ദ്രോഹം സകലപരിധികളും ലംഘിച്ചപ്പോള്‍ നബി(സ) അയാളെ കണ്ടാലുടന്‍ വധിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ ബുജൈര്‍ തന്റെ സഹോദരനെ നിരന്തരം ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഇസ്‌ലാം പൂര്‍വപാപങ്ങളെ മായ്ക്കുമെന്നും നബി(സ) ഏറെ വിശാലമനസ്‌കനാണെന്നും ബോധ്യപ്പെടുത്തി. തുടര്‍ന്ന് വേഷപ്രഛന്നനായി കഅ്ബ് മദീനയില്‍ പ്രവാചകന്റെ മുന്നിലെത്തി ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, കഅ്ബ് ഖേദിച്ചുമടങ്ങി ഇസ്‌ലാം സ്വീകരിച്ചാല്‍ അങ്ങ് അദ്ദേഹത്തിന് അഭയം നല്‍കുമോ? നബി(സ) പറഞ്ഞു: തീര്‍ച്ചയായും. അന്നേരം കഅ്ബ് തന്റെ സ്വത്വം വെളിപ്പെടുത്തുകയും ബാനത്ത് സുആദ് ചൊല്ലുകയും ചെയ്തു. തുടര്‍ന്ന് പ്രവാചകന്‍ അദ്ദേഹത്തിന് തന്റെ പുതപ്പ് സമ്മാനിച്ചുവത്രെ. ഇത് ആ കവിത പ്രവാചകന് ഇഷ്ടപ്പെട്ടതുകൊണ്ടാണെന്നും അതിനാല്‍ അത് നബിദിനാഘോഷത്തിന് തെളിവാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു. എന്നാല്‍ ജാഹിലിയ്യത്തില്‍ നിന്ന് കരകയറാത്ത ആ കവിത പ്രവാചകന്‍ ഇഷ്ടപ്പെടാന്‍ വഴിയില്ലെന്നും അദ്ദേഹത്തെ വധിക്കാനുള്ള തന്റെ കല്‍പന പില്‍വലിച്ചിരിക്കുന്നുവെന്നതിന്റെ സൂചനയായിട്ടാണ് ആ പുതപ്പ് സമ്മാനിച്ചതെന്നും മറ്റൊരു വിഭാഗം അഭിപ്രായപ്പെടുന്നു. ഇബ്‌നു കഥീര്‍ പറയുന്നു: ഈ സംഭവം വളരെ പ്രസിദ്ധമാണ്. പക്ഷേ, അതിന് തൃപ്തികരമായ ഒരു സനദ് ഞാന്‍ കണ്ടിട്ടില്ല)

ഈജിപ്തിലെ ബൂസ്വീര്‍ എന്ന ഗ്രാമത്തില്‍ 1212 (ഹിജ്‌റ 608)ല്‍ ജനിച്ച ഇമാം മുഹമ്മദ് ബിന്‍ സഈദ് ശറഫുദ്ദീന്‍ അല്‍ബൂസ്വീരീ ആണ് ഉപരിസൂചിത ബുര്‍ദയുടെ രചയിതാവ് (ബൂസൂരി എന്നാണ് പലരും പറയാറുള്ളതെങ്കിലും ബൂസ്വീരീ എന്നാണ് ശരി. ഈ പുസ്തകത്തിലും പല ഭാഗത്തും ബൂസൂരി എന്നാണ് കാണുന്നത്.). 1296ല്‍ അന്തരിച്ചു.

യൗവനകാലം രാജകൊട്ടാരങ്ങളിലെ ആസ്ഥാന കവിയായി സേവനമാരംഭിച്ച ബൂസ്വീരീ രാജസ്തുതികളും തികച്ചും ഭൗതിക സ്വഭാവമുള്ള മറ്റു കാവ്യങ്ങളും രചിച്ചും കൈയെഴുത്തുപ്രതികള്‍ പകര്‍ത്തിയെഴുതിയും ജീവിച്ചു. ഒടുവില്‍ പക്ഷാഘാതം പിടിപെട്ട് കിടപ്പിലായപ്പോഴാണ് രോഗശമനം കാംക്ഷിച്ചും അശ്രദ്ധമായ ഭൂതകാലത്തെയോര്‍ത്ത് പശ്ചാത്തപിച്ചും അദ്ദേഹം പ്രവാചക കീര്‍ത്ത കാവ്യമായ ബുര്‍ദ എഴുതുന്നത്. കണ്ണീരൊഴുക്കി കവിതയെഴുതിയ ബൂസ്വീരീയെ നബി(സ) സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അനുഗ്രഹിച്ചുവത്രെ. തളര്‍ന്നുകിടക്കുന്ന തന്റെ ശരീരത്തില്‍ നബി(സ) തടവുകയും മേല്‍മുണ്ടെടുത്ത് പുതപ്പിക്കുകയും ചെയ്തുവെന്നും ഉണര്‍ന്നപ്പോള്‍ രോഗം പൂര്‍ണമായും ഭേദമായി എന്നും കവി അനുസ്മരിക്കുന്നു. ഇക്കാരണം കൊണ്ടാണ് ഈ കവിതക്ക് ബുര്‍ദ (ഉത്തരീയം) എന്ന് പേര് വന്നത്. രോഗശമനം എന്നര്‍ഥമുള്ള ബുര്‍ഉദ്ദാഅ് എന്നും ഇതിന് പേരുണ്ട്.

ഈ കവിതയില്‍ 160 വരികളാണുള്ളത്. വിഷയക്രമം പരിഗണിച്ച് ഇവയെ പത്ത് ഭാഗങ്ങളാക്കിത്തിരിക്കാം:

 

1 മുതല്‍ 12 വരെ : പ്രമപരവശനായിരിക്കുന്ന കാമുകന്റെ (കവിയുടെ) ആത്മനൊമ്പരങ്ങള്‍
13 മുതല്‍ 28 വരെ : ആത്മവിമര്‍ശനവും പശ്ചാത്താപവും
29 മുതല്‍ 58 വരെ : പ്രവാചകകീര്‍ത്തനങ്ങള്‍
59 മുതല്‍ 71 വരെ : പ്രവാചകന്റെ ജനനസമയത്തുള്ള അദ്ഭുത സംഭവങ്ങള്‍
72 മുതല്‍ 87 വരെ : നബി(സ)യുമായി ബന്ധപ്പെട്ട മുഅ്ജിസത്തുകള്‍
88 മുതല്‍ 104 വരെ : ഖുര്‍ആനെ സംബന്ധിച്ച വിശേഷണങ്ങള്‍
105 മുതല്‍ 117 വരെ : ഇസ്‌റാഅ്, മിഅ്‌റാജ് എന്നിവയെ കുറിച്ച വിവരണം
118 മുതല്‍ 139 വരെ : നബി(സ)യുടെയും സഹാബികളുടെയും ധര്‍മസമരത്തെ കുറിച്ച വര്‍ണനകള്‍
140 മുതല്‍ 151 വരെ : പശ്ചാത്താപം
152 മുതല്‍ 160 വരെ : പ്രാര്‍ഥന

വിമര്‍ശനവിധേയവും അതേസമയം വ്യാഖ്യാന സാധ്യതകളുള്ളതുമായ ഏതാനും വരികള്‍ ഉണ്ടെങ്കിലും ഈ കവിതയുടെ സാഹിതീയ മികവ് അംഗീകരിക്കാതിരിക്കാനാവില്ല. ഇതിന്റെ തുടക്കത്തിലുള്ള വരികള്‍ പ്രേമകാവ്യത്തിലേതുപോലെയാണ്. അതുസംബന്ധമായ വിമര്‍ശനങ്ങളോട് മമ്മൂട്ടി സഖാഫി ഇങ്ങനെ പ്രതികരിക്കുന്നു: ഈ കവിതയിലെ യഥാര്‍ഥ പ്രമേയം പ്രവാചകപ്രകീര്‍ത്തനമാണ്. പക്ഷേ, പ്രത്യക്ഷമായ തുടക്കം ഒരു കാമുകന്‍ തന്റെ കാമുകിയെ കുറിച്ച് ഓര്‍ത്ത് വിലപിക്കുന്നതായിട്ടാണ്. ഖസ്വീദക (ഖണ്ഡകാവ്യം) പൊതുസ്വഭാവമാണിത്. ഈ രീതിയിലാണ് പൗരാണിക അറബിക്കവികള്‍ പലരും തങ്ങളുടെ ഭാവഗീതങ്ങള്‍ തുടങ്ങാറുള്ളത്. ഉദാത്തമായൊരു ബിംബമാണിത്. മരുഭൂമിയിലെ പ്രേമഭാജനത്തെ കുറിച്ചും അവളുടെ താമസസ്ഥലമടക്കം പിന്നീടുപേക്ഷിച്ചുപോയ ശേഷിപ്പുകളെ കുറിച്ചും അവിടുത്തെ നിവാസികളെ കുറിച്ചുമൊക്കെ സ്മരിക്കുകയും വിലപിക്കുകയും ചെയ്ത് ശ്രോതാക്കളുടെ ഹൃദയം കീഴടക്കുകയും തന്നിലേക്ക് ആകര്‍ഷിക്കുകയും ചെയ്തതിന് ശേഷം മെല്ലെ വിഷയത്തിലേക്ക് കടക്കുന്ന ഈ രീതി വളരെ മനോഹരമാണ്.

വിമര്‍ശനവിധേയമായ ഒരു വരിയും അതിന് നല്‍കുന്ന വ്യാഖ്യാനവും ഒന്നുനോക്കൂ:
‘പടപ്പുകളില്‍ വെച്ചേറ്റവും ആദരണീയരായവരേ, വ്യാപകമായ ദുരന്തങ്ങള്‍ വന്നിറങ്ങുന്ന സമയം എനിക്കഭയം തേടാന്‍ താങ്കളല്ലാതെ മറ്റാരുമില്ല’ (വരി: 152)
വിശദീകരണം: ദൂരെ ദൂരെ നിന്നും പ്രവാചക തിരുമേനിയെ പുകഴ്ത്തിപ്പുകഴ്ത്തി കവിയിപ്പോള്‍ അവിടുത്തെ സമീപത്ത് ചെന്നുനില്‍ക്കുകയാണ്. എന്നിട്ട് നേരിട്ട് നബി തങ്ങള്‍ക്കുമുമ്പില്‍ തന്റെ മനസ്സ് തുറക്കുന്നു: സൃഷ്ടികളില്‍ അത്യുത്തമരായവരേ വ്യാപകമായ ദുരന്തങ്ങള്‍ വന്നണയുന്ന വിചാരണനാളുകളില്‍ (മരണസമയമെന്നും പറഞ്ഞവരുണ്ട്) എനിക്കഭയം താങ്കളുടെ ശഫാഅത്ത് മാത്രമാണ്. മറ്റെല്ലാവരും ആ നിര്‍ണായക സമയങ്ങളില്‍ സ്വന്തം കാര്യങ്ങളെയോര്‍ത്ത് വിലപിക്കുമ്പോള്‍ മുത്തുനബി തന്റെ സമുദായത്തിന്റെ കാര്യത്തില്‍ അസ്വസ്ഥനാവുമെന്ന് ഹദീസുകളിലുണ്ട്. സ്വന്തം സമുദായത്തിലെ വിശ്വാസികളില്‍ നല്ലൊരു വിഭാഗത്തെ അന്ന് അവിടുന്ന് അവിടുത്തെ ശിപാര്‍ശയാല്‍ രക്ഷപ്പെടുത്തുകയും ചെയ്യും. ആ സമയത്ത് എളിയവനായ തന്നെയും തിരുനബി സഹായിക്കുമെന്ന് കവി ആശിക്കുന്നു…………… അല്ലാഹുവിനോട് നേരിട്ടുചോദിച്ചുകൂടേ എന്ന വിമര്‍ശകരുടെ ചോദ്യത്തിന്, കവിതയിലെ തൊട്ടടുത്ത വരിയാണ് ഉത്തരമായി ചൂണ്ടിക്കാണിക്കുന്നത്. അതായത്, അത്യുദാരനായ അല്ലാഹു ശിക്ഷകനെന്ന പേരില്‍ വിശേഷിതനാവുന്ന സന്ദര്‍ഭത്തില്‍ അല്ലാഹുവിനോട് ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാവില്ല.

മലയാളത്തില്‍ ബുര്‍ദക്ക് വേറെയും പരിഭാഷകളുണ്ടെങ്കിലും മമ്മൂട്ടി സഖാഫി കട്ടയാട് (യഥാര്‍ഥ പേര്: മുഹമ്മദ് കുട്ടി തോണിക്കടവന്‍/തരുവണ പി.ഒ /വയനാട് ജില്ല) രചിച്ച ബുര്‍ദഃ വ്യാഖ്യാനം സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്ന ഒന്നാണ്. മലയാളത്തിലും അറബിയിലുമുള്ള വ്യാഖ്യാനങ്ങള്‍ക്ക് പുറമെ ബുര്‍ദയുടെ ഇംഗ്ലീഷ് പരിഭാഷയും മലയാളം പദ്യാവിഷ്‌കാരവും ഈ കൃതിയുടെ പ്രത്യേകതകളാണ്. ഖസീദതുല്‍ ബുര്‍ദഃ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഉത്തമ സഹായിയാണ് ഈ കൃതി.
പ്രസാധനം: പൂങ്കാവനം ബുക്‌സ്, ഇന്റര്‍സിറ്റി ആര്‍ക്കേഡ്, കോഴിക്കോട്. 673 004
വില: 250.00

Related Articles