Current Date

Search
Close this search box.
Search
Close this search box.

പ്രവാചകനെ അടുത്തറിയാന്‍ ഏതാനും കൃതികള്‍

nabi-books.jpg

മുഹമ്മദ് നബിയുടെ ജീവിതം അടയാളപ്പെടുത്തുന്ന കൃതികള്‍ അനേകമുണ്ട് മലയാളത്തില്‍. സ്വതന്ത്ര രചനകളും വിവര്‍ത്തനങ്ങളും ലേഖനസമാഹാരങ്ങളുമെല്ലാമുണ്ടതില്‍. അവയില്‍ ചിലതിനെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയാണിവിടെ:
 

11.    ദയാനിധിയായ ദൈവദൂതന്‍
രചന: ടി.കെ ഇബ്‌റാഹീം
പ്രസാധനം: മാതൃഭൂമി ബുക്‌സ്
വില: 200.00

ശാന്തിയുടെയും സാഹോദര്യത്തിന്റെയും സന്ദേശം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച മുഹമ്മദ് നബിയുടെ ജീവിതത്തെയും പ്രബോധനം ചെയ്ത തത്വങ്ങളെയും സമഗ്രമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയ പഠനം. എല്ലാ വിഭാഗീതകള്‍ക്കുമതീതമായി മതസൗഹാര്‍ദത്തിനും മാനവഐക്യത്തിനും പ്രചോദനമേകുന്ന ഈ കൃതി മുഹമ്മദ് നബിയെക്കുറിച്ച് വേറിട്ടൊരു വായനാനുഭവം നല്‍കുന്നു.
 

12.    മുഹമ്മദ് നബി (ലേഖന സമാഹാരം)
എഡിറ്റര്‍: പി.എ റഫീഖ് സകരിയ്യ
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
വില: 75.00

പ്രവാചകന്റെ എഴുതിത്തീരാത്ത ബഹുമുഖ ജീവിതത്തെ കുറിച്ച് ലോകപ്രശസ്തരായ പ്രതിഭകളും മലയാളത്തിലെ തികവുറ്റ എഴുത്തുകാരും വരച്ചുവെച്ച പ്രൗഢമായ രചനകളുടെ സമാഹാരം. അനുയായികളല്ലാത്തവരെപ്പോലും മുഹമ്മദ് നബിയുടെ വ്യക്തിത്വം എത്രമാത്രം അഗാധമായി സ്വാധീനിച്ചുവെന്നും അവരില്‍ എന്തുമാത്രം മതിപ്പുളവാക്കിയെന്നും തെളിച്ച് കാട്ടുന്നു.

തോമസ് കാര്‍ലൈല്‍, കാരന്‍ ആംസ്‌ട്രോങ്, ഡോ. ആനി ബസന്റ്, മൈക്കിള്‍ എച്ച്. ഹാര്‍ട്ട്, കൃഷ്ണ ചൈതന്യ, ലാമാര്‍ട്ടിന്‍, വള്ളത്തോള്‍, സുകുമാര്‍ അഴീക്കോട്, പി. ഗോവിന്ദപ്പിള്ള, കെ.പി കേശവമേനോന്‍, എം.പി വിരേന്ദ്രകുമാര്‍ തുടങ്ങിയവര്‍ തങ്ങള്‍ മനസ്സിലാക്കിയ പ്രവാചകനെ ലോകത്തിന് പരിചയപ്പെടുത്തുന്നു ഈ കൃതിയില്‍.
 

13.    മുഹമ്മദ് നബി മാനുഷ്യകത്തിന്റെ മഹാചാര്യന്‍
രചന: ശൈഖ് മുഹമ്മദ് കാരക്കുന്ന്, വാണിദാസ് എളയാവൂര്
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
വില: 25.00
പ്രപഞ്ചത്തിന് നിയതമായ താളമുണ്ട്. പ്രപഞ്ചം ദൈവസൃഷ്ടിയാണ്. പ്രപഞ്ചതാളവും തഥൈവ. സൃഷ്ടികളുടെ ജാഗ്രതക്കുറവും കൈക്കുറ്റവും കാരണം പ്രപഞ്ചതാളം പിഴക്കുന്നു. അപസ്വരം ജീവിതത്തിന്റെ സൈ്വരം കെടുത്തുന്നു. ജീവിതത്തിന്റെ മാധുര്യവും പ്രപഞ്ചത്തിന്റെ സൗന്ദര്യവും പുനഃസൃഷ്ടിക്കാന്‍ പ്രപഞ്ചതാളം പുനരാവിഷ്‌കരിക്കണം. താളപ്പിഴകളുടെ ലോകത്തില്‍ അപസ്വരങ്ങളുമായി അഭിരമിച്ചു കഴിഞ്ഞ മനുഷ്യനില്‍ വേദനാദത്തിന്റെ സ്വരതരംഗമുണര്‍ത്താന്‍ ദൈവം നിയോഗിക്കുന്ന രാഗശില്പിയാണ് പ്രവാചകന്‍. പ്രവാചക ജീവിതത്തിലെ ജ്വലിക്കുന്ന പ്രകാശകണങ്ങളാണ് ഈ ലഘുഗ്രന്ഥം.
 

14.    മുഹമ്മദ് നബിയും യുക്തിവാദികളും
രചന: ശൈഖ് മുഹമ്മദ് കാരക്കുന്ന്
പ്രസാധനം: ഐ.പി.എച്ച്
വില: 50.00

ലോകചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തി മുഹമ്മദ് നബിയാണ്. ഏറ്റവും ശ്രദ്ധേയ ഗ്രന്ഥം അദ്ദേഹത്തിലൂടെ അവതീര്‍ണമായ വിശുദ്ധ ഖുര്‍ആനും. അതുകൊണ്ടു തന്നെ ഏറെ വിമര്‍ശനവിധേയമാകുന്നതും പ്രവചകനും ഖുര്‍ആനും തന്നെ.

എവിടെയും ഇസ്‌ലാമിക നവജാഗരണം ദൃശ്യമാണിന്ന്. കിഴക്കും പടിഞ്ഞാറും ഈ പുത്തനുണര്‍വ് പ്രകടമാണ്. ഇത് പ്രതിയോഗികളെ പ്രകോപിതരാക്കിയിരിക്കുന്നു. അവര്‍ എതിര്‍പ്പിന് ആക്കം കൂട്ടി. വിമര്‍ശനങ്ങളുടെ മുന മുഖ്യമായും മുഹമ്മദ് നബിയുടെ വ്യക്തിത്വത്തിന്റെയും വിശുദ്ധ ഖുര്‍ആന്റെയും നേരെയാണ് തിരിച്ചുവെച്ചത്. അലിദാസ്തി എന്ന ഒരിറാനിയുടെ പേരില്‍ കേരളത്തിലെ യുക്തിവാദികള്‍ പുറത്തിറക്കിയ ‘മുഹമ്മദ് നബി: പ്രചരണവും യാഥാര്‍ഥ്യവും’ എന്ന കൃതി ഇതിന്റെ മികച്ച ഉദാഹരണം.

പ്രസ്തുത കൃതിക്കുള്ള വിമര്‍ശന പഠനമാണ് ഈ പുസ്തകം. പ്രവാചകന്നും പരിശുദ്ധ ഖുര്‍ആന്നുമെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ അര്‍ഥശൂന്യത ഈ കൃതി തെളിയിച്ചു കാണിക്കുന്നു.
 

15.    മരുഭൂമിയിലെ പ്രവാചകന്‍
രചന: കെ.എല്‍ ഗൗബ
വിവര്‍ത്തനം: ജമാല്‍ കൊച്ചങ്ങാടി
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
വില: 55.00

മാനവഭാഗധേയത്തെ അത്യഗാധമായി സ്വാധീനിച്ചവരില്‍ അതുല്യനാണ് മുഹമ്മദ് (സ). മിത്തുകളുടെയും ഇതിഹാസങ്ങളുടെയും ഇരുളിലല്ല, ചരിത്രത്തിന്റെ തെളിമയിലാണദ്ദേഹം ശോഭിച്ചുനില്‍ക്കുന്നത്. ഗോത്രവൈരത്തിന്റെയും വിഗ്രഹപൂജയുടെയും അജ്ഞാനാന്ധകാരത്തില്‍ സ്വത്വവും സംസ്‌കാരവും കളഞ്ഞുപോയ ഒരു ജനതയെ നാഗരികതയുടെ സ്രഷ്ടാക്കളാക്കാന്‍ പ്രവാചകന്‍ (സ) അണിയിച്ചൊരുക്കി. നൈതിക ഗുണങ്ങല്‍ വരണ്ട ആ മരുഭൂമിയില്‍ കാരുണ്യം ഉറവയെടുത്തു. പ്രവാചകന്റെ ജനനം മുതല്‍ വിയോഗം വരെയുള്ള ജീവിതം ആകാംക്ഷയുണര്‍ത്തുന്ന ആഖ്യാനശൈലിയില്‍ ആവിഷ്‌കരിക്കപ്പെട്ട കൃതി.
 

16.    മുഹമ്മദ്
രചന: കാരന്‍ ആംസ്‌ട്രോംങ്
വിവര്‍ത്തനം: എ.പി കുഞ്ഞാമു
പ്രസാധനം: യുവത ബുക്‌സ് കോഴിക്കോട്
വില: 200.00

അമേരിക്കന്‍ എഴുത്തുകാരി കാരന്‍ ആംസ്‌ട്രോംങിന്റെ എന്ന കൃതിയുടെ മലയാള വിവര്‍ത്തനം. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ശത്രുതയോടെ വീക്ഷിക്കുന്ന പാശ്ചാത്യ ജൂത, ക്രൈസ്തവ സമൂഹത്തിന്റെ പ്രാതിനിധ്യമുള്ള അന്ത്യപ്രവാചകനെ മുന്‍വിധികളില്ലാതെ സ്വതന്ത്രമായി നോക്കിക്കാണുന്നു.
 

17.    കാരുണ്യത്തിന്റെ തിരുദൂതര്‍
രചന: അബുല്‍ ഹസന്‍ അലി നദ്‌വി
വിവര്‍ത്തനം: അബ്ദുശ്ശകൂര്‍ അല്‍ ഖാസിമി
പ്രസാധനം: മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍ ട്രസ്റ്റ് കോഴിക്കോട്
വില: 80.00 (എഡിഷന്‍ 2005)

പരിപൂര്‍ണ സൗന്ദര്യവും സന്തുലിതത്വവും ഹൃദ്യതയും നിറഞ്ഞതാണ് പ്രവാചക ചരിത്രം. വലിയൊരാളുടെ ശുപാര്‍ശയോ പണ്ഡിതന്റെ നിറംപിടിപിക്കലോ കൂടാതെ തന്നെ മഹത്തരമാണത്. ശരിയായ ക്രമീകരണവും അവതരണവുമാണ് രചയിതാവിന് ഇക്കാര്യത്തില്‍ ചെയ്യാനുള്ളത്. തിരുനബിയോട് അടങ്ങാത്ത അനുരാഗവും വികാരപരവശതയും സൃഷ്ടിക്കാനും പ്രവാചക ചരിത്രത്തിന്റെ പ്രവിശാലമായ സൗന്ദര്യം ആസ്വദിപ്പിക്കുന്നതിലൂടെ അനുവാചകന്റെ മനസ്സിലും മസ്തിഷ്‌കത്തിലും പ്രകാശം ചൊരിയാനും കഴിയണം.

ഈ സവിശേഷതകള്‍ സമ്മേളിച്ച ഒരു ഉത്തമ നബിചരിത്ര കൃതിയാണിത്. തിരുനബിയുടെ ചരിത്രം വായിപ്പിക്കുകയല്ല, അനുഭവിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ.
 

18.    നബിയുടെ മുഅ്ജിസത്തുകള്‍
രചന: സഅ്ഫര്‍ സ്വാദിഖ് മദീനി
പ്രസാധനം: ദഅ്‌വ ബുക്‌സ് കൊച്ചി
വില: 60.00

പ്രകൃതിയിലെ സാധാരണ നിയമങ്ങള്‍ക്കതീതമായി പ്രവാചക•ാരിലൂടെ വെളിപ്പെട്ട ദൈവിക ദൃഷ്ടാന്തങ്ങളാണ് മുഅ്ജിസത്തുകള്‍. അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ മുഅ്ജിസത്തുകളെ കുറിച്ചുള്ള ഒരു സംക്ഷിപ്ത പഠനം
 

19.    മുഹമ്മദ് നബി(സ) സമ്പൂര്‍ണ മനുഷ്യന്‍
രചന: ഡോ. സയ്യിദ് മുഹമ്മദ് അലവി മാലികി(മക്ക)
വിവര്‍ത്തനം: അലവി ഫൈസി കുളപ്പറമ്പ്
പ്രസാധനം: നൂറുല്‍ ഉലമാ പബ്ലിഷിംഗ് ബ്യൂറോ, പട്ടിക്കാട്, മലപ്പുറം
വില: 75.00

പ്രവാചക തിരുമേനിയുടെ സവിശേഷ ജീവിത യാത്രയിലെ സൂക്ഷ്മമായ സൂക്ഷ്മമായ വിശേഷങ്ങള്‍ നിരത്തി ആ നിസ്തുല ജീവിതത്തെ വായനക്കാരിലെത്തിക്കുകയാണ് ലേഖകന്‍. പ്രവാചകന്റെ ഉദാത്ത വ്യക്തിത്വം അടുത്തറിയുവാനും അദ്ദേഹത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും ഈ കൃതി ഉപകരിക്കുമെന്ന് പ്രസാധകര്‍ അവകാശപ്പെടുന്നു.
 

20.    മുഹമ്മദ് എന്ന മനുഷ്യന്‍
രചന: ഡോ. എന്‍.എം മുഹമ്മദലി
പ്രസാധനം: മൈത്രി ബുക്‌സ് തിരുവനന്തപുരം
വില: 120.00

‘മുഹമ്മദ് നബിയെ വാഴ്ത്തിപ്പാടുകയോ പുഛിച്ചുതള്ളുകയോ ചെയ്യുന്നതിന് പകരം ഈ പുസ്തകം ചരിത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും നോട്ടപ്പാടിലൂടെ ആ ‘മനുഷ്യനെ’ അടുത്തറിയാന്‍ ശ്രമിക്കുന്നു. ആരെയും അമ്പരപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന മട്ടില്‍ ലോകചരിത്രത്തെ സ്വാധീനിക്കുവാന്‍ പ്രാപ്തി നല്‍കുന്ന വിധം നബിയുടെ വ്യക്തിത്വം ഉരുവം കൊണ്ടതെങ്ങനെ എന്ന അന്വേഷണമാണിത്. ഈ ചരിത്രം ജാതിഭേദമോ മത ഭേദമോ കക്ഷി ഭേദമോ ഇല്ലാതെ കേരളീയരെ അഭിസംബോധന ചെയ്യുന്നു. ഇസ്‌ലാം മത വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഇതുകൊണ്ട് ആവശ്യമുണ്ടെന്ന് ഞാന്‍ വിചാരിക്കുന്നു’. അവതാരികയില്‍ എം.എന്‍ കാരശ്ശേരി.

21.    മുഹമ്മദ് നബി മാതൃകാധ്യാപകന്‍
രചന: സി. മുഹമ്മദ് സലീം സുല്ലമി
പ്രസാധനം: യുവത ബുക് ഹൗസ് കോഴിക്കോട്
വില : 50.00

സ്‌നേഹം കൊണ്ടും കാരുണ്യം കൊണ്ടുമുള്ള ശുശ്രൂഷയാണ് അധ്യാപനമെന്നും ശബ്ദുത്തേക്കാള്‍ വലുതാണ് കര്‍മങ്ങളെന്നും വാക്കിനേക്കാള്‍ മികച്ചതാണ് ജീവിതമെന്നും സംസാരത്തേക്കാള്‍ നല്ലതാണ് സഹവാസമെന്നും കാണിച്ചുതന്ന ലോകം കണ്ട ഏറ്റവും മികച്ച അധ്യാപകനെന്ന നിലയില്‍ മുഹമ്മദ് നബിയെ നോക്കിക്കാണുന്ന പുസ്തകം.
 

22.    മുഹമ്മദ് നബി ബഹുമതസ്ഥര്‍ക്കിടയില്‍
രചന: റാഗിബ് അസ്സര്‍ജാനി
വിവര്‍ത്തനം: സി. മുഹമ്മദ് സലീം സുല്ലമി
പ്രസാധനം: യുവത ബുക് ഹൗസ് കോഴിക്കോട്
വില:120.00

മുഹമ്മദ് നബി ഭിന്ന മതക്കാരോടൊത്താണ് ജീവിച്ചത്. ബഹുദൈവ വിശ്വാസികളും ജൂത ക്രൈസ്തവ വിശ്വാസികളും അഗ്നി ആരാധകരുമടക്കം ധാരാളം മതങ്ങള്‍ ആചരിച്ചിരുന്നവരുമായി ഏറ്റവും ഊഷ്മളവും ദൃഢവുമായ ബന്ധമാണ് നബി തിരുമേനിക്കുണ്ടായിരുന്നത്. ഇസ്‌ലാമിക വിശ്വാസ, ആചാരങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ഒരു ബഹുസ്വര സമൂഹത്തില്‍ എങ്ങനെ സഹവര്‍ത്തിക്കാമെന്നതിന് ഏറ്റവും മികച്ച മാതൃക പ്രവാചകന്റേതുതന്നെ. ഫന്നു തആമുലിന്നബവിയ്യി മഅ ഗൈരില്‍ മുസ്‌ലിമീന്‍ എന്ന കൃതിയുടെ പരിഭാഷ.

23.    മുഹമ്മദ് നബി(സ) സ്വഭാവവിശേഷങ്ങള്‍
രചന: ഇമാം തുര്‍മുദി
വിവര്‍ത്തനം: മുഹമ്മദ് സലീം സുല്ലമി
പ്രസാധനം: യുവത ബുക്ഹൗസ് കോഴിക്കോട്
വില: 60.00

നിത്യജീവിതത്തില്‍ പ്രവാചകന്‍ അനുവര്‍ത്തിച്ച രീതികളും ശീലങ്ങളും സ്വഭാവഗുണങ്ങളും നിവേദക പരമ്പരയോടുകൂടി ഉദ്ധരിക്കുന്ന ഇമാം തിര്‍മിദിയുടെ അശ്ശമാഇലുല്‍ മുഹമ്മദിയ്യ എന്ന കൃത്രിയുടെ മലയാള വിവര്‍ത്തനം. പ്രവാചക വ്യക്തിത്വത്തിന്റെ ഈടുറ്റ ഏടുകള്‍ അടുത്തറിയാന്‍ സഹായകമാകുന്ന ഗ്രന്ഥം.

24.    നൂറുല്‍ യഖീന്‍
രചന: മുഹമ്മദ് ഖുള്‌രിബക്ക്
വിവര്‍ത്തനം: അബ്ദുസ്സലാം സുല്ലമി, പ്രസാധനം: യുവത ബുക്‌സ്, വില: 150
വിവര്‍ത്തനം: കെ.വി.എം പന്താവൂര്‍, പ്രസാധനം: അശ്‌റഫി ബുക്‌സെന്റര്‍, തിരൂരങ്ങാടി, വില: 200.00

മുഹമ്മദ് നബിയുടെ ജീവചരിത്രം ഭംഗിയായി പ്രതിപാദിക്കുന്ന ഗ്രന്ഥം. വളരെയേറെ അതിശയോക്തികളും കെട്ടുകഥകളും കടന്നുകൂടിയിട്ടുള്ള ഒരു മേഖലയാണ് നബിചരിത്രരചന എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതിനാല്‍ സത്യസന്ധതവും വസ്തുനിഷ്ഠവുമായ നബിചരിത്രമെഴുത്ത് ശ്രമകരമായ ഒരു ജോലിയാണ്. അതിനുള്ള ഒരു എളിയ ശ്രമമാണിത്.
 

25.    മുഹമ്മദ് നബി ജീവിതവും സന്ദേശവും
രചന: പ്രഫ. പി.കെ മുഹമ്മദലി
പ്രസാധനം: മാതൃഭൂമി ബുക്‌സ്, കോഴിക്കോട്
വില: 200.00

മുഹമ്മദ് നബിയുടെ ജീവചരിത്ര പഠനത്തോടൊപ്പം ഇസ്‌ലാമിന്റെ ചരിത്ര പശ്ചാത്തലത്തെയും സന്ദേശത്തെയും വിശദവും വ്യക്തവുമായി പ്രതിപാദിക്കുന്ന കൃതി.

‘തികഞ്ഞ വസ്തുനിഷ്ഠ സമീപനവും നിഷ്പക്ഷമായ വിവരണവും അയത്‌നമായ ഭാഷാപ്രയോഗവും ഈ ഗ്രന്ഥത്തില്‍ ഒത്തുചേര്‍ന്നിരിക്കുന്നു… ഇസ്‌ലാമിനെ കുറിച്ചും പരിശുദ്ധ നബിയെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ ഒളിഞ്ഞും തെളിഞ്ഞും പരന്നിട്ടുള്ള നിരവധി തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യുവാന്‍ ഈ ഗ്രന്ഥം സഹായകമാവും’. അവതാരികയില്‍ സി. എച്ച് മുഹമ്മദ് കോയ.

മുഹമ്മദ് നബി മലയാളത്തില്‍

Related Articles