Current Date

Search
Close this search box.
Search
Close this search box.

പ്രബോധന സരണിയില്‍ കാലിടറുന്നത് എങ്ങനെ?

fathi-yakan.jpg

പ്രബോധന വഴിയില്‍ കാലിടറുന്നത് ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ പ്രതിഭാസമാണ്. ഇതിന്റെ കാര്യകാരണങ്ങളെക്കുറിച്ചറിയാന്‍ ആഴത്തിലുള്ള പഠനങ്ങളും വിശകലനങ്ങളും നടക്കേണ്ടതുണ്ട്. പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുദ്രപതിപ്പിച്ച് ബഹുദൂരം മുന്നേറുകയും പിന്നീട് പ്രസ്തുത സരണിയില്‍ നിന്ന് ഉള്‍വലിയുകയും വഴിമാറുകയും ചെയ്യുന്ന നിരവധി പേരെ ആഗോള ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ നമുക്ക് ദര്‍ശിക്കാം. ഇവരില്‍ ചിലര്‍ ഇസ്‌ലാമിക ജീവിതം നയിക്കുകയും അതോടൊപ്പം പ്രബോധന പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നു, മറ്റു ചിലര്‍ ഇസ്‌ലാമിനെ തന്നെ ഉപേക്ഷിക്കുന്നു. വേറെ ചിലര്‍ സംഘടനയില്‍ നിന്ന് മാറിയ പുതിയ സംഘടന രൂപീകരിക്കുകയോ മറ്റു സംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയോ ചെയ്യുന്നു.

ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ വൈവിധ്യത്തിനും വിശാലതക്കും ഇവ സഹായകമാണെന്ന് ഒരു പക്ഷെ പറയാം. എന്നാല്‍ ഇതിന്റെ ഭവിഷ്യത്തുകള്‍ അനിര്‍വചനീയവുമാണ്. ഇസ്‌ലാമിക പരിസരത്ത് നിന്ന് പരസ്പരം ചളിവാരിയെറിയുന്നതിലേക്കും പ്രബോധനപ്രവര്‍ത്തനങ്ങളില്‍ വലിയ ആഘാതമുണ്ടാക്കുന്നതിനുമാണ് ഇവ കൂടുതല്‍ സഹായകമാകുന്നത്. അതിനാല്‍ തന്നെ പ്രബോധനരംഗത്ത് വഴിമുടക്കികളാകുകയും പരസ്പരം കടിച്ചുകീറി നശിക്കുകയും ചെയ്യുന്നതില്‍ നിന്ന് ഇസ്‌ലാമിക സമൂഹത്തെ എപ്രകാരം രക്ഷിക്കാം എന്നതിനെ കുറിച്ചുള്ള എളിയ പരിശ്രമമാണ് ‘അല്‍ മുതസാഖിതൂന അലാ തരീഖി ദ്ദഅ്‌വ- കൈഫ-വലിമാദ’ എന്ന ഫത്ഹീയകന്‍ എഴുതിയ പുസ്തകം.
 
ഇസ്‌ലാമിക പ്രബോധനപ്രവര്‍ത്തനങ്ങളില്‍ മുമ്പേ നടന്നവരിലും സംഘടനക്ക് അടിത്തറ പാകിയവരിലും ഇത്തരം അധഃപതനങ്ങള്‍ ദര്‍ശിക്കാവുന്നതാണ്. ഇസ്‌ലാമിനെ കുറിച്ച് സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാനും ഇസ്‌ലാം നിന്ദവരെ ഉണ്ടാക്കാനും ഇത് ഇടവരുത്തിയിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധനരംഗത്ത് എന്തെല്ലാം വിനകളാണ് ഇത് വരുത്തിവെക്കുന്നത് എന്ന വിചിന്തനം വളരെ പ്രസക്തമാണ്.

-സംഘടനാ രംഗത്തുണ്ടാകുന്ന ചെറിയ പ്രകോപനങ്ങളും പിളര്‍പ്പും കാരണം സംഘടനയുടെ വലിയ ശേഷിയും സമയവും കവര്‍ന്നെടുക്കപ്പെടുന്നു.
-ഇസ് ലാമിക പ്രബോധനം എന്ന നമ്മുടെ ബാധ്യതയും അല്ലാഹുവിനോടുള്ള കരാറുകളും വിസ്മരിക്കപ്പെട്ടുകൊണ്ട് സമൂഹത്തില്‍ ഫിത്‌നയും പ്രശ്്‌നങ്ങളുമുണ്ടാക്കാന്‍ ഇത് ഇടവരുത്തുന്നു.
-പൈശാചിക പ്രലോഭനങ്ങള്‍ക്കടിപ്പെട്ടു സ്റ്റേജും പേജുമെല്ലാം പരസ്പരം ന്യൂനതകള്‍ കണ്ടെത്താനും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കുമായി ചിലവിടുന്നു.
-പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വഴിമുടക്കികളാകുന്നതോടൊപ്പം ചിലപ്പോള്‍ ശത്രുവിനെ വരെ കൂട്ടുപിടിച്ച് സംഘടനയെ ദുര്‍ബലമാക്കാനും തകര്‍ക്കാനുമുള്ള ശ്രമങ്ങളുണ്ടാകുന്നു.
-ഇസ്‌ലാമിനെ സ്‌നേഹിക്കുന്ന സാധാരണക്കാരുടെ ആത്മവിശ്വാസം തകര്‍ക്കാനും അവരില്‍ അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ട് പ്രബോധനരംഗത്ത് നിന്ന് അകറ്റാനും വരെ ശ്രമങ്ങള്‍ നടക്കുന്നു.

പ്രബോധനരംഗത്ത് സ്വാഭാവികമായും ഇത്തരം പ്രശ്‌നങ്ങളുണ്ടാകും, വഴിയെ അതെല്ലാം ഇല്ലാതാകും എന്ന ലാഘവത്തോടെയാണ് ഇത്തരം പ്രവണതകളെ നാം കാണുന്നതെങ്കില്‍ ‘നിങ്ങളില്‍ അക്രമികളെ മാത്രം പിടികൂടാത്ത ശിക്ഷയെ നിങ്ങള്‍ കരുതിയിരിക്കുക’ എന്ന അല്ലാഹുവിന്റെ താക്കീത് നമുക്ക് പാഠമാകേണ്ടതുണ്ട്. ഇത്തരം പരിതസ്ഥിതിയില്‍ യാഥാര്‍ഥ്യങ്ങള്‍ കുഴിച്ചുമൂടപ്പെടുകയും നിരപരാധികളെയും അപരാധികളെയും പരസ്പരം തിരിച്ചറിയാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പേണ്ട അവസ്ഥ സംജാതമാകും. ഇത്തരം പ്രതിലോമ ചിന്തകളുടെ പിന്നാമ്പുറങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനും അവ ചികിത്സിക്കാനുമുള്ള എളിയ ശ്രമമാണ് (അല്‍ മുതസാഖിതൂന അലാ തരീഖി ദ്ദഅ്‌വ- കൈഫ-വലിമാദ) എന്ന ഈ പുസ്തകം.

Related Articles