Current Date

Search
Close this search box.
Search
Close this search box.

പുതിയ കാലത്തിന്റെ വായനകള്‍

islam.jpg

ഇസ്‌ലാമിക ശരീഅത്ത് വ്യക്തി ജീവിതത്തിന്റെ സങ്കുചിത തടവറക്കുള്ളില്‍ ബന്ധിക്കപ്പെടുമ്പോഴല്ല, മറിച്ച് മനുഷ്യ ജീവിതത്തിന്റെ അനന്തവിഹായസ്സിലേക്ക് വികസിക്കുമ്പോഴാണ് അര്‍ത്ഥപൂര്‍ണത നേടുന്നതെന്ന് ബോധ്യപ്പെടുത്തി തരുന്ന പുസ്തകമാണ് ഇസ്ലാമിക ശരീഅത്തിന്റെ കാലിക വിവക്ഷകളെ കുറിച്ച് (മഖാസിദു ശരീഅ) പഠനം നടത്തുന്ന മുന്‍നിര ഗവേഷകരില്‍ ഒരാളായ അഹ്മദ് റയ്‌സൂനിയുടെ ‘imam Al shatibi’s theory of the higher objectives and intents of Islamic law’ എന്ന പുസ്തകം.

സങ്കുചിതത്വങ്ങളില്‍ കെട്ടുപിണഞ്ഞ് ദീനിനെ ഒരുതരം തടവറക്ക് സമാനമാക്കുന്ന രീതിയിലാണ് പലപ്പോഴും നമ്മുടെ അജ്ഞതകള്‍ മൂലം കാര്യങ്ങളെ സമീപിക്കുന്നത്. ഇസ്ലാമിക ശരീഅത്തെന്നാല്‍ ഭീതിജനകമായ കേവലം ചില ശിക്ഷാവിധികള്‍ മാത്രമാണെന്ന് കരുതുന്ന ഒരു കാലം നമുക്ക് മുമ്പില്‍ കഴിഞ്ഞു പോയിട്ടുണ്ട്. ഇമാം മാലികിന്റെയും ശാത്വിബിയെയും ത്വാഹിര്‍ ഇബ്‌നു ആശൂറിനെ പോലുള്ളവരുടെയും പരിശ്രമത്തിന്റെ ഫലമായി രൂപം കൊണ്ട മഖാസിദുശരീഅ എന്ന വിജ്ഞാന ശാഖയുടെ വരവോട് കൂടി നിലനില്‍ക്കുന്ന എല്ലാ മിഥ്യാധാരണകളെയും പൊളിച്ചെഴുതാനും പൊതു സമൂഹത്തിന് തദ്വിഷയകമായി പുതിയ അവബോധം നല്‍കാനും സാധിച്ചുവെന്നതാണ് വസ്തുത.

ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ (മഖാസിദുശരീഅ) എന്നതുകൊണ്ടര്‍ത്ഥമാക്കുന്നതെന്താണെന്നും ഇവ്വിഷയകമായി നിരന്തരം ഉപയോഗിക്കുന്ന എല്ലാ സംജ്ഞകളും (terms) വിശകലന വിധേയമാക്കുന്നുണ്ട് പ്രസ്തുത കൃതിയില്‍. ശരീഅത്ത് ആനന്ദകരവും അതിലുപരി ആയാസകരവുമായ ഒരു ജീവിതത്തെ കെട്ടിപ്പടുക്കുകയാണ് ചെയ്യുന്നത്. ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഗ്രസിച്ചു നില്‍ക്കുന്ന ഇസ്ലാമിക ശരീഅത്തിന്റെ ആത്യന്തിക ലക്ഷ്യങ്ങള്‍ മനുഷ്യനന്മയും പ്രയാസങ്ങളെ ലഘൂകരിക്കലും തിന്മകളെ വിപാടനം ചെയ്യലുമാണെന്ന് അബൂ ഇസ്ഹാഖ് അല്‍ ശാത്വിബിയുടെ വീക്ഷണ കോണില്‍നിന്നു കൊണ്ട് ഗ്രന്ഥകാരന്‍ ഉപര്യുക്ത പുസ്തകത്തിലൂടെ സിദ്ധാന്തിക്കുന്നുണ്ട്.

വൈയക്തിക ജീവിതത്തിലനിവാര്യമായ ധനം, സ്വത്വം,ദീന്‍, ഭൂമി, ബുദ്ധി തുടങ്ങിയവയെ സംരക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യം തന്നെ ഇസ്ലാമിക ശരീഅത്ത് എളുപ്പവും സുതാര്യവുമാണെന്ന് ബോധ്യപ്പെടുത്തി തരുന്നു. കൂടാതെ ആധുനിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട (ഉദാ: പലിശ) സമീപനങ്ങള്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം വിശദമാക്കുന്നുണ്ട്.

ശാത്വിബിക്ക് മുമ്പുള്ള മഖാസിദുകള്‍, മാലികീ മദ്ഹബിലെ അടിസ്ഥാന തത്ത്വങ്ങള്‍, ശാത്വിബിയും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും, അഞ്ച് മുഖ്യ ലക്ഷ്യങ്ങള്‍, അതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങള്‍, പ്രധാനപ്പെട്ട വിഷയങ്ങളുടെ വിശകലനങ്ങള്‍, ഹറാം ,ഹലാല്‍, ഇജ്തിഹാദ്, സംജ്ഞകളുടെ വിശദീകരണം തുടങ്ങിയവയാണ് പ്രതിപാദ്യ വിഷയങ്ങള്‍. മഖാസിദുശരീഅയെ അവലംബമാക്കി പ്രമാണങ്ങളുടെ വെളിച്ചത്തില്‍ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുകയാണ് ഇമാം ശാത്വിബി. മാലികീ ധാരയില്‍പെട്ട ഇമാം ശാത്വിബിയുടെ വൈജ്ഞാനിക സംഭാവനകള്‍ മഖാസിദുശരീഅയെന്ന വിജ്ഞാനശാഖക്ക് ഊടും പാവും നല്‍കുന്നതാണ്.

‘മുവാഫഖാത്ത്’ പോലുള്ള ശ്രദ്ധേയ കൃതികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതനാണ് ശാത്വിബി. ഇസ്ലാമിക ശരീഅത്തിനെ വ്യത്യസ്ത തുറകളില്‍ നിന്ന് നോക്കി കണ്ട് അതിനെ അനുയോജ്യമാം വിധം നിര്‍ദ്ധാരണം ചെയ്‌തെടുക്കുന്നതില്‍ ശാത്വിബി വിജയിച്ചിട്ടുണ്ടെന്ന് നമുക്ക് മനസ്സിലാക്കാം. ചിന്തോദ്ദീപകവും ആശയസമ്പുഷ്ടവുമാണ് ശാത്വിബിയുടെ സിദ്ധാന്തങ്ങളെന്ന് പുസ്തകത്തിലെ ഓരോ അദ്ധ്യായവും പറഞ്ഞ് തരുന്നു.ദി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് (the international institute of Islamic thought (iiit) പ്രസാധനം ചെയ്ത ഈ പുസ്തകത്തിന് അവതാരിക  എഴുതിയിരിക്കുന്നത് വിഷയത്തില്‍ അഗ്രഗണ്യനായ ത്വാഹാ ജാബിര്‍ അല്‍വാനിയാണ്.

 

 

 

Related Articles