Current Date

Search
Close this search box.
Search
Close this search box.

പുതിയൊരു കണ്ണടയിലൂടെ ഇസ്‌ലാമിനെ വിലയിരുത്തുമ്പോള്‍

islam-is-good.jpg

ഇസ്‌ലാമിന്റെ ചില സവിശേഷമായ പ്രത്യേകതകളെ വെളിച്ചത്ത് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അമുസ്‌ലിം ഗ്രന്ഥകാരന്‍മാര്‍ നടത്തിയിട്ടുണ്ട് എന്നത് ഒരുപക്ഷേ അത്ഭുതകരമായി തോന്നിയേക്കാം. ഇസ്‌ലാമിന്റെ വിസ്മയകരമായ ഭാവങ്ങളെയും അതിന്റെ തത്വചിന്തയെയും സംസ്‌കാരത്തെയുമെല്ലാം കാണിച്ചുതന്നതിന് മുസ്‌ലിംകള്‍ അമുസ്‌ലിംകളായ ഗവേഷകരോടും എഴുത്തുകാരോടും കടപ്പെട്ടിരിക്കുന്നു. പ്രശസ്ത ഖുര്‍ആന്‍ വിവര്‍ത്തകരായിരുന്ന മുഹമ്മദ് അസദും മര്‍മഡ്യൂക്ക് പിക്താളുമൊന്നും പാരമ്പര്യ മുസ്‌ലിംകളായിരുന്നില്ല. മറ്റൊരു ലോകപ്രശസ്ത ഖുര്‍ആന്‍ വിവര്‍ത്തകനായിരുന്ന എ.ജെ ആര്‍ബറി ഒരു ഇംഗ്ലീഷുകാരനായിരുന്നു.

ഫിലിപ്പ് ഹിറ്റി (Philip hitti), ആര്‍.എ നിക്കോള്‍സണ്‍ (R.A Nicholson), സ്റ്റാന്‍ലി ലെയ്ന്‍, പൂലെ (Stanley Lane Poole) തുടങ്ങിയ അമുസ്‌ലിം ചരിത്രകാരന്‍മാരാണ് ഇസ്‌ലാമിക നാഗരികതയുടെ പാരമ്പര്യത്തെക്കുറിച്ചും ഇസ്‌ലാമിന്റെ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ചും ഇംഗ്ലീഷ് വായനക്കാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തത്. പ്രവാചകന്‍(സ)യെ കുറിച്ച് നിരവധി ജീവചരിത്ര ഗ്രന്ഥങ്ങളുണ്ടെങ്കിലും മാര്‍ട്ടിന്‍ ലിംങ്ക്‌സിന്റെ പുസ്തകമാണ് ഏറ്റവും മികച്ചുനില്‍ക്കുന്നത്. അദ്ദേഹവും ഒരു പാരമ്പര്യ മുസ്‌ലിമായിരുന്നില്ല.

ഇംഗ്ലീഷില്‍ പുറത്തിറങ്ങിയിട്ടുള്ള മിക്ക ഇസ്‌ലാമിക സാഹിത്യങ്ങളും എഴുതിയിട്ടുള്ളത് അമുസ്‌ലിം ബുദ്ധിജീവികളാണ്. അവരില്‍ ചിലര്‍ മുന്‍ധാരണയോടെയാണ് ഇസ്‌ലാമിനെ സമീപിച്ചിട്ടുള്ളത് എന്നത് മറ്റൊരു വസ്തുതയാണ്. അതേസമയം ഇസ്‌ലാമിനോടുള്ള സമീപനത്തില്‍ സത്യസന്ധത പാലിച്ചവരും അക്കൂട്ടത്തിലുണ്ട്.

ഈയടുത്ത് ഇസ്‌ലാമിനെക്കുറിച്ച നല്ലൊരാമുഖം എന്ന് പറയാവുന്ന ഒരു പുസ്തകം എന്റെ ശ്രദ്ധയില്‍ പെടുകയുണ്ടായി. സഞ്ജീവ് ഭട്‌ല രചിച്ച Islam is Good: Muslims should follow it എന്ന പുസ്തകമാണത്. ഒരു ചെറിയ പുസ്തകമാണങ്കിലും ഇസ്‌ലാമിനെക്കുറിച്ച സര്‍വ്വവിജ്ഞാനകോശം തന്നെയാണത്. പ്രവാചകനെക്കുറിച്ച പഠനത്തിന് അദ്ദേഹം ആശ്രയിച്ചിരിക്കുന്നത് പ്രധാനമായും മാര്‍ട്ടിന്‍ ലിംങ്ക്‌സിന്റെ പുസ്തകമാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിനായി അദ്ദേഹം അവലംബിച്ചിരിക്കുന്നത് മൗലാന വഹീദുദ്ദീന്‍ ഖാന്റെയും അബ്ദുല്ലാ യൂസുഫ് അലിയുടെയും ഖുര്‍ആന്‍ വിവര്‍ത്തനങ്ങളാണ്.

ഇസ്‌ലാമിക മതഗ്രന്ഥങ്ങളെയും ഭട്ട്‌ല ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. ഖുര്‍ആന്‍ മാത്രമാണ് ഇസ്‌ലാം എന്നാണ് മിക്ക അമുസ്‌ലിംകളുടെയും ധാരണ. ഹദീസ് എന്നും സുന്നത്ത് എന്നും വിളിക്കപ്പെടുന്ന പ്രവാചകവചനങ്ങളും ചര്യകളും ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളാണ് എന്നവര്‍ക്കറിയുകയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഹദീസുകളുടെ ആധികാരികതയെച്ചൊല്ലി മുസ്‌ലിം പണ്ഡിതന്‍മാര്‍ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. അതിനാല്‍ ഏറ്റവും വിശ്വാസയോഗ്യമായി അംഗീകരിക്കപ്പെട്ട ഹദീസുകളെയാണ് പഠനത്തിനായി ഭട്ട്‌ല തെരെഞ്ഞെടുത്തിരിക്കുന്നത്. കൂടാതെ വ്യത്യസ്ത ഇസ്‌ലാമിക ചിന്തകരെക്കുറിച്ച ചര്‍ച്ചയും പുസ്തകത്തില്‍ അദ്ദേഹം നടത്തുന്നുണ്ട്. ഇസ്‌ലാമിനെക്കുറിച്ച ഒരു പുതിയ കാഴ്ച തന്നെയാണ് അദ്ദേഹം നല്‍കുന്നത്.

ഇസ്‌ലാം എന്നത് ഒരു പ്രായോഗിക മതമാണ് എന്ന സന്ദേശമാണ് യഥാര്‍ത്ഥത്തില്‍ ഈ പുസ്തകം നല്‍കുന്നത്. പ്രവാചകന്റെ ജീവിതം തന്നെ അതിന് തെളിവാണ്. സാമൂഹ്യനീതി, ലിംഗനീതി, ദയ, അഹിംസ, കാരുണ്യം തുടങ്ങിയ ഇസ്‌ലാമിന്റെ അടിസ്ഥാന ജീവിതവീക്ഷണങ്ങളെക്കുറിച്ച് പുസ്തകം ഊന്നിപ്പറയുന്നുണ്ട്. സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും ദയയുടെയും കാരണ്യത്തിന്റെയുമെല്ലാം പ്രവാചക പാരമ്പര്യങ്ങളെ വീണ്ടെടുക്കാനാണ്  ഭട്ട്‌ല മുസ്‌ലിംകളോട് ആവശ്യപ്പെടുന്നത്.

ഇസ്‌ലാമിന്റെ ആദ്യകാലങ്ങളിലുണ്ടായ പരിഷ്‌കാരങ്ങള്‍ പുരോഗമനപരവും സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റത്തിന് വിധേയമായിക്കൊണ്ടിരുന്നവയുമായിരുന്നു എന്ന് ഭട്ട്‌ല സൂചിപ്പിക്കുന്നുണ്ട്. അതേസമയം, ഇസ്‌ലാമിക നിയമവിദഗ്ദര്‍ രൂപീകരിച്ച ചില നിയമങ്ങള്‍ ഇസ്‌ലാമിന് മുമ്പുണ്ടായിരുന്ന മിക്ക ആചാരങ്ങളെയും തുടരാനനുവദിച്ചിരുന്നു എന്നദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. പ്രവാചകന്റെ കാലത്ത് തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്ക് മാന്ദ്യം സംഭവിക്കുന്നത് മധ്യകാലത്താണ്. ഫിഖ്ഹ് വിസ്തൃതമായതോടെയാണ് അത് സംഭവിക്കുന്നത്. 19,20 നൂറ്റാണ്ടുകളിലാണ് ഫിഖ്ഹ് ക്രോഡീകരിക്കപ്പെടുന്നത്.

തീവ്രവാദത്തെ വര്‍ജ്ജിക്കുകയും മിതത്വത്തെ ഊന്നിപ്പറയുകയുമാണ് പ്രവാചകന്‍ ചെയ്തിട്ടുള്ളത്. ഖുര്‍ആനില്‍ നിന്നാണ് അദ്ദേഹത്തിന്റെ ഈ ഉപദേശം വരുന്നത്: ‘മതകാര്യത്തില്‍ ഒരു വിഷമവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കി വെച്ചിട്ടില്ല.’ (ഖുര്‍ആന്‍ 22:78). ഖുര്‍ആന്‍ വീണ്ടും പറയുന്നു: ‘അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണ് ആഗ്രഹിക്കുന്നത്. പ്രയാസമല്ല’ (ഖുര്‍ആന്‍ 2:185). ഈ സന്ദേശത്തെ ഖുര്‍ആന്‍ ഒരിക്കല്‍ കൂടി ഊന്നിപ്പറയുന്നുണ്ട്: ‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല’. (2:286)

പ്രവാചകന്‍(സ)യുടെ കാലം മുതല്‍ തന്നെ ഇസ്‌ലാമിക പ്രമാണങ്ങളിലെല്ലാം ഊന്നിപ്പറയുന്ന ഒരു വിഷയമാണ് മിതത്വം. തങ്ങളുടെ മതകീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മിതത്വം പാലിക്കണമെന്നാണ് വിശ്വാസികളോടും വിശ്വാസിനികളോടും ഇസ്‌ലാം ആവശ്യപ്പെടുന്നത്. പ്രവാചകന്‍(സ) പറയുന്നു: ‘കാര്യങ്ങളെ കൂടുതല്‍ എളുപ്പമാക്കുക, അവ ക്ലേശകരമാക്കരുത്.’

ലിംഗക്ഷേമത്തെക്കുറിച്ചും നീതിയെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.  ഈ രണ്ട് മേഖലകളെയാണ് പലപ്പോഴും ഇടുങ്ങിയ ചിന്താഗതിക്കാര്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാറുള്ളത്. അതേസമയം ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് കാരുണ്യവും അനുകമ്പയുമാണ്. എന്നാല്‍ കൊളോണിയല്‍ ചിന്താഗതിയിലകപ്പെട്ട ഇസ്‌ലാമിക നിയമവിദഗ്ധര്‍ ഒരിക്കലും ആധുനികവും ഉദാരവുമായ ആശയങ്ങള്‍ സ്വീകരിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്‌ലാമില്‍ സ്ത്രീയും പുരുഷനും ദൈവത്തിന് മുന്നില്‍ ധാര്‍മ്മികമായി തുല്യരാണ്. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ കര്‍മ്മങ്ങളെല്ലാം രണ്ടു കൂട്ടരും നിര്‍വ്വഹിക്കാന്‍ ബാധ്യസ്ഥരാണ്. സത്രീകള്‍ക്ക് മാന്യമായ പദവിയാണ് ഇസ്‌ലാം നല്‍കിയിരിക്കുന്നത്. പെണ്‍ ചേലാകര്‍മ്മം നിരോധിക്കുകയും ബഹുഭാര്യത്വം നാലില്‍ പരിമിതപ്പെടുത്തുകയും വിവാഹബന്ധത്തിന് പുറത്തുള്ള ലൈംഗിക ബന്ധങ്ങള്‍ നിരോധിക്കുകയും വിവാഹത്തിലും അനന്തരാവകാശത്തിലുമുള്ള സ്ത്രീകളുടെ അവകാശങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു എന്നതെല്ലാം ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന മാന്യമായ പരിഗണനകള്‍ക്ക് ഉദാഹരണങ്ങളാണ്.

ഭട്ട്‌ല സൂചിപ്പിക്കുന്നത് പോലെത്തന്നെ ഖുര്‍ആന്‍ വളരെ യുക്തിസഹമായ ഒരു ഗ്രന്ഥമാണ്. അതിലെ എല്ലാ സൂക്തങ്ങളും വിശദീകരിക്കപ്പെടുന്നത് ഇതര സൂക്തങ്ങളിലൂടെയാണ്. അതിനാല്‍ തന്നെ ഖുര്‍ആനെ മൊത്തത്തിലാണ് നാം വായിക്കേണ്ടത്. ഓരോ സൂക്തത്തെയും ഒറ്റക്കെടുത്ത് വ്യാഖ്യാനിക്കാന്‍ കഴിയില്ല. വളരെ നൈസര്‍ഗികമായ പൊരുത്തമാണ് ഖുര്‍ആനിലുള്ളത്. അതിനാല്‍ തന്നെ ഖുര്‍ആനിക സൂക്തങ്ങളെ വ്യാഖ്യാനിക്കുമ്പോള്‍ വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാന തത്വങ്ങളായ കാരുണ്യം, അനുകമ്പ, നീതി എന്നിവയെല്ലാമാണ് നമ്മെ നയിക്കേണ്ടത്.

യുക്തിക്കും ബുദ്ധിക്കും ഖുര്‍ആന്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച് ഭട്ട്‌ല മുസ്‌ലിംകളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ആരാധനയെ പ്രോല്‍സാഹിപ്പിക്കുന്ന സൂക്തങ്ങളെക്കാള്‍ മൂന്ന് മടങ്ങ് മുസ്‌ലിംകളോട് ചിന്തിക്കാനും പുനര്‍ചിന്തിക്കാനും ആവശ്യപ്പെടുന്ന സൂക്തങ്ങളാണ് ഖുര്‍ആനിലുള്ളത്.

മുആദ് ഇബ്‌നു ജബലിന് പ്രവാചകന്‍(സ) ഉപദേശത്തെക്കുറിച്ച് പുസ്തകത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പ്രവാചകന്‍ മദീനയില്‍ തിരിച്ചെത്തിയപ്പോള്‍ യമനിലെ രാജാക്കന്‍മാര്‍ അദ്ദേഹത്തെ വന്നു കാണുകയുണ്ടായി. അവരും അവരുടെ ജനതയും ഇസ്‌ലാം സ്വീകരിച്ചതായി പ്രവാചകനെ അറിയിക്കുകയും ചെയ്തു. തങ്ങളുടെ ജനതക്ക് ഇസ്‌ലാം പഠിപ്പിച്ചു കൊടുക്കാന്‍ അധ്യാപകരെ നിശ്ചയിച്ചു തരണമെന്ന് അവര്‍ പ്രവാചകനോട് ആവശ്യപ്പെടുകയുണ്ടായി. പ്രവാചകന്‍ അവരുടെ ആവശ്യം സ്വീകരിക്കുകയും മുആദ് ഇബ്‌നു ജമലിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ നിയോഗിക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ പ്രവാചകന്‍ മുആദിനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി:

‘എന്തിനെ അടിസ്ഥാനമാക്കിയാണ് നീ വിധി കൊടുക്കുക?’
‘ദൈവികഗ്രന്ഥത്തെ അടിസ്ഥാനമാക്കി,’ മുആദ് പറഞ്ഞു
‘അതില്‍ ഒന്നും കണ്ടില്ലെങ്കിലോ?’
‘അപ്പോള്‍ ഞാന്‍ തിരുസുന്നത്തിനെ അവലംബിക്കും’
‘അതിലും ഒന്നും കണ്ടില്ലെങ്കിലോ?’
‘അപ്പോള്‍ ഞാന്‍ ഇജ്തിഹാദിലൂടെ ഒരു തീരുമാനത്തിലെത്തും’.
മുആദിന്റെ മറുപടിയില്‍ സംതൃപ്തനായ പ്രവാചകന്‍ (സ) പറഞ്ഞു:’ പ്രവാചകനെ തൃപ്തിപ്പെടുത്തുന്നതിലേക്ക് പ്രവാചകന്റെ ദൂതനെ വഴിനടത്തിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും’.

ഇസ്‌ലാമിന് യാതൊരു പരിഷ്‌കരണവും ആവശ്യമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മറിച്ച് ഇസ്‌ലാമിനെ വീണ്ടെടുക്കുകയാണ് വേണ്ടത്. ഇന്നത്തെ പുതിയ തലമുറയിലുള്ള മുസ്‌ലിംകള്‍ മതത്തിന്റെ പുരോഗനാത്മകമായ മേഖലകളെയാണ് പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മതാധികാരം സ്വയം എടുത്തണിഞ്ഞിരിക്കുന്ന തങ്ങളുടെ മാതാപിതാക്കളോടും ഇമാമുമാരോടുമെല്ലാം അവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുപറയുകയും ചെയ്യുന്നുണ്ട്. ഇതുപോലെയുള്ള പുസ്തകങ്ങള്‍ ഇത്തരത്തിലുള്ള പുതിയ ചിന്തകള്‍ക്കുള്ള പ്രോല്‍സാഹനമാണ്.

ഇസ്‌ലാമിക സാഹിത്യങ്ങള്‍ ഒരുപാടു കൊല്ലമായി ഞാന്‍ വായിക്കുന്നുണ്ടെങ്കിലും ഇതുപോലൊരു പുസ്തകം ആദ്യമായാണ് എന്റെ ശ്രദ്ധയില്‍ പെടുന്നത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഇമാമുമാര്‍, അക്കാദമീഷ്യന്‍മാര്‍ എന്നിവര്‍ക്കെല്ലാം ഒരുപോലെ ഈ പുസ്തകം സഹായകമാണ്. നമ്മെ കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. അതിനാല്‍ തന്നെ നിര്‍ബന്ധമായും നമ്മള്‍ വായിച്ചിരിക്കേണ്ട പുസ്തകമാണിത്.

ഇസ്‌ലാമിനെക്കുറിച്ച വളരെ സമഗ്രമായ ഒരു പരിപ്രേക്ഷമാണ് ഈ പുസ്തകം നല്‍കുന്നത്. തീര്‍ച്ചയായും ഇസ്‌ലാമിനെക്കുറിച്ച അമുസ്‌ലിംകളുടെ തെറ്റിദ്ധാരണകള്‍ ഈ പുസ്തകം നീക്കം ചെയ്യും. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന വളരെ മൗലികമായ സത്യങ്ങളെയും അതിന്റെ സന്ദേശത്തെയും നെഞ്ചിലേറ്റാന്‍ ഈ പുസ്തകം സഹായിക്കുമെന്നത് തീര്‍ച്ചയാണ്.

വിവ: സഅദ് സല്‍മി

Related Articles