Current Date

Search
Close this search box.
Search
Close this search box.

പാപമുക്ത ജീവിതത്തിന് ഒരു വഴികാട്ടി

pure.jpg

വന്‍പാപങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കല്‍ സ്വര്‍ഗപ്രവേശത്തിന് അനിവാര്യമാണെന്ന് ഖുര്‍ആനും ഹദീസും സംശയത്തിനിടയില്ലാത്തവിധം വ്യക്തമാക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ ഏതെല്ലാമാണ് വന്‍പാപങ്ങള്‍? അവ എത്രയെണ്ണമുണ്ട്? പണ്ഡിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുള്ള ഒന്നാണ് ഇത്. ഇമാം ഹൈതമി അദ്ദേഹത്തിന്റെ ‘അസ്സവാജിര്‍’ എന്ന ഗ്രന്ഥത്തില്‍ നൂറിലധികം വന്‍പാപങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. അതില്‍, ഖബ്‌റുകള്‍ ആരാധനാലയങ്ങളാക്കുക, അവിടെ വിളക്ക് കത്തിക്കുക, ഖബ്‌റുകള്‍ക്കു ചുറ്റും ത്വവാഫ് ചെയ്യുക തുടങ്ങി ഖബറുകളുമായി ബന്ധപ്പെട്ട് നടക്കുന്ന പലതും അദ്ദേഹം വന്‍പാപത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത് എന്ന് കാണാം.
എന്നാല്‍ ചില ആളുകള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത് വന്‍പാപങ്ങള്‍ ഏഴെണ്ണം മാത്രമേയുള്ളൂ എന്നാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ദരിച്ച ഒരു ഹദീസില്‍ ഏഴെണ്ണം മാത്രമേ പറയുന്നുള്ളൂ എന്നതാണ് അങ്ങനെയൊരു ധാരണക്ക് ആധാരം. എന്നാല്‍ വന്‍പാപങ്ങളെല്ലാം ഒരേ ഗ്രേഡിലുള്ളവയല്ലെന്നും അവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏഴെണ്ണം പ്രത്യേകം പ്രസ്താവിക്കപ്പെട്ടു എന്നുമാണ് ആ ഹദീസിനെ വിശദീകരിച്ച് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.  
ശിര്‍ക്ക്, സിഹ്ര്‍, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, ഇസ്‌ലാമിക മാര്‍ഗത്തിലുള്ള യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞോടല്‍, പതിവ്രതകളായ സത്യവിശ്വാസിനികളുടെ പേരില്‍ വ്യഭിചാരാരോപണം ഉന്നയിക്കല്‍ തുടങ്ങിയവ മാത്രമല്ല വന്‍പാപങ്ങള്‍. അബൂബക്ര്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇങ്ങനെ കാണാം : ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: വന്‍പാപങ്ങളില്‍ ഏറ്റവും ഗുരുതരമായത് നിങ്ങള്‍ക്ക് അറിയിച്ചു തരട്ടെയോ? ഞങ്ങള്‍ പറഞ്ഞു: അതെ അല്ലാഹുവിന്റെ ദൂതരേ. നബി(സ) പറഞ്ഞു: ശിര്‍ക്ക്, മാതാപിതാക്കളെ ഉപദ്രവിക്കല്‍, കള്ള സാക്ഷ്യം വഹിക്കല്‍ എന്നിവയാണവ (ബുഖാരി, മുസ്‌ലിം). ഏഴ് വന്‍പാപങ്ങള്‍ എണ്ണിപ്പറഞ്ഞ ഹദീസില്‍ പറയാത്ത രണ്ടെണ്ണം ഇതില്‍ ഉണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
ഇപ്രകാരം വിവിധ ഹദീസുകളില്‍ വന്ന 76 വന്‍പാപങ്ങളെ സമാഹരിച്ച ഗ്രന്ഥമാണ് ഇമാം ശംസുദ്ദീന്‍ ദഹബിയുടെ ‘അല്‍ കബാഇര്‍’. സ്വര്‍ഗത്തില്‍ നിന്ന് അകറ്റുന്ന അത്തരം തെറ്റുകള്‍ വര്‍ജിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഒരു മാര്‍ഗദര്‍ശിയാണ് ഈ ഗ്രന്ഥം. താല്‍ക്കാലിക സുഖത്തിനായി ചെയ്യുന്ന തെറ്റുകള്‍ നഷ്ടമാക്കുന്നത് ശാശ്വതസുഖമാണ്. ഈ ഗൗരവമേറിയ യാഥാര്‍ഥ്യം തിരിച്ചറിയാനുതകുന്നതാണ് ഈ കൃതിയിലെ ഓരോ വരിയും.  ഈ കൃതിയുടെ മലയാള പരിഭാഷയാണ് ‘വന്‍പാപങ്ങള്‍’. വിശദീകരണങ്ങളൊന്നുമില്ലാതെ ഖുര്‍ആന്‍ സൂക്തങ്ങളും ഹദീസുകളും ഉദ്ദരിച്ച് കൊണ്ട് വിവിധങ്ങളായ പാപങ്ങളെ ഹ്രസ്വമായി പരിചയപ്പെടുത്തുന്ന ഈ കൃതി തെറ്റുകളില്‍ നിന്ന് അകന്നുനില്‍ക്കാനും സംഭവിച്ച തെറ്റുകള്‍ തിരിച്ചറിയാനും അതിന്റെ പേരില്‍ ആത്മാര്‍ഥമായി പശ്ചാത്തപിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഉപകാരപ്പെടും.
വിവര്‍ത്തനം: അബൂഅബ്ദില്ല (ജിദ്ദ)
പ്രസാധനം: അഹ്‌ലുസ്സുന്ന ബുക്‌സ്
ഫറോക്ക്, കോഴിക്കോട്, 673631
വില: 60.00

Related Articles