Current Date

Search
Close this search box.
Search
Close this search box.

ദേവ്ബന്ദ് പ്രസ്ഥാനത്തെ അടുത്തറിയാന്‍ ഒരു വിശേഷാല്‍ പതിപ്പ്

deoband.jpg

ദേശീയ-കേരള മുസ്‌ലിംകളുടെ നവോഥാന ചരിത്രത്തിന് പുസ്തകങ്ങളായും ലേഖനങ്ങളായും അനേകതവണ ലിഖിതരൂപം നല്‍കപ്പെട്ടിട്ടുണ്ട്. അതിപ്പോഴും അനുസ്യൂതം തുടരുന്നു. പക്ഷേ സംഘടനാ സങ്കുചിതത്വം മുസ്‌ലിം നവോഥാന ചരിത്രത്തെ ഏറെ പരിക്കേല്‍പിച്ചിട്ടുണ്ട് എന്നതൊരു വസ്തുതയാണ്. ഈ വിഷയകമായുള്ള രചനകള്‍ പരിശോധിച്ചാല്‍ അത് സുതരാം വ്യക്തമാവും. അതുകൊണ്ടുതന്നെ അവയെല്ലാം കൂട്ടിവായിക്കാതെ ഈ ചരിത്രം അപൂര്‍ണമായിരിക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യയിലെ വിവിധ മുസ്‌ലിം സംഘടനകളുടെയും വ്യക്തികളുടെയും ചരിത്രം ഇന്ത്യയുടെയും ഇന്ത്യയിലെ ഇസ്‌ലാമിക പ്രചാരണത്തിന്റെയും ചരിത്രം കൂടിയാണല്ലോ. ആ നിലക്ക് ഏറെ ശ്രദ്ധേയമായ ഒന്നാണ് ‘ദേവ്ബന്ദ് പണ്ഡിതര്‍ നവോത്ഥാന ശില്‍പികള്‍’ എന്ന കൃതി. ബലാഗ് മാസികയുടെ സ്‌പെഷ്യല്‍ പതിപ്പായിട്ടാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്.

പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാരില്‍ നിന്നും ക്രൈസ്തവ മിഷനറി പ്രവര്‍ത്തകരില്‍ നിന്നും ഇന്ത്യന്‍ മുസ്‌ലിംകള്‍ അഭിമുഖീകരിച്ച കടുത്ത വെല്ലുവിളികളെയും, ജീര്‍ണതകളെയും, അവസരം മുതലെടുത്ത് രംഗപ്രവേശം ചെയ്ത കള്ളവാദങ്ങളെയും പ്രതിരോധിച്ച് മുസ്‌ലിംകളെ യഥാര്‍ത്ഥ ദീനില്‍ അടിയുറച്ച് നില്‍ക്കുന്നവരാക്കുക എന്ന ചരിത്രനിയോഗം ഏറ്റെടുത്തവരാണ് ദേവ്ബന്ദ് പണ്ഡിതന്‍മാര്‍ എന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

ഈ കൃതി തയ്യാറാക്കിയതിന്റെ ഉദ്ദേശ്യത്തെ കുറിച്ച് മുഖക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു ; ‘പൈശാചിക ശക്തികളെ പിടിച്ചുകെട്ടി വിശുദ്ധ ദീനിനെ സംരക്ഷിച്ച പ്രസ്തുത ധീരാത്മാക്കളുടെ പട്ടികയില്‍ പതിനെട്ടാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക ലോകത്തിന് ഇന്ത്യ സമര്‍പ്പിച്ച പോരാളികളാണ് ഉലമാ ഏ ദേവ്ബന്ദ്. ബാത്വിലിന്റെ ശക്തികള്‍ ഹഖിന്റെ പണ്ഡിതന്‍മാര്‍ക്കെതിരില്‍ എന്നും ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുന്നത് പതിവാണ്. അല്ലാഹുവിന്റെ ദീനിന്റെ സംരക്ഷകരും സൂക്ഷിപ്പുകാരുമായിരുന്ന ദേവ്ബന്ദീ പണ്ഡിത മഹത്തുക്കള്‍ക്കെതിരിലും അപവാദങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കപ്പെട്ടു. ബ്രിട്ടീഷുകാരുടെ പങ്കുപറ്റിയവരും ഉമ്മത്തിനെ വിറ്റു തിന്നവരും അതിനു നേതൃത്വം നല്‍കി’. പതിറ്റാണ്ടുകളായി അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ വ്യാജാരോപണങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്തുകയും ഉലമാ ഏ ദേവ്ബന്ദ് ചെയ്ത ഉയര്‍ന്ന സേവനങ്ങളെ മനസിലാക്കിത്തരികയും ചെയ്യുന്ന കൃതികള്‍ മലയാളത്തില്‍ വിരളമാണ്. ആ കുറവ് പരിഹരിച്ചുകൊണ്ടും ഒപ്പം ശീഇസം, ബറേലവിസം തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അപകടകരമായ വിശ്വാസങ്ങളെ തുറന്നുകാട്ടിക്കൊണ്ടും മലയാള നാട്ടില്‍ പ്രസ്തുത പ്രസ്ഥാനങ്ങള്‍ക്കുണ്ടായ സ്വാധീനം ബോധ്യപ്പെടുത്തിക്കൊണ്ടുമാണ് ബലാഗിന്റെ ഈ വിശേഷാല്‍ പതിപ്പ് തയ്യാര്‍ ചെയ്തിട്ടുള്ളത്.

ദേവ്ബന്ദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിലുള്ള ലേഖന സമാഹാരമാണ് ഈ കൃതി. ദാറുല്‍ ഉലൂം ദേവ്ബന്ദിനെയും അനുബന്ധ സ്ഥാപനങ്ങളെയും കുറിച്ച സാമാന്യം വിശദമായ ഒരു പഠനത്തോടെയാണ് ഈ കൃതി ആരംഭിക്കുന്നത്. ദേവ്ബന്ദീ പണ്ഡിതന്‍മാരുടെ സവിശേഷതകള്‍, ദാറുല്‍ ഉലൂമിന്റെ ലക്ഷ്യങ്ങള്‍, പ്രത്യേകതകള്‍, പഠനവിഭാഗങ്ങള്‍, അനുബന്ധ സ്ഥാപനങ്ങളെ കുറിച്ച ലഘുകുറിപ്പ്, ഖുര്‍ആന്‍, ഫിഖ്ഹ്, ഫത്‌വ, ഉസ്വൂലുല്‍ ഫിഖ്ഹ്, ഇല്‍മുല്‍ കലാം, തസവ്വുഫ് എന്നീ വിഷയങ്ങളില്‍ ദേവ്ബന്ദ് പണ്ഡിതന്‍മാരുടെ വൈജ്ഞാനിക സേവനങ്ങള്‍, ഹദീസിന് അവര്‍ നല്‍കിയ സവിശേഷ പ്രാധാന്യം, ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ ഹദീസ് വിജ്ഞാനീയത്തിന്റെ വളര്‍ച്ചയും വ്യാപനവും, ക്രൈസ്തവ മിഷനറിമാര്‍ക്കും ഖാദിയാനിസത്തിനുമെതിരെയുള്ള പോരാട്ടങ്ങള്‍, സ്വാതന്ത്ര്യസമരത്തിലെ പങ്ക് എന്നിവയാണ് ഈ കൃതിയുടെ ഒന്നാം ഭാഗത്ത് വിശദീകരിക്കുന്നത്.  

തുടര്‍ന്ന് സമുദായം നേരിടുന്ന രണ്ട് വെല്ലുവിളികള്‍ എന്ന ശീര്‍ഷകത്തില്‍ ശീഇസത്തെയും ബറേല്‍വിസത്തെയും കൈകാര്യം ചെയ്യുന്നു. ശിയാക്കളുടെ ചരിത്രം, വിശ്വാസാചരങ്ങള്‍, ശിയാ ഭീകരതയുടെ ചരിത്രം, ഇറാന്‍ ഭീകരതയുടെ വര്‍ത്തമാനം, കേരളവും ശിയാ ഭീഷണിയും, ശിയാ സുന്നി സൗഹൃദം സാധ്യമാണോ തുടങ്ങിയ ഉപശീര്‍ഷകങ്ങളാണ് ശീഇസവുമായി ബന്ധപ്പെട്ട ലേഖനത്തിലുള്ളത്. ‘ഇറാന്‍ ഭീകരതയുടെ വര്‍ത്തമാനം’ എന്ന ഭാഗത്ത് നിലവിലെ ലോകത്ത് ഇറാന്‍ നടത്തുന്ന ഇടപെടലുകളെ സവിസ്തരം പ്രതിപാദിക്കുന്നു. സി. ഹംസ സാഹിബിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയുള്ള വിശകലനവും ഇതില്‍ വായിക്കാം. ‘ബറേല്‍വികളും അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തും’ എന്ന ഒരു ലേഖനമാണ് ബറേല്‍വികളെ കുറിച്ച് ഇതിലുള്ളത്. ശേഷം ദയൂബന്ദീ പണ്ഡിതന്‍മാരെ കുറിച്ചുള്ള ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്. ഇല്‍മുല്‍ ഗൈബിനെ കുറിച്ച് അഹ്‌ലുസ്സുന്നത്തില്‍ നിന്ന് ഭിന്നമായ വീക്ഷണമാണ് ദയൂബന്ദീ പണ്ഡിതന്‍മാര്‍ക്കുള്ളത് എന്ന ആരോപണത്തെ തെളിവ് സഹിതം ഖണ്ഡിക്കുന്ന സുദീര്‍ഘമായ ലേഖനമാണ് ഇതില്‍ ആദ്യത്തേത്. മൗലാനാ മുഹമ്മദ് ഖാസിം നാനൂതവി ഖത്മുന്നുബുവ്വത്ത് നിഷേധിച്ചിരുന്നു എന്ന ബറേല്‍വികളുടെ ആരോപണത്തിനുള്ള മറുപടിയാണ് ശേഷം. ഷാഹ് ഇസ്മാഈല്‍ ശഹീദിന്റെ സ്വിറാതുല്‍ മുസ്തഖീമിനെതിരെയുള്ള ആരോപണം, മൗലാനാ റഷീദ് അഹ്മദ് ഗംഗോഹി അല്ലാഹുവിന് കളവ് പറയല്‍ അനുവദനീയമാണെന്ന് പറഞ്ഞു എന്ന ആരോപണം, മഅ്‌സൂം ആയ നബിമാരില്‍ നിന്ന് പാപങ്ങള്‍ സംഭവിക്കുമെന്ന് മൗലാനാ ഇല്‍യാസ് പറഞ്ഞു എന്ന ആരോപണം തുടങ്ങിയവക്ക് ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ച് മറുപടി നല്‍കുന്നു.

‘ഫദാഇലെ അഅ്മാല്‍’ എന്നതാണ് അടുത്ത ഭാഗത്തിന്റെ ശീര്‍ഷകം. ‘ഫള്വാഇലെ അഅ്മാല്‍’ ചില യാഥാര്‍ഥ്യങ്ങള്‍, ഹദീസിന്റെ പ്രബലത, വിധിവിലക്കുകളില്‍ ദഈഫായ ഹദീസുകള്‍ സ്വീകരിക്കുന്ന രൂപങ്ങള്‍, ഫദാഇലില്‍ ദഈഫായ ഹദീസ് സ്വീകരിക്കാം, ദഈഫായ ഹദീസുകള്‍ സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍, ഫദാഇലുല്‍ അഅ്മാലിനെ കുറിച്ച പൊതുവായ ആരോപണങ്ങല്‍, ഫദാഇലുല്‍ അഅ്മാലിന്റെ അവലംബ ഗ്രന്ഥങ്ങള്‍ എന്നിവ ഈ ഭാഗത്ത് വിശദീകരിക്കുന്നു. കൂടാതെ സ്വഹീഹുല്‍ ബുഖാരിയിലും ദഈഫായ ഹദീസുകള്‍ ഉണ്ട്, അവ വിധിവിലക്കുകളുമായി ബന്ധപ്പെട്ടതല്ലാത്തതിനാല്‍ വിട്ടുവീഴ്ച ചെയ്തു എന്നല്ലാതെ മറ്റൊരു ന്യായീകരണവുമില്ല എന്ന് ഇബ്‌നു ഹജറിന്റെയും മറ്റും അഭിപ്രായങ്ങള്‍ ഉദ്ധരിച്ച് തെളിയിക്കുന്നു. സി.കെ അബുല്‍ ഖൈര്‍ അല്‍ ഖാസിമി, അബ്ദുറഹ്മാന്‍ മങ്ങാട്, അബൂ നഈം അഹ്മദ് അല്‍ബാഖവി, ഹാഷിം ഹദ്ദാദ് തങ്ങള്‍ എന്നിവരുമായുള്ള അഭിമുഖങ്ങളാണ് തുടര്‍ന്ന്.

അഞ്ചാം അദ്ധ്യായം തസ്വവ്വുഫിനെ കുറിച്ചാണ്. തസ്വവ്വുഫിന്റെ യാഥാര്‍ത്ഥ്യം, തസ്വവ്വുഫും ഉലമായെ ദേവ്ബന്ദും, തസ്വവ്വുഫ് ബിദ്അത്തല്ല, തസ്വവ്വുഫിന്റെ ആവശ്യകത, സൂഫികളായ മഹാന്‍മാരും ദീനീ പരിശ്രമവും, തബ്‌ലീഗ് ജമാഅത്ത് എന്ത്? എന്തിന്? എന്നിവയാണ് ഇതിലെ ഉള്ളടക്കം. ഇന്ത്യ സമര്‍പ്പിച്ച ഇസ്‌ലാമിന്റെ അഭിമാന നായകന്‍മാര്‍ എന്നതാണ് ആറാം അദ്ധ്യായം. ദേവ്ബന്ദ് ഉലമാക്കളിലെ 73 ആളുകളെയും അവരുടെ സേവനങ്ങളെയും കുറിച്ച സംക്ഷിപ്ത വിവരണമാണ് ഈ ഭാഗത്തുള്ളത്.

അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഈ കൃതി ഏറെ വിഭവസമൃദ്ധമാണ് എന്ന കാര്യത്തില്‍ സംശയമില്ല. (കൗസരി പണ്ഡിതന്‍മാരുടെ കൂട്ടായ്മയും കേരളത്തില്‍ ദേവ്ബന്ദീ ഉലമാക്കളുടെ സരണിയില്‍ പ്രവര്‍ത്തിക്കുന്ന ആധികാരിക പണ്ഡിത സഭയുമാണ് അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍. 15 വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ഹൂം കാഞ്ഞാര്‍ മൂസാ മൗലാനയുടെ ആശീര്‍വാദത്തോടെ ആലുവ അബ്‌റാര്‍ മസ്ജിദിലാണ് ഔദ്യോഗികമായി ഇതിന് ആരംഭം കുറിക്കപ്പെട്ടത്). ഹാഫിസ് മുസമ്മില്‍ മൗലവി അല്‍ കൗസരിയാണ് ചീഫ് എഡിറ്റര്‍. പേജ്: 615. വില 450.00.

Related Articles