Current Date

Search
Close this search box.
Search
Close this search box.

തോമസ് ജെഫേഴ്‌സണിന്റെ ഖുര്‍ആന്‍

jefferson.jpg

ആധുനിക ലോകത്ത് നടക്കുന്ന സാംസ്‌കാരിക യുദ്ധങ്ങളൊക്കെ പാശ്ചാത്യന്‍ സമൂഹത്തില്‍ മുസ്‌ലിംകളുടെയും ഇസ്‌ലാമിന്റെയും സ്ഥാനം ചോദ്യം ചെയ്തുകൊണ്ടുള്ളവയാണ്. വലിയൊരു ശതമാനം അമേരിക്കക്കാരും ഇസ്‌ലാമിനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഭീകരമായ ഒരു ചിത്രമാണ് മനസ്സില്‍ കൊണ്ടുനടക്കുന്നത്. ക്രൈസ്തവതയെ കുറിച്ചോ ജൂതമതത്തെ കുറിച്ചോ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത ആരോപണങ്ങള്‍ അവര്‍ പക്ഷേ, ഇസ്‌ലാമിന് നേരെ ഉന്നയിക്കാന്‍ മടിക്കുന്നില്ല. എന്നാല്‍, ഡെനിസ്.എ.സ്‌പെല്‍ബെര്‍ഗിന്റെ ‘Thomas Jefferson’s Qur’an: Islam and the Founders’ എന്ന പുസ്തകം ഒരാവര്‍ത്തി വായിച്ചിരുന്നുവെങ്കില്‍ ഇസ്‌ലാമിനെക്കുറിച്ചും മുസ്‌ലിംകളെ കുറിച്ചുമുള്ള അവരുടെ ധാരണകളൊക്കെ മാറിമറിഞ്ഞേനെ. 1700-കളില്‍ അമേരിക്കന്‍ ഭരണഘടനയുടെ രൂപീകരണകാലത്ത് ശില്‍പികളിലൊരാളായ തോമസ് ജെഫേഴ്‌സണ്‍ ഖുര്‍ആന്റെ ഇംഗ്ലീഷ് പതിപ്പ് സ്വന്തമാക്കുകയും ഭരണഘടനാ നിര്‍മ്മാണത്തില്‍ ഖുര്‍ആന്‍ അവലംബിക്കുകയും ചെയ്തതായി ചരിത്രരേഖകള്‍ തെളിയിക്കുന്നു.

അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണകാലഘട്ടത്തില്‍ സാംസ്‌കാരിക സംഘട്ടനത്തിലേര്‍പ്പെട്ട രണ്ട് വിഷയങ്ങള്‍ – അമേരിക്കയും ഇസ്‌ലാമും തമ്മിലുള്ള ബന്ധം, ഭരണകൂടവും ചര്‍ച്ചും തമ്മിലുള്ള ബന്ധം എന്നിവയാണ് ഈ പുസ്തകത്തിന്റെ പ്രതിപാദ്യങ്ങള്‍. ഭൂരിപക്ഷം അമേരിക്കക്കാര്‍ക്കും അമേരിക്കന്‍ ചരിത്രകാരന്മാര്‍ക്കും പരിചയമുള്ള വസ്തുതകള്‍ തന്നെയാണ് സ്‌പെല്‍ബെര്‍ഗും പരിചയപ്പെടുത്തുന്നത്. എന്നാല്‍ ഇസ്‌ലാമിനെ തന്റെ പുസ്തകത്തിന്റെ ഉരകല്ല് ആക്കിയതിലൂടെ പഴഞ്ചന്‍ കഥപറിച്ചിലിന് ഒരു പുതുജീവന്‍ നല്‍കുകയാണ് ഗ്രന്ഥകാരി ചെയ്തത്. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര-മദ്ധ്യകിഴക്കന്‍ പഠനവിഭാഗം അസോസിയേറ്റ് പ്രൊഫസറായ സ്‌പെല്‍ബെര്‍ഗ് മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ പോരാട്ടങ്ങളിലെ ഇസ്‌ലാമിന്റെ പങ്കിനെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അമേരിക്കയില്‍ മുസ്‌ലിം പൗരന്മാര്‍ക്കും മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്കും മുസ്‌ലിം പ്രസിഡന്റുമാര്‍ക്കും വരെ സ്ഥാനമുണ്ടായിരിക്കണമെന്ന് ആഗ്രഹിച്ച തോമസ് ജെഫേഴ്‌സണിന്റെയും ജോര്‍ജ് വാഷിംഗ്ടണിന്റെയും പിന്‍മുറക്കാര്‍ എങ്ങനെയാണ് മുസ്‌ലിംകളെ അപരന്മാരായി കാണാന്‍ തുടങ്ങിയതെന്ന് സ്‌പെല്‍ബെര്‍ഗ് തന്റെ പുസ്തകത്തില്‍ ചോദിക്കുന്നു. മുസ്‌ലിംകളെ അപരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവര്‍ അമേരിക്കയുടെ ബഹുസ്വര സങ്കല്‍പത്തെ മനസ്സിലാക്കാന്‍ കഴിയാത്തവരാണെന്നും സ്ഥാപകനേതാക്കള്‍ പോലും ഭരണകൂടവും ചര്‍ച്ചും യോജിച്ച് ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും രാജ്യത്ത് അര്‍ഹമായ സ്ഥാനം നല്‍കാനാണ് ആവശ്യപ്പെട്ടതെന്നും ഗ്രന്ഥകാരി ചൂണ്ടിക്കാട്ടുന്നു.

തോമസ് ജെഫേഴ്‌സണ്‍ രാജ്യത്ത് മതസ്വാതന്ത്ര്യം ഉണ്ടാവണമെന്ന് അതിയായി ആഗ്രഹിച്ച ഒരു വ്യക്തിയാണ്. രാജ്യത്തുള്ള ഭൂരിപക്ഷ മതവിഭാഗത്തിന് ന്യൂനപക്ഷങ്ങള്‍ക്കു മേല്‍ തങ്ങളുടെ ഇച്ഛ നടപ്പിലാക്കാന്‍ അധികാരമുണ്ടെന്നും അവരോട് കാണിക്കേണ്ട സഹിഷ്ണുത വെറും ഔദാര്യം മാത്രമാണെന്നും പറഞ്ഞ ജോണ്‍ ലൂക്കിന്റെയും ജോണ്‍ ആഡംസിന്റെയും ചിന്തകളുടെ വിരുദ്ധചേരിയിലാണ് അദ്ദേഹം നിലകൊണ്ടത്. ഭൂരിപക്ഷം മതന്യൂനപക്ഷങ്ങളെ വിശ്വാസത്തിന്റെ പേരില്‍ പീഢിപ്പിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും ജനങ്ങളുടെ മതസ്വാതന്ത്ര്യത്തില്‍ ഭരണകൂടം ഇടപെടരുതെന്നും ജെഫേഴ്‌സണ്‍ വാദിച്ചു. മതത്തിന്റെ കാര്യത്തില്‍ ജനങ്ങളെ ബലം പ്രയോഗിക്കുന്നത് രാജ്യത്ത് സ്വേച്ഛാധിപതികളേയും കപടന്മാരേയും മാത്രമേ സൃഷ്ടിക്കുകയുള്ളൂ എന്നും ജെഫേഴ്‌സണ്‍ നിരീക്ഷിച്ചിരുന്നു.

സാമുവല്‍ ആഡംസ്, റോജര്‍ ഷെര്‍മാന്‍, പാട്രിക് ഹെന്റി പോലുള്ളവര്‍ മതം, രാഷ്ട്രം എന്ന വിഭജനത്തെ എതിര്‍ത്തവരാണ്. മതത്തെയും ഉള്‍കൊള്ളാനുള്ള വിശാലത രാഷ്ട്രം പ്രകടിപ്പിക്കണമെന്നും മതാധിഷ്ഠിത-മതനിരാസ വിഭാഗങ്ങള്‍ക്കിടയില്‍ നിഷ്പക്ഷമായി നില്‍ക്കേണ്ടതില്ലെന്നുമാണ് അവര്‍ വാദിച്ചത്. എന്നാല്‍ ജെയിംസ് മാഡിസണ്‍, റോജര്‍ വില്ല്യംസ് പോലുള്ളവര്‍ മത-രാഷ്ട്ര വിഭജനം ഉണ്ടായാല്‍ മാത്രമേ രാജ്യത്ത് സമാധാനന്തരീക്ഷം ഉണ്ടാവുകയുള്ളൂ എന്ന് പറഞ്ഞവരാണ്. ഈ രണ്ട് വീക്ഷണങ്ങള്‍ക്കിടയിലും നടന്ന ചര്‍ച്ചകളും സംവാദങ്ങളും തന്നെയാണ് അമേരിക്കന്‍ മതചരിത്രവും യു.എസ് ഭരണഘടനക്ക് കീഴിലെ ചര്‍ച്ച് നിയമത്തിന്റെ ഉല്‍പത്തി കഥയും എന്ന് നമുക്ക് കാണാം.

അമേരിക്കന്‍ ചിന്തയുടെയും സംവാദമണ്ഡലങ്ങളുടെയും കേന്ദ്രബിന്ദുവായി ഇസ്‌ലാമിനെ പ്രതിഷ്ഠിക്കുന്നതിലൂടെ പരിചിതമല്ലാത്ത ഒരു വഴിത്തിരിവാണ് സ്‌പെല്‍ബെര്‍ഗ് സൃഷ്ടിക്കുന്നത്. മുസ്‌ലിംകളെ അമേരിക്കയില്‍ നിന്നും പുറത്താക്കണമോ? ഇസ്‌ലാം അമേരിക്കന്‍ മതസ്വാതന്ത്ര്യ സങ്കല്‍പ്പങ്ങള്‍ക്ക് ദഹിക്കാത്ത ആശയമാണോ?  ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്‌പെല്‍ബെര്‍ഗ് കണ്ടെത്തുന്നത് പതിനാറാം നൂറ്റാണ്ടിനും പതിനെട്ടാം നൂറ്റാണ്ടിനുമിടക്കുള്ള യൂറോപ്യന്‍മാരുടെയും അമേരിക്കകാരുടെയും ഇസ്‌ലാമിനോടുള്ള സമീപനങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ്. ഫ്രഞ്ച് തത്വചിന്തകനായ ചാള്‍സ് ലൂയിസ് സെക്കന്‍ഡാറ്റ് ഒരു മുസ്‌ലിമിന്റെ കാഴ്ചപ്പാടിലൂടെ കാണപ്പെടുന്ന യൂറോപ്പ്യന്‍ സദാചാരനിയമങ്ങളെ കുറിച്ചും സാമൂഹിക മര്യാദകളെ കുറിച്ചും തന്റെ പേര്‍ഷ്യന്‍ ലെറ്റേഴ്‌സ് എന്ന കൃതിയിലൂടെ വിവരിക്കുന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം യൂറോപ്യന്മാരും അമേരിക്കക്കാരും കുരിശുയുദ്ധങ്ങള്‍ക്ക് ശേഷം ഇസ്‌ലാമിനെ ക്രിസ്തുമത്തിന്റെ ശത്രുവായിട്ടാണ് കണ്ടത്. പടിഞ്ഞാറ് മുന്നോട്ടുവെക്കുന്ന മതസ്വാതന്ത്ര്യ ആശയങ്ങളുടെ ചട്ടക്കൂടിനകത്ത് ഇസ്‌ലാമിനെ കൊള്ളിക്കാനാകില്ല എന്നവര്‍ കരുതി. ജെഫേഴ്‌സണ്‍ മറ്റെല്ലാം അബ്രഹാമി മതങ്ങളുടെയും വിമര്‍ശകനെന്ന നിലക്ക് ഇസ്‌ലാമിനെയും വിമര്‍ശിച്ചിരുന്നു. മെഡിറ്റനറേനിയന്‍ കടലില്‍ മുസ്‌ലിം രാജ്യങ്ങള്‍ നടത്തിയ സൈനികനീക്കങ്ങളെ നേരിടാന്‍ യൂറോ-അമേരിക്കന്‍ നാവികപ്പട പോലും അദ്ദേഹം രൂപീകരിക്കുകയുണ്ടായി. പക്ഷേ, ആശയപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഒരു മതത്തിനോടും ശത്രുതയോ വിവേചനമോ കാണിക്കുന്നതിനുള്ള മാനദണ്ഡമാകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ജോണ്‍ ലെലാന്റ് പോലുള്ള ബാപ്റ്റിസ്റ്റ് നേതാക്കള്‍ ഇസ്‌ലാമിനെ അനുകൂലിക്കുകയും പ്രൊട്ടസ്റ്റന്റുകളെ തള്ളിപ്പറയുകയും ചെയ്തിരുന്നു. കാരണം, ഭൂരിപക്ഷം വരുന്ന പ്രൊട്ടസ്റ്റന്റുകള്‍ മുസ്‌ലിംകളും ബാപ്റ്റിസ്റ്റുകളും അടമക്കമുള്ള ന്യൂനപക്ഷവിഭാഗത്തെ നിശബ്ദരാക്കാന്‍ ശ്രമിക്കുകയായിരുന്നു.

അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണകാലത്ത് ഇസ്‌ലാമിനെ ഉള്‍ക്കൊള്ളണോ വേണ്ടയോ എന്ന ചോദ്യത്തില്‍ ആദ്യകാല നേതാക്കള്‍ ചേരിതിരിഞ്ഞ് നിന്നു എന്നുള്ള നിഗമനം തന്നെയാണ് ഡെനിസ്.എ.സ്‌പെല്‍ബെര്‍ഗിന്റെ പുസ്തകത്തിന്റെ സത്ത. ഇസ്‌ലാമിനെ തള്ളാനല്ല മറിച്ച് ഉള്‍കൊള്ളാനുള്ള പാഠങ്ങള്‍ തന്നെയാണ് അമേരിക്കയുടെ ഭൂതകാലം നല്‍കുന്നതെന്നും സ്‌പെല്‍ബെര്‍ഗ് സൂചിപ്പിക്കുന്നു. മുസ്‌ലിങ്ങള്‍ അപരവല്‍ക്കരിക്കപ്പെടുന്ന പാശ്ചാത്യന്‍ സാഹചര്യത്തില്‍ സ്‌പെല്‍ബെര്‍ഗിന്റെ പുസ്തകം അനിവാര്യമായ വായന തന്നെയാണ്.

വിവ: അനസ് പടന്ന

Related Articles