Current Date

Search
Close this search box.
Search
Close this search box.

തഹ്‌രീദും ചരിത്രത്തിന്റെ നേരായ അര്‍ത്ഥവും

makhdoum.jpg

കേരളത്തിലെ അറബി സാഹിത്യവും അറബി മലയാള സാഹിത്യവും അനേകം രചനകള്‍ കൊണ്ട് സമ്പുഷ്ടമാണ്. ചരിത്രം, സാഹിത്യം, കവിത, വിശകലനം തുടങ്ങി ആധുനികത രൂപപ്പെടുത്തിയ എഴുത്തു രീതികളെ മറികടക്കുകയും ഒരേ സൃഷ്ടിയില്‍ തന്നെ ഇവയെ കൂട്ടിയിണക്കുകയും ചെയ്യുന്ന സവിശേഷമായ രചനാശൈലി മുസ്‌ലിം എഴുത്തു പാരമ്പര്യത്തിന്റെ സവിശേഷതയാണ്. അതേ സമയം എഴുത്തുകളെ രാഷ്ട്രീയവല്കരിക്കുന്ന പ്രത്യേകമായ സാഹചര്യങ്ങളും വിശകലനം ചെയ്യേണ്ടവയാണ്. പോര്‍ച്ചുഗീസ് കൊളോണിയലിസത്തിന്റെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിംകളോട് അധിനിവേശത്തിനെതിരെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന കൃതിയാണ് മഹാനായ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച തഹ്‌രീദ് അഹ്‌ലില്‍ ഈമാനി അലാ ജിഹാദി അബ്ദതി സുല്‍ബാന്‍. കുരിശാരാധകര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വിശ്വാസികള്‍ക്കുള്ള പ്രചോദനം എന്നതാണ് നേര്‍ക്കുനേര്‍ ഈ തലക്കെട്ട് വഹിക്കുന്ന അര്‍ത്ഥം. കോഴിക്കോട്ടെ അദര്‍ ബുക്‌സ് പുറത്തിറക്കിയ ഏറ്റവും പുതിയ പുസ്തകമായ തഹ്‌രീദിന് ഇംഗ്ലീഷില്‍ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് ഡോ. കെ.എം മുഹമ്മദ് ആണ്. പ്രമുഖ ചരിത്ര പണ്ഡിതന്‍ ഡോ മൈക്കല്‍ പിയേഴ്‌സണ്‍ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുണ്ട്. സ്വീഡനിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ മാപ്പിള പഠനത്തില്‍ ഗവേഷണത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മഹ്മൂദ് കൂരിയ തഹ്‌രീദിനെയും അധിനിവേശവിരുദ്ധ മുസ്‌ലിം രചനകളെയും കുറിച്ച് നടത്തിയ അക്കാദമിക പഠനം പുസ്തകത്തിന്റെ ആമുഖമായും ചേര്‍ത്തിട്ടുണ്ട്.

മാപ്പിള പോരാട്ടവുമായി ബന്ധപ്പെട്ട അനേകം രചനകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ആ കാലത്തുണ്ടായ രചനകള്‍ എന്ന നിലയില്‍ ആധികാരികമായി പരിഗണിക്കപ്പെടുന്നത് കൊളോണിയല്‍ രചനകളും റിപ്പോര്‍ട്ടുകളുമാണ്. അതാകട്ടെ, വസ്തുതാപരമായിരിക്കുമ്പോള്‍ തന്നെ ആഖ്യാനപരമായി കൊളോണിയല്‍ താല്‍പര്യങ്ങളെ ഉപജീവിക്കുന്നതായിരിക്കും. ശേഷം ആധികാരികമായി പരിഗണിക്കപ്പെടുന്നത് സവര്‍ണ്ണചരിത്രകാരന്മാര്‍ നടത്തുന്ന ചില എത്തിനോട്ടങ്ങളാണ്. എന്നാല്‍ ആ കാലത്തെ മുസ്‌ലിം മതപണ്ഡിതന്മാര്‍ നടത്തിയ ഇടപെടലുകള്‍ മുഖ്യധാരാ ചരിത്രത്തില്‍ മൂല്യവത്തായി പരിഗണിക്കപ്പെടാറില്ല. ചരിത്രം, കവിത തുടങ്ങിയ പരസ്പരം വേര്‍തിരിഞ്ഞു നില്കുന്ന ഷാനറുകളെ കൂട്ടിയിണക്കിക്കൊണ്ടുള്ളതായിരിക്കും മുസ്‌ലിം പണ്ഡിതന്മാരുടെ എഴുത്തുകള്‍ മിക്കതും. അതു കൊണ്ട് തന്നെ, രാഷ്ട്രീയ ചരിത്രമൂല്യം മാത്രം പരിഗണിച്ചു കൊണ്ടുള്ള ആ കൃതികളുടെ വീണ്ടെടുപ്പുകള്‍ പ്രശ്‌നമായിരിക്കുന്നതു പോലെ സാഹിത്യമൂല്യം പരിഗണിച്ചു കൊണ്ടുള്ള വായനയുടെയും വീണ്ടെടുക്കലിന്റെയും ഏകപക്ഷീയതയും പ്രശ്‌നകരമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ഫ്രാന്‍സിസ് റോബിന്‍സണ്‍ ദക്ഷിണേന്ത്യയിലെ മുസ്‌ലിം ഭാവനാവ്യവഹാരത്തെപ്പറ്റി പറയുന്നിടത്ത് ആധുനിക സാഹിത്യപാരമ്പര്യവുമായുള്ള മുസ്‌ലിം ആവിഷ്‌കാരങ്ങളുടെ പാരസ്പര്യത്തിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഫൈസല്‍ ദേവ്ജി നവോത്ഥാനചരിത്രത്തെ വിശകലനം ചെയ്യുന്നിടത്തും മുസ്‌ലിം ഭൂതകാലത്തെ ആവിഷ്‌കരിക്കുന്നതിന്റെ പ്രശ്‌നങ്ങളിലുഴറുന്ന അലീഗര്‍ പണ്ഡിതന്മാരെ സൂചിപ്പിച്ചു കൊണ്ട് ഈ കാര്യം പറയുന്നുണ്ട്. സാഹിത്യവുമായി ബന്ധപ്പെട്ടും ഭാവനയുമായി ബന്ധപ്പെട്ടും മുസ്‌ലിം എഴുത്തുകളെ സംബന്ധിച്ച് ഇത്തരം പഠനങ്ങള്‍ നടക്കുമ്പോള്‍ തന്നെ, തഹ്‌രീദ് പോലുള്ള കൃതികളെക്കുറിച്ചു നടക്കുന്നത് തികച്ചും ഏകപക്ഷീയമായ വിശകലനങ്ങള്‍ മാത്രമാണെന്ന് പറയാതെ വയ്യ.

തഹ്‌രീദിന്റെ സവിശേഷതകളിലൊന്ന് അത് ആ കാലത്തെ പറ്റിയുള്ള ഏറ്റവും പ്രാഥമികം എന്ന് പറയാവുന്ന വിവരങ്ങള്‍ പ്രധാനം ചെയ്യുന്നു എന്നതാണ്. തുഹ്ഫതുല്‍ മുജാഹിദീനും ഫത്ഹുല്‍ മുബീനും മുമ്പേ വന്ന പുസ്തകമാണ് സത്യത്തില്‍ തഹ്‌രീദ്. ചരിത്രം രേഖപ്പെടുത്തുന്നിടത്ത് തദ്ദേശീയര്‍ പോലും പുലര്‍ത്തുന്ന അസാധാരണ മനോഭാവത്തെക്കുറിച്ചു പുസ്തകത്തില്‍ പിയേഴ്‌സണ്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. എന്നാല്‍ ആന്ത്രോപോളജി ചരിത്രാഖ്യാനത്തിന്റെ ഭാഗമായി വലിയ ഇടം കരസ്ഥമാക്കിയതോടെ തദ്ദേശീയമായ ഭാഷ പഠിച്ചെടുക്കുകയും നേരിട്ട് വിവരശേഖരണം നടക്കുകയും ചെയ്യുന്ന പതിവ് ആഗോളചരിത്രകാരന്മാരില്‍ വ്യാപകമാവുകയും അത് തദ്ദേശീയരിലെ അസാധാരണത്വത്തെ പരിക്കേല്പിക്കാന്‍ ഒരു പരിധിവരെ കാരണമാവുകയും ചെയ്തു. എന്നാല്‍ തഹ്‌രീദ്, ഫത്ഹുല്‍ മുബീന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ തികച്ചും വ്യത്യസ്തമായ ശൈലിയാണ് പിന്തുടരുന്നത് എന്നതാണ് അതിനെ പ്രസക്തമാക്കുന്നത്.

തികച്ചും മതപരമായ ആഖ്യാനസ്വഭാവവും ഫത്‌വയുടെ സ്വഭാവത്തില്‍ എഴുതപ്പെട്ടതുമാണ് എന്നതാണ് ഈ ഗ്രന്ഥങ്ങളുടെ സവിശേഷത. അതുകൊണ്ട് തന്നെ, മതേതര ചരിത്രാഖ്യാന സ്വഭാവങ്ങളെയും എത്‌നോഗ്രഫിക്കല്‍ പഠനരീതികളെയും തീര്‍ത്തും മറികടക്കുന്നതും കൂടുതല്‍ തദ്ദേശീയവുമായി ഇവ നിലനില്കുന്നു. ഖാദി മുഹമ്മദിന്റെ അല്‍ഖസീദ അല്‍ ജിഹാദിയ്യയും അല്‍ ഖുത്ബതുല്‍ ജിഹാദിയ്യയും ഇപ്രകാരം ഫത്‌വാ സ്വഭാവം സൂക്ഷിക്കുന്നതും ഒരു കാലഘട്ടത്തിലെ സവിശേഷമായ മതാധികാരത്തിന്റെ വെളിച്ചം പ്രസരിപ്പിക്കുന്നതുമായ പോരാട്ട രചനകളാണ്. എന്നാല്‍ ഈ രചനകളൊക്കെ തഹ്‌രീദിനു ശേഷം വന്നതും തഹ്‌രീദിന്റെ സ്വഭാവം പുലര്‍ത്തുന്നതുമാണ് എന്ന് കാണാം. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ചു എന്നതു കൊണ്ടു തന്നെ പോര്‍ട്ടുഗീസ് കടന്നാക്രമണത്തിന്റെ ഏറ്റവും വിശ്വസനീയ സ്രോതസ്സ് ആയി തഹ്‌രീദ് നിലനില്കുന്നു. മാത്രമല്ല, പോര്‍ട്ടുഗീസുകാര്‍ക്കെതിരെ എഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥവും കൂടിയാണ് തഹ്‌രീദ്. തഹ്‌രീദ് അടക്കമുള്ള ഗ്രന്ഥങ്ങളില്‍ നിലനില്കുന്ന ഭാഷാവ്യവഹാരം ആധുനിക കൊളോണിയല്‍ വിരുദ്ധ ഭാഷാവ്യവഹാരമെന്ന് പറയാനാവില്ല. കാരണം, മഖ്ദൂം കുടുംബം പൊന്നാനിയില്‍ വന്ന ശേഷം പോര്‍ച്ചുഗീസുകാര്‍ മലബാര്‍ മുസ്‌ലിംകളെ സവിശേഷമായി ലക്ഷ്യം വെച്ചതായി കൂരിയ തന്റെ പഠനത്തില്‍ പറയുന്നു. അതാകട്ടെ, കുരിശ് പോരാട്ടങ്ങളുടെ ചരിത്രപരമായ തുടര്‍ച്ചയെ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. അതുകൊണ്ട് തന്നെ, കുരിശു യുദ്ധ ചരിത്രത്തിന്റെ ആഖ്യാന മാതൃകയിലാണ് പോര്‍ച്ചുഗീസുകാരെ തഹ്‌രീദില്‍ പരാമര്‍ശിക്കുന്നതു തന്നെ. പോരാട്ട ഗ്രന്ഥങ്ങള്‍ ഒരു സമുദായത്തെ മാത്രം അഭിസംബോധന ചെയ്തതും ഫത്‌വയുടെയും ഖുത്ബയുടെയും ഭാഷയും വ്യവഹാരങ്ങളും സ്വീകരിച്ചതും ഇതിനെ ബലപ്പെടുത്തുന്നു. അഥവാ, മതേതരമായ കൊളോണിയല്‍ വിരുദ്ധതയുടെ വ്യവഹാരത്തിനകത്ത് ഒതുക്കാനാവാത്ത ജൈവികസ്വഭാവമാണ് അന്നത്തെ പോരാട്ട ഗ്രന്ഥങ്ങള്‍ പിന്തുടര്‍ന്നിരുന്നത് എന്നും കൊളോണിയലിസത്തിനെ തന്നെ മുസ്‌ലിം സമുദായത്തിന്റെ ചരിത്രവുമായ ബന്ധപ്പെട്ട ഒരു മണ്ഡലത്തില്‍ വെച്ചാണ് മുസ്‌ലിം പണ്ഡിതന്മാര്‍ കണ്ടത് എന്നും വ്യക്തമാവുന്നു. ഒരേസമയം തത്വശാസ്ത്രപരവും സാംസ്‌കാരികവും രാഷ്ട്രീയപരവുമായ ആഴക്കാഴ്ചകള്‍ തഹ്‌രീദ് അടക്കമുള്ള ഗ്രന്ഥങ്ങള്‍ പുലര്‍ത്തിയിരുന്നു. അവയുടെ കര്‍ത്താക്കള്‍ അക്കാലഘട്ടങ്ങളിലെ ഫുഖഹാക്കളും ആയിരുന്നു.

സി.ഹംസ സമാഹരിച്ച തഹ്‌രീളിന്റെ ആദ്യപ്രസിദ്ധീകരണം അല്‍ഹുദ ബുക്‌സ് ആയിരുന്നു നിര്‍വഹിച്ചത്. പ്രസ്തുത എഡിഷനില്‍ 135 വരികളായിരുന്നു ഉണ്ടായിരുന്നത്. പരേതനായ വി. മുഹമ്മദിന്റെ പദ്യസമാഹാരത്തില്‍ തഹ്‌രീദിന്റെ 173 വരികളും ലഭ്യമായിരുന്നു. വി. മുഹമ്മദിന്റെ കളക്ഷന്‍ ഉപജീവിച്ചാണ് പ്രൊഫ.കെ.എം മുഹമ്മദ് ഈ ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം നിര്‍വഹിച്ചത്. മലബാര്‍ ചരിത്രപഠനത്തിലെ തന്നെ മുഖ്യവഴിത്തിരിവായ ഈ ഗ്രന്ഥം അദര്‍ ബുക്‌സ് ഇറക്കിയ മികച്ച ഗ്രന്ഥങ്ങളിലൊന്നാണ്. തുഹ്ഫത്തുല്‍ മുജാഹിദീനാണ് സന്ദര്‍ഭവശാല്‍ അദര്‍ബുക്‌സ് ഇറക്കിയ ഏറ്റവും ആദ്യത്തെ പുസ്തകം. നിലവില്‍ ഫത്ഹുല്‍ മുബീന്‍ പ്രസിദ്ധീകരണഘട്ടത്തിലാണ്. മാപ്പിള എന്നത് ചരിത്രപരവും രാഷ്ട്രീയപരവുമായ അക്കാദമിക മേഖലയായി വളര്‍ന്നു കഴിഞ്ഞ ഘട്ടത്തിലാണ് തഹ്‌രീദ് ഇറങ്ങുന്നത്. മുസ്‌ലിം ചരിത്രത്തെക്കുറിച്ച് വ്യത്യസ്തമായ പരിപ്രേക്ഷ്യം രൂപപ്പെട്ടുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ അറബി മലയാളത്തിലടക്കം എഴുതപ്പെട്ട ഗ്രന്ഥങ്ങളെ ഇനിയും കണ്ടെടുക്കേണ്ടതുണ്ട്.

Related Articles