Current Date

Search
Close this search box.
Search
Close this search box.

തമസ്‌കരിക്കപ്പെട്ട ഇന്ത്യ ചരിത്രത്തിന് ഒരാമുഖം

history.jpg

ഇന്ത്യാ ചരിത്രത്തിലുടനീളമുണ്ടായ അപ്രിയ സത്യങ്ങള്‍ പുറത്ത്‌കൊണ്ടുവരുന്നതിനുള്ള ധീരമായ കാല്‍വെപ്പാണ് ഡോ. സികെ കരീമിന്റെ ‘ഇന്ത്യാ ചരിത്രത്തിന് ഒരു മുഖവുര’. മാത്രമല്ല, തമസ്‌കരിക്കപ്പെടുകയും വര്‍ഗീയവല്‍കരിക്കപ്പെടുകയും ചെയ്ത ഇന്ത്യയിലെ ആറു നൂറ്റാണ്ട് കാലത്തെ മുസ്‌ലിം ഭരണത്തിന്റെ ഒരു നഖചിത്രവും തികഞ്ഞ അക്കാദമിക സ്വഭാവത്തില്‍ ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നുണ്ട്. ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ വിട്ടേച്ചുപോയ മുറിവില്‍ ഉപ്പുപുരട്ടിയ ദേശീയ ചരിത്രകാരന്മാര്‍ രാഷ്ട്രത്തിന് വരുത്തിയ ദുരന്തവും അവ മറികടക്കാനുള്ള ധീരമായ ചരിത്രാന്വേഷണവുമാണ് യഥാര്‍ഥത്തില്‍  ചരിത്ര ഗവേഷണ പണ്ഡിതനായ ഡോ. സികെ കരീം ഈ പുസ്തകത്തിലൂടെ നിര്‍വഹിക്കുന്നത്.

നൈലിന്റെയും യൂഫ്രട്ടീസിന്റെയും സംഭാവനകള്‍ പോലെ വിശ്വോത്തര സംസ്‌കാരങ്ങളുടെ താരാപഥത്തിലേക്ക് ഇന്ത്യയെ ഉയര്‍ത്തിയ സിന്ധുനദീ തടസംസ്‌കാരത്തില്‍ അഭിമാനം കൊള്ളുന്ന നാം എന്തുകൊണ്ട് നമ്മുടെ വീടു ചുട്ടുചാമ്പലാക്കി നമ്മെ അവിടെ നിന്നും പുറത്താക്കിയ ആര്യന്മാരെയും പ്രകീര്‍ത്തിക്കുന്നു എന്ന ചോദ്യത്തോടെയാണ് ഡോ. സി കെ കരീം ഇന്ത്യാ ചരിത്രത്തിനേറ്റ തിരിച്ചടികളെ കുറിച്ച് അന്വേഷണമാരംഭിക്കുന്നത്. ഇംഗ്ലണ്ടിനെ ആക്രമിച്ച ആഗ്ലോസാക്‌സണ്‍(Anglosaxon)കാരെ അപരിഷ്‌കൃതര്‍ എന്നാണ് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. പശ്ചിമ റോമ സാമ്രാജ്യത്തെ തകര്‍ത്ത ഗോള്‍ ആക്രമണവും ഇതേ സംജ്ഞ കൊണ്ടാണ് വിശേഷിപ്പിക്കപ്പെട്ടത്. മധ്യപൗരസ്ത്യ ദേശത്തെ സാംസ്‌കാരിക സമ്പത്ത് തകര്‍ത്ത് നഗരങ്ങളെയും വിജ്ഞാന ശകലങ്ങളെയും ചുട്ടുകരിച്ച ചെങ്കിസ്ഖാനെ ചരിത്രം ജേതാവായി കണക്കാക്കുന്നില്ല. പക്ഷെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മാറിടത്തില്‍ ഇന്നും ഉണങ്ങിയിട്ടില്ലാത്ത ആഘാതമേല്‍പിച്ച ആര്യനാക്രമണം ദേശീയ ചരിത്രകാരന്മാരുടെയും മറ്റും വിമര്‍ശനത്തിന് വിധേയമാകാത്തതിലെ കൗതുകമാണ് അദ്ദേഹമിവിടെ മനോഹരമായി അവതരിപ്പിക്കുന്നത്. അത്തരത്തിലുള്ള കൂട്ടമറവിക്കെതിരെ ഓര്‍മയുടെ കലാപം തീര്‍ക്കുകയാണ് യഥാര്‍ഥത്തില്‍ ഈ ഗ്രന്ഥം.

ഏഷ്യയുടെ വെളിച്ചമെന്ന് വിശേഷിപ്പിക്കപ്പെട്ട ഗൗതമബുദ്ധനും ലോക സംസ്‌കാരത്തിനും മതത്തിനും ഇന്ത്യന്‍ സംഭാവനയായി ഉദ്‌ഘോഷിക്കാറുളള ബുദ്ധമതവും ഈ പിറന്ന നാട്ടില്‍ തന്നെ ശവമഞ്ചം പണിയാനുള്ള കാരണം വിദഗ്ധമായ ഗൂഢാലോചനയുടെയും സംഘടിതമായ ഒളിപ്പോരിന്റെയും ഫലമായിരുന്നുവെന്ന് ചരിത്രയാഥാര്‍ഥ്യങ്ങളെ വസ്തുനിഷ്ടമായി വിലയിരുത്തി അദ്ദേഹം സമര്‍ഥിക്കുന്നു. ഇവിടെയും ചരിത്രകാരന്മാര്‍ കൂട്ടത്തോടെ മറന്ന യാഥാര്‍ഥ്യങ്ങളിലേക്ക് ഓര്‍മപ്പെടുത്തലുകളുടെ കൂര്‍ത്ത ശരങ്ങള്‍ ഡോ. സി കെ കരീം നെയ്തുവിടുന്നു. അതായത് ബൗദ്ധ സന്ദേശങ്ങളില്‍ അഭിമാനം കൊളളുന്ന നാം അതിനെ നശിപ്പിച്ച ശക്തിയെയും വാഴ്ത്തുകയാണ്. ബുദ്ധ മതം ഇന്ത്യയില്‍ പ്രചുരപ്രചാരം നേടിയതോടെ അതിനെ നേരിട്ട് തകര്‍ക്കാന്‍ കഴിയാതെ വന്ന ആര്യന്മാര്‍ വളരെ വിചിത്രമായ രീതിയിലാണ് അതിനെ തകര്‍ത്തത്. വൈദികന്മാര്‍ക്കിടയിലെ  സമര്‍ഥരായ പല പണ്ഡിതന്മാരും ബുദ്ധ മതത്തിലേക്ക് സൗഹാര്‍ദ്ധം നടിച്ച് ചേക്കേറുകയും അതിന്റെ പരിശുദ്ധമായ ആചാരാനുഷ്ഠാനങ്ങളെ ക്രമപ്രവൃദ്ധമായി മാറ്റിമറിച്ച് ബുദ്ധമതത്തിന്റെ ജീവസ്സായ മൂല്യങ്ങളെ ആഹൂതി ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

ബുദ്ധ മതത്തിന്റെ തകര്‍ച്ചയോടെ ജാതി വ്യവസ്ഥയും അയിത്തവും വീണ്ടും അതിന്റെ മൂര്‍ധന്യതയിലെത്തി. എത്രത്തോളമെന്നാല്‍ തന്റെ നാടോ വീടോ ആക്രമിക്കാന്‍ വരുന്നവര്‍ക്കെതിരെ വാളെടുക്കാന്‍ ജാതിയുടെ പേരില്‍ അവകാശമില്ലാതിരുന്ന ജനത അപകര്‍ഷത ബോധത്തോടുകൂടി രാഷ്ട്രത്തെ ആക്രമിക്കാന്‍ വന്നവരുടെ മുമ്പില്‍ പഞ്ചപുഛമടക്കുകയും അടിയറവ് പറയേണ്ടി വരികയും ചെയ്ത ദുരന്ത കഥകളാണ് ഇന്ത്യാ ചരിത്രത്തിലുടനീളമുള്ളത്. ഈ വിന വിതച്ച വ്യവസ്ഥിതിയെയോ തുടക്കം കുറിച്ചവരെയോ പഴിക്കുന്നതിനു പകരം ഗുപ്തയുഗത്തെ കുറിച്ച് ചരിത്രത്തിന്റെ സുവര്‍ണ കാലഘട്ടത്തിന്റെ ജേതാക്കളായി അവതരിപ്പിച്ച് വിദ്യാര്‍ഥികളെ കബളിപ്പിക്കുന്ന ചരിത്രരചനയാണ് നമ്മുടെ രാജ്യത്തിനുള്ളത്.
ഇന്ത്യാ ചരിത്രത്തിലുടനീളം കാണുന്ന വൈരുദ്ധ്യങ്ങളെ വസ്തുനിഷ്ടമായി പല അധ്യായങ്ങളിലൂടെ ഡോ. സി കെ കരീം വിലയിരുത്തുന്നുണ്ട്. ആര്‍ഷ ബൗദ്ധ സംസ്‌കാരങ്ങളെ കുറിച്ച് വിവരിക്കുമ്പോള്‍ വേദോപനിഷത്തുക്കളുടെ സാംസ്‌കാരികധാര പിന്‍പറ്റിയ വള്ളത്തോളിന് ദേശീയ കവിയായി അംഗീകാരവും മലയാളത്തിലെ സര്‍വബഹുമതികളും ലഭിച്ചപ്പോള്‍ ബൗദ്ധ ദര്‍ശനത്തിന്റെ ദിവ്യവും വിശ്വസ്‌നേഹവുമായ മാര്‍ഗത്തെ പിന്‍പറ്റിയ കുമാരനാശാന്‍ ദേശീയ കവിയാകാത്തതും പല മേഖലകളില്‍ നിന്നും തമസ്‌കരിക്കപ്പട്ടതും എന്തുകൊണ്ട് എന്ന് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഇന്ത്യാ ചരിത്രത്തിന്റെ ക്രോഡീകരണം നടന്നത് ബ്രിട്ടീഷ് കാലത്താണ്. അത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ചരിത്രബോധത്തിലൂടെ മാനസികമായ ഐക്യം പകര്‍ന്നു നല്‍കുന്നതിന് പകരം വര്‍ഗീയ ധ്രുവീകരണവും പരസ്പരം അരിശവും മുറിവുമുണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. മുസ്‌ലിം രാജാക്കന്മാര്‍ ആറ് നൂറ്റാണ്ട് കാലം ഇന്ത്യ ഭരിച്ചിട്ടും സാമുദായിക ലഹളയുടെ ഒരു സംഭവം പോലും റിപ്പോര്‍ട്ട ചെയ്തിട്ടില്ലെങ്കിലും 150 വര്‍ഷത്തെ ബ്രിട്ടീഷ് ഭരണം ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രത്തിലൂടെ മുസ്‌ലിംകളും ഹിന്ദുക്കളും തമ്മില്‍ ഒരിക്കലും അടുക്കാത്തവരാക്കി അകറ്റിനിര്‍ത്തുകയാണുണ്ടായത്. ഇന്നും നമ്മുടെ രാജ്യത്ത് കാണുന്ന ഹിന്ദു-മുസ്‌ലിം വിയോജിപ്പിന്റെ വേരുകള്‍ ബ്രിട്ടീഷുകാരുടെ ഇന്ത്യാ ചരിത്ര രചനയിലാണ് കിടക്കുന്നത്. അതിനാല്‍ ചരിത്രത്തിന്റെ പൊളിച്ചെഴുത്തിന് ധീരമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.
അമ്പലങ്ങള്‍ തകര്‍ത്തു, നിര്‍ബന്ധ മതപരിവര്‍ത്തനം നടത്തി, ജിസ്‌യ എന്ന മതനികുതി ഏര്‍പ്പെടുത്തി ഹിന്ദുക്കളെ തരം താഴ്ത്തി..എന്നതാണ് ബ്രിട്ടീഷുകാര്‍  മുസ്‌ലിം ഭരണത്തെ കുറിച്ച് വ്യാപകമായി പ്രചരിപ്പിച്ചത്. ഈ ദുഷ്പ്രചരണത്തെ വസ്തുതകള്‍ നിരത്തിക്കൊണ്ട് മൂന്ന് അധ്യായങ്ങളിലൂടെ സി കെ കരീം സമഗ്രമായി ഈ കൃതിയില്‍ വിശകലനം ചെയ്യുന്നുണ്ട്.
മഹാനായ അക്ബറും മഹാനായ അശോകനും എപ്രകാരമാണ് ചരിത്രത്തില്‍ മഹാന്മാരായിത്തീര്‍ന്നതെന്നും അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം അധികാരം നിലനിര്‍ത്താനുള്ള കുറുക്കു വഴികള്‍ മാത്രമായിരുന്നുവെന്നും ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. രാജ്യത്ത് ഭക്തിപ്രസ്ഥാനങ്ങള്‍ നീണ്ടകാലത്തെ അധ്വാനപരിശ്രമങ്ങളിലൂടെ ഒരുക്കിയ ആത്മീയഭൂമികയെ അക്ബര്‍ ചക്രവര്‍ത്തി സമര്‍ഥമായി ഹൈജാക്ക് ചെയ്യുകയും എന്നിട്ട് ദീന്‍ ഇലാഹിയിലൂടെ ഒരേ സമയം പോപ്പും സീസറുമായി തന്റെ ഭരണം അരക്കിട്ടുറപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ബുദ്ധമതം വിതച്ച സാമൂഹികാന്തരീക്ഷത്തില്‍ തന്ത്രപൂര്‍വം അഹിംസയുടെ വക്താവായി അശോകന്‍ കയറിപ്പറ്റുകയും എന്നിട്ട് രാഷ്ട്രത്തിന്റെ പോപ്പും സീസറുമായി അധികാരം നിലനിര്‍ത്തുകയാണ് ചെയ്തതെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യാ ചരിത്രം രേഖപ്പെടുത്തിയവരുടെ കൂട്ടമറവിക്കെതിരെ തികവാര്‍ന്ന അക്കാദമിക മികവോടെ ഓര്‍മകളുടെ കലാപം തീര്‍ക്കുകയാണ് ഡോ. സി കെ കരീം. 1965-ല്‍ പുറത്തിറങ്ങിയ ഈ പുസ്തകം മോഡേണ്‍ ബുക്‌സാണ് പ്രസിദ്ധീകരിച്ചത്.
 

Related Articles