Current Date

Search
Close this search box.
Search
Close this search box.

ജീസ്സസ് : കാലഘട്ടത്തിലെ അസ്വസ്ഥതകളോട് പോരടിച്ച വിപ്ലവകാരി.

christ.jpg

ചരിത്രത്തില്‍ ഒരു കാലഘട്ടത്തിലെ വിപ്ലവകാരിയും പ്രവാചകനുമായിരുന്ന യേശു എത്രമാത്രം തെറ്റായി ചിത്രീകരിക്കപ്പെട്ടു എന്ന് പരിശോധിക്കുകയാണ് പ്രമുഖ എഴുത്തു കാരനും ദൈവശാസ്ത്രജ്ഞനുമായ റസാ അസ്‌ലന്‍ തന്റെ ഏറ്റവും പുതിയ “Zealot: The Life and Times of Jesus of Nazareth” എന്ന പുസ്ത്തകത്തിലൂടെ. ജൂലൈ 16 പ്രസിദ്ധീകരിക്കപ്പെട്ട പുസ്ത്തകം ഇതിനകം തന്നെ പാശ്ചാത്യന്‍ ജനങ്ങളില്‍ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. അമേരിക്കയിലെ നാഷണല്‍ ടി. വി യിലൂടെയും റേഡിയോയിലൂടെയും നല്ല പ്രചരണമാണ് പുസ്ത്തകത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല, പ്രമുഖ ചാനലുകളിലൊക്കെയും എഴുത്തുകാരനുമായുള്ള അഭിമുഖങ്ങളായും വിശകലനങ്ങളായും പുസ്ത്തകം പ്രചാരം നേടിക്കഴിഞ്ഞു.

 

തന്റെ പുസ്തകത്തിന്റെ ആമുഖത്തില്‍ അസ്‌ലന്‍ എഴുതുന്നു: രണ്ടു ആധികാരിക വസ്തുതകളാണ് ചരിത്രത്തിലെ ജീസസിനെക്കുറിച്ച് നമ്മുടെ മുമ്പിലുള്ളത്. ഒന്ന് : ഒന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഫലസ്തീനിലെ ജൂത സമൂഹത്തിനിടയില്‍ സാമൂഹ്യ വിപ്ലവം സാധിച്ചെടുത്ത ഒരു ജൂതനായിരുന്നു അദ്ദേഹം എന്നതാണ്. അതുകൊണ്ടുതന്നെ റോം അദ്ദേഹത്തിനെതിരെ തിരിഞ്ഞു എന്നതാണ് രണ്ടാമത്തെ കാര്യം. ജറുസലേമിലെ ദുഷിച്ച സാമൂഹികാന്തരീക്ഷത്തില്‍ നിന്നാണ് അദ്ദേഹം തന്റെ എഴുത്ത് ആരംഭിക്കുന്നത്. 2000 വര്‍ഷങ്ങളായി ക്രൈസ്തവര്‍ തുടര്‍ന്നു പോരുന്ന വിശ്വാസങ്ങളെ ചോദ്യം ചെയ്തു കൊണ്ടാണ് അദ്ദേഹം മുന്നോട്ട്് നീങ്ങുന്നത്. ക്രൈസ്തവര്‍ വിശ്വസിക്കുന്നതു പോലെ ജീസസ് ഒരിക്കലും ദൈവമായോ ദൈവ പുത്രനായോ വാദിച്ചിരുന്നില്ലെന്ന് ചരിത്ര രേഖകള്‍ വച്ച് അദ്ദേഹം സമര്‍ഥിക്കുന്നു. മാത്രമല്ല, ക്രിസ്തുവിന്റെ സുവിശേഷങ്ങളായി പറയപ്പെടുന്നവ യഥാര്‍ഥത്തില്‍ ജീസസിന്റേതല്ലെന്നും അവ കേവലം മിഥ്യകളാണെന്നും അദ്ദേഹം സമര്‍ഥിക്കുന്നു. മാര്‍ക്കോയുടെയും മറ്റും സുവിശേഷങ്ങള്‍ ക്രിസ്തുവന്റെ മരണത്തിനു 40 വര്‍ഷം കഴിഞ്ഞു മാത്രമാണ് എഴുതപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിക്കുന്നു. ഏതായാലും പുസ്തകം അമേരിക്കയിലെ ക്രൈസ്തവര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. അരിസോണയിലെ പ്രമുഖനായ ക്രൈസ്തവ പുരോഹിതന്‍ പുസ്തകത്തിനെതിരെ ഫോക്‌സ് ന്യൂസില്‍ ലേഖനമെഴുതിയിരുന്നു. ഇറാനിലെ തെഹ്‌റാനില്‍ നിന്നും വിപ്ലവത്തിന്റെ നാളുകളില്‍ അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തതാണ് അസ്‌ലന്റെ കുടുംബം. തന്റെ ആദ്യ പുസ്തകമായ No god but God: The Origins, Evolution, and Future of Islam കഴിഞ്ഞ ദശകത്തിലെ ഏറ്റവും പ്രാധാന്യമേറിയ 100 പുസ്തകങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിരുന്നു. ലോകത്താകമാനമുള്ള യുവാക്കള്‍ക്ക്് മധ്യപൗരസ്ത്യ ദേശത്തെ ചലനങ്ങളെക്കുറിച്ച്് അറിവ് നല്‍കുന്നതിനായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സംരഭമാണ്് അസ്‌ലന്‍മീഡിയ.കോം. അമേരിക്കയിലെ റാന്റം ഹൗസ് പബ്ലിഷിംഗ് ഗ്രൂപ്പ് പ്രസിദ്ധീകരിച്ച പുസ്തകം 336 പേജാണ്.

Related Articles