Current Date

Search
Close this search box.
Search
Close this search box.

ജിന്നുബാധയുടെ ഉള്ളറകള്‍ തേടി ഒരു യാത്ര

jinnum.jpg

മനുഷ്യര്‍ക്കിടയിലെ ‘ജിന്നിന്റെ വിളയാട്ട’ത്തിന് ഏറെ പഴക്കമുണ്ടെങ്കിലും വൈദ്യുതിയുടെ വ്യാപനവും നവോഥാന സംരംഭങ്ങളുടെ മുന്നേറ്റവും കാരണം അത് കുറെയൊക്കെ പിന്‍വാങ്ങിയിരുന്നു. പക്ഷേ അതേ നവോഥാനത്തിന്റെ പിന്തുടര്‍ച്ചക്കാരെന്ന് അവകാശപ്പെടുന്നവരിലൂടെ തന്നെ കുടത്തിലടക്കപ്പെട്ട ആ ഭൂതം പുനര്‍രംഗപ്രവേശം ചെയ്തത് കേരളക്കരയെ അത്ഭുതപ്പെടുത്തുക മാത്രമല്ല, ഛിദ്രതയും കലഹങ്ങളും പിടിച്ചടക്കലുകളും ഉള്‍പ്പടെയുള്ള കൗതുകകരമായ കലാപരിപാടികള്‍ കൂടി സമൂഹത്തിന് കാണാന്‍ അവസരമൊരുക്കി. ഒറ്റക്കെട്ടായി നിന്നവര്‍ ഛിന്നിത്തിതറി. അവരുടെ സകല ശൗര്യവും നശിച്ചതോടെ ഭൂതങ്ങളുടെ നേതാവായ ഇബ്‌ലീസിന് ഏറെ സന്തോഷമായിട്ടുണ്ടാവുമെന്ന് തീര്‍ച്ച.

ജിന്ന് എന്ന വിഷയത്തില്‍ ഇതര ഭാഷകളിലുള്ളതുപോലെ തന്നെ മലയാളത്തിലും നേരത്തെ പല രചനകളും ഉണ്ടായിട്ടുണ്ട്. ജിന്നും ശൈത്വാനും (അമാനി മൗലവി), ജിന്ന് ശൈത്വാന്‍ സിഹ്‌റ് ഒരു പഠനം (മൗലവി ബഷീര്‍ കെ. ചിറക്കല്‍ പടി, മുസ്‌ലിം ജിന്നുമായി ഒരഭിമുഖം (മുഹമ്മദ് ഈസാ ദാവൂദ്, വിവ. പ്രഫ. മഅ്‌റൂഫ് കണ്ടിയില്‍), മലക്ക്, ജിന്ന്, മനുഷ്യന്‍, മാരണം ഒരു പഠനം (അബ്ദുല്‍ ഹമീദ് മദീനി), ജിന്ന് പിശാച് സിഹ്‌റ് വിശ്വാസവും അന്ധവിശ്വാസവും (അബ്ദുസ്സലാം സുല്ലമി), ജിന്നും മലക്കും പ്രമാണങ്ങളില്‍ (ഹാരിസ് ബാലുശ്ശേരി), ജിന്നുകളും മലക്കുകളും (കെ.സി അബ്ദുല്ല മൗലവി) തുടങ്ങിയവ അവയില്‍ ചിലതാണ്.

എന്നാല്‍ സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജിന്ന് ബാധയെ സവിശേഷമായി സമീപിക്കുകയും നിഷ്പക്ഷമായി വിലയിരുത്തുകയും ഒരു ഗ്രന്ഥം ഏറെ പ്രസക്തമാണ്. അത്തരമൊരു ദൗത്യമാണ് പ്രമുഖ പണ്ഡിതനായ എം.വി മുഹമ്മദ് സലീം മൗലവി രചിച്ച ‘ജിന്നും ജിന്നുബാധയും’ എന്ന കൃതി നിര്‍വഹിക്കുന്നത്. സരളമായ ഭാഷയും വശ്യമായ ശൈലിയും ഈ കൃതിയെ ആകര്‍ഷകമാക്കുന്നു.

മനുഷ്യമനസ്സില്‍ ദുഷിച്ച ചിന്തകളും താല്‍പര്യങ്ങളും ഉണര്‍ത്തി നേര്‍വഴിയില്‍ നിന്ന് വ്യതിചലിപ്പിക്കുക എന്നതിലപ്പുറം ശാരീരികമായി ദ്രോഹിക്കാനും ആവശ്യക്കാരെ സഹായിക്കാനുമെല്ലാം ജിന്നുകള്‍ക്ക് കഴിയുമെന്ന വിശ്വാസത്തിന്റെ സാധ്യതയും സാധുതയും ഈ കൃതി വിശകലനം ചെയ്യുന്നു. ഹ്രസ്വമെങ്കിലും അനാവശ്യ വലിച്ചുനീട്ടലുകളില്ലാതെ, യാഥാര്‍ഥ്യങ്ങളെയും അനുഭവവവിരണങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ടുള്ള കനപ്പെട്ട ഒരു പഠനമാണിത്.

ഇതിന്റെ ആമുഖത്തില്‍ ഇങ്ങനെ വായിക്കാം: ‘ജിന്നുബാധയുമായി ബന്ധപ്പെട്ട വിശ്വാസവും പ്രചരിപ്പിക്കപ്പെടുന്ന കഥകളും, ഈ വിഷയത്തില്‍ വന്ന വിശുദ്ധ ഖുര്‍ആനിലെ വചനങ്ങളും പ്രവാചക ശിക്ഷണങ്ങളുമെല്ലാം വിശദമായി പഠിക്കണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ അതിനു പറ്റിയ ഒരു ഗ്രന്ഥം തേടിപ്പോയാല്‍ ആത്മീയ കച്ചവടക്കാരുടെ മധ്യത്തിലാണെത്തുക! അവ വായിച്ചാല്‍ ഏത് വിശ്വാസിയും അന്ധവിശ്വാസിയാവും. അത്രയേറെ പൊടിപ്പും തൊങ്ങലും വെച്ച കള്ളക്കഥകളുണ്ട് പ്രചാരത്തില്‍. സംക്ഷിപ്ത്മായി ഈ വിഷയം വിവരിക്കുന്ന ലഘുകൃതിയാണിത്. അനുവാചകര്‍ വായന തുടങ്ങും മുമ്പ് മനസ്സിനെ ഒന്നു പാകപ്പെടുത്തി സത്യം പ്രാപിക്കാനുള്ള ദാഹത്തോടെ ഇത് കയ്യിലെടുത്താല്‍ അവര്‍ക്കൊരു വെളിച്ചം ലഭിക്കാന്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ’.

ജിന്ന് വിവാദം, അദൃശ്യലോകവും അന്ധവിശ്വാസവും, അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ), മനുഷ്യന്‍, മലക്ക്, ജിന്ന്, സുലൈമാന്‍ നബിയും ജിന്നുകളും, ഇസ്‌ലാം, ശാസ്ത്രം, ദുര്‍ഭൂത ബാധ, ഞരമ്പു രോഗങ്ങളും ഭൂതബാധയും, പിശാചിന് അദൃശ്യജ്ഞാനം?, ജിന്നുകളുടെ ജീവിത ദൗത്യം, മനോരോഗങ്ങള്‍, കുട്ടിച്ചാത്തന്‍!, ഗുണ പാഠങ്ങള്‍, സിഹ്‌റ് (മാരണം, ആഭിചാരം), പ്രാര്‍ഥന ഇസ്‌ലാമില്‍ എന്നിവയാണ് ഇതിലെ പ്രധാന ശീര്‍ഷകങ്ങള്‍.
ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുള്ള ഹദീസുകളുടെ അറബിമൂലം അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്. ജിന്ന്, ജിന്നുബാധ എന്ന വിഷയത്തില്‍ ഗവേഷണപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരുത്തമ വഴികാട്ടിയാണ് ഈ കൃതി.
പ്രസാധനം: ഐ.പി.എച്ച് കോഴിക്കോട്
പേജ്: 140
വില: 110.00

Related Articles