Current Date

Search
Close this search box.
Search
Close this search box.

ചുറ്റുപാടിലേക്ക് വിരല്‍ ചൂണ്ടുന്ന കഫീല്‍

indicatr.jpg

ആര്‍ക്കും ഒന്നിനും സമയമില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത്. ദീര്‍ഘമായ ഒരു ലേഖനമോ കവിതയോ വായിക്കാന്‍ മിക്കവരുടെയും ക്ഷമ അനുവദിക്കുന്നില്ല. ഈയൊരു പശ്ചാത്തലത്തെ മുന്നില്‍ കണ്ട് എഴുതിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതാണ് സിദ്ധീഖ് സി സൈനുദ്ദീന്റെ കഫീല്‍ എന്ന കവിതാ സമാഹാരം. കവിതകള്‍ എന്നതിലുപരിയായി രണ്ടോ മൂന്നോ വരികളില്‍ ഒതുക്കിയിരിക്കുന്ന ആപ്തവാക്യങ്ങളാണ് ഒരോ തലക്കെട്ടിനു കീഴിലും.

സാങ്കേതിക വിദ്യാരംഗത്തുണ്ടായ വളര്‍ച്ചയും സാമൂഹിക പശ്ചാത്തലത്തില്‍ വന്ന മാറ്റവും കൈകാര്യം ചെയ്യുന്ന വരികള്‍ക്കൊപ്പം അറബി ഭാഷയോടും ഇസ്‌ലാമിനോടുമുള്ള കവിയുടെ താല്‍പര്യം പ്രകടിപ്പിക്കുന്ന വരികളും വായനക്കാരന് ഇതില്‍ കണ്ടെത്താം. പടിഞ്ഞാറിനെ ഒരുകാലത്ത് ഉണര്‍ത്തിയ മുസ്‌ലിംകള്‍ ഇപ്പോള്‍ ഉറങ്ങുന്നതിലുള്ള പരിഭവവും പ്രവാസത്തിന്റെ നൊമ്പരങ്ങളും ആ വരികള്‍ക്കിടയില്‍ കാണാം. എല്ലാവരും എഞ്ചിനീയറിംഗ് പഠിക്കാന്‍ പോയ തിരക്കില്‍ സാഹിത്യവും ചരിത്രവും പത്രപ്രവര്‍ത്തനവും പഠിച്ച് ആളുകളെ കയ്യിലെടുക്കാനൊരുങ്ങുകയായിരുന്നു എതിരാളികള്‍ എന്നാണ് ‘ദീര്‍ഘദൃഷ്ടി’ എന്ന കവിത പറയുന്നത്. കുട്ടികള്‍ കളങ്കമില്ലാത്തവരാണ് അവരോട് കയര്‍ക്കുന്നവരാണ് ഒരുപാട് തെറ്റുകള്‍ ചെയ്യുന്നവരെന്ന കവിയുടെ താരതമ്യം ചിന്തിക്കേണ്ടുന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇത്തരത്തില്‍ പ്രവാസം, പേരന്റിംഗ്, പത്രം, വിശ്വാസം, വിശുദ്ധവേദം, ചാറ്റിംഗ്, അറബിഭാഷ, അറിവ് തുടങ്ങി വിവിധ വിഷയങ്ങളില്‍ ഇരുനൂറില്‍ പരം കവിതകളാണ് ‘കഫീല്‍’ ഉള്‍ക്കൊള്ളുന്നത്. കവിത വായിച്ചു ശീലമില്ലാത്തവര്‍ക്ക് കൂടി ആസ്വാദ്യകരമാണ് ഇതിലെ വരികള്‍. വായനക്കാരനുമായി നേരിട്ട് പച്ചയായി സംവദിക്കുന്നു എന്നതാണ് ഇതിലെ ഓരോ തലക്കെട്ടിന്റെയും പ്രത്യേകത. കവിതയെഴുത്തിന്റെ സാമ്പ്രദായിക കീഴ്‌വഴക്കങ്ങളെയോ രീതികളെയോ ആശ്രയിക്കാത്ത എഴുത്തുകാരന്‍ വളരെ ലളിതമായി, ഏത് സാധാരണക്കാരനും മനസ്സിലാകുന്ന തരത്തില്‍ ആശങ്ങള്‍ അവതരിപ്പിക്കുകയാണിതില്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് കവിതയാണോയെന്ന് ഏതെങ്കിലും വായനക്കാരന്‍ സംശയിച്ചാല്‍ അവനെ കുറ്റപ്പെടുത്താനാവില്ല.

ആര്‍.ജി.ബി പബ്ലിക്കേഷന്‍സ് പ്രസാധനം നിര്‍വഹിച്ചിരിക്കുന്ന 63 പേജുള്ള പുസ്തകത്തിന്റെ മുഖവില 65 രൂപയാണ്.

Related Articles