Current Date

Search
Close this search box.
Search
Close this search box.

ഗോമാതാവ് കൃഷിയിടത്തിലേക്ക് ഇറങ്ങിയാലോ?

holy-cow.jpg

ഗോപൂജയും സസ്യഭോജന സിദ്ധാന്തവും ഇന്ന് ഹിന്ദുമതത്തിന്റെ ഭാഗമായിരിക്കാം. എന്നാല്‍ ഇതായിരുന്നില്ല എല്ലായ്‌പോഴും സ്ഥിതിയെന്ന് വെളിപ്പെടുത്തുന്ന കൃതിയാണ് വിശുദ്ധ പശു ഒരു കെട്ടുകഥ. ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രാധ്യാപകനായ ദിജേന്ദ്ര നാരായണ്‍ ഝാ രചിച്ച The Myth of the Holy Cow എന്ന കൃതിയുടെ വിവര്‍ത്തനമാണിത്. ആമുഖത്തില്‍ അദ്ദേഹം എഴുതുന്നു: ഇന്ത്യന്‍ പശുവിന്റെ ദിവ്യത്വം അക്കാദമിക തലത്തിലൊതുങ്ങാത്ത ഒരു വിവാദ വിഷയമായി മാറിയിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. അതിനു രാഷ്ട്രീയമായ മാനം നല്‍കാന്‍ ഹിന്ദു വര്‍ഗീയ വാദികളും അവരുടെ മൗലികവാദ സംഘടനകളും കിണഞ്ഞു പരിശ്രമിച്ചു. ചരിത്രപരമായ തെളിവുകള്‍ എതിരായിട്ടുപോലും, പശു എക്കാലത്തും പരമ പവിത്രമായ ഒരു മൃഗമായി പരിഗണിക്കപ്പെട്ടിരുന്നു എന്നും, അതിന്റെ മാംസം തങ്ങളുടെ പൂര്‍വികര്‍, വിശിഷ്യാ വേദകാലത്തെ ഭാരതീയര്‍ ഭക്ഷിച്ചിരുന്നില്ലെന്നും അവര്‍ തീര്‍ത്തു പറഞ്ഞു. ഇന്ത്യയിലെ ഗോമാംസ ഭക്ഷണത്തെ ഇസ്‌ലാമിന്റെ ആഗമനവുമായി ബന്ധപ്പെടുത്തിയ അവര്‍, മുസ്‌ലിം സമുദായത്തിന്റെ മുഖമുദ്രയാണതെന്ന ആശയമാണ് മുന്നോട്ടു വെച്ചത്. അത് സത്യമല്ലെന്നും പശുവിന്റെ പവിത്രത ഒരു സങ്കല്‍പ സൃഷ്ടിയാണെന്നും പുരാതന ഭാരതത്തിലെ മതപരവും മതേതരവുമായ രചനകളില്‍ മാംസഭക്ഷണത്തോടുള്ള വ്യത്യസ്തങ്ങളായ സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍പോലും ഗോമാസം ഇന്ത്യന്‍ സസ്യേതര ഭക്ഷണത്തിന്റെ ഒരവിഭാജ്യ ഘടകമായിരുന്നെന്നും വാദിക്കുന്നതാണ് ഈ കൃതി. ഇസ്‌ലാമിന്റെ അനുയായികള്‍ മറ്റൊരു വര്‍ഗമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ ഹിന്ദുത്വ വാദികള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും, ഗോമാസം ഭക്ഷണം ഇസ്‌ലാമില്‍ നിന്ന് ഇന്ത്യയിലേക്ക് പകര്‍ന്നുകിട്ടിയ ശാപഗ്രസ്തമായൊരു ദുശ്ശീലമല്ലെന്നും, അതില്‍ നിന്നൊഴിഞ്ഞ് നില്‍ക്കുന്നതാണ് ഹിന്ദുവിന്റെ സവിശേഷതയെന്ന ഹിന്ദുത്വശക്തികളുടെ വാദം പൊള്ളയാണെന്നും ഇത് സ്ഥാപിക്കുന്നു. ഹിന്ദു, ബുദ്ധ, ജൈന മതങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പഠനം.
 

ഹൈന്ദവ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ് പശുവെന്ന ധാരണ പരത്തിക്കൊണ്ട് ആരംഭിച്ച ഗോസംരക്ഷണ പ്രസ്ഥാനങ്ങളെ കുറിച്ചും ഗോഹത്യയുടെയോ പേരില്‍ വിവിധ കാലങ്ങളില്‍ ഇന്ത്യയിലുണ്ടായ കലാപങ്ങളെ സംബന്ധിച്ചും ഗോഹത്യാ നിരോധന നിയമം കൊണ്ടുവരാനുള്ള സമരങ്ങളെ പറ്റിയും ഈ കൃതിയുടെ അവതാരികയില്‍ വിവരിക്കുന്നു. കൂടാതെ, പശുവിനെ ബലികഴിക്കുന്നതും ഗോമാസം ഭക്ഷിക്കുന്നതും ഇന്‍ഡോ ആര്യന്മാര്‍ക്കിടയില്‍ പതിവായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചരിത്ര പഠനങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. ഈ കൃതിയിലെ ചില പരാമര്‍ശങ്ങള്‍ ഇവിടെ കൊടുക്കാം: സകലജനങ്ങളുടെയും സംരക്ഷകനായ അഗ്നിയെ (അഗ്നിദേവന്‍) ‘കാളയെയും മച്ചിപ്പശുവിനെയും ഭക്ഷണമാക്കിയിട്ടുള്ളവന്‍’ എന്നാണ് ഋഗ്വേദത്തില്‍ വിശേഷിപ്പിക്കുന്നത്. ഭക്ഷണപദാര്‍ഥം തന്നെയായ പശുവിനെ (‘അതോ അന്നം വൈ ഗോവ്’) യജ്ഞത്തിന്റെ ഭാഗമായി കൊല്ലുന്നതിന് കുറിച്ച് തൈത്തിരീയ ബ്രാഹ്മണം അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു.
അതിഥികളെ സല്‍ക്കരിക്കാന്‍ കന്നുകാലികളെ കൊല്ലുന്ന പതിവ് പണ്ടു മുതലേ ഉണ്ടായിരുന്നു. ഋഗ്വേദത്തിലെ (10:68.3) ‘അതിഥിനിര്‍’ എന്ന പദത്തിന് ‘അതിഥികള്‍ക്ക് അനുയോജ്യമായ പശു’ എന്നാര്‍ണര്‍ഥം. ‘അതിഥികള്‍ക്ക് വേണ്ടി പശുവിനെ കൊല്ലുന്നവന്‍’ എന്നര്‍ഥമുള്ള ‘അതിഥിഗ്വാ’യെക്കുറിച്ചും വേദത്തില്‍ പരാമര്‍ശമുണ്ട്. വിവാഹം പോലുള്ള ആഘോഷ വേളകളിലും പശുവിനെ കൊല്ലുന്ന പതിവുണ്ടായിരുന്നു. ഒരു വിവാഹ വേളയില്‍ പശുവിനെ കശാപ്പു ചെയ്തതായി ഋഗ്വേദത്തില്‍ പറയുന്നു.
 

ഋഗ്വേദത്തില്‍ ശവസംസ്‌കാരത്തെ കുറിച്ച സൂക്തങ്ങളിലൊന്നില്‍ മൃതശരീരം പൊതിയാന്‍ പശുവിന്റെ തോലും കട്ടിയുള്ള കൊഴുപ്പും ഉപയോഗിക്കണമെന്ന് പറയുന്നു. ഗൃഹ്യസൂത്രങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അഷ്ടകാ എന്നും എകാഷ്ടകാ എന്നും അറിയപ്പെട്ടിരുന്ന ശ്രാദ്ധത്തില്‍ പശുവിനെ കശാപ്പു ചെയ്യുന്നതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. പശുവിനെ ബലിയര്‍പ്പിച്ച് , അതിന്റെ മാംസം പാകം ചെയ്തു പിതൃക്കളെ ഊട്ടുന്നതാണ് അഷ്ടകാശ്രാദ്ധത്തിന്റെ ചടങ്ങ്.  ഗോമാസം പിതൃക്കളെ ഒരു വര്‍ഷത്തേക്ക് തൃപ്തിപ്പെടുത്തുമെന്നാണ് പറയുന്നത്. (സംവല്‍സരം ഗാവ്യേന പിതൃഃ)
ഗൃഹമേധം എന്നു പല ശ്രൗത്രസൂത്രങ്ങളിലും വിവരിച്ചിട്ടുള്ള ആഡംബരപൂര്‍ണമായ സമൂഹ സദ്യക്കുവേണ്ടി കുറേയധികം പശുക്കളെ പ്രാകൃതമായ രീതിയില്‍ കൊല്ലുന്ന പതിവുണ്ടായിരുന്നു (ഗാ അഭിജ്ഞാതേ)

വേദകാലത്തെ ആര്യന്മാര്‍ ബലിമൃഗങ്ങളുടെയോ മറ്റുള്ളവയുടെയോ മാംസം ഭക്ഷിച്ചിരുന്നാലും ഇല്ലെങ്കിലും അക്കാലത്തും അതിന് ശേഷമുള്ള നൂറ്റാണ്ടുകളിലും പശു ഉള്‍പ്പടെയുള്ള കറവുമാടുകള്‍ക്ക് വിശുദ്ധി കല്‍പിച്ചിരുന്നില്ല എന്നതാണ് പ്രധാനം.

ഈ കൃതിയിലെ പ്രധാന ശീര്‍ഷകങ്ങള്‍ ഇവയാണ് : മൃഗങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ തന്നെയാണ്; എങ്കിലും യാജ്ഞവല്‍ക്യനു മാട്ടിറച്ചിയാണിഷ്ടം, മൃഗബലിയുടെ നിരാകരണം പശുവിന്റെ പവിത്രതയെ ഉറപ്പിക്കുന്നതാണോ, പില്‍ക്കാലത്തെ ധര്‍മശാസ്ത്ര പാരമ്പര്യവും അതിന്റെ പിന്തുടര്‍ച്ചയും, കലിയുഗത്തിലെ പശുവും മാട്ടിറച്ചി ഭക്ഷിച്ചിരുന്നതിന്റെ ഓര്‍മകളും, അയുക്താഭാസമായ ഒരു പാപവും പശുവെന്ന വിരോധാഭാസവും, ഉപസംഹാരം: വിശുദ്ധ പശുവെന്ന മിഥ്യ.

വിവര്‍ത്തനം: എം.പി സദാശിവന്‍
പ്രസാധനം: വിചാരം ബുക്‌സ് തൃശൂര്‍
പേജ്: 128, വില: 110.00

Related Articles