Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രത്തിന് ഒരു തിരുത്ത്

bahja.jpg

ആയുധ ശക്തി കൊണ്ട് ഇസ്‌ലാമിനെ തകര്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് ഓറിയന്റലിസം പിറക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ ആഴത്തില്‍ അറിവ് നേടി, അതില്‍ വിഷവിത്തുകള്‍ പാകി ജനമനസ്സുകളില്‍ സംശയങ്ങള്‍ ജനിപ്പിക്കുകയാണ് അവരുടെ മുഖ്യ ആക്രമണ ശൈലി. വിജ്ഞാന കോശങ്ങളിലും പാഠപുസ്തകങ്ങളിലും ഇസ്‌ലാമിക ഗ്രന്ഥശേഖരങ്ങളിലുമെല്ലാം അവരുടെ ഒളിയമ്പുകള്‍ക്ക് ക്രമേണ ഇടം ലഭിച്ചു.

ഇസ്‌ലാമിന്റെ സുന്ദരമുഖം  വികലമാക്കാനുള്ള ഇത്തരം നിഗൂഢ ശ്രമങ്ങളെ കുറിച്ച് സയ്യിദ് ഖുതുബിനെ പോലുള്ള ചില പണ്ഡിതന്മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പക്ഷേ പലരും അതൊന്നും വേണ്ടത്ര ഗൗനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഖുര്‍ആനില്‍ മാറ്റത്തിരുത്തലുകള്‍ വരുത്തി ഇസ്‌ലാമിന്റെ പ്രകാശം കെടുത്താന്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ എതിരാളികള്‍ ഹദീസിനെയും ചരിത്രത്തെയും ഉന്നംവെച്ച് ഒളിയമ്പുകള്‍ എയ്തു. ഒടുവില്‍ അവയെ ഇരയാക്കിക്കൊണ്ട് ഖുര്‍ആന്‍ ഉള്‍പ്പടെയുള്ളവയെ വേട്ടായാടാന്‍ ശ്രമിച്ചു. അങ്ങനെ അവര്‍ രൂപപ്പെടുത്തിയ വിജ്ഞാന സ്രോതസ്സുകള്‍ പില്‍ക്കാലത്ത് മുസ്‌ലിംകളുടെ അവലംബ കൃതികളെയും വിഷമയമാക്കി. ഖുര്‍ആനെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ അതുവഴി അവര്‍ക്ക് സാധിച്ചു. അതിന്റെ മികച്ച ഉദാഹരണമാണ് ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം.

കൃത്യമായ വിശകലനത്തിന് വിധേയമാക്കിയാല്‍ ഇന്ന് പ്രചാരത്തിലുള്ള ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം അനവധി ചോദ്യചിഹ്നങ്ങള്‍ നിറഞ്ഞതാണെന്ന് കാണാന്‍ കഴിയും. ലോകത്തിലെ ഇരുട്ടുകള്‍ മാറ്റി വെളിച്ചം പകരാന്‍ ഉദയം ചെയ്ത ഖുര്‍ആന്റെ എല്ലാവിധ ഗാംഭീര്യവും സൗന്ദര്യവും ചോര്‍ന്നുപോയ ഒരു ചരിത്രമാണത്.

ഈ ചരിത്രം മുന്‍നിര്‍ത്തിയാണ് ഓറിയന്റലിസ്റ്റുകളും യുക്തിവാദികള്‍ എന്നവകാശപ്പെടുന്നവരും ഖുര്‍ആനില്‍ മനുഷ്യന്റെ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്ന് സ്ഥാപിക്കുന്നത്. അതിനെ ഫലപ്രദമായി നേരിടാന്‍ ഇസ്‌ലാമിന്റെ അനുയായികള്‍ക്ക് സാധിക്കാറില്ല എന്നതിന് നമ്മുടെ നാട്ടില്‍ നടക്കുന്ന ചില വാദപ്രതിവാദങ്ങള്‍ സാക്ഷിയാണ്.

ഖുര്‍ആന്‍ ക്രോഡീകരണത്തെ കുറിച്ച വികലമായ ചരിത്രത്തെ വിശകലനം ചെയ്ത് നെല്ലും പതിരും വേര്‍തിരിക്കുന്ന ഗ്രന്ഥമാണ് ബഹ്ജതുല്‍ ജനാന്‍. പ്രസിദ്ധ പണ്ഡിതന്‍ ഡോ. ഇനായത്തുല്ലാ സുബ്ഹാനിയുടെ പത്ത് വര്‍ഷത്തെ ഗവേഷണ ഫലമാണിത്. ഈ ഗ്രന്ഥത്തില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

അവതരണാരംഭം മുതല്‍ തന്നെ ഖുര്‍ആനെതിരെ ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഖുര്‍ആന്റെ നിര്‍മലതയും വിശുദ്ധിയും കളങ്കപ്പെടുത്താന്‍ കിട്ടിയ ഒരവസരവും ശത്രുക്കള്‍ പാഴാക്കിയിട്ടില്ല. ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയും അപവാദങ്ങള്‍ പ്രചരിപ്പിച്ചും ഇസ്‌ലാമിനോടുള്ള ശത്രുത ശമിപ്പിക്കാന്‍ അവര്‍ ഭഗീരതപ്രയത്‌നം നടത്തി. അതീവ രഹസ്യമായിട്ടായിരുന്നു അവരുടെ നീക്കങ്ങള്‍. അത് ഇന്നും തുടരുന്നു.

ആട്ടിന്‍തോലണിഞ്ഞ ചെന്നായകള്‍ വിജ്ഞാനത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ രംഗപ്രവേശം ചെയ്ത് നമ്മുടെ വൈജ്ഞാനിക പൈതൃകത്തിലേക്ക്, വിശേഷിച്ചും ഹദീസ് സമാഹാരങ്ങളിലേക്ക് നുഴഞ്ഞുകയറി അതില്‍ വിഷം കലര്‍ത്തി. ചപ്പും ചവറും വാരി നിറച്ചു. എന്നിട്ട് ലോകത്തുടനീളം പ്രചരിപ്പിച്ചു.

ഇവിടെ ഒരു ചോദ്യം സ്വാഭാവികമായും ഉന്നയിക്കപ്പെടാം. അതായത്, അത്യധികം ഹീനമായ ഈ കുതന്ത്രങ്ങള്‍ ഹദീസ് പണ്ഡിതന്‍മാര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുമായിരുന്നില്ലേ? പിന്നെ എങ്ങനെ അവരുടെ കൃതികളില്‍ ശത്രുക്കളുടെ വാചകങ്ങള്‍ക്ക് സ്ഥാനം ലഭിച്ചു?
യഥാര്‍ഥത്തില്‍ ഇക്കാര്യത്തില്‍ ഈ പണ്ഡിതന്മാര്‍ നിരപരാധികളാണ്. ഇസ്‌ലാമിനെതിരെ വിരോധം വെച്ചുപുലര്‍ത്തിയ അനറബികളായ പകര്‍പ്പെഴുത്തുകാരാണ് ഈ ഫിത്‌നക്ക് പിന്നിലെന്നാണ് മനസിലാവുന്നത്. മുസ്‌ലിംകള്‍ അവരുടെ നാടുകള്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തു. സ്വേഛാധിപതികളെ അധികാരത്തില്‍ നിന്ന് നിഷ്‌കാസനം ചെയ്തു. ആ ഭരണാധികാരികളുടെ സഹകാരികളായ പകര്‍പ്പെഴുത്തുകാര്‍ ഇസ്‌ലാമിനെ കുറിച്ചും അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ കുറിച്ചും തെറ്റിദ്ധാരണകള്‍ ഉണ്ടാകാന്‍ പര്യാപ്തമായ ധാരാളം കാര്യങ്ങള്‍ സ്വന്തമായി അവയില്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ പുസ്തകങ്ങളുടെ പകര്‍പ്പെടുക്കാന്‍ നല്‍കിയ പണ്ഡിതന്മാര്‍ അവരെ വിശ്വസിച്ച് പുനപരിശോധന നടത്താന്‍ ശ്രമിച്ചിട്ടുണ്ടാവില്ല. അതല്ലെങ്കില്‍ അവ പരിശോധിക്കാന്‍ വേറെ ആളെ ഏര്‍പ്പെടുത്തുകയും അവര്‍ അത് വേണ്ടത്ര ഗൗരവത്തില്‍ എടുക്കാതിരിക്കുകയും ചെയ്തതായിരിക്കാം. സ്വയം മാന്തുമ്പോഴേ തൃപ്തികരമായ വിധം ചൊറിച്ചില്‍ മാറൂ.

പില്‍ക്കാലക്കാര്‍ ഈ സമാഹാരങ്ങളെ ആദരവോടെ വീക്ഷിച്ചു. അവയിലുള്ളതെല്ലാം ശരിയാണെന്ന ധാരണയോടെ അപ്പാടെ വിഴുങ്ങി. അങ്ങനെ ഇസ്‌ലാമിനും ഖുര്‍ആനിനും പ്രവാചകന്‍മാര്‍ക്കും എതിരായ പലതും നമ്മുടെ വൈജ്ഞാനിക പൈതൃകങ്ങളില്‍ ഇടം പിടിച്ചു. ഈ വൈജ്ഞാനിക പൈതൃകം തന്നെയാണ് ഇസ്‌ലാമിനെയും ഖുര്‍ആനെയും പ്രവാചകനെയും അപഹസിക്കാന്‍ ശത്രുക്കള്‍ ഉപയോഗിക്കുന്നത് എന്നത് ഏറെ ഖേദകരമാണല്ലോ.

അതിനാല്‍ ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രം വിഷയാധിഷ്ഠിതമായി പഠിക്കാന്‍ നാം ശ്രമിക്കണം. മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ആവശ്യത്തിലേറെ പഠനം നടത്തിയ വിഷയമല്ലേ. ഇനി നമ്മളെന്ത് പഠിക്കാനാണ് , ഉലൂമുല്‍ ഖുര്‍ആന്റെ പുസ്തകങ്ങളില്‍ ഈ വിഷയം ധാരാളം ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ എന്ന അലസ സമീപനം നാം മാറ്റിനിര്‍ത്തണം. മുന്‍ഗാമികളുടെ സേവനങ്ങളെ വിലമതിക്കുകയും ആദരിക്കുകയും ചെയ്യുന്നതോടൊപ്പം ഖുര്‍ആന്റെ മഹനീയതക്ക് യോജിച്ച വിധം ആ ചരിത്രമൊന്ന് പുനഃപരിശോധിക്കാന്‍ നാം സജ്ജമാകണം. ഖുര്‍ആനെതിരെ ഉന്നയിക്കപ്പെടുന്ന പല ആരോപണങ്ങള്‍ക്കും മറുപടി കണ്ടെത്താന്‍ അത് മാത്രമാണ് പരിഹാരം.

ഖുര്‍ആന്‍ ക്രോഡീകരണ ചരിത്രവുമായി ബന്ധപ്പെട്ട് ബുഖാരി ഉദ്ധരിച്ച യമാമ യുദ്ധത്തെ ഉമറും അബൂബക്‌റും ചേര്‍ന്ന് ഖുര്‍ആന്‍ ക്രോഡീകരണ പ്രക്രിയക്ക് നേതൃത്വം നല്‍കിയതിനെ കുറിച്ചുള്ള ഹദീസ് ഉദ്ധരിച്ച ശേഷം ഡോ. സുബ്ഹാനി ചില ചോദ്യങ്ങള്‍ ചോദിക്കുന്നു:

ഖുര്‍ആന്‍ ക്രോഡീകരണത്തിനാവശ്യമായ സംവിധാനങ്ങള്‍ സുലഭമായിരിക്കെ എന്തുകൊണ്ട് പ്രവാചകന്‍ അത് യഥാക്രമം ക്രോഡീകരിച്ചില്ല?
• മുന്‍ വേദങ്ങളില്‍ മനുഷ്യര്‍ നടത്തിയ കൈകടത്തലുകളും മാറ്റത്തിരുത്തലുകളും സംബന്ധിച്ച് വ്യക്തമായ ബോധ്യമുള്ള പ്രവാചകന്‍ ലോകാവസാനം വരെയുള്ള ജനതക്ക് മാര്‍ഗദര്‍ശനമായി അവതീര്‍ണമായ ഖുര്‍ആന്റെ സംരക്ഷണം അവഗണിച്ചുവോ?
• മുന്‍ സമുദായങ്ങളുടെ ചരിത്രമൊക്കെ പ്രവാചകന്‍ വിസ്മരിച്ചുവോ?
• താന്‍ അന്ത്യപ്രവാചകനാണെന്നും ഖുര്‍ആന്‍ അവസാനത്തെ വേദഗ്രന്ഥമായതിനാല്‍ എന്തെങ്കിലും കൈകടത്തലുകള്‍ക്ക് വിധേയമായാല്‍ അത് തിരുത്താന്‍ പ്രവാചകനോ വേദഗ്രന്ഥമോ വരാനില്ലെന്നും അറിയാമായിരുന്ന പ്രവാചകന്‍ ഖുര്‍ആന്റെ കാര്യത്തില്‍ ഇത്ര അലസമായ സമീപനം സ്വീകരിച്ചുവോ?
• താത്വികമായും പ്രായോഗികമായും ഖുര്‍ആന്‍ ലോകത്തിന് സമര്‍പ്പിക്കുക എന്നതായിരുന്നു പ്രവാചകന്റെ നിയോഗലക്ഷ്യം. ഖുര്‍ആന്റെ അവതരണം പൂര്‍ത്തിയായി ഏറെ താമസിയാതെ പ്രവാചകന്‍ ഇഹലോകവാസം വെടിയുകയും ചെയ്തു. ഖുര്‍ആന് വേണ്ടി നിയുക്തനായ പ്രവാചകന്‍, ഛിന്നഭിന്നമായി കിടക്കുന്ന അവസ്ഥയില്‍ ഖുര്‍ആനെ ഉപേക്ഷിച്ചുവോ? ആയത്തുകളും സൂറത്തുകളും ക്രമീകരിക്കാതെ ഈ ലോകത്തോട് വിടപറയാന്‍ പ്രവാചകന് സാധിക്കുമായിരുന്നോ?
• പ്രവാചകന് ഖുര്‍ആന്‍ യഥാക്രമം ക്രോഡീകരിക്കാനോ ഗ്രന്ഥരൂപത്തിലാക്കാനോ സാധിച്ചില്ല എന്ന് വാദത്തിന് വേണ്ടി സമ്മതിക്കുക. അങ്ങനെയെങ്കില്‍ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ എന്തുകൊണ്ട് പ്രവാചകന്‍ വസ്വിയത്ത് ചെയ്തില്ല. അവസാന നാളുകളില്‍ പ്രവാചകന്‍ നല്‍കിയ അനവധി വസ്വിയത്തുകളില്‍ ഇതുസംബന്ധമായ യാതൊന്നും കാണുന്നില്ലല്ലോ.
• ഹജ്ജതുല്‍ വദാഇലെ ഖുതുബയില്‍ അല്ലാഹുവിന്റെ ഗ്രന്ഥം നിങ്ങളുടെ മുമ്പില്‍ വിട്ടേച്ചുകൊണ്ടാണ് ഞാന്‍ പോകുന്നത്, അത് മുറുകെ പിടിക്കുന്ന പക്ഷം നിങ്ങള്‍ വഴിപിഴക്കുകയില്ല എന്ന ഏറെ ഗൗരവപ്പെട്ട ഉപദേശം നല്‍കിയ പ്രവാചകന്‍ കാലക്രമേണ ഉണ്ടാവാന്‍ സാധ്യതയുള്ള കൈകടത്തലുകള്‍ക്ക് തടയിട്ടുകൊണ്ട് ഖുര്‍ആന്‍ യഥാക്രമം ക്രോഡീകരിക്കാന്‍ തയ്യാറായില്ല എന്നത് എങ്ങനെ വിശ്വസനീയമാവും?
• അബൂബക്‌റും ഉമറും (റ) ചേര്‍ന്നാണ് ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ തീരുമാനമെടുത്തതെങ്കില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ആ ചുമതല ഒരു വ്യക്തിയെ മാത്രം ഏല്‍പിക്കാന്‍ കാരണമെന്ത്? എന്തുകൊണ്ട് പ്രമുഖരായ സഹാബികളെ ഉള്‍പ്പെടുത്തി ഒരു ടീമിനെ ഉണ്ടാക്കിയില്ല? വ്യക്തിപരമായ പ്രവര്‍ത്തനങ്ങളേക്കാള്‍ എന്തുകൊണ്ടും പ്രാബല്യവും സൂക്ഷ്മതയും ഉണ്ടാവുക സംഘടിത പ്രവര്‍ത്തനത്തിനല്ലേ?
• സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ ശൂറ കൂടുക എന്നതായിരുന്നു ഖലീഫമാരുടെ രീതി. ഇവിടെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല?
• സൈദ് (റ) ക്രോഡീകരിച്ച ഖുര്‍ആന്‍ അബൂബക്ര്‍, ഉമര്‍, ഹഫ്‌സ(റ) എന്നിവരുടെ പക്കല്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. അതിന്റെ കോപ്പി എടുക്കുകയോ വിതരണം ചെയ്യുകയോ ചെയ്തിട്ടില്ല. 12 വര്‍ഷക്കാലം ഖുര്‍ആന്റെ യഥാര്‍ഥ കോപ്പി ജനങ്ങള്‍ക്ക് ലഭ്യമായിരുന്നില്ല എന്നര്‍ഥം. ഉമറിന്റെ ഭരണകാലത്താണല്ലോ പേര്‍ഷ്യാ, റോമാ സാമ്രാജ്യങ്ങള്‍, ഈജിപ്ത് എന്നിവിടങ്ങളില്‍ ഇസ്‌ലാമിന് വേരോട്ടമുണ്ടാകുന്നത്. അന്ന് അവര്‍ എങ്ങനെയാണ് ഖുര്‍ആന്‍ പഠിച്ചിരുന്നത്?
• ക്രമമോ വ്യവസ്ഥയോ ഇല്ലാതെ എല്ലിലും മറ്റും എഴുതപ്പെട്ടിരുന്ന ഖുര്‍ആനാണോ അവര്‍ പഠിച്ചത്? അതല്ല, ജനങ്ങള്‍ സ്വന്തം നിലക്ക് ഖുര്‍ആന്‍ ക്രോഡീകരിച്ചിരുന്നുവോ? അതെയെന്നാണ് ഉത്തരമെങ്കില്‍ അത് വ്യക്തിപരമായിരുന്നോ സംഘടിതമായിരുന്നോ?
• പ്രവാചകന്റെ ജീവിത കാലത്ത് ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ ആവശ്യമായ സാമഗ്രികള്‍ ലഭ്യമായിരുന്നില്ല എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ പ്രവാചകന്‍ വിടപറഞ്ഞ് തൊട്ടടുത്ത വര്‍ഷം അബൂബക്‌റിന്റെ ഭരണകാലത്ത് അവ പെട്ടെന്ന് ലഭ്യമായതെങ്ങനെ?
• സൂറത്തുത്തൗബയിലെ അവസാനത്തെ ആയത്ത് ഖുസൈമ എന്ന സഹാബിയുടെ അടുക്കല്‍നിന്ന് മാത്രമാണ് കണ്ടുകിട്ടിയത് എങ്കില്‍ മറ്റു സഹാബികളുടെ അവസ്ഥയെന്താണ്? മറ്റുള്ളവര്‍ ആ സൂക്തം മറന്നെങ്കില്‍ ഖുര്‍ആനില്‍ വേറെ ആയത്തുകള്‍ വിസ്മരിക്കപ്പെട്ടിട്ടില്ല എന്നതിന് എന്ത് ഉറപ്പാണുള്ളത്?
• ഒരു മല നീക്കാന്‍ കല്‍പിച്ചിരുന്നെങ്കില്‍ അതായിരിക്കും ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിനേക്കാള്‍ എനിക്ക് എളുപ്പം എന്ന് സൈദ് പറഞ്ഞതിന്റെ അര്‍ഥമെന്താണ്? അദ്ദേഹം വഹ്‌യ് എഴുത്തുകാരില്‍ ഒരാളായിരുന്നല്ലോ. പ്രവാചകന്റെ സാന്നിധ്യത്തിലും മേല്‍നോട്ടത്തിലും അദ്ദേഹവും മറ്റുള്ളവരും എഴുതിത്തയ്യാറാക്കിയ ആ രേഖകള്‍ എവിടെപ്പോയി?
• ഖുസൈമ എന്ന ഒരൊറ്റ വ്യക്തിയുടെ സാക്ഷ്യം അംഗീകരിച്ച് തൗബയിലെ അവസാന സൂക്തം സ്വീകരിച്ച സൈദ് അതിലേറെ പ്രഗല്‍ഭനായ ഉമര്‍ സമര്‍പ്പിച്ച ആയത്ത് (ആയത്തുര്‍റജ്മ്) സ്വീകരിക്കാന്‍ വിസമ്മതിച്ചത് എന്തുകൊണ്ട്? ഉമറിന്റെ വീക്ഷണത്തില്‍ അങ്ങനെയൊരായത്ത് ഉണ്ട് എന്നല്ലേ അതിന്റെ അര്‍ഥം?
• ഖുര്‍ആന്‍ മുതവാതിറാണോ ആഹാദാണോ? രണ്ടാളുടെ സാക്ഷ്യവും ഒരാളുടെ സാക്ഷ്യവുമെല്ലാം അടിസ്ഥാനമാക്കിയാണ് ഖുര്‍ആന്‍ ക്രോഡീകരിച്ചതെങ്കില്‍ അത് മുതവാതിറാണെന്ന് എങ്ങനെ പറയും?

ഇങ്ങനെ അനവധി ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഗ്രന്ഥകാരന്‍, ഖുര്‍ആന്‍ ക്രോഡീകരണത്തില്‍ യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചത് എന്ന് പ്രമാണങ്ങളുടെ പിന്‍ബലത്തില്‍ വിശദമാക്കുന്നു. പ്രവാചകന്റെ ജീവിതകാലത്തുതന്നെ കൃത്യമായ രൂപത്തില്‍ ഖുര്‍ആന്‍ യഥാക്രമം ക്രോഡീകരിക്കപ്പെട്ടിരുന്നുവെന്ന് അദ്ദേഹം സ്ഥാപിക്കുന്നു.

ഖുര്‍ആന്‍ എല്ലിലും കല്ലിലുമൊന്നുമല്ല എഴുതപ്പെട്ടിരുന്നത്, മറിച്ച്  നേരിയ തോലാണ് അതിന് ഉപയോഗിച്ചിരുന്നതെന്ന് ഖുര്‍ആനും ഹദീസും ചരിത്രവും അറബി കവിതാശകലങ്ങളും ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കുന്നു. മുഅല്ലഖകള്‍, രാജാക്കന്‍മാര്‍ക്കയച്ച കത്തുകള്‍, വിവിധ തരം കരാറുകള്‍ തുടങ്ങിയവ എല്ലിലും ഈത്തപ്പന മട്ടലിലുമാണോ എഴുതിയിരുന്നത് എന്ന് അദ്ദേഹം ചോദിക്കുന്നു.

പ്രവാചകന്‍ നിരക്ഷരനാണെന്ന വാദത്തെ തെളിവുകള്‍ സഹിതം ഖണ്ഡിക്കുന്ന അദ്ദേഹം നസ്ഖിനെ കുറിച്ച അബദ്ധധാരണകളും ചെറിയ വിധത്തില്‍ ഈ കൃതിയില്‍ കൈകാര്യം ചെയ്യുന്നു. ഏഴ് ഹര്‍ഫുകളിലുള്ള ഖിറാഅത്തും ഖുര്‍ആനിന് നേരത്തെ പുള്ളിയുണ്ടായിരുന്നില്ല എന്ന വാദവും വിശകലന വിധേയമാക്കുന്നു. ഖുര്‍ആന്റെ കാര്യത്തില്‍ ഖലീഫമാര്‍ എന്താണ് ചെയ്തത് എന്ന് വിശദീകരിക്കുന്നു.

ചുരുക്കത്തില്‍ ഉലൂമുല്‍ ഖുര്‍ആനിലെ പാരമ്പര്യ ധാരണകളില്‍ പലതിനെയും ചോദ്യം ചെയ്യുകയും അവക്ക് യുക്തമായ മറുപടികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന ഗഹനമായ ഒരു പഠനമാണ് ബഹജതുല്‍ ജനാന്‍ എന്ന് നിസ്സംശയം പറയാം. ഭൂരിപക്ഷം പണ്ഡിതന്‍മാരുടെയും വീക്ഷണത്തിന് വിരുദ്ധമായ ഈ നിരീക്ഷണങ്ങള്‍ തീര്‍ത്തും അബദ്ധമാണെന്ന് പുസ്തകം ഒരു തവണ വായിക്കുക പോലും ചെയ്യാതെ അഭിപ്രായപ്പെടുന്നവരോട് സഹതപിക്കുന്നതോടൊപ്പം, ഇത് വായിച്ച് ഇതിനെ വിശകലനം ചെയ്യാന്‍ ആരെങ്കിലും മുന്നോട്ടു വന്നെങ്കില്‍ എന്നാശിക്കുന്നു.

2014 ജനുവരില്‍ പുറത്തിറങ്ങിയ 224 പേജുകളുള്ള ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് ഉത്തര്‍പ്രദേശിലെ മുഅസ്സസതു നിളാമില്‍ ഖുര്‍ആന്‍ എന്ന പ്രസാധനാലയമാണ്.

അഡ്രസ്
മുഅസ്സസതു നിളാമില്‍ ഖുര്‍ആന്‍ ലിത്തിബാഅതി വന്നശ്ര്‍
ബിലരിയാ ഗഞ്ച്, അഅ്‌സംഗഡ്
ഉത്തര്‍പ്രദേശ്, 276 121

Related Articles