Current Date

Search
Close this search box.
Search
Close this search box.

ഖുതുബയുടെ ഭാഷയും ശാഫിഈ മദ്ഹബും

khuthba.jpg

കേരളത്തിലെ മതചര്‍ച്ചകളില്‍ സുപ്രധാനമായ ഒന്നാണല്ലോ ജുമുഅ ഖുതുബയുടെ ഭാഷ. ഖുതുബയിലെ ഉപദേശം ശ്രോതാക്കള്‍ക്കറിയാവുന്ന ഭാഷയിലാവണമെന്നും, അതല്ല അറബിയിലാവണമെന്നുമുള്ള രണ്ട് വാദങ്ങള്‍ ശാഫിഈ മദ്ഹബിന്റെ ചുവട് പിടിച്ച് തന്നെ നടക്കുന്നു എന്നത് ഏറെ കൗതുകകരമാണ്. ഒരേ മദ്ഹബിന്റെ അനുയായികളില്‍ ഈ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടായതങ്ങനെ? ഈ വിഷയത്തിന്റെ മര്‍മത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പഠനമാണ് കെ. കുഞ്ഞബ്ദുല്ല മൗലവി (എടച്ചേരി) രചിച്ച ജുമുഅഃ ഖുതുബ എന്ന കൃതി. ഹിജ്‌റ രണ്ടാം നൂറ്റാണ്ടിലാണ് ഇമാം ശാഫിഈ ജീവിച്ചിരുന്നത്. അന്ന് മുതല്‍ പതിനാലാം നൂറ്റാണ്ട് വരെ ശാഫിഈ മദ്ഹബില്‍ വിരചിതമായ ഗ്രന്ഥങ്ങള്‍ മുന്നില്‍ വെച്ച് നടത്തിയ പഠനത്തിലൂടെ ജുമുഅ ഖുതുബ മുഴുവന്‍ അറബിയാവണമെന്നത് പില്‍ക്കാലത്ത് ശാഫിഈ മദ്ഹബില്‍ ചേര്‍ക്കപ്പെട്ട ഒരു നിബന്ധനയാണെന്ന് ഈ കൃതിയില്‍ സ്ഥാപിക്കുന്നു. ഖുതുബയുടെ ഭാഷയുമായി ബന്ധപ്പെട്ട് പ്രധാനമായും മൂന്ന് വ്യത്യസ്ത സമീപനങ്ങളാണ് പ്രസ്തുത ഗ്രന്ഥങ്ങളിലുള്ളത്.

1.    ഖുതുബ ഉപദേശമാണെന്ന നിലപാട് സ്വീകരിച്ച് അത് അറബിയിലാകണമെന്ന ഉപാധി നിശ്ചയിക്കാതിരിക്കുക. ഹിജ്‌റ രണ്ട്, മൂന്ന്, നാല് എന്നീ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളിലാണ് ഈ നിലപാട് കാണപ്പെടുന്നത്.
2.    ഖുതുബ ഉപദേശമല്ല, മറിച്ച് തക്ബീറതുല്‍ ഇഹ്‌റാം, തശഹ്ഹുദ് പോലുള്ള നിര്‍ബന്ധ ദിക്ര്‍ മാത്രമാണെന്ന നിലപാട് സ്വീകരിച്ച് അത് അറബിയില്‍ ആകണമെന്ന് നിബന്ധന വെക്കുക. ഹിജ്‌റ അഞ്ചാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടക്ക് വിരചിതമായ ഗ്രന്ഥങ്ങളിലാണ് ഈ നിലപാട് കാണാന്‍ സാധിക്കുന്നത്.
3.    ഖുതുബ നിര്‍ബന്ധ ദിക്‌റും ഉപദേശവും ചേര്‍ന്നതാണെന്ന നിലപാട് സ്വീകരിച്ച് നിര്‍ബന്ധ ദിക്‌റുകളായ റുക്‌നുകള്‍ അറബിയിലും ഉപദേശം ഭൂരിപക്ഷം ശ്രോതാക്കള്‍ക്ക് മനസിലാവുന്ന ഭാഷയിലുമാകാമെന്ന നിലപാട് പുലര്‍ത്തുക. ഹിജ്‌റ 9 മുതല്‍ 14 വരെയുളള നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട കൃതികളില്‍ ഈ നിലപാട് കാണാം.

യഥാര്‍ഥത്തില്‍ ശാഫിഈ മദ്ഹബില്‍ പ്രബലമായ രണ്ട് ധാരകളുണ്ട്. ഒന്ന് ഇറാഖീ ധാര, രണ്ടാമത്തേത് ഖുറാസാനീ ധാര. രണ്ടിനും അവയുടേതായ ഇമാമുകളും ഗ്രന്ഥങ്ങളുമുണ്ട്. ഹിജ്‌റ 5 മുതല്‍ 8 വരെയുള്ള നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട കൃതികളാണ് ഖുറാസാനീ ഗ്രന്ഥങ്ങള്‍ എന്ന് അറിയപ്പെടുന്നത്. അവയിലാണ് ഖുതുബ പൂര്‍ണമായും അറബിയാണമെന്ന നിബന്ധന ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഈ സരണിയിലെ പ്രമുഖ ഇമാമായ ഖാദി ഹുസൈന്‍ വഴിയാണ് ഖുതുബയുടെ ഭാഷാതര്‍ക്കം ഉടലെടുക്കുന്നത്. ഹിജ്‌റ ഒമ്പതാം നൂറ്റാണ്ടില്‍ ഈ രണ്ട് സരണികളെയും സമന്വയിപ്പിച്ച് ഈ തര്‍ക്കം പരിഹരിച്ചതാണ് മുകളിദ്ധരിച്ച മൂന്നാമത്തെ നിലപാട്.

ഈ രണ്ട് ധാരകളും തമ്മില്‍ നിരവധി പ്രശ്‌നങ്ങളില്‍ അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നബി(സ)യുടെ വിസര്‍ജ്യങ്ങള്‍ നജസാണെന്ന് ഇറാഖീ ധാര അഭിപ്രായപ്പെടുമ്പോള്‍ അവ ശുദ്ധമാണെന്ന അഭിപ്രായമാണ് ഖുറാസാനീ ധാരക്കുള്ളത്. തഴവ മുഹമ്മദ് കുഞ്ഞി രചിച്ച അല്‍മവാഹിബുല്‍ ജലിയ്യയില്‍ അതിനെ ശുദ്ധവസ്തുവായി പരിചയപ്പെടുത്തുന്നത് കാണാം.

അല്ലാമാ സുബ്കി തന്റെ ‘തക്മിലതുല്‍ മജ്മൂഅ്’ എന്ന കൃതി രചിക്കാന്‍ അവലംബമാക്കിയ ഗ്രന്ഥങ്ങളെ മദ്ഹബീ കിതാബുകള്‍, ഇറാഖീ കിതാബുകള്‍, ഖുറാസാനീ കിതാബുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമാക്കി തരംതിരിച്ചത് അതിന്റെ മുഖവുരയില്‍ കാണാം. അത് ഈ കൃതിയില്‍ എടുത്ത് ചേര്‍ത്തിട്ടുണ്ട്.
1947 വരെ ‘സുന്നികള്‍’ തന്നെ ശ്രോതാക്കള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ കേരളത്തില്‍ ഖുതുബ നിര്‍വഹിച്ചിരുന്നു എന്ന് സമസ്തയുടെ മീഞ്ചന്ത പ്രമേയത്തില്‍ നിന്ന് മനസിലാക്കാം. അതിനുശേഷമാണ് അത് അറബിയിലാവണമെന്ന നിബന്ധന സമസ്ത മുന്നോട്ട് വെച്ചത്.

ജുമുഅ ഖുതുബ അറബിയിലാവണമെന്ന് സ്ഥാപിക്കാന്‍ സമസ്തക്കാര്‍ പല കിതാബുകളില്‍ നിന്നും തെളിവുകള്‍ ഉദ്ദരിക്കാറുണ്ട്. പക്ഷേ അതെല്ലാം പില്‍ക്കാലത്ത് വ്യാഖ്യാനവിധേയമായിട്ടുണ്ട് എന്ന വസ്തുത അവര്‍ മറച്ചുവെക്കുന്നു. ഉദാഹരണമായി അവര്‍ ഉയര്‍ത്തിക്കാട്ടുന്ന ഒരു ഉദ്ദരണി ഇങ്ങനെയാണ്: അത് (ഖുതുബ) മുഴുവന്‍ അറബിയിലാവല്‍ ശര്‍ത്വാണ് (മഹല്ലി). എന്നാല്‍ ഇതിന്റെ ഉദ്ദേശ്യം റുക്‌നുകള്‍ മുഴുവന്‍ അറബിയാവലാണെന്ന് സകരിയ്യല്‍ അന്‍സാരി മഹല്ലിയുടെ വ്യാഖ്യാനത്തില്‍ രേഖപ്പെടുത്തുന്നു.

ജുമുഅ ഖുതുബ അറബിയിലാവണമെന്ന നിബന്ധവെച്ചത് ഖാദീ ഹുസൈനാണെന്ന് , ഇമാം റാഫിഈ(റ)യുടെ ശറഹുല്‍ കബീര്‍ എന്ന ഗ്രന്ഥം സംക്ഷിപ്തമാക്കിയ ഇമാം നവവി (റ) വ്യക്തമാക്കുന്നു (റൗളത്തുത്ത്വാലിബീന്‍).

ഒരു പക്ഷത്തും ചേരാതെ ശാഫിഈ മദ്ഹബിലെ മാത്രം കൃതികള്‍ അലംബിച്ച് ജുമുഅ ഖുതുബയുടെ ഭാഷ അറബിയാവണമെന്ന നിബന്ധന പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്ന് സ്ഥാപിക്കുന്ന ഈ കൃതി സമകാലിക കേരള പശ്ചാത്തലത്തില്‍ ശ്രദ്ധേയമായ ഒന്നാണെന്നതില്‍ സംശയമില്ല.
പ്രസാധനം: ഇസ്വ്‌ലാഹ് പബ്ലിക്കേഷന്‍സ്, കായക്കൊടി, കോഴിക്കോട്. വില : 30

Related Articles