Current Date

Search
Close this search box.
Search
Close this search box.

ഖദീജ എന്ന തണല്‍വൃക്ഷം

khadeeja.jpg

വിശ്വാസികളുടെ മാതാവായി അറിയപ്പെടുന്ന ഖദീജ(റ) നബി(സ)യുടെ പ്രബോധനം കൈകൊണ്ട ആദ്യത്തെ വനിതയാണ്. പ്രവാചകത്വം ലഭിച്ചയുടനെ നബി(സ) നേരിട്ട മാനസിക സമ്മര്‍ദ്ദത്തിന് ആശ്വാസവും സമാധാനവുമേകിയത് ഖദീജ(റ)യുടെ ാക്കുകളായിരുന്നു. ഒരു സഹധര്‍മ്മിണിയുടെയും മാതാവിന്റെയും സ്‌നേഹവും പരിചരണവും പ്രവാചകന്‍(സ)ക്ക് അവരില്‍ നിന്ന് അനുഭവിക്കാന്‍ കഴിഞ്ഞു. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകന്‍ ആണെന്ന് അംഗീകരിച്ച ആദ്യത്തെ വിശ്വാസികളിലൊരാളായ ഖദീജ(റ) ധീരയായ വനിതയായിരുന്നു. ‘The story of Khadija: The first Muslim and the wife of the Prophet Muhammed’ എന്ന സാനി ഇസ്‌നൈന്‍ ഖാന്‍ എഴുതിയ ഗ്രന്ഥം ഇസ്‌ലാമിന്റെ ആദ്യത്തെ പ്രചാരകയെ കുറിച്ചും അവരുടെ ത്യാഗജീവിതത്തെ കുറിച്ചും സരസമായി പ്രതിപാദിക്കുന്നതാണ്.

മുഹമ്മദ് നബി(സ)യില്‍ വിശ്വസിച്ച ആദ്യകാല വിശ്വാസികളില്‍ അധികവും ദരിദ്രരും സമൂഹത്തിലെ അവശ ജനവിഭാഗങ്ങളുമായിരുന്നു. അബൂബക്കറിനെയും ഖദീജയെയും പോലെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് അന്ന് സമൂഹത്തില്‍ മാന്യമായ സ്ഥാനമുണ്ടായിരുന്ന വിശ്വാസികള്‍. എന്നാല്‍ ഈ അധസ്ഥിത വിഭാഗത്തോടൊപ്പം തന്നെ തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചവരാണ് അവര്‍. ഇസ്‌ലാം എന്ന മുനിഞ്ഞു കത്തിയ തിരിവെട്ടത്തെ ജ്വലിപ്പിക്കാന്‍ തങ്ങളുടെ അധ്വാനവും വിയര്‍പ്പും സമയും സമ്പാദ്യവും ഇന്ധനമായി നല്‍കിയവരാണ് അവര്‍. ഖദീജ(റ) എന്ന ത്യാഗീവര്യയെ നമുക്ക് ഈ പുസ്തകത്തിലൂടെ പരിചയപ്പെടാന്‍ സാധിക്കും. സമ്പന്നതയുടെ നിറകുടമായിരുന്നിട്ടും പ്രവാചക പത്‌നിയായതിന് ശേഷം ലാളിത്യത്തിന്റെ മനുഷ്യരൂപമായി മാറിയ അവര്‍ എന്തുകൊണ്ടും വിശ്വാസികളുടെ മാതാവ് തന്നെയായിരുന്നു. മക്കയ്ക്കും മദീനക്കും അപ്പുറത്തേക്ക് വളര്‍ന്ന ഇസ്‌ലാമിന്റെ അടിത്തറ അവരുടെ കൂടി കാല്‍പാടുകള്‍ പതിഞ്ഞതായിരുന്നു.

പ്രവാചകനുമായി വളരെ ഊഷ്മളമായ ബന്ധമാണ് അവര്‍ നിലനിര്‍ത്തിയത്. തന്നേക്കാള്‍ പ്രായത്തില്‍ ഇളയ നബി(സ)യെ ഒരേസമയം ഭാര്യയായും മാതാവായും അവര്‍ സേവിച്ചു. പ്രവാചകത്വ ലബ്ധിക്ക് ശേഷമുള്ള ആദ്യനാളുകളില്‍ ഖദീജ(റ) ആയിരുന്നു നബി(സ)യെ ഒരു സാധാരണ വ്യക്തി എന്ന നിലയില്‍ നിന്ന് സമൂഹത്തെ നയിക്കേണ്ട നേതാവായി പരിവര്‍ത്തിപ്പിച്ചെടുത്തത്. നിരവധി അസാധാരണ സംഭവങ്ങള്‍ക്ക് സാക്ഷിയായി പ്രവാചകന്‍(സ) തളര്‍ന്നപ്പോഴൊക്കെ അദ്ദേഹത്തിന് പൂര്‍ണ്ണ കരുത്തേകിയത് ഖദീജാ ബീവിയുടെ വാക്കുകളും സാന്നിധ്യവുമായിരുന്നു. മക്കയിലെ അറിയപ്പെട്ട പ്രമാണിയായിരുന്ന അവര്‍ പ്രവാചകന്‍(സ)യില്‍ ആകൃഷ്ടയായത് അദ്ദേഹത്തിന്റെ സത്യസന്ധതയിലും വിശ്വസ്തതയിലുമായിരുന്നു. അനാഥയായ, തന്നേക്കാള്‍ പ്രായത്തില്‍ ഇളയവനായ ആ യുവാവിനെ വിവാഹം കഴിക്കാന്‍ അവര്‍ തയ്യാറായതും പ്രവാചകന്‍(സ)യുടെ ആ ഗുണങ്ങള്‍ കൊണ്ടായിരുന്നു. മുമ്പ് രണ്ടു വിവാഹങ്ങള്‍ ചെയ്ത് വിധവയായ ഖദീജ(റ)യില്‍ പ്രവാചകന്‍(സ) കണ്ടതാകട്ടെ അവരുടെ ലാളിത്യവും വിനയവും കാരുണ്യം തുളുമ്പുന്ന പെരുമാറ്റവുമാണ്.

പുസ്‌കത്തിന്റെ ഓരോ അധ്യായവും ഖദീജ(റ)വിന്റെ ജീവിതത്തോടൊപ്പം ഇസ്‌ലാമിന്റെ ആദ്യകാലങ്ങളിലേക്കുള്ള വെളിച്ചം വീശലുകള്‍ കൂടിയാണ്. പ്രവാചകന്‍(സ)യും ഖദീജ(റ)യും പരസ്പരം വെച്ചുപുലര്‍ത്തിയ വൈകാരികമായ അടുപ്പം പുസ്തകത്തിലുടനീളം കാണാം. പ്രവാചകന്‍(സ) വിശ്വസിച്ച ആദ്യകാല അനുയായികള്‍ക്കും ഖദീജ(റ) സഹോദരിയും വഴികാട്ടിയും അധ്യാപികയും രക്ഷിതാവുമൊക്കെയായിരുന്നു. അവരെയൊക്കെ ഖുറൈശികളുടെ പീഢനങ്ങളില്‍ നിന്ന് സംരക്ഷിക്കാനും അഭയം നല്‍കാനും ഇസ്‌ലാമിനെ പഠിപ്പിക്കാനും അവര്‍ ആവതു ശ്രമിച്ചു. തന്റെ കയ്യിലുള്ളതൊക്കെ ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ അവര്‍ ചെലവഴിച്ചു. ഇസ്‌ലാമിലെ ആദ്യത്തെ വിശ്വാസിനി എന്ന നിലക്ക് ഒരു കുടുംബനാഥയായും ഇസ്‌ലാമിക പ്രവര്‍ത്തകയായും വരും തലമുറകള്‍ക്കു മുന്നില്‍ ജീവിച്ചു കാണിക്കുകയായിരുന്നു അവര്‍. അവരുടെ മരണം പ്രവാചകന്‍(സ)ക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചത്. അബൂത്വാലിബും ഖദീജയും ഇഹലോകവാസം വെടിഞ്ഞ വര്‍ഷം പ്രവാചകന്‍(സ)യ്ക്ക് ദുഃഖവര്‍ഷമായിരുന്നു. ഖദീജ എന്ന വ്യക്തിത്വത്തെ പല വീക്ഷണകോണിലൂടെ സമീപ്പിക്കുന്ന ഈ ഗ്രന്ഥം എല്ലാതരം വായനക്കാരിലേക്കും ഇറങ്ങിച്ചെല്ലും. ലോകത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും മാതൃകയായ ആ മഹതിയുടെ ജീവിതം വളരെ സരസവും ഹൃദ്യവുമായ ഭാഷയില്‍ ഈ ഗ്രന്ഥം നമുക്ക് മുന്നില്‍ അനാവരണം ചെയ്യുന്നു.

വിവ: അനസ് പടന്ന

Related Articles