Current Date

Search
Close this search box.
Search
Close this search box.

കേരളമുസ്‌ലിം സാഹിത്യ പാരമ്പര്യത്തിലേക്ക് ഒരു എത്തിനോട്ടം

arabi-mala.jpg

കേരള മുസ്‌ലിംകള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ വ്യവഹാര ഭാഷയായി ഉപയോഗിച്ചിരുന്ന ഒന്നാണ് അറബിമലയാളം. മലയാളഭാഷ രേഖപ്പെടുത്താന്‍ വേണ്ടി കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു ലിപിയാണത്. കേരളത്തിലെത്തിയ അറബികളും കേരളമുസ്‌ലിംകളും ഈ എഴുത്തുരീതി സ്വീകരിച്ചതോടെ അറബിമലയാളത്തിന് വമ്പിച്ച പ്രചാരം ലഭിച്ചു. അറബിയിലെയും മലയാളത്തിലെയും അക്ഷരങ്ങള്‍ എഴുതാവുന്ന വിധത്തില്‍ അറബിലിപിയില്‍ ചില്ലറ ചിഹ്ന പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് അറബിമലയാള ലിപി രൂപപ്പെടുത്തിയിരിക്കുന്നത്. അറബിമലയാള ലിപി ഉണ്ടാകുമ്പോള്‍ മലയാളത്തിന് സ്വന്തമായി ഒരു ലിപി പോലുമുണ്ടായിരുന്നില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വെട്ടെഴുത്തും കോലെഴുത്തുമായിരുന്നുവത്രെ അന്ന് മലയാളമെഴുതാന്‍ ഉപയോഗിച്ചിരുന്ന പ്രധാനലിപികള്‍.

 

ഗദ്യത്തിലും പദ്യത്തിലുമായി ആയിരക്കണക്കിന് സര്‍ഗാത്മക സൃഷ്ടികള്‍ അറബി മലയാളത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, മുഖ്യധാരാ സാഹിത്യചരിത്ര കൃതികളിലൊന്നും അറബിമലയാള കൃതികള്‍ വേണ്ടത്ര പരാമര്‍ശിക്കപ്പെട്ടിട്ടില്ല. അതിലേക്കുള്ള ഒരു എളിയ ചുവടുവെപ്പാണ് അറബിമലയാള സാഹിത്യ പഠനങ്ങള്‍ എന്ന കൃതി. അറബിമലയാളത്തിലെ കഥ, കവിത, നോവല്‍, ചരിത്രം, വൈദ്യം, പത്രമാസികകള്‍ തുടങ്ങി വിവിധ സാഹിത്യധാരകളെ അടയാളപ്പെടുത്തുന്ന ലേഖനങ്ങളുടെ അപൂര്‍വ സമാഹാരമാണിത്. അറബിത്തമിഴ്, മാപ്പിളപ്പാട്ട് എന്നിവയിലേക്കും ഇതിലെ ചര്‍ച്ച വികസിക്കുന്നുണ്ട്. അറബിമലയാളവും മാപ്പിളമലയാളവും ഒന്നാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ ഇതിലെ വരികള്‍ക്കിടയില്‍ കാണാം.

അറബിമലയാളം സാഹിത്യവും ചരിത്രവും (ടി. മന്‍സൂറലി), അധിനിവേശവിരുദ്ധ സാഹിത്യം അറബിയിലും അറബിമലയാളത്തിലും (ഡോ. എം.പി മുജീബുറഹ്മാന്‍), മാപ്പിളപ്പാട്ട് പെര്‍ഫോമന്‍സിന്റെ സാധ്യതകളും പ്രശ്‌നവല്‍ക്കരണവും (ഡോ. ഉമര്‍ തറമേല്‍), അറബിത്തമിഴ് (തോപ്പില്‍ മുഹമ്മദ് മീരാന്‍), നരവംശ ശാസ്ത്രവും ഭാഷാപഠനവും: സംസ്‌കൃതമലയാളം, അറബിമലയാളം (സുനില്‍ബാബു സി.ടി), അറബിമലയാളത്തില്‍ നിന്ന് മലയാള ഇസ്‌ലാമിലേക്ക് (ഡോ. ജമീല്‍ അഹ്മദ്), മാപ്പിളപ്പാട്ടിന്റെ ജനകീയത (ഫൈസല്‍ എളേറ്റില്‍), മനാഖിബ്: പ്രാദേശിക ജീവിതത്തിന്റെ വരമൊഴിയടയാളങ്ങള്‍ (എം. നിസാര്‍), മാപ്പിളവാമൊഴിയും അറബിമലയാളവും (സബ്‌ന പരി), ഇശലുകള്‍ (ഹസന്‍ നെടിയാട്),അറബിമലയാള പത്രമാസികകള്‍ (കെ.എം നസീര്‍), അറബിമലയാളത്തിലെ വൈദ്യകൃതികള്‍ (സലാഹുദ്ദീന്‍ സി.ടി), അറബിമലയാളത്തിലെ നോവലുകള്‍ (രമേശ് വി.കെ), അറബിമലയാള സാഹിത്യത്തിലെ പെണ്‍പെരുമ (സമീറ ഹനീഫ്), മോയിന്‍ കുട്ടി വൈദ്യരുടെ കാവ്യലോകം (രജ്ഞിനി വി), ശ്രേഷ്ഠ മലയാളി മറന്നു കളയുന്ന ഭാഷയുടെ ബഹുസ്വരത (ഡോ. അസീസ് തരുവണ) എന്നിവയാണ് ഇതിലെ ലേഖനങ്ങള്‍. മുഹ്‌യുദ്ദീന്‍ മാല, കപ്പപ്പാട്ട്, നൂല്‍മദ്ഹ് എന്നിവയും അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.
 

കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയായ ടി. മന്‍സൂര്‍ ആണ് ഇതിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഎയും, മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംഫിലും കരസ്ഥമാക്കിയ അദ്ദേഹമിപ്പോള്‍ കാലിക്കറ്റ് സര്‍വകലാശാല മലയാള വിഭാഗത്തില്‍ മാപ്പിള കലകളുടെയും അനുഷ്ഠാനങ്ങളുടെയും ചരിത്രം, വ്യവഹാരം, പ്രത്യയശാസ്ത്രം: ഒരു വിമര്‍ശന പഠനം എന്ന വിഷയത്തില്‍ മുഴുസമയ ഗവേഷകനാണ്. മാപ്പിളരാമായണം പാഠവും പഠനവും എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. ഫോണ്‍: 9745457585. Email: [email protected]
ലീഡ് ബൂക്‌സ് (വട്ടക്കിണര്‍, കോഴിക്കോട്) 2014 മാര്‍ച്ചില്‍ പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ വില: 170 രൂപയാണ്.

Related Articles