Current Date

Search
Close this search box.
Search
Close this search box.

കുനാന്‍ പോഷ്‌പോറ; ഇരകള്‍ ചരിത്രമെഴുതുന്നു

Remember-Kunan.jpg

1991 ഫെബ്രുവരി 23-നാണ് അത് സംഭവിച്ചത്. കുപ് വാര ജില്ലയിലെ ഒരു ഒറ്റപ്പെട്ട പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കുനാന്‍, പോഷ്‌പോറ എന്നീ ഗ്രാമങ്ങളില്‍ തിരച്ചില്‍ നടത്താനായി ഇന്ത്യന്‍ സൈന്യം എത്തി. ഫെബ്രുവരി 23-24-ലെ ആ ഭീകരരാത്രിയില്‍, 68 ബ്രിഗേഡിന്റെ 4-മത് രജ്പുത്ത് റൈഫിള്‍സ് ഗ്രാമം മുഴുവന്‍ വളയുകയും, സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തത് വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. സ്ത്രീകളുടെ പ്രായം പോലും നോക്കാതെ വിവാഹിതകളും, അവിവാഹിതകളും, ഗര്‍ഭിണികളും, രോഗികളുമായ 13-നും 80-നും ഇടക്ക് പ്രായമുള്ള 100-ലധികം സ്ത്രീകളെയാണ് അന്ന് സൈന്യം ബലാത്സംഗം ചെയ്തതെന്ന് ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ 100-ലധികം സ്ത്രീകള്‍ കുനാന്‍ പോഷ്‌പോറയില്‍ സൈന്യത്താല്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തന്റെ ചാരിത്ര്യവും, അഭിമാനവും, ആത്മാഭിമാനവുമെല്ലാം നഷ്ടപ്പെട്ട ആ കാശ്മീരി സ്ത്രീകള്‍ക്ക് ആ ഭീകരരാത്രി എങ്ങനെ മറക്കാന്‍ സാധിക്കും?

ഗ്രാമം മൊത്തം വളഞ്ഞ സൈനികര്‍ ആദ്യം പുരുഷന്‍മാരോടെല്ലാം വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വീടുകളിലേക്ക് സൈനികരുടെ ഒരു ഇരച്ച് കയറ്റമായിരുന്നു, സ്ത്രീകള്‍ സഹായത്തിന് വേണ്ടി കേണു, പക്ഷെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ആ രാത്രി വളരെ ദൈര്‍ഘ്യമേറിയതായിരുന്നു. പ്രത്യേകിച്ച് ഇരകള്‍ക്ക്. അവര്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇന്ത്യന്‍ സൈന്യം ഗ്രാമത്തിന് ചുറ്റും കനത്ത സുരക്ഷാവലയം തീര്‍ത്ത് അവിടെ തന്നെ നിലയുറപ്പിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകന്‍ ബി.ജെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഒരു സംഘം സംഭവത്തെ കുറിച്ച് അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ട് ഇപ്രകാരമായിരുന്നു: ‘സൂക്ഷ്മ പരിശോധനയില്‍ കുനാന്‍ പോഷ്‌പോറ കൂട്ടബലാത്സംഗ സംഭവം ഒരു വന്‍നുണയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കാശ്മീരിലും പുറത്തുമുള്ള തീവ്രവാദ സംഘങ്ങളും, അവരെ പിന്തുണക്കുന്നവരും, ചേര്‍ന്ന് ഉണ്ടാക്കിയ ഒരു കള്ളക്കഥമാത്രമാണത്, ഒരു മനശാസ്ത്രയുദ്ധത്തിന്റെ ഭാഗം’.

അന്തര്‍ദേശീയ, അന്താരാഷ്ട്രാ തലത്തില്‍ നിന്നുള്ള ഒരുപാട് മനുഷ്യാവകാശ സംഘടനകളും മറ്റും പ്രസ്തുത റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് കൊണ്ടും രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടും രംഗത്ത് വന്നു. രാജ്യത്തെ വിവിധ കോടതികളില്‍ നീതിക്ക് വേണ്ടി ഇന്നും പോരാടിക്കൊണ്ടിരിക്കുകയാണ് ഗ്രാമവാസികള്‍.

ഇപ്പോഴിതാ, കുനാന്‍ പോഷ്‌പോറ സംഭവത്തെ കുറിച്ചുള്ള മുഴുവന്‍ വിശദാംശങ്ങളും ഉള്‍പ്പെടുത്തി കൊണ്ട്  ‘Do you Remember Kunan-Poshpora?’ എന്ന പേരില്‍ ഒരു പുസ്തകമാക്കി രംഗത്ത് വന്നിരിക്കുകയാണ് 23-നും 28-നും ഇടക്ക് പ്രായമുള്ള അഞ്ച് കാശ്മീരി വനിതകള്‍. സംരീനാ മുഷ്താഖ്, ഇഫ്‌റഹ് ബട്ട്, ഇസ്സാര്‍ ബതൂല്‍, നടാഷാ മന്‍സൂര്‍, മുനാസാ റാഷിദ് എന്നിവരാണ് ആ അഞ്ച് ധീരവനിതകള്‍. അഡ്വേക്കറ്റുമാരും, സാമൂഹിക പ്രവര്‍ത്തകരും, വിദ്യാര്‍ത്ഥികളുമടങ്ങുന്ന ഈ എഴുത്ത് സംഘം, കുനാല്‍ പോഷ്‌പോറ ഇരകള്‍ക്ക് വേണ്ടി ശ്രീനഗര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മനുഷ്യാവകാശ സംഘടനയിലെ അംഗങ്ങള്‍ കൂടിയാണ്.

‘ഓരോ ചുവടുകളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു, പക്ഷെ ഞങ്ങള്‍ തിരിഞ്ഞ് നോക്കിയില്ല. ഈ ഗ്രാമത്തിലെ സ്ത്രീകള്‍ അനുഭവിച്ച ക്രൂരതകള്‍ ജനസമക്ഷം അവതരിപ്പിക്കണമെന്ന ദൃഢനിശ്ചയമുണ്ടായിരുന്നു.’ പീസ് ആന്റ് കോണ്‍ഫ്‌ലിക്ട് സ്റ്റഡീസില്‍ മാസ്റ്റര്‍ ഡിഗ്രി ചെയ്യുന്ന ഇഫ്‌റഹ് പറഞ്ഞു.

പുസ്തകം ഏഴ് അധ്യായങ്ങളായാണ് തിരിച്ചിരിക്കുന്നത്.  
KunanPoshpora and women in Kashmir.
Making sense of KunanPoshpora mass rape.
Sexual violence and impunity in Kashmir.
That night in Kunan-Poshpora.
Life in Kunan-Poshpora today, inquiries and impunities.
People who remember and the recent struggle, an insider’s view.

1991 ഫെബ്രുവരി 23/24-ലെ ആ രാത്രി നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളും, ദുരന്തത്തിന് ശേഷമുള്ള ഇരകളുടെ ജീവിതം, അന്വേഷണങ്ങളും, ‘ശിക്ഷിക്കപ്പെടാതെ പോയ കുറ്റവാളികള്‍’, ബലാത്സംഗത്തെ ഒരു അടിച്ചമര്‍ത്തല്‍ ഉപകരണമായി ഉപയോഗിക്കുന്ന ഭരണകൂടം തുടങ്ങിയ വസ്തുതകളിലൂടെയാണ് എഴുത്ത് വികസിക്കുന്നത്.

‘കാശ്മീരില്‍ ‘അധികാരം’ ഉച്ചത്തില്‍ സംസാരിക്കും, അതേസമയം ‘ചെറുത്ത് നില്‍പ്പ്’ അടക്കിപിടിച്ച് ശബ്ദമുയര്‍ത്താതെ സംസാരിക്കും. ഈ അടക്കി പിടിച്ച സംസാരങ്ങളെ ഉച്ചത്തിലുള്ള സംസാരങ്ങളായി രൂപപ്പെടുത്തിയ ഈ എഴുത്തുകാരികള്‍, അധികാരത്തോട് വിരല്‍ ചൂണ്ടി സംസാരിക്കാന്‍ ധൈര്യം കാട്ടിയിരിക്കുകയാണ്.’ ബി.ബി.സി കാശ്മീര്‍ പ്രതിനിധി റിയാസ് മസ്‌റൂര്‍ പുസ്തകത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം രേഖപ്പെടുത്തി.

2013-ലാണ് അമ്പതോളം വരുന്ന സ്ത്രീകളുടെ സംഘം കുനാന്‍ പോഷ്‌പോറ കൂട്ടബലാത്സംഗ കേസ് പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജമ്മുകാശ്മീര്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. പരാതി സ്വീകരിച്ച കോടതി കേസില്‍ വീണ്ടും അന്വേഷണം ആരംഭിച്ചു.

2014-ല്‍, 2011-ല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് പോലെ ഇരകള്‍കള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ആശ്വാസം പ്രദാനം ചെയ്യാനുള്ള സാധ്യതകളെ പറ്റി അന്വേഷിക്കണമെന്ന് സര്‍ക്കാറിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എന്നാല്‍, പുനരന്വേഷണത്തിന് സൈന്യം വിസമ്മതിച്ചോടെ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുപ്രീം കോടതി കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. ‘ഈ പോരാട്ടത്തില്‍ അന്തിമവിജയം ഞങ്ങള്‍ക്കാകുമെന്ന് ഉറപ്പൊന്നുമില്ല. അതേസമയം, ജനങ്ങള്‍ക്കിടയില്‍ പോരാട്ടത്തിന്റെയും ചെറുത്ത് നില്‍പ്പിന്റെയും ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാനാണ് ഇതുമായി മുന്നോട്ട് പോകുന്നത്. അനീതിക്ക് മുന്നില്‍ ഞങ്ങളൊരിക്കലും നിശബ്ദരായിരിക്കുകയില്ല.’ സംരീന്‍ എഴുതുന്നു.

ജനങ്ങള്‍ സ്വീകരിക്കുമെന്ന് ഉറപ്പുണ്ടായിട്ടൊന്നുമല്ല അവര്‍ ഈ ഉദ്യമത്തിന് ഇറങ്ങിതിരിച്ചത്. ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും സത്യം വിളിച്ചുപറയേണ്ടതുണ്ട്. മറുഭാഗം വര്‍ഷങ്ങളായി നുണകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ സത്യം വിളിച്ചു പറയേണ്ടത് പ്രത്യേകിച്ചും അനിവാര്യമാണ്. സത്യത്തിന്റെ ഭാഗത്ത് അടിയുറച്ച് നില്‍ക്കുമ്പോള്‍, ആത്മവിശ്വാസം സ്വഭാവികമായും നിങ്ങളില്‍ നിറയുമെന്നാണ് അവര്‍ക്ക് നമ്മോട് പറയാനുള്ളത്.

സുബാന്‍ പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. 228 പേജുള്ള പുസ്തകത്തിന്റെ യഥാര്‍ത്ഥ വില 395 ആണ്. 296 രൂപക്ക് ആമസോണില്‍ ലഭ്യമാണ്.

Related Articles