Current Date

Search
Close this search box.
Search
Close this search box.

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മദ്ഹ്

nool-madh.jpg

മാപ്പിളസാഹിത്യത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കവിയും പണ്ഡിതനും തത്വചിന്തകനും സര്‍വോപരി സരസനുമായിരുന്നല്ലോ കുഞ്ഞായിന്‍ മുസ്‌ലിയാര്‍. നര്‍മകഥകളിലെ നായകന്മാരായി അറിയപ്പെടുന്നവരാണ് മുല്ലാ നസ്‌റദ്ദീന്‍ ഖോജയും കുഞ്ഞായന്‍ മുസ്‌ല്യാരും. മുല്ലയുടെ കഥകളില്‍ ആത്മീയവിശകലന സാധ്യതയുള്ളവ ഏറെയുണ്ടെന്നും മുസ്‌ല്യാരുടെ കഥകളില്‍ അവ കുറവാണെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം മുസ്‌ല്യാരുടെ ലഭ്യമായ മൂന്ന് കവിതകളും ആത്മീയ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കൃത്യമായൊരു ജീവിതകാലയളവ് ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹത്തിന്റെ കൃതികളില്‍ നിന്ന് ലഭിക്കുന്ന ഹ്രസ്വമായ സൂചനകളും പ്രസ്തുത കൃതികള്‍ പ്രസാധനം ചെയ്ത വര്‍ഷങ്ങളില്‍ നിന്ന് ഗണിച്ചെടുക്കുന്ന അനുമാനങ്ങളുമാണ് അദ്ദേഹത്തിന്റെ ജീവിത കാലത്തെ നിര്‍ണയിക്കാവുന്ന സ്രോതസ്സുകളായി ഇന്ന് നമുക്കു മുമ്പിലുള്ളത്. അതുപ്രകാരം പതിനെട്ടാം നൂറ്റാണ്ടുകാരനാണ് കുഞ്ഞായിന്‍ മുസ്‌ലിയാരെന്ന് സാമാന്യമായി പറയാമെന്ന് അറബി മലയാള സാഹിത്യ വിദഗ്ധനായ കെ. അബൂബക്ര്‍ വടകര നിരീക്ഷിക്കുന്നു. വടക്കേ മലബാറിലെ തലശ്ശേരി നഗരത്തില്‍ സൈദാര്‍ പള്ളിക്കടുത്ത മക്കറയില്‍ എന്ന വീട്ടിലാണ് അദ്ദേഹം ജനിച്ചതെന്നും പൊന്നാനിയില്‍ നിന്നാണ് മതവിദ്യാഭ്യാസം നേടിയതെന്നും തലശ്ശേരിയിലെ പഴയ ജുമുഅത്ത് പള്ളിയുടെ പരിസരത്തുള്ള ഖബ്ര്‍ സ്ഥാനിലാണ് ആ വന്ദ്യപുരുഷന്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്നും പറയപ്പെടുന്നു. അറബി, മലയാളം, തമിഴ് ഭാഷകളിലും അദ്ധ്യാത്മിക വിഷയങ്ങളിലും അദ്ദേഹത്തിന് അവഗാഹമുണ്ടായിരുന്നുവെന്നും അദ്ദേഹം ഒരു നല്ല മുസ്‌ലിം ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ കൃതികള്‍ തെളിയിക്കുന്നു.

നൂല്‍മദ്ഹ്, കപ്പപ്പാട്ട്, നൂല്‍മാല എന്നീ മൂന്ന് കൃതികളാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടേതായി ഇതുവരെ കണ്ടെടുക്കപ്പെട്ട സാഹിത്യസംഭാവനകള്‍. ഇവയില്‍ ക്രി.1737-ലാണ് നൂല്‍ മദ്ഹ് രചിച്ചത്. പ്രവാചക പ്രകീര്‍ത്തനമാണ് അതിന്റെ ഉള്ളടക്കം. കപ്പപ്പാട്ട് ഒരു ദാര്‍ശനിക കാവ്യവും, നൂല്‍മാല ശൈഖ് മുഹ്‌യുദ്ദീന്‍ ജീലാനിയുടെ അപദാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാലയുമാണ്. മുയ്ഹുദ്ദീന്‍ മാലക്ക് ശേഷം 130 വര്‍ഷം കഴിഞ്ഞാണ് നൂല്‍ മദ്ഹ് രചിക്കപ്പെട്ടത്. 15 ഇശലുകളിലായി 666 ഈരടികളാണ് ഇതിലുള്ളത്. വളരെ പ്രൗഢമായ ഒരു ബംമ്പോട് (ഗദ്യവര്‍ണന) കൂടി ഈ കൃതി ആരംഭിക്കുന്നു.

നൂല്‍ മദ്ഹ് എന്ന പദം ‘നൂല്‍’ എന്ന തമിഴ് പദവും ‘മദ്ഹ്’ എന്ന അറബി പദവും ചേര്‍ന്നതാണ്. നൂല്‍ എന്നാല്‍ തമിഴില്‍ കൃതിയാണെന്ന് കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മാപ്പിളപ്പാട്ടുകളെ കുറിച്ച് ഈയടുത്ത കാലത്ത് വസ്തുനിഷ്ഠമായ പഠനം നടത്തിയ വി.പി മുഹമ്മദാലി, ‘മാപ്പിളപ്പാട്ടുകള്‍ നൂറ്റാണ്ടുകളിലൂടെ’ എന്ന കൃതിയില്‍ ‘നൂല്‍’ എന്ന വാക്കിന് പ്രവാചകന്‍ എന്ന അര്‍ഥമുണ്ടെന്ന് രേഖപ്പെടുത്തുന്നു. അങ്ങനെ വരുമ്പോള്‍ നൂല്‍മദ്ഹിന് പ്രവാചക പ്രകീര്‍ത്തനം എന്ന് അര്‍ഥം പറയാം. അബ്ദുല്‍ കരീമിന്റെ അഭിപ്രായത്തില്‍ ‘പ്രകീര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി’ എന്ന് മാത്രമേ അര്‍ഥം ലഭിക്കുകയുള്ളൂ.
നൂല്‍ മദ്ഹ് എന്ന കാവ്യത്തിന് അത് രചിച്ചക്കപ്പെട്ട് 277 വര്‍ഷങ്ങള്‍ക്കിപ്പുറമുണ്ടായ കാലികപ്രസക്തമായ പുനര്‍ വായനയാണ് ഡോ. പി. സക്കീര്‍ ഹുസൈന്‍ (പെരിന്തല്‍മണ്ണക്കടുത്ത വേങ്ങൂര്‍ സ്വദേശി, മലപ്പുറം ഗവ.കോളേജില്‍ ഇസ്‌ലാമിക ചരിത്രവിഭാഗത്തില്‍ സേവനം ചെയ്യുന്നു) നിര്‍മിച്ച നൂല്‍മദ്ഹ്: കവിതയും കാലവും. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി 2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരിച്ച ഈ കൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത് ബാലകൃഷ്ണന്‍ വള്ളിക്കുന്നാണ്.

അദ്ദേഹം എഴുതുന്നു: ‘ഇസ്‌ലാമിക ദാര്‍ശനികതയിലെ നൂറുല്‍ മുഹമ്മദീയത്തിന്റെ പരിസരത്തില്‍ മാപ്പിള സാഹിത്യവിതാനത്തില്‍ ഉരുവംകൊണ്ട അപൂര്‍വ രചനകളിലൊന്നാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ നൂല്‍മദ്ഹ്. പ്രസ്തുത ദാര്‍ശനികതയുടെ ചുറ്റുവട്ടത്തില്‍ അതിനൊരു പഠനവും ആസ്വാദനവും നിര്‍മിക്കുകയെന്നത് ഏറെ ക്ലേശകരവും ശ്ലാഘനീയവുമാണ്. അതുകൊണ്ട് ഡോ. പി സക്കീര്‍ ഹുസൈന്റെ ‘നൂല്‍മദ്ഹ്: കവിതയും കാലവും’ അക്കാദമിക തലത്തില്‍ മാപ്പിള സാഹിത്യവിഷയകമായുള്ള ഗൗരവതരമായൊരു മുതല്‍ക്കൂട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല.’
നൂല്‍ മദ്ഹ് മൂലഭാഷയിലും മലയാള ലിപിയിലും ഇതില്‍ കാണാം. ഏതൊരാള്‍ക്കും മനസിലാക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ കൃതി തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
വില 230.00  പേജ് – 216 

Related Articles