Current Date

Search
Close this search box.
Search
Close this search box.

ഓര്‍മയില്‍ ഒരു വസന്തം

ormayil-oru-vasntham.jpg

ജീവിതത്തിന്റെ വസന്തകാലത്തു തന്നെ ലോകത്തോട് വിടപറഞ്ഞ സി.എം റബീഅയുടെ രചനകള്‍ക്ക് പുനര്‍ജന്മം നല്‍കിയ ‘ഓര്‍മയില്‍ ഒരു വസന്തം’ കയ്യില്‍ കിട്ടിയ ഉടനെ ഒറ്റയിരിപ്പിനു പകുതിയോളം വായിച്ചു തീര്‍ത്തു. അടുത്ത ദിവസം തന്നെ അത് പൂര്‍ത്തിയാക്കുകയും ചെയ്തു. ശരിക്കും പറഞ്ഞാല്‍ വായിക്കുകയായിരുന്നില്ല.. റബീഅ നേരിട്ട് പറയുകയായിരുന്നു. കഥയായും കവിതയായും കുറിപ്പുകളായും കോറിയിട്ട വാക്കുകളിലൂടെ കണ്ണോടിക്കുമ്പോള്‍ അങ്ങനെയാണെനിക്ക് തോന്നിയത്. അവളുടെ തോന്നലുകളാണ് ഡയറിയില്‍ കുറിച്ചിട്ട ഈ വാക്കുകളെങ്കിലും എന്തോ ഒരു ദൈവിക സാമിപ്യം എഴുത്തുകളില്‍ പ്രതിഫലിക്കുന്നു.

റബീഅയുടെ കൂടെപ്പിറപ്പായ രോഗാവസ്ഥയെ പറ്റി എത്ര മനോഹരമായാണവള്‍ കുറിച്ചിട്ടത്. അവര്‍ക്ക് പ്രായം കൂടും തോറും രോഗവും അവളും തമ്മിലുള്ള പ്രണയവും കൂടുകയായിരുന്നു. ശരിക്കും പറഞ്ഞാല്‍ രോഗാവസ്ഥയെപ്പോലും അനുഗ്രഹമായാണവള്‍ കണ്ടതെന്ന് ആ കുറിപ്പുകളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാവും.

അവളുടെ പ്രണയങ്ങളെല്ലാം പ്രപഞ്ചാധിപനോടും മുത്ത് റസൂലിനോടുമായിരുന്നു. അല്ലെങ്കില്‍ അവര്‍ക്ക് വേണ്ടിയായിരുന്നു. അതാണ് ആ ഡയറിക്കുറിപ്പുകളുടെ കാതല്‍. അതാണെല്ലോ കൂട്ടുകാരികളെ നേര്‍വഴിയിലാക്കാന്‍ സ്വപ്നത്തിലാണെങ്കിലും പ്രവാചകന്‍ വന്ന് പറഞ്ഞതായുള്ള കുറിപ്പിലൂടെ നമ്മിലേക്കെത്തുന്ന സന്ദേശം. എന്തൊരു ദീര്‍ഘ ദ്യഷ്ടിയാണവളുടെ കുറിപ്പുകള്‍ക്ക്. ഓരോ സംഭവത്തേയും അല്ലാഹുവിന്റെ കാരുണ്യവുമായി ചേര്‍ത്തെഴുതുന്നത് എത്ര മനോഹരമായാണ്.

റബീഅയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുന്ന ഭാഗത്തും കാണാം അവളുടെ കുറിപ്പ് പോലെ കാമ്പുള്ള വാക്കുകള്‍. മാതാപിതാക്കളുടേയും കൂടപ്പിറപ്പുകളുടേയും അധ്യാപകരുടേയുമെല്ലാം അനുഭവങ്ങളും അനുസ്മരണങ്ങളും അവളുടെ കൂടെയുള്ള നിമിഷങ്ങളുടെ വിവരണങ്ങളും ഈ പുസ്തകത്തിന്റെയും റബീഅയുടെ സ്വഭാവ മഹിമയുടേയും മാറ്റ് കൂട്ടുന്നതാണ്.

‘സഹോദരി എന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം ഇസ്‌ലാമിലേക്ക് കൂടുതല്‍ അടുക്കാനുള്ള ഉപദേശങ്ങള്‍ അവള്‍ നല്‍കുമായിരുന്നു. ഒരിക്കല്‍ പോലും അവ ബോറടിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടില്ല. നമ്മുടെ അറിവില്ലായ്മയെ ഒരിക്കലും പരിഹസിക്കുമായിരുന്നില്ല. പകരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി ക്ഷമയോടെ തിരുത്തുമായിരുന്നു. ഏത് സംശയവും ചോദിക്കാനുള്ള സ്വാതന്ത്രവും ഉണ്ടായിരുന്നു.’ റബീഅയുടെ അനിയത്തി റഫീഅയുടെ കുറിപ്പില്‍ നിന്നുള്ള വാക്കുകളാണിത്.

പ്രിയ സഹോദരന്‍ നൗഷാദ് (റബീഅയുടെ ഭര്‍ത്താവ്) പറഞ്ഞ പോലെ ഹ്രസ്വകാല ജീവിതം കൊണ്ട് മറ്റുള്ളവര്‍ക്ക് ജീവിതകാലം മുഴുവന്‍ നെഞ്ചേറ്റാനുതകുന്ന ഓര്‍മകള്‍ തന്നേയാണവള്‍ സമ്മാനിച്ചത്. നിങ്ങള്‍ റബീഅയുടെ ഡയറിക്കുറിപ്പുകളും അനുഭവക്കുറിപ്പുകളും പ്രസിദ്ധീകരിക്കുക വഴി അവളോടുള്ള കടമകള്‍ മാത്രമല്ല ജി.ഐ.ഒ പാലക്കാട് ജില്ലാ ഭാരവാഹികള്‍ നിറവേറ്റിയത്. ഒരുപാട് ജനങ്ങളുടെ ജീവിതത്തില്‍ നേര്‍വഴിയിലേക്കുള്ള വെളിച്ചം കാണിക്കല്‍ കൂടിയാണത്.

ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയായിരുന്ന റബീഅ തന്റെ 22ാം വയസ്സിലാണ് കഴിഞ്ഞ ഫെബ്രുവരില്‍ നമ്മോട് വിടപറഞ്ഞത്. അവരുടെ കഥകള്‍ക്കും കവിതകള്‍ക്കും ഡയറിക്കുറിപ്പുകള്‍ക്കും ഒപ്പം അവളുമായി അടുത്തിടപഴകിയിരുന്നവരുടെ ഓര്‍മക്കുറിപ്പുകളുമാണ് പുസ്തകത്തിലെ ഉള്ളടക്കം. ജി.ഐ.ഒ പാലക്കാട് ജില്ലാ കമ്മറ്റി പുറത്തിറക്കിയ പുസ്തകം കോഴിക്കാട് വചനം ബുക്‌സാണ് വിതരണം ചെയ്യുന്നത്.

Related Articles