Current Date

Search
Close this search box.
Search
Close this search box.

ഒരു താരോദയത്തിന്റെ കഥയിലെ ധൃതിയുടെ പൊല്ലാപ്പുകള്‍

qaradawi.jpg

ജീവനുള്ള ഇസ്‌ലാമിന്റെ സമകാലിക ചാലക ശക്തികളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ ജീവിതം മലയാളികള്‍ക്ക് പരിചയപ്പെടുത്താനുള്ള ഉദ്യമമാണ് ‘ഖറദാവിയുടെ ആത്മകഥ’. ശൈഖ് ഖറദാവി പിന്നിട്ട വഴിത്താരകളെ സാമാന്യം ഭംഗിയായി ഇതില്‍ കോറിയിട്ടിരിക്കുന്നു. സംഭവബഹുലവും ഏറെ രോമാഞ്ചജനകവുമായ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ഇതില്‍ കാണാം. ഒരു പണ്ഡിതന്‍ രൂപപ്പെടുന്നതിന്റെ നാള്‍വഴികള്‍ വരിച്ചുകാണിക്കുന്നതോടൊപ്പം, ഇന്ന് മര്‍ദക ഭരണകൂടങ്ങള്‍ക്കെതിരെ സിംഹഗര്‍ജനം മുഴക്കാനുള്ള ശേഷിയും ധീരതയും ആര്‍ജവവും അദ്ദേഹം നേടിയെടുത്തതെങ്ങനെയെന്നും ഈ കൃതി നമുക്ക് പറഞ്ഞുതരുന്നു.

ഖറദാവിയുടെ ജന്മ ഗ്രാമത്തിന്റെ ധാര്‍മിക സാമ്പത്തിക, സമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങള്‍ വിവരിച്ചുകൊണ്ടാണ് കൃതി ആരംഭിക്കുന്നത്. മാതാപിതാക്കളുടെ വിയോഗം ഉള്‍പ്പടെയുള്ള പ്രതിസന്ധികള്‍ നിറഞ്ഞ ബാല്യ, കൗമാര കാലഘട്ടങ്ങള്‍, അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിയ പ്രാഥമിക വിദ്യാഭ്യാസം, പലരുടെയും സഹായത്തോടെയുള്ള ത്വന്‍തയിലെ മഅ്ഹദുദ്ദീനിയില്‍ ചേര്‍ന്നുള്ള തുടര്‍പഠനം എന്നിവയെ കുറിച്ച വിവരണങ്ങള്‍ ശൈഖ് ഖറദാവിയുടെ ഇഛാശക്തിയെ കൂടി അനാവരണം ചെയ്യുന്നു. ഇമാം ഹസനുല്‍ ബന്നയില്‍ ആകൃഷ്ടനായതും  തുടര്‍ന്ന് ഇഖ്‌വാന്റെ ഭാഗമായതും അതിന്റെ പേരില്‍ പലപ്പോഴായി അനുഭവിക്കേണ്ടി വന്ന അറസ്റ്റും ജയില്‍വാസവും ക്രൂരമായ പീഡനങ്ങളും അതില്‍ നിന്ന് കിട്ടിയ ജീവിത പാഠങ്ങളും, ഇഖ്‌വാന്‍ നേരിട്ട പ്രതിബന്ധങ്ങളും നിരോധനങ്ങളും അടിച്ചമര്‍ത്തലുകളുമെല്ലാം ഇതില്‍ സംക്ഷേപിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിമോചന പോരാട്ടവും അറബ് നാടുകളുടെ നിസ്സംഗതയും ഇതില്‍ ചര്‍ച്ചാവിധേയമാക്കുന്നു. അതിനിടയില്‍ ഡിഗ്രി, പിജി പഠനങ്ങളെ കുറച്ചും പി.എച്ച്.ഡിയെ കുറിച്ചും കവിത, നാടകം, ലേഖനം, ഗ്രന്ഥരചന, പ്രഭാഷണം, ഖുതുബ തുടങ്ങി ഖറദാവി അക്കാലത്ത് നിര്‍വഹിച്ച വൈജ്ഞാനിക സര്‍ഗ ആവിഷ്‌കാരങ്ങളും സേവനങ്ങളും പ്രത്യേകം പരാമര്‍ശിക്കുന്നു.

വിവാഹാലോചനയുമായി ബന്ധപ്പെട്ട് ഖറദാവി മുന്നോട്ടുവെച്ച നിബന്ധനകളും പെണ്ണുകാണലുകളും സരസമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നീട് പിതാവായതുള്‍പ്പടെയുള്ള കുടുംബവിശേഷങ്ങളും ജോലിയാവശ്യാര്‍ഥം ഖത്വറിലെത്തി മഅ്ഹദുദ്ദീനിയുടെ സാരഥിയായതും തുടര്‍ന്നുള്ള വിദ്യാഭ്യാസ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളും സൂചിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളും പണ്ഡിതന്മാരുമായുള്ള കൂടിക്കാഴ്ചകളും പങ്കുവെക്കുന്നു.

1920കളുടെ ആദ്യത്തിലാണ് ഖറദാവി ജനിച്ചതെന്ന് വരികള്‍ക്കിടയില്‍ നിന്ന് ഗ്രഹിക്കാം. 1977 വരെയുള്ള കാര്യങ്ങള്‍ മാത്രമേ ഈ മലയാള ആത്മകഥാ സാരാംശത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂവെന്നത് ഒരു വലിയ പോരായ്മ തന്നെയാണ്. പ്രസാധകക്കുറിപ്പില്‍ തദ്‌സംബന്ധമായ മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെങ്കിലും. അതിങ്ങനെ വായിക്കാം:

നാല് വാള്യത്തില്‍ ആയിരത്തില്‍പരം താളുകളില്‍ പരന്നു കിടക്കുന്ന ബൃഹദ്ജീവിതം ഇരുനൂറില്‍ പരം പേജുകളിലേക്ക് ചുരുട്ടിക്കെട്ടുന്നത് ഒരു ദുസ്സാഹസമായി എണ്ണപ്പെടാം. വിവര്‍ത്തകന്‍ വിട്ടുകളഞ്ഞ പല പ്രധാന സംഭവങ്ങളും ഞങ്ങള്‍ ഇതില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. എങ്കില്‍ പോലും അവ അപര്യാപ്തം തന്നെയാണ്’.

ശൈഖ് ഖറദാവി അറബിയിലെഴുതിയ ആത്മകഥയുടെ (ഇബ്‌നുല്‍ ഖര്‍യതി വല്‍കുത്താബ്) ആദ്യരണ്ട് ഭാഗങ്ങളുടെ സംഗ്രഹവിവര്‍ത്തനമാണിതെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. മൂന്നാം ഭാഗത്തില്‍ നിന്ന് വളരെ കുറഞ്ഞ ഭാഗം മാത്രമേ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളൂ. 1980 മുതല്‍ 1995 വരെയുള്ള കാലഘട്ടം പ്രതിപാദിക്കുന്ന നാലാം വാള്യത്തില്‍ നിന്ന് ഒരു വരിപോലുമില്ല.

മൂലഗ്രന്ഥത്തിലെ ഓരോ വാള്യത്തിലുമുള്ള പേജുകളുടെ എണ്ണവും അവയില്‍ നിന്ന് സംഗ്രഹിച്ച് മലയാളത്തിലേക്ക് മൊഴിമാറ്റിയ പേജുകളുടെ എണ്ണവും താരതമ്യം ചെയ്യുമ്പോഴാണ് പ്രസാധകര്‍ പറഞ്ഞ ‘ദുസ്സാഹസ’ത്തിന്റെ ആഴം ബോധ്യമാവുക. അതിവിടെ ചേര്‍ക്കട്ടെ:
 

 

വാള്യം

അറബി: പേജുകളുടെ എണ്ണം

മലയാള സംഗ്രഹം: പേജുകളുടെ എണ്ണം

1

133

133 (11 മുതല്‍ 144 വരെ)

2

493

79  (145 മുതല്‍ 223 വരെ)

3

479

30  (224 മുതല്‍ 253 വരെ)

4

725

0

ആകെ

2200

242

 

ധൃതിയില്‍ പ്രസിദ്ധീകരിച്ചതുകൊണ്ടുണ്ടായ സ്ഖലിതങ്ങളും ചൂണ്ടിക്കാണിക്കുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു.

 

♦ ഖറദാവി എന്നതിന് പകരം ഓരോ പേജിന്റെയും മുകളില്‍ ഖര്‍ദാവി എന്നാണ് എഴുതിയിരിക്കുന്നത്.
♦ ചില പേരുകള്‍ക്ക് ഏകരൂപമില്ല:
ബഹി അല്‍ ഖൂവലി (പേജ് 89), ഖൂലി (പേജ് 112), ഖുവലി (128).
മുഹമ്മദുല്‍ ഗസാലി (പേജ് 124), മുഹമ്മദ് ഗസ്സാലി (പേജ് 128), മുഹമ്മദുല്‍ ഗസ്സാലി (പേജ് 129).
ശൈഖ് (പേജ് 210), ശയ്ഖ് (പേജ് 221).
അഹ്മദ് അസ്സാല്‍ (പേജ് 219), അഹ്മദ് ഗസ്സാല്‍ (പേജ് 223).

♦ പേജ് 59: രണ്ട് വീട് എന്ന ശീര്‍ഷകത്തില്‍ പറഞ്ഞ കാര്യത്തിന് കേരളീയ പശ്ചാത്തലത്തില്‍ എന്തെങ്കിലും പുതുമയുണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. (ഖറദാവി താമസിക്കുന്ന വീടും അദ്ദേഹത്തിന്റെ വല്യുപ്പയുടെ വീടുമാണ് ഉദ്ദേശ്യം. അതൊരു അത്യപൂര്‍വ അനുഗ്രഹമായിട്ടാണ് അദ്ദേഹം വിലയിരുത്തുന്നത്).

♦ പേജ് 60: ‘കണ്ണേറ് യാഥാര്‍ഥ്യവും ഫലിക്കുന്നതുമാണെന്നതില്‍ സംശയമില്ല…. പ്രാചീന സമൂഹങ്ങളില്‍ കണ്ണേറ് അറിയപ്പെട്ട കാര്യമാണ്’ എന്ന് പ്രസ്താവിച്ച ഉടനെ, ‘ഇന്നും കണ്ണേറില്‍ വിശ്വസിക്കുന്നവരുണ്ട്’ എന്നെഴുതിയതില്‍ പൊരുത്തക്കേടുണ്ട്. ‘ഇന്നും ആളുകള്‍ കണ്ണേറില്‍ വിശ്വസിക്കുന്നു’ എന്നെഴുതിയിരുന്നെങ്കില്‍ ഉചിതമായേനെ.

♦ പേജ് 130: മിന്‍ ഹുനാ നബ്ദഉ എന്ന കൃതി രചിച്ച ഖാലിദ് മുഹമ്മദ് ഖാലിദിനെ ഇസ്‌ലാമിക ചേരിക്ക് നഷ്ടപ്പെട്ടു എന്നെഴുതി അവസാനിപ്പിച്ചിരിക്കുന്നു. ഇത് തെറ്റിദ്ധാരണാജനകമാണ്. അദ്ദേഹം തന്റെ നിലപാടില്‍ നിന്ന് പിന്മാറുകയും അവ തിരുത്തിക്കൊണ്ട് അദ്ദൗലതു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥം രചിക്കുകയും ചെയ്ത കാര്യം ഖറദാവി അനുസ്മരിക്കുന്നത് അറബിയില്‍ കാണാം (1/424).
♦ പേജ് 131: ‘ഈ സമിതിയുടെ ഉത്തരവാദിത്തങ്ങള്‍’ എന്ന പരാമര്‍ശം വ്യക്തമല്ല. ഈ സമിതി ഏതെന്ന് വായനക്കാര്‍ ഊഹിച്ചെടുക്കണം. ഇഖ്‌വാന്‍ പ്രത്യേകം രൂപം കൊടുത്ത സമിതി എന്നായിരിക്കും ഉദ്ദേശ്യം.
♦ പേജ് 137: സിറിയന്‍ അതിര്‍ത്തിയില്‍ പാസ്‌പോര്‍ട്ട് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഖറദാവിയോട് പറഞ്ഞു: ‘വിസയില്ലാതെ താങ്കള്‍ക്ക് ജോര്‍ദാനിലേക്ക് പോകാനാവില്ല’.

ഇതിന് ഖറദാവി നല്‍കുന്ന മറുപടിയും അതിനോടുള്ള ഉദ്യോഗസ്ഥന്റെ പ്രതികരണവും വായിക്കുമ്പോള്‍ ആശയക്കുഴപ്പം തോന്നുന്നുണ്ട്.

ഇവിടെ ‘ജോര്‍ദാനിലേക്ക് പോകാനാവില്ല’ എന്നത് സിറിയയില്‍ നിന്ന് പുറത്തുപോകാനാവില്ല എന്നാക്കിയാല്‍ ആശയക്കുഴപ്പം നീങ്ങും. (റസിഡന്‍സ് വിസയില്ലാതെ സിറിയയില്‍ താമസിച്ചു എന്നത് കുറ്റകൃത്യമാണെന്നും അതിന് പരിഹാരമുണ്ടാക്കിയിട്ടേ പോകാനാവൂ എന്നുമാണ് ഉദ്യോഗസ്ഥന്‍ ബോധ്യപ്പെടുത്തുന്നത്).

♦ ശൈഖ് ഖറദാവിയുടെ തിസീസിന്റെ ശീര്‍ഷകത്തെ പരാമര്‍ശിക്കുന്നതില്‍ വ്യത്യാസം കാണുന്നു.
പേജ് 192ല്‍ പറയുന്നു: ഇസ്‌ലാമിലെ സകാത്തും സാമൂഹ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അതിന്റെ പങ്കും എന്ന തിസീസ് രൂപപ്പെട്ടത് അങ്ങനെയാണ്.

പേജ് 221ല്‍ പറയുന്നു: സകാത്ത് ഖുര്‍ആന്റെയും സുന്നത്തിന്റെ വെളിച്ചത്തില്‍ എന്ന ശീര്‍ഷകത്തില്‍….

♦ പേജ് 212: ഒരു ഇഞ്ച് വലിപ്പുമുള്ള ചെറിയൊരു ബ്ലാക്ക് & വൈറ്റ്  ടി.വി എന്നെഴുതിയിരിക്കുന്നു. 14 ഇഞ്ച് എന്നതാണ് ശരി.
♦ പേജ് 253: അസ്സ്വബ്‌റു ഫില്‍ ഖുര്‍ആന്‍ എന്നത് സഹനം ഇസ്‌ലാമില്‍ എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്.

ഖണ്ഡികകളുടെ സ്ഥാനമാറ്റവും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
പേജ് 66ലെ ‘ശൈഖ് ഹാമിദ് അമ്മ ജുസ്അ് ഹൃദിസ്ഥമാക്കാന്‍ പരിശീലിപ്പിച്ചു…..’ എന്ന ഖണ്ഡിക, പേജ് 64ലെ ‘അല്‍ബഖറ പൂര്‍ത്തിയായപ്പോള്‍ ………’  എന്നതിന്റെ മുമ്പാണ് വരേണ്ടത്.

അതുപോലെ പേജ് 64ലെ ‘ഇതിനൊരു അടിസ്ഥാനമുണ്ടെന്ന്……’ എന്നതിന്റെ തൊട്ടുടനെ വരേണ്ട ‘ഞങ്ങള്‍ ഒട്ടകത്തെയോ….’ എന്ന ഖണ്ഡിക പേജ് 66-ലാണ് വന്നിട്ടുള്ളത്. ഇതിന് പുറമെ ചില്ലറ അക്ഷരത്തെറ്റുകളും ഇല്ലാതില്ല.

തേജസ് ദ്വൈവാരികയില്‍ പരമ്പരയായി വരികയും ‘ചില സാങ്കേതിക കാരണങ്ങളാല്‍’ നിര്‍ത്തലാക്കുകയും ചെയ്തതാണിത്. അല്‍പം അവധാനതയോടെ ഈ കൃതിയെ സമീപിപ്പിക്കുകയും രണ്ട് ഭാഗങ്ങളെങ്കിലുമാക്കി ഇത് പുറത്തിറക്കുകയും ചെയ്തിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നീതിപൂര്‍വകം. അങ്ങനെയാവുമ്പോള്‍ അദ്ദേഹത്തിന്റെ ജീവചരിത്രം പാതിവഴിയില്‍ ഉപേക്ഷിക്കാതെ, കുറെകൂടി വിഷയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിച്ചേനെ. വിശേഷിച്ചും നാലാം വാള്യത്തിലുള്ള 1980 മുതല്‍ 1995 വരെയുള്ള ചരിത്രം.

Related Articles