Current Date

Search
Close this search box.
Search
Close this search box.

ഒരു ‘ഇസ്‌ലാമിക’ ഫെമിനിസ്റ്റിന്റെ ചിന്താവൈകൃതങ്ങള്‍

mernisi-book.jpg

ഫെമിനിസത്തെ ഇസ്‌ലാമിലേക്ക് ചേര്‍ത്തുകൊണ്ടുള്ള പ്രയോഗങ്ങള്‍ ഇന്ന് വിരളമല്ല; ഇസ്‌ലാമിന് അതുമായി പ്രത്യേകിച്ച് ബന്ധമൊന്നും ഇല്ലെങ്കിലും. ആണിനും പെണ്ണിനും അര്‍ഹമായ എല്ലാ അവകാശങ്ങളും നല്‍കുകയും നേടിക്കൊടുക്കുകയും ചെയ്ത ദര്‍ശനമാണല്ലോ ഇസ്‌ലാം. ഇസ്‌ലാം പുരുഷ കേന്ദ്രീകൃതമാണെന്നാണ് ചിലരുടെ കണ്ടെത്തല്‍. ഇസ്‌ലാമിനെ വായിച്ച ചിലരുടെ ആഖ്യാനങ്ങള്‍ ആ കണ്ടെത്തലിന് പിന്നിലുണ്ടാകാം. പക്ഷേ ഇത് ഇസ്‌ലാമിന്റെ പേരില്‍ ആരോപിക്കുന്നത് യാഥാര്‍ഥ്യവിരുദ്ധമാണ്. ഇസ്‌ലാമിക വീക്ഷണത്തില്‍ സ്ത്രീക്കും പുരുഷനും പൊതുവും സവിശേഷവുമായ ഉത്തരവാദിത്തങ്ങളും ധര്‍മങ്ങളുമുണ്ട്. സ്ത്രീയുടെയും പുരുഷന്റെയും ശരീരവും മനസ്സും അതിന് സാക്ഷിയാണല്ലോ.

അടുത്ത കാലത്തായി ഉയര്‍ന്നുവന്ന ഒരു സാങ്കേതിക പദമാണ് ഇസ്‌ലാമിന്റെ/ഖുര്‍ആന്റെ സ്ത്രീപക്ഷ വായന. സ്ത്രീകള്‍ ഇസ്‌ലാമില്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്ന ധാരണയാണ് അതിന്റെ പ്രചോദനം. ഈ ദിശയിലൂടെ സഞ്ചരിച്ച് ജനശ്രദ്ധ നേടിയ വ്യക്തിയും കേരളത്തില്‍ പലരും തങ്ങളുടെ റോള്‍മോഡലായി അവതരിപ്പിക്കുന്നയാളുമായ ഫാത്വിമ മര്‍നീസി (മൊറോക്കെ, ജനനം 1940) എഴുതിയ Beyond the Veil Male –Female Dynamics in Muslim Socitey എന്ന ഗ്രന്ഥത്തിന്റെ പരിഭാഷയാണ് മുഖപടത്തിനപ്പുറത്തെ നേരുകള്‍ ആണ്‍പെണ്‍ബന്ധം മുസ്‌ലിം സമൂഹത്തില്‍. 40 വര്‍ഷങ്ങള്‍ക്കുമുമ്പ് 1975ല്‍ പുനഃപ്രസിദ്ധീകരിച്ച (മര്‍നീസിയുടെ 35ാം വയസ്സില്‍) ഗവേഷണപ്രബന്ധമാണിതെന്ന് മുഖവുരയില്‍ നിന്ന് ഗ്രഹിക്കാം. സ്ത്രീപുരുഷ ലൈംഗികതയാണ് ഇതിന്റെ പ്രമേയം. ഇമാം ഗസ്സാലിയുടെയും ഫ്രോയിഡിന്റെയും ചിന്തകളുടെ താരതമ്യവും ഇതില്‍ കയറിവരുന്നു. വികലധാരണകളുടെ സമാഹാരമാണ് ഇതെന്ന് മനസ്സിലാക്കാന്‍ അധികമൊന്നും വായിക്കേണ്ടി വരില്ല. ഇസ്‌ലാം എന്നത് അല്ലാഹു മനുഷ്യന് പഠിപ്പിച്ച ജീവിതദര്‍ശമാണെന്ന പ്രാഥമിക പാഠം പോലും വിസ്മരിച്ചുകൊണ്ടുള്ള ചോദ്യങ്ങള്‍ ഇതില്‍ അങ്ങിങ്ങായി കാണാം. മുസ്‌ലിംകള്‍ തങ്ങളുടെ വൈജ്ഞാനിക പൈതൃകമെന്ന് അഭിമാനിക്കുന്ന പലതിലും സ്ഥാനം പിടിച്ചിട്ടുള്ള ചില വരികളാണ് തന്റെ വാദങ്ങള്‍ക്കുള്ള തെളിവായി ഫാത്വിമ സമര്‍പ്പിക്കുന്നത്. ഈ പുസ്തകത്തിലെ ചില വാചകങ്ങള്‍ ഇവിടെ ഉദ്ധരിക്കട്ടെ:
 

‘അജ്ഞാതമായ ഒരു പ്രവൃത്തിയിലും ഇടപെടാതിരിക്കുക എന്നതാണ് ഒരു മുസ്‌ലിം ആയിരിക്കുക എന്നതിന്റെ കേവലാര്‍ഥമെങ്കിലും അജ്ഞതക്ക് (jahiliyya) ഉപോദ്ബലകമായ ഒരു മതമായ ഇസ്‌ലാം പോലും സമാനാര്‍ഥത്തില്‍ അജ്ഞതയുടെ ആഴക്കടലിലാണ്. ഈ അജ്ഞതയാണ് മുസ്‌ലിം സമുദായത്തില്‍ പൗരോഹിത്യവര്‍ഗത്തിന്റെ വളര്‍ച്ചക്കു കാരണമായതും’.

‘എന്തുകൊണ്ടാണ് ഇസ്‌ലാം പാപത്തെ (വ്യഭിചാരത്തെ) ഭയന്നത്? എന്തുകൊണ്ടാണ് സ്ത്രീയുടെ ലൈംഗികാകര്‍ഷണതയെ ഇസ്‌ലാം ഭയപ്പെട്ടത്? നിയന്ത്രണമില്ലാത്ത ഒരു സ്ത്രീയുടെ ലൈംഗിക ചേഷ്ടകളെ ചെറുക്കാന്‍ പുരുഷന് കഴിയില്ലെന്ന് ഇസ്‌ലാം കരുതിയിരുന്നോ? സ്ത്രീയുടെ ലൈംഗിക ത്രാണി പുരുഷനേക്കാള്‍ കൂടുതലായിരുന്നെന്ന് ഇസ്‌ലാം ഊഹിച്ചിരുന്നോ?’

‘പുറത്തുള്ള അവിശ്വാസിയും അകത്തുള്ള സ്ത്രീയുമെന്ന രണ്ടു ഭീഷണികളെയാണ് ഇസ്‌ലാം വ്യവസ്ഥിതി അഭിമുഖീകരിക്കുന്നത്.’

‘ഇമാം ഗസ്സാലിയെ സംബന്ധിച്ച് സ്ത്രീകള്‍ സക്രിയവും ഫ്രോയ്ഡിനെ സംബന്ധിച്ച് അവര്‍ നിഷ്‌ക്രിയവുമായതിനാല്‍ സാമൂഹ്യവ്യവസ്ഥിതിക്ക് സ്ത്രീകള്‍ വിനാശകരമാണെന്ന കാര്യത്തില്‍ മുസ്‌ലിം സിദ്ധാന്തങ്ങളും യൂറോപ്യന്‍ സിദ്ധാന്തങ്ങളും ഒന്നുതന്നെയാണെന്നതാണ് വിരോധാഭാസം’.

‘ഖുര്‍ആന്‍ ബഹുഭാര്യത്വത്തെ ഒരിടത്തും സാധൂകരിക്കുന്നില്ലെങ്കിലും ഇമാം ഗസ്സാലി അതിനെ സാധൂകരിക്കുന്നു…… പുരുഷനിലും സ്ത്രീയിലും ലൈംഗികചോദനകള്‍ തുല്യമാണെന്നിരിക്കെ, പുരുഷന് അവന്റെ തൃഷ്ണകളെ തൃപ്തിപ്പെടുത്തുന്നതിന് നാല് ഇണകള്‍ വരെ ആവാമെന്നും എന്നാല്‍ സ്ത്രീ ഒരിണയെക്കൊണ്ട് തൃപ്തിപ്പെടണമെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. പുരുഷാസക്തിയെ തൃപ്തിപ്പെടുത്തുന്നതിന് ബഹുഭാര്യത്വം ആവാമെങ്കിലും ഒരു സ്ത്രീ നാല് ഇണകളുടെ കൂടെ ശരീരം പങ്കിടുന്നത് ചിന്തിക്കാനേ കഴിന്നില്ല. ഇത് സ്ത്രീ ലൈംഗികതയെ കുറിച്ചുള്ള പ്രധാനപ്പെട്ട മുസ്‌ലിം കാഴ്ചപ്പാടിന്റെ അസ്ഥിരതയെ വ്യക്തമാക്കുന്നു’.

‘സ്വന്തം ഇംഗിതത്തിനുസരിച്ച്, അല്ലാഹുവിനെപ്പോലും പരിഹാസ പാത്രമാക്കുന്ന വിധം ആക്ഷേപാര്‍ഹമായ രീതിയില്‍ വെറും ചില വാക്കുകളാല്‍ വിവാഹ ഉടമ്പടിയെ തകര്‍ക്കുന്നതിന് വിശ്വാസിക്ക് അധികാരം നല്‍കിയതില്‍ നിന്ന് അല്ലാഹുവിനുപോലും രക്ഷപ്പെടാന്‍ കഴിയുമെന്ന് തോന്നുന്നില്ല’.

‘പരിഷ്‌കൃത കേന്ദ്രമായ മക്കയിലോ, പ്രവാചകന്‍ പലായനം ചെയ്ത, അടിസ്ഥാനപരമായി കര്‍ഷക സമൂഹമായിരുന്ന മദീനയിലോ ബഹുഭാര്യത്വം നിലനിന്നിരുന്നില്ല എന്നാണ് ഇബ്ന്‍സാദിന്റെ ജീവചരിത്ര രേഖകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത്.’

‘അദ്ദേഹത്തിന്റെ (പ്രവാചകന്റെ) പല വിവാഹങ്ങളും മതവിശ്വാസത്തിന്റെയും ഗോത്രങ്ങളുമായി ബന്ധമുണ്ടാക്കാനുള്ള രാഷ്ട്രീയ പരിഗണനയുടെയും (ഇസ്‌ലാമില്‍ രാഷ്ട്രീയം മതവിശ്വാസം തന്നെയാണ്) പേരിലായിരുന്നെങ്കിലും മറ്റു പലതും സ്ത്രീ സൗന്ദര്യത്തില്‍ അദ്ദേഹം ആകര്‍ഷകനായതിനാല്‍ തന്നെയായിരുന്നു.’ (പല തരത്തിലുള്ള ഉദാഹരങ്ങളും നിരത്തുന്നു).

ഇങ്ങനെ ഇസ്‌ലാമിനെയും പ്രവാചകനെയും തെറ്റിദ്ധരിപ്പിക്കാനും കരിവാരിത്തേക്കാനും അവഹേളിക്കാനും ഉതകുന്ന ഒട്ടേറെ വിഭവങ്ങള്‍ ഇതില്‍ കാണാം. മൊറോക്കോയിലെ നിയമങ്ങളും മുസ്‌ലിംകളുടെ ജീവിതവും ഈ ഗ്രന്ഥ രചനയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വരികള്‍ക്കിടയിലൂടെ മനസ്സിലാവുന്നത്. പക്ഷേ ഇസ്‌ലാമിനോടും ഇസ്‌ലാമിക പ്രമാണങ്ങളോടും നീതിപുലര്‍ത്തിയില്ല എന്നതാണ് ഈ കൃതിയുടെ ആകെത്തുക.

സ്ത്രീ ലൈംഗികതയെ കുറിച്ച മുസ്‌ലിം സങ്കല്‍പം, മുസ്‌ലിം സാമൂഹ്യ വ്യവസ്ഥിതിയില്‍ സ്ത്രീ ലൈംഗികതയുടെ നിയന്ത്രണം, ഇസ്‌ലാമിനു മുമ്പുണ്ടായിരുന്ന വിവാഹവും ലൈംഗികതയും, നൂതനമായ അവസ്ഥ മൊറോക്കന്‍ വസ്തുതകള്‍, അടിസ്ഥാന വിവരങ്ങളില്‍ നിന്നും വെളിവാകുന്ന ലിംഗപരമായ വൈരുദ്ധ്യങ്ങള്‍, ഭാര്യയും ഭര്‍ത്താവും, അമ്മായിയമ്മ, സ്ഥലപരമായ അതിരുകളുടെ അര്‍ഥം, മൊറോക്കോയിലെ ലൈംഗിക അരാജകത്വത്തിന്റെ സാമ്പത്തികവശം എന്നിവയാണ് ഇതിലെ പ്രധാന ശീര്‍ഷകങ്ങള്‍.

198 പേജുള്ള ഈ പുസ്തകം ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര്‍ത്തനം ഷീബ ഇ.കെ (പെരിന്തല്‍മണ്ണ സ്വദേശി, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ട്രേറ്റില്‍ ജോലി ചെയ്യുന്നു).
 

ഒലീവ് ബുക്‌സ് പ്രസിദ്ധീകരിച്ച മര്‍നീസിയുടെ ഇസ്‌ലാമും സ്ത്രീകളും (The Veil and Male Elite- first edition: 1988)എന്ന പുസ്തകവും ആശയപരമായി മേല്‍പറഞ്ഞതില്‍ നിന്ന് അധികമൊന്നും വ്യത്യസ്തമല്ല. കെ. എം വേണുഗോപാലനാണ് പരിഭാഷകന്‍. അദ്ദേഹത്തിന്റെ വിവരക്കുറവ് കൂടി ഇതില്‍ പ്രകടമാണ്. സ്ത്രീപുരുഷ സമത്വമെന്ന ആശയം ഇസ്‌ലാമില്‍ പ്രഥമദൃഷ്ട്യാ തള്ളിപ്പോകുന്ന ഒന്നാണെന്ന ധാരണയെ അസുലഭമായ ഗവേഷണ മികവിന്റെ വെളിച്ചത്തില്‍ തിരുത്തിക്കുറിക്കാനുള്ള പരിശ്രമമാണ് ഈ കൃതിയെന്ന് വിവര്‍ത്തകന്‍ അഭിപ്രായപ്പെടുന്നു.

ഉമര്‍(റ), അബൂഹുറയ്‌റ(റ) എന്നിവരെ സ്ത്രീ വിരുദ്ധരാണെന്നാണ് ഇതില്‍ മര്‍നീസി മുന്നോട്ടുവെക്കുന്ന ഒരു വാദം. അതിനെ സാധൂകരിക്കാന്‍ കുറെ ഉദാഹരണങ്ങളും നിരത്തുന്നു. പ്രവാചകനെയും പ്രവാചക പത്‌നിമാരെയും കുറിച്ച് നീചമായ ആരോപണങ്ങളും, ഖുര്‍ആന്‍ വചനങ്ങള്‍ക്കും ഹദീസുകള്‍ക്കും തോന്നിയ അര്‍ഥം കൊടുക്കുന്ന പ്രവണതയും ഇതിലും കാണാം.

സ്വതന്ത്രയാണെങ്കില്‍ മാത്രമേ സ്ത്രീക്ക് ഹജ്ജ് നിര്‍ബന്ധമുള്ളൂ എന്നതിനെയും സ്ത്രീ വിരുദ്ധമായിട്ടാണ് മര്‍നീസി കാണുന്നത്. സ്ത്രീ അടിമയാണെങ്കില്‍ അവള്‍ക്ക് ഹജ്ജ് ചെയ്യാന്‍ അവകാശമില്ല എന്നാണ് ഇതിനെ മുന്‍നിര്‍ത്തിയുള്ള മര്‍നീസിയുടെ കണ്ടുപിടുത്തം. അവരുടെ ബുദ്ധി അപാരം തന്നെ!

പുസ്തകത്തില്‍ അങ്ങിങ്ങായി ആവര്‍ത്തിച്ചു വരുന്ന ‘മുസ്‌ലിം ദൈവം’, ‘മുഹമ്മദും അദ്ദേഹത്തിന്റെ ദൈവവും’ എന്നീ പരാമര്‍ശങ്ങള്‍ അല്ലാഹുവിനെ സംബന്ധിച്ച മര്‍നീസിയുടെ കാഴ്ചപ്പാടെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. ഓറിയന്റലിസ്റ്റ് രചനകളാണ് മര്‍നീസിയുടെ പ്രധാന അവലംബമെന്ന് സംശയിക്കാന്‍ ന്യായങ്ങള്‍ ഏറെയാണ്.

മര്‍നീസി എഴുതുന്നു: ‘എല്ലാ ഏകദൈവമതങ്ങളും, ദൈവികമായതും സ്‌ത്രൈണമായതും തമ്മിലുള്ള വൈരുദ്ധ്യങ്ങളിലൂടെ കടന്നുവരുന്നവയാണ്. എന്നാല്‍, ആ കാര്യത്തില്‍ മറ്റുള്ളവയെക്കാള്‍ ഏറിയതാണ് ഇസ്‌ലാമിന്റെ സ്ഥിതി. അത് സ്‌ത്രൈണമായതിനെ നിഗൂഢവല്‍ക്കരിക്കാന്‍ പ്രതീകാത്മകമായിട്ടെങ്കിലും ശ്രമിച്ചിട്ടുണ്ട്. പര്‍ദയിടുവിച്ചും മറച്ചുവെച്ചും ഒളിപ്പിച്ചുവെച്ചുമൊക്കെയാണ് ഇസ്‌ലാം സ്‌ത്രൈണമായതിനെ നിഗൂഢവല്‍ക്കരിക്കാന്‍ ശ്രമിച്ചത്’.

വ്യാപാരം, കൃഷി എന്നിവ പോലെ സമ്പത്തുണ്ടാക്കാനുള്ള മാര്‍ഗമായിരുന്നു അല്‍ഗസ്‌വാ (ശത്രുവിന്റെ വസ്തുവഹകള്‍ തട്ടിയെടുക്കുന്ന റെയ്ഡുകള്‍) എന്നും മുഹമ്മദ് സ്വയം ഗസ്‌വാകള്‍ നടത്തിയിരുന്നുവെന്നും യുദ്ധമുതലും സ്വര്‍ഗത്തിലെ വാഗ്ദത്ത ജീവിതവുമാണ് ഏതൊരു വിശ്വാസിയും നിറവേറാനാഗ്രഹിക്കുന്ന രണ്ട് നീതീകരിക്കാവുന്ന അഭിലാഷങ്ങള്‍ എന്നും മര്‍നീസി എഴുതുന്നുണ്ട്. കാരണ്‍ ആംസ്‌ട്രോംഗിന്റെ Islam a brief history എന്ന കൃതിയിലും ഇതേ ആശയം കാണാം. ഇരുവരുടെയും വൈജ്ഞാനിക സ്രോതസ്സ് ഭിന്നമല്ല എന്ന് ഇത് സൂചിപ്പിക്കുന്നു.

പുരുഷവിദ്വേഷത്താല്‍ അന്ധത ബാധിച്ച സ്ത്രീ എന്ന് മര്‍നീസിയെ വിലയിരുത്തിയാല്‍ തെറ്റാവില്ലെന്ന് കരുതുന്നു. മര്‍നീസി എഴുതുന്നു: ‘ഉമ്മുസലമ, സ്ത്രീ സമത്വത്തിന് വേണ്ടിയും വിശേഷിച്ചും പിന്തുടര്‍ച്ചാവകാശത്തിന് വേണ്ടിയുമുള്ള സമരം നയിച്ചതിന്റെ ഫലമായി അവ വാഗ്ദാനം ചെയ്തുകൊണ്ടുളള വചനങ്ങള്‍ ഉണ്ടായതിന് ശേഷം, ഒരു സന്നിഗ്ധ ഘട്ടമാണ് ഉണ്ടായത്. നേരത്തെയുണ്ടായിരുന്ന സ്ത്രീ അനുകൂല വചനങ്ങളെ നിലനിര്‍ത്തിക്കൊണ്ടാണെങ്കില്‍ പോലും, ലിംഗസമത്വത്തിന്റെ തത്വങ്ങളെ പ്രായേണ അപ്രധാനമാക്കും വിധത്തില്‍ പുരുഷമേധാവിത്വത്തെ ഉറപ്പിക്കുന്ന ചില വചനങ്ങള്‍ തുടര്‍ന്നുണ്ടായി. ആധുനിക കാലം വരെയുള്ള ഭരണകര്‍ത്താക്കള്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന ഒരു അവ്യക്തത ഇത് ഖുര്‍ആനില്‍ സൃഷ്ടിച്ചു. യഥാര്‍ഥത്തില്‍ സ്ത്രീകള്‍ക്കുണ്ടായ വിജയം അധികം നാള്‍ നിലനിന്നില്ല. അവരുടെ അഭ്യര്‍ഥനകള്‍ക്ക് ദൈവത്തില്‍ നിന്ന് പ്രതികരണം ഉണ്ടായതില്ലെന്ന് മാത്രമല്ല, സ്ത്രീകള്‍ ഓരോ പ്രാവശ്യവും പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചപ്പോഴൊന്നും അവരെ രക്ഷിക്കാനുള്ള വെളിപാടുകള്‍ ഉണ്ടായില്ല’.

‘പുരുഷന്മാരെപ്പോലെ തങ്ങളെയും ‘വിശ്വാസികള്‍ എന്ന നിലക്ക് അല്ലാഹു തുല്യരായി’ കണക്കാക്കുന്നു എന്നതില്‍ ആത്മവിശ്വാസമാര്‍ജിച്ച സ്ത്രീകള്‍ സമ്പത്ത് നേടിയെടുക്കാന്‍ വേണ്ടി യുദ്ധത്തിന് പോകാനും ലൈംഗികകാര്യങ്ങളിലുള്ള സ്വയം നിര്‍ണയാധികാരത്തിനും വേണ്ടി അവകാശവാദമുന്നയിക്കാനും ധൈര്യപ്പെട്ടു. ഈ അവകാശവാദങ്ങള്‍ എന്തിലേക്കാണ് നയിക്കുന്നതെന്ന് പുരുഷന്മാര്‍ കൃത്യമായി തിരിച്ചറിഞ്ഞു.’ ഉമറുബ്‌നുല്‍ ഖത്വാബിന്റെ നേതൃത്വത്തില്‍ കുടുംബനാഥന്‍മാര്‍ ഇതിനെതിരെ രംഗത്തിറങ്ങിയെന്നും എല്ലാ കാര്യത്തിലും പ്രവാചകന്റെ കൂടെ നിന്ന ഉമര്‍(റ) സ്ത്രീപുരുഷ ബന്ധങ്ങളുടെ വിഷയത്തില്‍ പ്രവാചകനോടൊപ്പം നില്‍ക്കാന്‍ തയ്യാറായിരുന്നില്ല എന്നും മര്‍നീസി തുടര്‍ന്നെഴുതുന്നു.

പുസ്തകത്തിന്റെ അവസാനഭാഗത്ത് ധീരവനിതകളുടെ പ്രതീകമായി രണ്ടുപേരെ അവതരിപ്പിക്കുന്നുണ്ട്. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദാണ് ഒന്ന്. മക്കാവിജയവേളയില്‍ ഇസ്‌ലാം സ്വീകരിക്കാന്‍ സന്നദ്ധരായി സ്ത്രീകളോട് പ്രവാചകന്‍ ‘തങ്ങളുടെ കുട്ടികളെ കൊല്ലുകയില്ല’ എന്ന് പ്രതിജ്ഞയെടുക്കാന്‍ പറഞ്ഞപ്പോള്‍ ഹിന്ദ് ഉടനെ തിരിച്ചടിച്ചുവത്രെ. ‘ഞങ്ങള്‍ കുഞ്ഞുങ്ങളെ പ്രസവിച്ച് വളര്‍ത്തിയവരാണ്. നിങ്ങളാണ് ബദര്‍ യുദ്ധത്തില്‍ അവരെ കൊല ചെയ്തത്’ എന്ന് പ്രവാചകന്റെ മുഖത്ത് നോക്കിപ്പറയാന്‍ ഹിന്ദ് ധൈര്യം കാണിച്ചുവെന്ന് തെല്ലൊരു അഭിമാനത്തോടെ മര്‍നീസി പറഞ്ഞുപോകുന്നു.

മര്‍നീസി അവതരിപ്പിക്കുന്ന രണ്ടാമത്തെ പെണ്‍മാതൃക ഹുസൈന്റെ(റ) പുത്രി സുകൈനയാണ്. ഹിജാബിനെ എതിര്‍ത്ത മുസ്‌ലിം സ്ത്രീകളില്‍ ഏറ്റവും പ്രശസ്ത എന്നാണ് സുകൈനക്ക് മര്‍നീസി നല്‍കുന്ന വിശേഷണം. അതോടൊപ്പം അഞ്ചോ ആറോ ഭര്‍ത്താക്കന്മാരുമൊത്ത് ജീവിച്ച അവര്‍ ചിലരോട് കലഹിക്കുകയും ചിലരോടുള്ള തീവ്രമായ പ്രണയം തുറന്നുപ്രഖ്യാപിക്കുകയും ചെയ്തുവെന്നും ഭര്‍ത്താക്കന്മാരിലൊരാളെ ദാമ്പത്യത്തില്‍ വിശ്വസ്തത പുലര്‍ത്താത്തതിന് കോടതി കയറ്റിയെന്നും വിശദീകരിക്കുന്നു. മുസ്‌ലിം വിവാഹത്തിലെ കേന്ദ്ര സങ്കല്‍പമായ ‘തഅ്അ’ (?) അവരിലാരുമായും അവര്‍ നടത്തിയിരുന്നില്ലത്രെ. തനിക്ക് ഇഷ്ടമാണെങ്കില്‍ മാത്രം ഭര്‍ത്താക്കന്‍മാരെ അനുസരിക്കുന്ന നിലപാടായിരുന്നുവത്രെ സുകൈനയുടേത്.

പിക്താളിന്റെ ഖുര്‍ആന്‍ പരിഭാഷ, ത്വബരിയുടെ തഫ്‌സീര്‍, വെളിപാടുകളുടെ കാരണങ്ങള്‍ വിവരിക്കുന്ന സുയൂത്വിയുടെയും നൈസാബൂരിയുടെയും കൃതികള്‍, ബുഖാരിയുടെയും നസാഇയുടെയും ഹദീസ് സമാഹാരങ്ങള്‍, ഇബ്‌നു ഹിശാമിന്റെയും ഇബ്‌നു ഹജറില്‍ അസ്ഖലാനിയുടെയും ഇബ്‌നുല്‍ അസീറിന്റെയും ത്വബരിയുടെയും മസ്ഊദിയുടെയും ഇബ്‌നു സഅ്ദിന്റെയും ചരിത്ര ശേഖരങ്ങളുമാണ് തന്റെ ആധാരമെന്ന് പുസ്തകത്തിന്റെ അവസാനത്തില്‍ പറയുന്നു. (തഫ്‌സീറുകളിലും ഹദീസ്ചരിത്ര സമാഹാരങ്ങളിലുമുണ്ടായിട്ടുള്ള പല പരാമര്‍ശങ്ങളും  അത് ശത്രുക്കളുടെ ശ്രമഫലമായി ഉണ്ടായതാവാനുള്ള സാധ്യത വിരളമല്ല  ഇസ്‌ലാമിനെ അടിക്കാനുള്ള വടിയായി പലരും ഉപയോഗപ്പെടുത്തുന്നു എന്നതൊരു യാഥാര്‍ഥ്യമാണ്.)

പണമുണ്ടാക്കുക എന്നതിലപ്പുറം ഈ കൃതികളുടെ പരിഭാഷകര്‍ക്കും പ്രസാധകര്‍ക്കും മറ്റു ചില ദുരുദ്ദേശ്യങ്ങളും ഉണ്ടാവില്ലേ എന്ന് ഒരാള്‍ സംശയിച്ചാല്‍ അയാളെ കുറ്റം പറയാനാവില്ല. ഇസ്‌ലാമിക വിജ്ഞാനീയങ്ങളില്‍ അവഗാഹമില്ലാത്ത ഏതൊരാളെയും വഞ്ചനയില്‍ പെടുത്താന്‍ കെല്‍പുള്ളവയാണ് ഈ രചനകള്‍. അതിനാല്‍ ഇത്തരം വികൃതികളിലൂടെ വമിക്കപ്പെടുന്ന വിഷം കൂടുതല്‍ വ്യാപകമാവാതിരിക്കാന്‍ ജാഗ്രത പാലിക്കുകയും അതേസമയം ഇസ്‌ലാം സ്ത്രീയെ മോചിപ്പിക്കുകയും അവള്‍ക്ക് അന്തസ്സും അഭിമാനവും നേടിക്കൊടുക്കുകയുമാണ് ചെയ്തതെന്നും അതിന് വിരുദ്ധമായ സമീപനങ്ങള്‍ ഉണ്ടാവുന്നുവെങ്കില്‍ അതിന്റെ പേരില്‍ ഇസ്‌ലാമിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിന് അടിസ്ഥാനമില്ലെന്നും ജനങ്ങളെ പഠിപ്പിക്കാന്‍ വിശ്വാസികള്‍ തയ്യാറാവുകയും വേണം.

Related Articles