Current Date

Search
Close this search box.
Search
Close this search box.

‘ഒന്നിനും കൊള്ളാത്ത’വരുടെ മാനിഫെസ്റ്റോ

relation.jpg

ആധുനിക ലോകത്ത് നല്ല മാര്‍ക്കറ്റുള്ള വിഷയമാണ് മനശാസ്ത്രം. അതിനാല്‍ തന്നെ മനശാസ്ത്രത്തെ കുറിച്ചെഴുതിയ കൃതികളുടെ അഭാവവും നമുക്കില്ല്. പക്ഷെ മലയാളത്തില്‍ ലഭിക്കുന്ന മിക്ക മനശാസ്ത്ര കൃതികളും ഇതര ഭാഷകളില്‍ നിന്നുള്ള മൊഴിമാറ്റമോ ആശയ വിവര്‍ത്തനമോ ഉള്‍ച്ചേര്‍ന്നിട്ടുള്ളതാണ്. പ്രസ്തുത കൃതികള്‍ എഴുതിയ സാഹചര്യം നമ്മുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായതിനാല്‍ ഉദാരണങ്ങളിലും ഉപമകളിലും വിവരണങ്ങളിലുമെല്ലാം അത്തരത്തിലൊരു ഏച്ചുകെട്ടല്‍ പ്രകടമാണ്. മാത്രമല്ല, ഇസ്‌ലാമിക കാഴ്ചപ്പാടോടു കൂടിയ കൃതികളുടെ കാര്യവും തഥൈവ. എന്നാല്‍ ഇത്തരം പതിവ് ശീലങ്ങളെയും തത്വങ്ങളെയും തെറ്റിച്ചു എന്നതാണ് അഡ്വക്കറ്റ് മുഈനുദ്ധീന്‍ തയ്യാറാക്കിയ ‘ബന്ധങ്ങളുടെ മനശാസ്ത്രം’ എന്ന കൃതിയുടെ സവിശേഷത.

തന്റെ അനുജന്റെ പ്രശോഭിതമായ ഭാവിയെ കുടുംബക്കാരും ഗ്രന്ഥകാരനും കൂടി ‘ഒന്നിനും കൊള്ളാത്തവന്‍’ എന്നു മുദ്രകുത്തി തല്ലിക്കെടുത്തിയ ദുരനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഗ്രന്ഥകാരന്‍ തന്റെ അനുജന്റെ ഹൃദയം തുറക്കാന്‍ എഴുതിയ വൈകാരികമായ കത്തുകളും അതിനു അനുജന്റെ ഭാഗത്തുനിന്നുണ്ടായ ഹൃദയഭേദകമായ മറുപടികളുമാണ് ഇതിന്റെ ഇതിവൃത്തം. മനശാസ്ത്ര ഗ്രന്ഥങ്ങളുടെ സൈദ്ധാന്തിക ഭാരങ്ങളില്ലാതെ ഒരു നോവലോ കഥയോ വായിച്ചു തീര്‍ക്കുന്നതുപോലെ ഈ ഗ്രന്ഥം വായിച്ചു തീര്‍ക്കാം. പക്ഷെ, ഇതില്‍ മനശാസ്ത്രമുണ്ട്, തത്വങ്ങളുണ്ട്, കഥയുണ്ട്, കവിതയുണ്ട്.. എല്ലാമുണ്ട്. അനുഭവത്തിന്റെ തീച്ചൂളയില്‍ നിന്നും ഉയിരെടുത്ത ഹൃദയം തൊട്ടുള്ള ഭാഷയിലാണ് ഇത് എഴുതിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ ഭാഷയെ ഹൃദയത്തിന്റെ ഭാഷ എന്നു നമുക്ക് വിളിക്കാം.

മാനസികവും ശാരീരികവുമായ പടവുകള്‍ താണ്ടിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ പക്വതയുടെയും അറിവില്ലായ്മയുടെയും അഭാവം കാരണം എന്തെങ്കിലും അരുതായ്മകള്‍ ചെയ്യുമ്പോള്‍ മിക്ക രക്ഷിതാക്കളും അക്ഷമയോടും മുറുമുറുപ്പോടും കൂടിയാണ് അവരോട് പെരുമാറുന്നത്. പഹയന്‍, കഴുത, മന്ദന്‍, പൊട്ടന്‍, മന്ദബുദ്ധി തുടങ്ങിയതോ അതിലും ഭീകരമായതോ ആയ പേരുകള്‍ കൊണ്ടാണ് ചിലര്‍ അവരെ അഭിസംബോധന ചെയ്യാറുള്ളത്. എന്നാല്‍ ഇതെല്ലാം കുട്ടിയുടെ ഭാവിയെ തന്നെ താറുമാറാക്കുകയും സ്വപ്‌നങ്ങളെ തല്ലിക്കെടുത്തുകയും വ്യക്തിത്വവികാസത്തിന് മാരകമായ പരിക്കേല്‍പ്പിക്കുകയും ചെയ്യുകയാണെന്ന യാഥാര്‍ഥ്യം മിക്ക രക്ഷിതാക്കളും മനസ്സിലാക്കുന്നില്ല. മക്കളുടെ പ്രശോഭിതമായ ഭാവി സ്വപ്‌നം കണ്ടു അഹോരാത്രം അധ്വാനിക്കുകയും അവര്‍ക്ക് വേണ്ടി എല്ലാം സമര്‍പ്പിക്കുകയും ചെയ്ത മാതാപിതാക്കളുടെയും സഹോദരന്മാരുടെയും ഭാഗത്ത് നിന്നാണ് ഇതുണ്ടാകുന്നത് എന്നുവരുമ്പോള്‍ ഇതെന്തൊരു ദുര്യോഗമാണ്! പാരമ്പര്യവും അബദ്ധ ധാരണകളും അവിഹിത നിയമങ്ങളുമെല്ലാം മാറ്റിവെച്ചുകൊണ്ട് വസ്തുതകളെ തിരിച്ചറിയുകയും അറിവിന്റെ വെളിച്ചത്തില്‍ അവയെ ഇല്ലായ്മ ചെയ്യുകയുമാണ് ഇതിനുള്ള ഏകപരിഹാരം.

പാരമ്പര്യമായി നമുക്ക് ലഭിച്ച നെഗറ്റീവായ പല അനുഭൂതികളും മറ്റും അറിഞ്ഞോ അറിയാതെയോ അടുത്ത തലമുറക്ക് കൈമാറുന്നു. ഇതിന്റെ ഗൗരവം നാം തിരിച്ചറിയുന്നില്ല. എന്നാല്‍ അതിനുവിധേയരായവരുടെ കൈപുനീരുകളും കരിപുരണ്ട ജീവിതവും ഒരു ചോദ്യമായി നമ്മെ അസ്വസ്ഥപ്പെടുത്തുകയും വേട്ടയാടപ്പെടുകയും ചെയ്യേണ്ടതുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇത്തരമൊരു പശ്ചാത്തലത്തിലാണ് TA (Transactional analysis) യുടെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട ഗ്രന്ഥകാരന്‍ തന്റെ അനുജനെ ഏകാന്തതയുടെ തടവറയില്‍ നിന്ന് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് നിരന്തരമായി പോസിറ്റീവ് സ്‌ട്രോക്കുകള്‍ നല്‍കിക്കൊണ്ട് പിടിച്ചുയര്‍ത്തുന്നത്. തന്റെ അനുജന് എഴുതിയ കത്തുകളും പ്രതികരണങ്ങളും നമ്മുടെ ഓരോരുത്തരുടെയും അനുഭവമായിട്ടാണ് നാം കാണേണ്ടത്. അല്ലെങ്കില്‍ ഇത്തരത്തിലുള്ള ഒരു ദുര്യോഗത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരുത്തമ പോംവഴിയായി ഈ പുസ്തകം ഉപകരിക്കുമെന്നതില്‍ സംശയമില്ല. അഞ്ച് ഭാഗങ്ങളായുളള ഈ പുസ്തക പരമ്പര കണ്ണൂരില്‍ നിന്നുള്ള റിനയ്‌സന്‍സ് ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഹ്രസ്വമായ കാലയളവില്‍ തന്നെ നിരവധി പതിപ്പുകള്‍ ഇറങ്ങിയ പുസ്തകത്തിന്റെ (ഒന്നാം ഭാഗം) വില 90 രൂപയാണ്. ഗ്രന്ഥകാരനായ ഉസ്മാന്‍ പാലക്കാഴിയാണ് ഇതിന് അവതാരിക എഴുതിയിട്ടുള്ളത്.

Related Articles