Current Date

Search
Close this search box.
Search
Close this search box.

‘ഉറുദി’യായ് പെയ്യുന്ന റമദാന്‍ നിനവുകള്‍

ramadan.jpg

റമദാനിനെ കുറിച്ചുള്ള പല കുറിപ്പുകളും പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. എല്ലാം ഒരേ രീതിയിലുള്ള, പാരമ്പര്യ രീതിയിലുള്ള എഴുത്തുകള്‍. ഉണര്‍ത്തലുകള്‍ ചിരപരിചിതമായ ആയത്തുകള്‍ ആശയങ്ങള്‍ ഹദീസുകള്‍ അങ്ങനെ ആവര്‍ത്തന വിരസത തോന്നിത്തുടങ്ങിയതു കൊണ്ട് സത്യം പറഞ്ഞാല്‍ അത്തരം കൃതികള്‍ വായിക്കാതെയായി. ഹൃദയത്തില്‍ ഒരാന്ദോളനവും സൃഷ്ടിക്കാന്‍ പറ്റാത്ത വായനകൊണ്ടെന്തു പ്രയോജനം.

ഈ റമദാനില്‍ കിട്ടിയ ഏറ്റവും വലിയ ഹദ്‌യ പാരമ്പര്യ രീതിയില്‍ നിന്ന് ഭിന്നമായ സ്വഭാവത്തോടുകൂടിയ ഒരു റമാദാന്‍ ഉറുദിയാണ്. ആത്മീയ രാഷ്ടീയ സാംസ്‌കാരിക സാമൂഹിക സാമ്പത്തിക റമദാനെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത കൃതി. റഫീക്ക് തിരുവള്ളൂരിന്റെ മുപ്പത് ദിവസത്തെ നോമ്പെഴുത്ത്. നോമ്പ് നോറ്റെഴുതിയ ബ്ലോഗ്, ‘റമദാന്‍ ഉറുദി’ എന്ന പേരില്‍ പുസ്തക രൂപത്തില്‍ കൈയ്യില്‍ കിട്ടി. നോമ്പിന്റെ ചൈതന്യം മുഴുവന്‍ ആ വരികളില്‍, ചിന്തകളില്‍ പകര്‍ത്തപ്പെട്ട പോലെ.

റമദാനെ കുറിച്ചുള്ള പതിവ് എഴുത്ത് രീതിയില്‍ നിന്നും വ്യത്യസ്തമായി ജീവിതഗന്ധമുള്ള രചന. താത്വികമായി റമദാനെ വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ ദൈനംദിന ജീവിതത്തോട് ബന്ധപ്പെടുത്തി, നമ്മുടെ സംസ്‌കാരത്തോടും ജീവിതത്തോടും ഇടകലര്‍ത്തി. നമ്മുടെ ബോധ്യത്തിലേക്ക്, ജീവിത ശൈലിയില്‍ റമദാന്‍ ചെലുത്തേണ്ട സ്വാധീനത്തെ കുറിച്ചുള്ള തെര്യപ്പെടുത്തലിനോടൊപ്പം; എത്തരത്തിലാണു നോമ്പും റമദാനും നമ്മുടെ ദിനചര്യയെ ആത്മീയത നഷ്ടപ്പെട്ട ആര്‍ഭാടങ്ങളുടെയും കാട്ടികൂട്ടലിന്റേയും മേമ്പൊടി ചേര്‍ക്കപ്പെടുന്നതെന്നും ഓര്‍മ്മിപ്പിക്കുന്നു. ഭക്ഷണത്തിലെ ധൂര്‍ത്ത്, വ്യവസ്ഥാപിതമല്ലാത്ത സകാത്ത് വിതരണം, അവസാന ദിനങ്ങളില്‍ പെരുന്നാളിനെ വരവേല്‍ക്കാന്‍ നാം നഷ്ടപ്പെടുത്തുന്ന റമാദന്റെ വിശുദ്ധി തുടങ്ങിയവയെ കുറിച്ചൊക്കെ പുസ്തകം വാചാലമാകുന്നു.

നിരാഹാരത്തോടും നിരാസത്തോടുമൊപ്പം നിശബ്ദദതയും ആവശ്യപ്പെടുന്ന റമദാന്‍ കാരുണ്യത്തിന്റേയും സഹകരണത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ക്ഷമയുടേയും സഹനത്തിന്റേയും സൂക്ഷമതയുടേയും പാഠങ്ങള്‍ക്കൊപ്പം അതിന്റെ രാഷ്ട്രീയവും ഈ കൃതി നമ്മെ ബോധ്യപ്പെടുത്തുന്നു. സാമ്പത്തിക അസമത്വത്തിന്റെ വിടവ് കുറച്ച് കൊണ്ടുവാരാനുള്ള ഒരു കാലഘട്ടമായും മാറുന്നുണ്ട് റമാദാനെന്ന് ഗ്രന്ഥകാരന്‍ പറഞ്ഞു വെക്കുന്നു. റമദാനിലെ ഇസ്‌ലാമിക ചരിത്രസംഭവങ്ങളുടെ ഒരു ചുരുക്കെഴുത്തും നമുക്കിതില്‍ വായിക്കാം. സാംസ്‌കാരിക നോമ്പിനെക്കുറിച്ച് പ്രതിപാതിക്കുന്നിടത്ത് നാം മാത്രമല്ല നമ്മുടെ വീടും പരിസരവും കൂടി റമദാന്റെ ഭാഗമാകുന്നതിനെ വിവരിച്ചു തരുന്നു. നാടിന്റേയും വീടിന്റേയും ദിനചര്യയിലും സ്വഭാവത്തിലും റമദാന്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് വരികള്‍ക്കിടയില്‍ നമുക്ക് വായിച്ചെടുക്കാം.

ബദ്‌റിന്റെ പാഠങ്ങളെ ആധുനിക ജീവിതക്രമവുമായി ബന്ധിപ്പിച്ചെഴുതിയത് ഏറെ ആകര്‍ഷകമായി തോന്നി. റഫീക്കിന്റെ വരികളിലൂടെ നമുക്കത് ഇങ്ങനെ വായിക്കാം: ‘ലാഭം ഉറപ്പുള്ള നിഷേപങ്ങള്‍… തൊഴിലുറപ്പുളള പഠിപ്പുകള്‍… നേടുമെന്നുറപ്പുള്ള ഇടപാടുകള്‍  ജീവിതത്തില്‍ നിന്നും നൈസര്‍ഗ്ഗിക വൃത്തികളേയും സര്‍ഗ്ഗാത്മകതയേയും പ്രത്യല്‍പ്പന്നപരതയേയും പുറത്താക്കിയ പുതുകാല ജീവിതത്തിന്റൊ ലക്ഷണങ്ങളാണു മുകളിലെഴുതിയവ…’ ഇങ്ങനെ ഉറപ്പുള്ളതിലേക്ക് മാത്രം ആകര്‍ഷിക്കപ്പെടുന്ന ആധുനിക സമൂഹത്തിനു ബദര്‍ നല്‍കുന്ന പാഠം വളരെ പ്രസക്തമാകുന്നതായി ഈ കൃതി നമുക്ക് പറഞ്ഞു തരുന്നു. വന്‍സംഘത്തിനെതിരെ വളരെ തുച്ഛം സൈനിക സന്നാഹങ്ങളൂമായി ഒരുങ്ങി പുറപ്പെട്ട ബദ്‌റിലെ ധീരശൂര പരാക്രമികള്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത് തെളിഞ്ഞ ഹൃദയവും ഭക്തി നിരഭരമായ മനസ്സും ഉറച്ച വിശ്വാസവുമായിരുന്നു…. എല്ലാ ലാഭ നഷ്ടങ്ങളൂടേയും വിജയ പരാജയങ്ങളൂടേയും നിദാനം ഇതാണെന്നും ബദ്ര്‍ നമ്മെ പഠിപ്പിക്കുന്നു.

വിജയം ഉറപ്പില്ലത്ത ചുവടുകള്‍ക്കും ചരിത്ര വികാസത്തില്‍ ഇടമുള്ളാതായി ബദര്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ജയമുറപ്പില്ലാത്ത സമരങ്ങളുടെ രാഷ്ട്രീയം ബദ്‌റിലൂടെ നമുക്ക് പറഞ്ഞു തരുന്നുണ്ട് കൃതി: ‘പൗര സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും പൊതുസമൂഹത്തിന്റെ പരിവര്‍ത്തന ത്വരകള്‍ക്കൊപ്പം നില്‍ക്കാനും മാറ്റത്തിന്റെ ചെറു ചലനങ്ങളെ വ്യക്തി ജീവിതത്തിലെങ്കിലും പിടിച്ചെടുക്കാനുമാണു… ആസന്നമായ സാമൂഹിക സന്ദര്‍ഭങ്ങളുടെ മുന്നില്‍ ചെന്നു നില്‍ക്കാനെങ്കിലും, മാറുന്ന ലോകത്തിന്റെ മസ്തിഷ്‌കമായില്ലെങ്കിലും അതിന്റെ കയ്യോ കാലോ ആകാനെങ്കിലും ബദ്ര്‍ നമ്മെ ക്ഷ്ണിക്കുന്നുണ്ട്… ഉപജീവനത്തിനും സുഖജീവിതത്തിനും കൊതിച്ച് സ്വന്തം നിസാരതയില്‍ രമിക്കുന്ന അടിമത്വങ്ങളേയും അധമത്തങ്ങളേയും താല്‍ക്കലിക ആശ്വാസങ്ങളേയും കൂടുതല്‍ കാലത്തേക്ക് നീട്ടി കൊണ്ടു പോകാന്‍ ശ്രമിക്കുന്ന നമ്മോട് ബദ്ര്‍ സംസാരിക്കുന്നത് സ്വന്തത്തോട് തന്നെ പൊരുതി നില്‍ക്കേണ്ട യുദ്ധങ്ങളെ കുറിച്ച് കൂടിയാണ്. ഉളളില്‍ ജയിക്കേണ്ട സമരങ്ങളെ പറ്റിയാണ്…’

വിശപ്പറിവിന്റെ ആയുധം മാതമല്ല വ്രതം… ഭക്തിയുടെയും സമര്‍പ്പണത്തിന്റേയും ത്യാഗത്തിന്റെയും കൂടിയാണ്. വ്രതത്തിന്റെ പൈദാഹങ്ങള്‍ ആത്മ വിശുദ്ധിയുടെ നിറങ്ങളെ മോടി കൂട്ടാനുള്ളതാണ്. ജീവിത സംശുദ്ധിയുടെ നിദാനം… ആത്മ സംസ്‌കരണോപാധി… കറകളഞ്ഞ ഒരു ആരാധന… എകാന്തതയുടേയും ഏകാഗ്രതയുടെയും തുരുത്താണു ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം റമദാന്‍. ജീര്‍ണ്ണത ബാധിച്ച ആത്മാവിന്റെ പുനരുദ്ധാനം റമദാനിലൂടെ നമുക്ക് കരഗതമാകും. ഭക്തി നിര്‍ഭരവും പ്രാര്‍ത്ഥന നിര്‍ഭരവുമായ ഒരന്തരീക്ഷം റമദാന്‍ നമുക്ക് സമ്മാനിക്കും.

‘ജീവിതം ഒരു സമയ കല’ എന്ന അധ്യായം ഏറെ ചിന്തിപ്പിക്കുന്നുണ്ട്. ‘സമയം ജീവിതവും ജീവിതം സമയകല’യുമാണെന്നു റഫീക്ക് പറഞ്ഞുതരുന്നു. സമയക്കൂട്ടുകള്‍ കൊണ്ട് ഭംഗിയായി ജീവിതത്തെ വരച്ചു കാട്ടുന്നവനേ നല്ല കലാകാരനാകൂ. നല്ല കലാകാരനു മാത്രമാകും വിജയം എന്നും നമ്മെ ബോധിപ്പിക്കുണ്ട് കൃതി. അനുവദിച്ച സമയത്ത് അനുഷ്ടിച്ച് തീര്‍ക്കേണ്ട പ്രാര്‍ത്ഥനയാണു ജീവിതമെന്നും ഈ അധ്യായം നമുക്ക് പറഞ്ഞു തരുന്നു.

ആത്മ രക്ഷയും സാമൂഹിക സുരക്ഷയും റമദാന്‍ ഉറപ്പ് വരുത്തുന്നു എന്നു പറഞ്ഞു തരുമ്പോഴും റമദാനു ചൈതന്യം നഷ്ടപ്പെട്ടുേ പാകുന്ന കമ്പോള റമദാനെ പറ്റിയും വികലമായ സകാത്ത് സംവിധാനങ്ങളെ പറ്റിയും ആത്മചൈതന്യം നഷ്ടപ്പെട്ടു പോകുന്ന സമൂഹിക വ്രതത്തിന്റെ ഭാഗമായ സമൂഹ നോമ്പു തുറകളെ പറ്റിയും ഈ കൃതി നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

വ്രതം അനുഷ്ടിക്കലും അതു മുറിക്കലും രണ്ടും ചൈതന്യമുള്ള ആരാധനയാണെന്നും റഫീക്ക് പറഞ്ഞു തരുന്നുണ്ട്. ഇത്തരത്തില്‍ നമ്മള്‍ നിസാരമായി അവഗണിക്കുന്ന പല അറിവിലേക്കും നമ്മുടെടെ ശ്രദ്ധയെ ക്ഷണിക്കാന്‍ റഫീക്കിന്റെ വരികള്‍ക്കായിട്ടുണ്ട്. അധ്യായങ്ങളുടെ പേരുകള്‍ അനുയോജ്യവും വളരെ ആകര്‍ഷണീയവുമാണ്. ഉദാഹരണത്തിനു ‘ഭോജനത്തിനു പകരം ഭജന’ പോലുള്ളവ. എഴുത്തിലെ കാവ്യഭംഗി പുസ്തകത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നുണ്ട്. ആധുനിക  സാമൂഹിക  സാംസ്‌കാരിക  നടപ്പു രീതികളുമായി തുലനം ചെയ്തു കൊണ്ടുള്ള രചന ഏറെ ഹൃദ്യവുമാണ്. അനുവാചകനു കൂടുതല്‍ നന്നായി തന്റെ ജീവിത രീതിയുമായി റമദാനിലെ രാപ്പകലുകളെ ഒത്തുനോക്കന്‍ അതേറെ സഹായകമാകും. ഒരു ‘സൂഫി’ സ്പര്‍ശം എഴുത്തിലുടനീളമുണ്ട്. സാത്വിക ദര്‍ശനവും താത്വിക വിശകലനവും ഒരു താപസ മാനസത്തില്‍ നിന്നും ഉതിര്‍ന്നു വീണതാണെന്നതില്‍ സംശയമില്ല. അല്ലെങ്കില്‍ ഇങ്ങനെഴുതാന്‍ ആവില്ല. ആത്മ വിശുദ്ധിയിലൂടെ റമദാനിലേക്കുള്ള തീര്‍ത്ഥയാത്ര കൂടിയാവുന്നുണ്ട് ഈ വായനാനുഭവം.

ഗ്രേസ് എജുക്കേഷനല്‍ അസോസിയേഷന്‍ (മലപ്പുറം) പ്രസാദനം നിര്‍വഹിച്ച പുസ്തകത്തിന് 70 രൂപയാണ് മുഖവില.

Related Articles