Current Date

Search
Close this search box.
Search
Close this search box.

ഉഥ്മാനികളില്‍ യൂറോപിന് ഏറെ പാഠങ്ങളുണ്ട്

orient.jpg

ആധുനിക ശാസ്ത്രത്തിന്റെയും വൈജ്ഞാനിക പുരോഗതിയുടെയും അപ്പോസ്തലന്മാരായി പടിഞ്ഞാറിനെ ലോകം കാണുന്നുവെങ്കിലും സമകാലിക ലോക സാഹചര്യങ്ങളില്‍ കൃത്യമായ നിലപാടെടുക്കാനാവാതെ ക്ഷുഭിതരാവുകയാണ് അവര്‍ ഇന്ന്. ചരിത്രത്തിന്റെ അടിയൊഴുക്കുകള്‍ വായിക്കാന്‍ കഴിയാതെ പോയതാണ് പടിഞ്ഞാറിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് ലണ്ടന്‍ സര്‍വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ ജെറി ബ്രൊട്ടണ്‍ പറയുന്നു. അടുത്തിടെ പ്രസിദ്ധീകരിക്കപ്പെട്ട ‘This Orient Isle: Elizabethan England and the Islamic World’ എന്ന ഗ്രന്ഥത്തിലുള്‍പ്പെടെ അദ്ദേഹം മുന്നോട്ടു വെക്കുന്ന പ്രധാന ആശയമാണ്, യൂറോപ്യന്‍ നവോത്ഥാനത്തിന് ഇസ്‌ലാമിക സംസ്‌കാരം നല്‍കിയ സംഭാവനകളെ പടിഞ്ഞാറ് എന്നും വിസ്മരിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്നത്.

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇടപെടുമ്പോള്‍ തീര്‍ച്ചയായും തങ്ങളുടെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കാനുള്ള പ്രവണത പടിഞ്ഞാറ് കാണിക്കേണ്ടതുണ്ട്. സെപ്റ്റംബര്‍ 11, ലണ്ടന്‍ ആക്രമണം, സിറിയന്‍ പ്രതിസന്ധി എന്നിവയിലൊക്കെ കഴിഞ്ഞു പോയ നീണ്ട ചരിത്രസന്ധികളെ ഓര്‍ത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്ന് ഞാന്‍ സൂചിപ്പിച്ചിരുന്നു. ഇരു മതവിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന സഹിഷ്ണുതയുടെയും സഹകരണത്തിന്റെയും പാഠങ്ങള്‍ അവയില്‍ കാണാന്‍ കഴിയും. പശ്ചിമേഷ്യന്‍ സാഹചര്യങ്ങള്‍ പുകയാതെ സൂക്ഷിക്കാന്‍ അതു തന്നെ ധാരാളം മതിയായിരുന്നു, ജെറി ബ്രോട്ടണ്‍ പറയുന്നു. സുന്നി, ശിയാ വേര്‍തിരിവിനെ പറ്റിയോ ഖിലാഫത്തിന്റെ ഇസ്‌ലാമിക മാനത്തെ കുറിച്ചോ യാതൊരു അറിവുമില്ലാതെയാണ് അറബ് നാടുകളില്‍ കൂടുകൂട്ടാന്‍ പടിഞ്ഞാറ് വെമ്പുന്നത്. തുര്‍ക്കിയെ പോലെ മഹത്തായ പൈതൃകവും സംസ്‌കാരവുമുള്ള ഒരു രാഷ്ട്രത്തിന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കപ്പെടേണ്ടതാണ്. നീണ്ട കാലം യൂറോപിന്റെ അമരക്കാരായിരുന്ന തുര്‍ക്കികളെ തഴയുന്നതിലും പടിഞ്ഞാറിന്റെ ചരിത്രബോധമില്ലായ്മ പ്രകടമാണ്.

പ്രൊട്ടസ്റ്റന്റ് ഇംഗ്ലണ്ടും ഉഥ്മാനീ ഖിലാഫത്തും തമ്മില്‍ ആഴത്തിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. യൂറോപ്യന്‍ നവോത്ഥാനത്തിന്റെ പ്രധാന ശില്‍പികളും ഉഥ്മാനികളായിരുന്നു. എന്നാല്‍ അവരുടെ സ്ഥാനമാകട്ടെ തിരശ്ശീലക്ക് പിന്നിലാണ്. എവിടെ നിന്നോ പൊട്ടി മുളച്ച ഒരു പ്രതിഭാസമായാണ് യൂറോപ്യന്‍ നവോത്ഥാനം അവതരിപ്പിക്കപ്പെടുന്നത്. ശാസ്ത്രമുന്നേറ്റത്തെ ഭയന്ന് ചര്‍ച്ച് സെക്യുലറിസത്തെ അനുകൂലിച്ചതും സ്വയം വ്യക്തിജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് ഒതുങ്ങിയതും പെട്ടെന്ന് ഉണ്ടായ ഒരു മാറ്റമായിരുന്നില്ല. 1453-ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ ജയിച്ചടക്കിയ മുഹമ്മദ് അല്‍-ഫാത്തിഹന്റെ സാഹസികത യൂറോപിനെയാകെ ത്രസിപ്പിച്ച വീരകഥയാണ്. ഇറ്റാലിയന്‍ ചിത്രകാരനായ ബെല്ലിനിയെ ചിത്രകലാ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചതും ഗ്രീക്ക്, ലാറ്റിന്‍ ഗ്രന്ഥങ്ങള്‍ ശേഖരിച്ച് വിവര്‍ത്തനങ്ങള്‍ നടത്തിയതും ടോളമിയെ പോലുള്ള ഗ്രീക്ക് പണ്ഡിതന്മാരെ ചര്‍ച്ച ചെയ്തതുമൊക്കെ മുഹമ്മദ് രണ്ടാമന്റെ ഭരണകാലത്താണ്.  

സുലൈമാന്‍ അല്‍-ഖാനൂനിയും യൂറോപിലെ കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും രക്ഷാധികാരിയായിരുന്നു. എത്രയോ ഭരണകൂടങ്ങളുമായും മതനേതാക്കളുമായും അദ്ദേഹം ആഴത്തിലുള്ള നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിച്ചു. താന്‍ ചെന്നെത്തുന്ന ഓരോ സ്ഥലത്തും നിര്‍മാണാത്കവും രചനാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവെക്കുക അദ്ദേഹത്തിന്റെ രീതിയായിരുന്നു. യൂറോപിന്റെ പരിച്ഛേദമായിരുന്നു അന്ന് ഉഥ്മാനി സാമ്രാജ്യം. കാരണം, നാനാ മത-വംശ-ഭാഷാ വിഭാഗങ്ങള്‍ ഉഥ്മാനികള്‍ക്ക് കീഴില്‍ സേവനമനുഷ്ഠിക്കുകയും ഉഥ്മാനീ ഖിലാഫത്തില്‍ ജീവിക്കുകയും ചെയ്തു. അവരൊക്കെ തങ്ങളുടെ നേതാക്കന്മാരായും ആരാധ്യരായും ഉഥ്മാനീ സുല്‍ത്താന്മാരെ കണ്ടിരുന്നു. അവര്‍ക്കിടയില്‍ നിലനിന്നിരുന്നത് സഹിഷ്ണുതയും ഗുണകാംക്ഷയും പരസ്പര വിശ്വാസവുമായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ എലിസബത്ത് രാജ്ഞി ഉഥ്മാനികളുമായുള്ള കച്ചവടബന്ധത്തില്‍ താല്‍പര്യമറിയിച്ചുകൊണ്ട് മുറാദ് മൂന്നാമന്റെ ദര്‍ബാറിലേക്ക് സന്ദേശങ്ങള്‍ അയക്കുകയുണ്ടായി. കാരണം, ഉഥ്മാനികളെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ഒരു കച്ചവട താല്‍പര്യം അന്ന് യൂറോപില്‍ സാധ്യമല്ലെന്ന് എലിസബത്തിന് അറിയാമായിരുന്നു. ഞങ്ങള്‍ അവിടുത്തേക്ക് അധീനരാണ് എന്നു പറഞ്ഞുകൊണ്ടാണ് ഇംഗ്ലണ്ട് രാജ്ഞി ഉഥ്മാനീ ഖലീഫക്ക് കത്തുകള്‍ അയച്ചത്. എന്നാല്‍ മുറാദ് മൂന്നാമന്‍ യാതൊരു വൈമനസ്യവും കൂടാതെ അവരുടെ ക്ഷണം സ്വീകരിക്കുകയായിരുന്നു. ”ഞങ്ങള്‍ ശക്തരാണ്. എന്നാല്‍ സ്പാനിഷ് സാമ്രാജ്യം പോലെ ഞങ്ങള്‍ ഒരു മത സാമ്രാജ്യമല്ല. ഞങ്ങള്‍ ആരെയും സ്വീകരിക്കും, എല്ലാവരെയും ഉള്‍കൊള്ളും. അത് ജൂതനോ കത്തോലിക്കനോ പ്രൊട്ടസ്റ്റന്റോ ആയാലും. ഞങ്ങളോട് കൂറുള്ളവരായി നിലനില്‍ക്കുന്നിടത്തോളം കാലം ആര്‍ക്കും ഞങ്ങളോട് നയതന്ത്ര ബന്ധങ്ങള്‍ പുലര്‍ത്താം. അത് ഞങ്ങള്‍ അംഗീകരിക്കും. എലിസബത്തും അതാണ് ചെയ്തത്”, കച്ചവട കരാര്‍ സ്വീകരിച്ചുകൊണ്ട് മുറാദ് മൂന്നാമന്‍ പറഞ്ഞ വാക്കുകളായിരുന്നു ഇത്. അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍ ഉര്‍ദുഗാന്‍ പറഞ്ഞ അതേ വാക്കുകള്‍. മുസ്‌ലിം വിരുദ്ധതയില്‍ യൂറോപ്പാകെ മത്സരിക്കുമ്പോഴും മതം നോക്കാതെയും മുഖം നോക്കാതെയും ഏവരെയും സ്വീകരിക്കുന്ന ടര്‍ക്കിഷ് ജനതയുടെ പാരമ്പര്യം കൈമോശം വന്നിട്ടില്ല, യൂറോപിന് എല്ലാം നഷ്ടപ്പെട്ടുവെങ്കിലും. പ്രസക്തമായ സന്ദേശങ്ങളാണ് ജെറി ബ്രോട്ടണിന്റെ ഗ്രന്ഥം യൂറോപിന് കൈമാറുന്നത്.   

വിവ: അനസ് പടന്ന

Related Articles