Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമും പാശ്ചാത്യലോകവും ആധുനികതയുടെ വെല്ലുവിളികളും

book-tariq.jpg

ഇസ്‌ലാമിക സ്വത്വത്തെ വഞ്ചിക്കാതെ തന്നെ അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തിക്കൊണ്ട് സമകാലിക വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കാന്‍ പ്രാപ്തമായ വിഭവങ്ങളും മാധ്യമങ്ങളും മുസ്‌ലിംകളുടെ പക്കലുണ്ടെന്ന് വിളിച്ചോതാനുള്ള ചിന്തോദ്ദീപകമായ ശ്രമമാണ് പ്രശസ്ത ഗ്രന്ഥകാരനും, ഇസ്‌ലാമിക ചിന്തകനുമായ താരിഖ് റമദാന്‍ തന്റെ ‘Islam, The west and the Challenges of Moderntiy’ എന്ന ഗ്രന്ഥത്തിലൂടെ നിര്‍വഹിക്കുന്നത്. തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്ന മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഗ്രന്ഥം, വളരെ വ്യവസ്ഥാപിതമായും, ഗവേഷണപരമായ സത്യസന്ധത പുലര്‍ത്തിയും ‘ആധുനികത’ എന്ന ആശയത്തെ അപഗ്രഥനവിധേയമാക്കിയിട്ടുണ്ട്. ഇസ്‌ലാമിക പരിപ്രേക്ഷ്യത്തിലൂടെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ കൈകാര്യം ചെയ്യുന്നതാണ് ആദ്യ ഭാഗം. സാമൂഹികതലത്തിലെ മുസ്‌ലിംകളുടെ കര്‍തൃത്വത്തെ രണ്ടാം ഭാഗം അഭിസംബോധന ചെയ്യുമ്പോള്‍, പാശ്ചാത്യ-ഇസ്‌ലാമിക നാഗരികതകളിലെ വ്യത്യസ്ത സാംസ്‌കാരിക പ്രശ്‌നങ്ങളെ പരിശോധിക്കുന്നതും, ഒത്തുചേരലിന്റെ ഇടങ്ങളെ അന്വേഷിക്കുന്നതുമാണ് അവസാനഭാഗം.

തുടക്കത്തില്‍, പാശ്ചാത്യലോകത്തെ ആധുനികവല്‍ക്കരണത്തിന്റെ ചരിത്രത്തെയാണ് ഗ്രന്ഥകാരന്‍ നമുക്ക് പരിചയപ്പെടുത്തുന്നത്. അതിന്റെ വേരുകള്‍ തേടി അദ്ദേഹം പതിനാറാം നൂറ്റാണ്ട് വരെ ചെന്നെത്തുന്നുണ്ട്. പാശ്ചാത്യലോകത്തെ ആധുനികവല്‍ക്കരണമെന്നത് അതിന്റെ ആരംഭദശയില്‍ ഒരു വിപ്ലവമായിരുന്നെന്നും, മതവും ശാസ്ത്രവും തമ്മില്‍ വളരെ കാലം നീണ്ടുനിന്ന കലഹത്തിന്റെ ഫലമായിരുന്നു അതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. മതസ്ഥാപനങ്ങളുടെ അധികാരം ഉപയോഗിച്ച് ശാസ്ത്രീയ ചിന്തയെ അടിച്ചമര്‍ത്താനും അതിന് മേല്‍ ആധിപത്യം സ്ഥാപിക്കാനും മതം ശ്രമിച്ചതാണ് അവ തമ്മിലുള്ള സംഘട്ടനം ഉടലെടുക്കാനുള്ള മൂലകാരണം. പിന്നീട് മതത്തിന് മേല്‍ ശാസ്ത്രം വിജയം വരിക്കുന്നതാണ് കണ്ടത്. ആചാരങ്ങളുടെയും, മതസ്ഥാപനങ്ങളുടെയും ചങ്ങലകെട്ടുകളില്‍ നിന്നുള്ള മോചനമായിട്ടാണ് ആധുനികവല്‍ക്കരണം മനസ്സിലാക്കപ്പെട്ടത്. മതത്തിനും ദിവ്യബോധനത്തിനും നേര്‍ക്കുള്ള കടുത്ത വെറുപ്പിനെ ഇത് വ്യക്തമാക്കുന്നുണ്ട്. ആധുനികതക്ക് എതിരായിട്ടാണ് പാശ്ചാത്യലോകത്ത് ഇസ്‌ലാം മനസ്സിലാക്കപ്പെട്ടത്. കാരണം ദിവ്യബോധനത്തില്‍ അധിഷ്ഠിതമാണല്ലോ ഇസ്‌ലാം. എന്നാല്‍ ഇസ്‌ലാമും ശാസ്ത്രവും തമ്മില്‍ യാതൊരു സ്വരചേര്‍ച്ചയില്ലായ്മയും ഉണ്ടായിരുന്നില്ലെന്നതിന് ഇസ്‌ലാമിക ചരിത്രം തെളിവാണ്. ഖുര്‍ആനിലെ ഒരുപാട് വെളിപാടുകള്‍ പിന്നീട് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയുണ്ടായി. മനുഷ്യ പുരോഗതിക്കും ക്ഷേമത്തിനും ശാസ്ത്രീയ ചിന്തയും വൈജ്ഞാനിക പുരോഗതിയും അനിവാര്യമാണെന്നാണ് ഇസ്‌ലാമിക അധ്യാപനം. വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ഒത്തൊരുമ, മുസ്‌ലിം സ്‌പെയിലൂടെയും, ഏഴാം നൂറ്റാണ്ടിലെ ബാഗ്ദാദിലൂടെയും ഇസ്‌ലാമിക ചരിത്രം നമുക്ക് കാണിച്ച് തരുന്നുണ്ട്. ഗ്രന്ഥകാരന്‍ പറയുന്നത് പോലെ ‘ആധുനികതയുടെ പ്രതിസന്ധിയിലൂടെയാണ്’ ഇന്ന് പാശ്ചാത്യം ലോകം കടന്നുപോയി കൊണ്ടിരിക്കുന്നത്. ദൈവിക സത്യത്തോടുള്ള അവഗണനയും, മനുഷ്യനിലുള്ള അമിത വിശ്വാസവുമാണ് അതിന് കാരണം. ഇതിന് അവര്‍ക്ക് വിലയായി നല്‍കേണ്ടി വന്നത് കുടുംബജീവിതയും സാമൂഹിക ജീവിതവുമാണ്. ലൈംഗികാരാചകത്വത്തിലും ആര്‍ത്തിയിലും അവര്‍ സ്വയം നഷ്ടപ്പെട്ടു. ഇക്കാരണത്താലാണ് ഇത്തരം ‘ആധുനികവല്‍ക്കരത്തെ’ ഇസ്‌ലാം ശക്തമായി എതിര്‍ക്കുന്നത്.

രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക മണ്ഡലങ്ങളില്‍ ഒരു മുസ്‌ലിമിന്റെ പങ്കെന്താണെന്ന് വിശകലനം ചെയ്യുന്നതിലൂടെ ഇസ്‌ലാമിക ചക്രവാളങ്ങളിലേക്കുള്ള ഒരു വാതില്‍ തുറക്കുകയാണ് ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിലൂടെ താരിഖ് റമദാന്‍. ഒരു ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുമ്പോഴേക്ക് നമ്മുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് വിശ്വസിക്കുന്ന ഇസ്‌ലാമിക് ആക്റ്റിവിസ്റ്റുകളുടെ ചിന്താഗതിയിലെ അപകടങ്ങളെ അദ്ദേഹം തുറന്നു കാട്ടുന്നുണ്ട്. സമകാലിക സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലങ്ങളില്‍ ഇസ്‌ലാമിക തത്വങ്ങള്‍ പ്രായോഗികവല്‍ക്കരിക്കുന്നതിലെ വെല്ലുവിളികളെ നിസ്സാരവല്‍ക്കരിക്കുകയാണ് അത്തരം ചിന്താഗതിക്കാര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്. ക്ലാസിക്കല്‍ വിജ്ഞാനത്തോടൊപ്പം മുസ്‌ലിം പണ്ഡിതന്‍മാര്‍ സാമൂഹിക വിഷയങ്ങളുടെ വ്യത്യസ്ത ശാഖകളില്‍ അവഗാഹം നേടേണ്ടതിന്റെ അനിവാര്യതയിലേക്ക് താരിഖ് റമദാന്‍ വിരല്‍ചൂണ്ടുന്നുണ്ട്. ക്ലാസിക്കല്‍ ഇസ്‌ലാമിക വിജ്ഞാനീയവും, വ്യത്യസ്ത പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗങ്ങളിലെ അറിവും തമ്മിലുള്ള വിടവ് നികത്താതിരുന്നാല്‍, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ടതും, പ്രായോഗികമല്ലാത്തതുമായ മതവിധികള്‍ പുറപ്പെടുവിക്കുന്ന അപകടകരമായ സാഹചര്യത്തിലേക്ക് അത് മുസ്‌ലിം പണ്ഡിതന്മാരെ നയിക്കുമെന്ന് അദ്ദേഹം സമര്‍ത്ഥിക്കുന്നു. ശരീഅത്തിന്റെ പ്രാഥമിക സ്രോതസ്സുകളും (ഖുര്‍ആന്‍, സുന്നത്ത്), മാറികൊണ്ടിരിക്കുന്ന കാലവും തമ്മിലുള്ള സന്തുലിതത്വം പ്രതിഫലിപ്പിക്കുന്നതാകണം ഇജ്തിഹാദ്. ഇടുങ്ങിയതും, അസ്ഥാനത്തുള്ളതുമായ ഇസ്‌ലാമിക തത്വങ്ങളുടെ പ്രയോഗവല്‍ക്കരണത്തില്‍ നിന്നും നമ്മെ രക്ഷിക്കാന്‍ ഇത്തരത്തിലുള്ള മനസ്സിലാക്കല്‍ അനിവാര്യമാണെന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നുണ്ട്.

സാമൂഹിക മണ്ഡലത്തില്‍ സജീവമായി ഇടപെടണമെന്ന് ആവശ്യപ്പെടുന്നതോടൊപ്പം, അത്തരം ഇടപെടല്‍ നമ്മുടെ മേലുള്ള ബാധ്യതയാണെന്നും, അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനുള്ള ഒരു മാധ്യമമാണ് അതെന്നും താരിഖ് റമദാന്‍ മുസ്‌ലിം സമൂഹത്തെ ഓര്‍മപ്പെടുത്തുന്നു. മനുഷ്യാരാശിക്ക് സേവനം ചെയ്യുന്നതിലൂടെ ഒരാള്‍ യഥാര്‍ത്ഥ ദൈവദാസനാവുന്നു. പ്രാദേശികവും, ദേശീയവും, അന്താരാഷ്ട്രീയവുമായ തലങ്ങളില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത് നമ്മുടെ മേലുള്ള നിര്‍ബന്ധ മതബാധ്യതയാണ്. ഖേദകരമെന്നു പറയട്ടെ ഇസ്‌ലാമിന്റെ ഈ വശം വ്യാപകമായി അവഗണിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. മുസ്‌ലിം രാഷ്ട്രങ്ങളുടെ സാമ്പത്തികരംഗത്തെ കെടുകാര്യസ്ഥതയും, അതെങ്ങനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചുവെന്നും ഗ്രന്ഥകാരന്‍ തെളിവുകള്‍ സഹിതം അവതരിപ്പിക്കുന്നുണ്ട്.

ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത്, പാശ്ചാത്യ ലോകവും ഇസ്‌ലാമിക നാഗരികതയും തമ്മിലുള്ള സംഘട്ടനത്തിലേക്ക് ഗ്രന്ഥകാരന്‍ കൂടുതലായി ഇറങ്ങിചെന്നിട്ടുണ്ട്. പാശ്ചാത്യമായതെന്തും ഇസ്‌ലാമിക വിരുദ്ധമായി മനസ്സിലാക്കുന്നതിനെതിരെ അദ്ദേഹം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, പരസ്പം നിഷേധിക്കുന്ന ഒരു ബന്ധമാണ് നൂറ്റാണ്ടുകളായി ഇരുനാഗരികതകളും തമ്മില്‍ നിലനില്‍ക്കുന്നത്. യഥാര്‍ത്ഥ ഇസ്‌ലാമിക സ്വത്വത്തിന് എതിരാണ് ഈ പ്രവണത. മുസ്‌ലിം സമൂഹത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെല്ലാം തന്നെ അടിസ്ഥാനരഹിതങ്ങളാണെന്ന് പറയാന്‍ കഴിയില്ല. മനുഷ്യാവകാശ ലംഘനങ്ങള്‍, അഴിമതി, ഏകാധിപത്യ ദുര്‍ഭരണ ഭരണകൂടങ്ങള്‍, മുസ്‌ലിം രാഷ്ട്രങ്ങളിലെ സ്ത്രീകളുടെ സാമൂഹ്യപദവി എന്നിവ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ചുള്ള വാര്‍പ്പുമാതൃകള്‍ വളര്‍ത്തുന്നതും ശക്തിപ്പെടുത്തുന്നതും തന്നെയാണ്. പൂര്‍ണ്ണമായ ബോധ്യത്തോടെയുള്ള ഇസ്‌ലാമിക തത്വങ്ങളുടെ പ്രായോഗികവല്‍ക്കരണത്തിലൂടെ ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചാല്‍, അബദ്ധധാരണകള്‍ തീരുത്താനും, പാശ്ചാത്യലോകത്ത് ഇസ് ലാമിന് കൂടുതല്‍ സ്വീകാര്യത നേടിയെടുക്കാനും കഴിയും. ആധുനികതയും, ആധുനികവല്‍ക്കരണം എന്ന ആശയവും തമ്മിലുള്ള വ്യത്യാസം പാശ്ചാത്യലോകം വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. പാശ്ചാത്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കാനാണ് ആധുനികവല്‍ക്കരണം ശ്രമിക്കുന്നത്. ഈ ആധുനികവല്‍ക്കരണത്തെ ഇസ്‌ലാം നിരന്തരം തള്ളിക്കളഞ്ഞു കൊണ്ടിരിക്കും.

ഗ്രന്ഥകാരന്റെ പിതാവ്, പിതാമഹന്‍ എന്നിവരില്‍ നിന്നുള്ള മഹത്തായ അധ്യാപനങ്ങളും ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് എന്നതാണ് ഗ്രന്ഥത്തിന്റെ എടുത്ത് പറയേണ്ട സവിശേഷതകളില്‍ ഒന്ന്. ഹസനുല്‍ ബന്നയുടെ ഒരു വാചകം അതിനൊരുദാഹരണമാണ്, ‘ദൈവമാര്‍ഗത്തില്‍ മരണം വരിക്കുക എന്നത് പ്രയാസകരം തന്നെയാണ്, പക്ഷെ ദൈവമാര്‍ഗത്തില്‍ ജീവിക്കുക എന്നത് അതിനേക്കാള്‍ പ്രയാസകരമാണ്’. ദൈവമാര്‍ഗത്തില്‍ ജീവിക്കാന്‍ ഉറച്ച വിശ്വാസം, അചഞ്ചലത, സമര്‍പ്പണം, ത്യാഗം, ക്ഷമ എന്നിവ അനിവാര്യമാണ്. ഈ വെല്ലുവിളിയുടെ ആഴം മനസ്സിലാക്കുന്നതില്‍ നമ്മില്‍ പലരും പരാജയപ്പെട്ടിരിക്കുന്നു. ഹസനുല്‍ ബന്നയുടെ മറ്റൊരു മഹദ് വചനം കേള്‍ക്കാം, ‘നിങ്ങള്‍ പഴം കായ്ക്കുന്ന മരത്തെ പോലെയാവുക, കല്ലുകളാല്‍ അത് എറിയപ്പെടുമ്പോഴും, പഴങ്ങള്‍ മാത്രമാണ് അത് തിരിച്ചെറിയുക’. മാതൃകാ മുസ്‌ലിം ആരാണെന്ന് ആ വാക്കുകള്‍ സ്പഷ്ടമാക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, അത്തരമൊരു ആത്മീയതലത്തില്‍ എത്തിച്ചേരുക വളരെ പ്രയാസകരം തന്നെയാണെങ്കിലും, നാം എല്ലായ്‌പ്പോഴും അതിനായി പരിശ്രമിക്കേണ്ടതുണ്ട്.

352 പേജുള്ള ഈ ഗ്രന്ഥം ‘ദി ഇസ്‌ലാമിക് ഫൗണ്ടേഷന്‍’ ആണ് പബ്ലിഷ് ചെയ്തിരിക്കുന്നത്.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍
????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles