Current Date

Search
Close this search box.
Search
Close this search box.

ഇസ്‌ലാമിക പ്രവര്‍ത്തകന് ഊര്‍ജ്ജം പകരുന്ന നവോത്ഥാന ശില്‍പികള്‍

book-pkjamal.jpg

വഴിമുട്ടുന്ന ചരിത്രത്തില്‍ പുതിയ വഴി വെട്ടിത്തെളിയിക്കുന്നവരാണ് വിപ്ലവകാരികള്‍. വരാനിരിക്കുന്ന പുലരിയെ മുന്‍കൂട്ടിക്കാണുകയും പ്രസ്തുത മാര്‍ഗത്തില്‍ ബഹുദൂരം സഞ്ചരിക്കുകയും ചെയ്തവരാണവര്‍. തങ്ങള്‍ സ്വപ്നം കാണുന്ന ആ വസന്തം നേരത്തെ ദര്‍ശിക്കാനായി ആളും അര്‍ഥവും നല്‍കി മുമ്പേ പറന്ന പക്ഷികളാണവര്‍. ആധുനിക ഇസ്‌ലാമിക നവജാഗരണത്തിന് അടിത്തറ പാകിയ നവോഥാന ശില്‍പികളുടെ ജീവിതത്തിലെ ഹൃദയസ്പൃക്കായ സംഭവവികാസങ്ങള്‍ ഒട്ടും ചൈതന്യം ചോരാതെ ഒപ്പിയെടുത്ത ലഘുവിവരണമാണ് പികെ ജമാല്‍ രചിച്ച നവോത്ഥന ശില്‍പികള്‍ എന്ന ഗ്രന്ഥം.

നാളും തിയ്യതിയും രേഖപ്പെടുത്തി ആത്മാവില്ലാത്ത കുറേ വിവരങ്ങള്‍ പകര്‍ന്നുനല്‍കുന്ന പതിവ് ചരിത്രരചനയില്‍ നിന്നും വേറിട്ട്‌കൊണ്ട് കണ്ണീരും പുഞ്ചിരിയും ആശകളും പ്രാര്‍ഥനകളും ഹൃദയസ്പന്ദനങ്ങളും നിശ്വാസങ്ങളും കോര്‍ത്തിണക്കിയ ജീവിതഗന്ധിയായ അവതരണമാണ് ഈ ഗ്രന്ഥത്തെ വേറിട്ടുനിര്‍ത്തുന്നത്.

ആധുനിക ഇസ്‌ലാമിക നവോഥാന ചരിത്രത്തില്‍. വിശിഷ്യാ ഈജിപ്തിന്റെ ചരിത്രത്തില്‍ തടവറ ദര്‍ശിക്കാത്ത ഒരു വിപ്ലവകാരിയെയും കാണാന്‍ കഴിയില്ല. നിരോധനങ്ങള്‍ കൊണ്ടും അടിച്ചമര്‍ത്തലുകള്‍ കൊണ്ടും തടവറതീര്‍ത്തും ഏതെങ്കിലും വിപ്ലവത്തെ നിര്വീര്യമാക്കാന്‍ കഴിയുമെങ്കില്‍ ഈജിപ്തിലെ ഇസ്‌ലാമിക പ്രസ്ഥാനം പണ്ടേ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകേണ്ടതായിരുന്നു. മറിച്ച്, ജയിലറകളില്‍ നിന്ന് കൊട്ടാരത്തിലേക്ക് നടന്നുനീങ്ങുന്ന ഐതിഹാസിക ചരിത്രമാണ് ഈജിപ്തില്‍ ലോകം ദര്‍ശിച്ചത്. ഇന്നും ഈജിപ്തിലെ ജനങ്ങള്‍ക്ക് സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അവസരം നല്‍കിയാല്‍ അതിന്റെ ഫലവും ഒട്ടും മറിച്ചാവില്ല.

ആധുനിക ഇസ്‌ലാമിക നവോഥാനത്തിന് സാരഥ്യം വഹിച്ച മഹദ് വ്യക്തികളായ ശഹീദ് അബ്ദുല്‍ ഖാദര്‍ ഔദ, ശഹീദ് സയ്യിദ് ഖുതുബ്, ഹസന്‍ ഹുദൈബി, ഉമര്‍ തില്‍മസാനി, ശൈഖ് അഹ്മദ് യാസീന്‍, സൈനബുല്‍ ഗസാലി തുടങ്ങി പതിനൊന്ന് മഹദ് വ്യക്തികളുടെ ജീവിതം പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. കഴുമരത്തിനുമുമ്പില്‍ നിന്ന് ധിക്കാരികളായ ഭരണാധികാരികളെ വിറപ്പിച്ചുകൊണ്ട് മരണത്തിലേക്ക് പുഞ്ചിരിയോടെ നടന്നുനീങ്ങിയ മഹാരഥന്മാരുടെ പ്രതികരണങ്ങള്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ഊര്‍ജ്ജം അനിര്‍വചനീയമാണ്. ഖുബൈബുമാര്‍ വീണ്ടും വീണ്ടും പുനര്‍ജനിക്കുന്ന ഐതിഹാസിക ചരിത്രമാണ് ഇന്നും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കഴുമരത്തിന്റെ മുമ്പില്‍ വെച്ച് ദയാഹരജി നല്‍കിയാല്‍ വിട്ടയക്കാം എന്ന് സൈനികോദ്യഗസ്ഥന്മാര്‍ അഭ്യര്‍ഥിച്ചപ്പോള്‍ സയ്യിദ് ഖുതുബിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. ‘നമസ്‌കാരവേളയില്‍ അല്ലാഹുവിന്റെ ഏകത്വം വിളംബരം ചെയ്യുന്ന ഈ ചൂണ്ടുവിരല്‍ കൊണ്ട് അക്രമിയായ ഭരണാധികാരിയുടെ വിധിയെ സാധൂകരിക്കുന്ന ഒരക്ഷരം പോലും എഴുതില്ല.’

നടന്നുവന്ന വഴികളെ കുറിച്ച് ബോധ്യമുണ്ടാകുമ്പോഴാണ് അതില്‍ കാലൂന്നി പുതിയ ചരിത്രം രചിക്കാന്‍ സാധിക്കുക. അത്തരത്തില്‍ പുതിയ ചരിത്രത്തിന്റെ സ്രഷ്ടാക്കളാകാന്‍ വെമ്പല്‍കൊള്ളുന്നവര്‍ക്ക് ആശയും ആവേശവും നല്‍കുന്ന രചനയാണിത്. ചരിത്രരചനയില്‍ പൊതുവെ ഇടം പിടിക്കാറുള്ളത് വീരഗാഥമുഴക്കിയ രക്തസാക്ഷികളാണ്, അതില്‍ നിന്ന് വ്യത്യസ്തമായി വിജ്ഞാനവീഥിയില്‍ സമര്‍പ്പിത ജീവിതം നയിച്ചുകൊണ്ട് സമൂഹത്തിന് ദിശാബോധം നല്‍കിയ ശൈഖ് മുഹമ്മദുല്‍ ഗസാലി, ഡോ. സയ്യിദ് നൂഹ് എന്നിവരുടെ ചരിത്രവും, ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്ക് താങ്ങും തണലുമായി വര്‍ത്തിച്ച അബൂ ബദറിനെ കുറിച്ച മഹിതമായ സ്മരണകളും പ്രബോധനരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച ഡോ. അബ്ദുറഹ്മാന്‍ അസ്സുമൈത്തിന്റെ ചരിത്രവും ഇതില്‍ ഇടം പിടിച്ചിട്ടുണ്ട്. എഴുത്തുകാരനും പണ്ഡിതനും പ്രഭാഷകനുമായ പികെ ജമാല്‍ രചിച്ച ഈ പുസ്തകം ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് ആണ് പുറത്തിറക്കിയത്.

Related Articles