Current Date

Search
Close this search box.
Search
Close this search box.

ഇമാം ഗസാലി: എഴുത്തും വായനയും

gazali887.jpg

മുസ്‌ലിം സമൂഹങ്ങളുടെ സങ്കീര്‍ണ്ണവും ബഹുസ്വരവുമായ ജീവിതാനുഭവങ്ങളെയും ജീവിതത്തോടുള്ള അവരുടെ കാഴ്ച്ചപ്പാടുകളെയും കുറിച്ച് മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിക ജ്ഞാനശാസ്ത്ര വ്യവഹാരങ്ങളെക്കുറിച്ച് സാമാന്യം നല്ല ധാരണയുണ്ടായിരിക്കണമെന്ന് തലാല്‍ അസദ് പറയുന്നുണ്ട് (The idea of anthropology in islam). ഇമാം ഗസാലിയുടെ ജീവിതത്തെയും എഴുത്തിനെയും കുറിച്ച്  ‘Gazzali and the poetics of imagination’ എന്ന പുസ്തകമെഴുതിയ ഇബ്രാഹീം മൂസ തലാല്‍ അസദ് പറയുന്ന രീതിയില്‍ ഇസ്‌ലാമിക ചിന്താപാരമ്പര്യത്തെ സമീപിച്ചയാളാണ്. ഇസ്‌ലാമിക ജ്ഞാനശാസ്ത്ര വ്യവഹാരങ്ങളിലും പുതിയ അക്കാദമിക് സമീപനങ്ങളിലും ഒരുപോലെ അവഗാഹമുള്ളതിനാല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഈ പുസ്തകം ഗസാലിയെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടവയില്‍ നിന്ന് വ്യത്യസ്തമാകുന്നത്. അതിനാല്‍ തന്നെ ഇസ്‌ലാമിക ചിന്താപാരമ്പര്യങ്ങളിലേക്കും സമകാലിക തത്വചിന്താപാരമ്പര്യങ്ങളിലേക്കും വായന വികസിച്ചവര്‍ക്ക് മാത്രമേ ഇബ്രാഹീം മൂസയുടെ ഈ പുസ്തകം ഒരു നല്ല വായനാനുഭവമാകൂ. തീവ്രമായ വായനയിലൂടെ മാത്രം സാധ്യമാകുന്ന ഒന്നാണത്.

കൗമാരകാലത്ത് ബോംബെ സന്ദര്‍ശിച്ചപ്പോഴാണ് ഗസാലിയുടെ ‘ഇഹ്‌യാ’ ഇബ്രാഹീം മൂസയുടെ കൂട്ടുകാരനായിത്തീരുന്നത്. എന്നാല്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ഇഹ്‌യാ വായിക്കാനാരംഭിക്കുന്നത്. പ്രധാനപ്പെട്ട രണ്ട് ജീവിതാവസ്ഥകളിലൂടെയാണ് ഗസാലി കടന്നുപോയിട്ടുള്ളതെന്നാണ് ഇബ്രാഹീം മൂസ പറയുന്നത്. ഒന്ന്, 15 വയസ്സ് മുതല്‍ 28 വയസ്സ് വരെ ത്വൂസ്, ബഗ്ദാദ് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പണ്ഡിതരുടെ കീഴിലുള്ള ശിക്ഷണം. മുസ്‌ലിം നിയമം, രാഷ്ടീയം, ദൈവശാസ്ത്രം, തുടങ്ങിയവയിലുള്ള പഠനങ്ങള്‍, വിവിധ ഇസ്‌ലാമിക പണ്ഡിതരുമായുള്ള സംവാദങ്ങള്‍ എന്നിവയൊക്കെയാണ് ഇക്കാലത്ത് നടക്കുന്നത്. എന്നാല്‍, 28 വയസ്സ് കഴിയുന്നതോടുകൂടി ഗസാലിയില്‍ ചില മാറ്റങ്ങള്‍ കാണുന്നുണ്ടെന്നാണ് ഇബ്രാഹീം മൂസ്സ പറയുന്നത്. ലോകപ്രശസ്തനായ പണ്ഡിതനായും തത്വചിന്തകനുമായുള്ള അദ്ദേഹത്തിന്റെ ജീവിതം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. ഗസാലിയുടെ വായന പാരമ്യതയിലെത്തിയ ഘട്ടമായിരുന്നു അത്. തത്വചിന്ത വായിച്ച് വായിച്ച് ഒടുവിലെത്തിയത് The incoherence of philosophers എന്ന പുസ്തകത്തിന്റെ പിറവിയിലാണ്. അന്നുണ്ടായിരുന്ന മുഴുവന്‍ തത്വചിന്താ പാരമ്പര്യങ്ങളെയും ഗസാലി കശക്കിയെറിഞ്ഞു. ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ തത്വചിന്തയുടെ ഗ്രീക്ക് പാരമ്പര്യത്തെ വെല്ലുവിളിച്ചു. തസവ്വുഫിനെയും തത്വചിന്തയെയും ചേര്‍ത്ത് നിര്‍ത്തിക്കൊണ്ടുള്ള സൗന്ദര്യശാസ്ത്ര സമീപനമായിരുന്നു ഗസാലിയുടേത്.

രണ്ട്, വായനയുടെയും എഴുത്തിന്റെയും പാരമ്യതയിലൂടെ കടന്നുപോയ ഗസാലി പെട്ടെന്ന് എല്ലാ ഭൗതിക വ്യവഹാരങ്ങളില്‍ നിന്നും ഒരു പിന്‍മടക്കം നടത്തുന്നുണ്ട്. ഒരു ആത്മീയാന്വേഷകന്‍ എന്ന നിലക്കുള്ള ഗസാലിയുടെ ജീവിതം തുടങ്ങുന്നത് ഇവിടെ വെച്ചാണ്. ഈയൊരു മാറ്റം സംഭവിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഇബ്രാഹീം മൂസ പറയുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു കൊണ്ടിരിക്കെ പെട്ടെന്ന് ഗസ്ലിയുടെ നാവറ്റ് പോകുന്നു. ഒന്നും പറയാന്‍ സാധിക്കുന്നില്ല. പല ഡോക്ടര്‍മാരെയും സമീപിച്ചു. ഫലമുണ്ടായില്ല. അവസാനം ഗസാലി സ്വയം തന്നെ തന്റെ രോഗത്തിന് ഒരു പ്രതിവിധി കണ്ടെത്തി. എല്ലാമുപേക്ഷിച്ച് കൊണ്ടുള്ള ഒരു ആത്മീയ യാത്രയായിരുന്നു അത്. അങ്ങനെയാണ് വലിയൊരു പ്രൊഫസറില്‍ നിന്ന് ബഗ്ദാദിലെ ഒരു പള്ളിയിലെ തൂപ്പുകാരനായി ഗസാലി മാറുന്നത്. ഈ ഘട്ടത്തിലാണ് മരണത്തെയും മരണാനന്തര ജീവിതത്തെയും കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള വിജ്ഞാനരീതി ഗസാലി വികസിപ്പിക്കുന്നത്. ‘ഇഹ്‌യാ’ രചിക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്. (ഗസാലി എങ്ങനെയാണ് മരണത്തെ കണ്ടതെന്ന് Ethical sound scape എന്ന പുസ്തകത്തിലെ The accoustics of death എന്ന ചാപ്റ്ററില്‍ ചാള്‍സ് കിഷ്‌കിന്ദ് എഴുതുന്നുണ്ട്. ലിബറല്‍ പാരമ്പര്യത്തോടുളള വിമര്‍ശനമായാണ് അദ്ദേഹം ഇതെഴുതുന്നത്.)

ഈ പുസ്തകത്തിന്റെ സൈദ്ധാന്തികടിത്തറ ഇബ്രാഹീം മൂസ വികസിപ്പിച്ചിട്ടുള്ളത് ‘ദിഹ്‌ലിസ്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ്. ഗസാലിയുടെ തന്നെ ഒരു മെറ്റഫറാണ് ‘ദിഹ്‌ലിസ്’. മധ്യേയുള്ള സ്ഥലം എന്നാണതിനര്‍ത്ഥം. ഇബ്രാഹീം മൂസ്സ പറയുന്നത് ഗസാലിയുടെ വ്യക്തിത്വം ദിഹ്‌ലിസ്സാണെന്നാണ്. വായനയുടെയും ചിന്തയുടെയും ലോകത്ത് ജീവിക്കുമ്പോഴും ആത്മീയതയുടെ വഴി തേടാന്‍ അദ്ദേഹത്തിന് സാധിക്കുന്നത് ഈയൊരു വ്യക്തിത്വം മൂലമാണ്.

ഇബ്രാഹീം മൂസ്സ അന്വേഷിക്കുന്നത് നമ്മുടെ ഇന്നത്തെ ജീവിതത്തിന് ഗസാലി എന്തുത്തരമാണ് നല്‍കുന്നതെന്നാണ്. ദിഹ്‌ലിസ് എന്ന രൂപകത്തെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് അവ്യക്തമായ (Ambiguous) ഒരു സ്ഥാനമാണ് ഗസാലി അലങ്കരിക്കുന്നത്. സ്വയം വിശേഷിപ്പിക്കുന്നില്ലെങ്കിലും അലി ശരീഅത്തിയും ഇത്തരമൊരലങ്കാരം എടുത്തണിയുന്നുണ്ട്. (Ali Shariathi and the mystical tradition of Islam)

ഇതര ജ്ഞാനശാസ്ത്ര വ്യവഹാരങ്ങളില്‍ നിന്നുള്ള ഇസ്‌ലാമിക ജ്ഞാനശാസ്ത്ര വ്യവഹാരങ്ങളുടെ വ്യത്യസ്തതയെ (difference) കുറിച്ച് ഈ പുസ്തകത്തില്‍ ഇബ്രാഹീം മൂസ്സ ഒന്നും പറയുന്നില്ല. ലിബറല്‍ പാരമ്പര്യത്തിന് പുറത്ത് നില്‍ക്കുന്ന മുസ്‌ലിം ജീവിതങ്ങളെക്കുറിച്ചും ഇസ്‌ലാമിക ചിന്താപാരമ്പര്യങ്ങളെക്കുറിച്ചും വായിക്കുകയും എഴുതുകയും ചെയ്യുമ്പോള്‍ അത്തരത്തിലുള്ള ഒരു റാഡിക്കല്‍ സമീപനം അനിവാര്യമാണ്. എന്തായാലും ഗസാലിയെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടവയില്‍ ഏറ്റവും മികച്ച ഒരു പഠനം തന്നെയാണിതെന്ന കാര്യത്തില്‍ സംശയമില്ല.

Related Articles