Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ-പാക് ബന്ധത്തിലെ അസ്വാരസ്യങ്ങള്‍

husain-haqani.jpg

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം കിഴക്കേഷ്യയിലെ കത്തുന്ന വിഷയമാണ്. ഇരുരാജ്യങ്ങളും പരസ്പരം വെച്ചുപുലര്‍ത്തുന്ന വൈരം ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയവുമാണ്. എന്നാല്‍ ഇന്ത്യ-പാക് ബന്ധം വഷളാകുന്നതിനുള്ള പ്രധാന കാരണം വിഭജനമോ മതമോ അല്ലെന്നും പരസ്പരമുള്ള തെറ്റിദ്ധാരണകളും അവിശ്വാസവുമാണെന്ന് ഹുസൈന്‍ ഹഖ്ഖാനി അദ്ദേഹത്തിന്റെ ‘India vs Pakistan: Why can we just be friends?’ എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. 2016 മാര്‍ച്ചില്‍ പാകിസ്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലെഫ്.ജന. നസീര്‍ ഖാന്‍ ജാന്‍ജുവ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗം(റോ) തലവന്‍ അജിത്ത് ഡോവലിന് ഗുജറാത്തിലെ ശിവരാത്രി ഉത്സവത്തില്‍ ആക്രമണങ്ങള്‍ പദ്ധതിയിട്ട പാകിസ്താന്‍ തീവ്രവാദികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയുണ്ടായി. മുംബൈയില്‍ 166 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സമാനമായ ഒന്നാണ് ലശ്കര്‍, ജയ്‌ശെ മുഹമ്മദ് തീവ്രവാദികള്‍ അടങ്ങിയ ഈ സംഘം പദ്ധതിയിടുന്നതെന്നും പാകിസ്താന്‍ ഇന്ത്യക്ക് സന്ദേശങ്ങള്‍ കൈമാറുകയുണ്ടായി.

പാകിസ്താന്റെ മുന്നറിയിപ്പിന്റെ ഫലമായി ഗുജറാത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ സാധിച്ചു. അഹ്മദാബാദ് എയര്‍പോര്‍ട്ടില്‍ നാല് എന്‍.എസ്.ജി കമാന്‍ഡോ സംഘങ്ങള്‍ നിയമിക്കപ്പെട്ടു. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും പോലീസിന്റെ നിരീക്ഷണത്തിലായി. ഗുജറാത്ത് പദ്ധതി ഉപേക്ഷിച്ചാല്‍ ഭീകരസംഘം ഉന്നംവെക്കാന്‍ സാധ്യതയുള്ള ഡല്‍ഹി നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സാധിച്ചു. ഭീഷണികളൊന്നുമില്ലാതെ ശിവരാത്രി കടന്നുപോയി. ജനുവരിയില്‍ പഞ്ചാബിലെ പത്താന്‍കോട്ട് വ്യോസേനാ താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ ഇത്തരമൊരു രഹസ്യവിവരം കൈമാറാന്‍ നിര്‍ബന്ധിതമായത്. ഇന്ത്യയുമായി ഇനിയൊരു യുദ്ധത്തിന് താല്‍പര്യമില്ലെന്ന പാകിസ്താന്‍ സൂചനയായിരുന്നു ഇതെന്നാണ് ഇന്ത്യന്‍ നയതന്ത്ര വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇന്ത്യക്ക് വിവരങ്ങള്‍ ചോര്‍ത്തിക്കൊടുക്കുന്നത് ഇന്ത്യയിലെ അല്‍-ഖാഇദ കേന്ദ്രങ്ങള്‍ പൂട്ടാന്‍ കാരണമാകുമെന്ന് പാകിസ്താനി ജിഹാദി ബ്ലോഗര്‍മാര്‍ സര്‍ക്കാറിനെതിരെ എഴുതി.

ഇതാദ്യമായല്ല, ഇന്ത്യയും പാകിസ്താനും പരസ്പരം സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൈമാറുന്നത്. 1987-ല്‍ ഖലിസ്താന്‍ തീവ്രവാദികളുടെ ഭീഷണി ചെറുക്കാനായി അന്നത്തെ റോ മേധാവി ഏ.കെ വര്‍മ്മയും ഐ.എസ്.ഐ മേധാവി ലെഫ്.ജന. ഹാമിദ് ഗുലും തമ്മില്‍ സ്വിറ്റ്‌സര്‍ലന്റില്‍ വെച്ച് ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. അതുപോലെ 2003 ഡിസംബറില്‍ അന്നത്തെ പാകിസ്താന്‍ പ്രസിഡന്റായ പര്‍വേസ് മുഷറഫിനെ വധിക്കാനുള്ള ഗൂഢാലോചനകളുടെ മുനയൊടിച്ചത് ഇന്ത്യ പാകിസ്താന് ചോര്‍ത്തി നല്‍കിയ ഫോണ്‍ സന്ദേശങ്ങളായിരുന്നു. എന്നാല്‍ പദ്ധതിക്ക് പിന്നിലെ ബുദ്ധികേന്ദ്രങ്ങളെ പിടികൂടാന്‍ ആക്രമണം നടക്കട്ടെ എന്ന നിലപാടിലായിരുന്നു പാകിസ്താന്‍. ഇന്ത്യയുടെ അവസരോചിത ഇടപെടലാണ് യഥാര്‍ത്ഥത്തില്‍ മുഷറഫിന്റെ ജീവന്‍ രക്ഷിച്ചത്. അതേ വര്‍ഷം തന്നെ ജമ്മു-കാശ്മീരിലെ തീവ്രവാദ ഭീഷണി ലഘൂകരിക്കാനുള്ള രഹസ്യ യോഗങ്ങള്‍ ഇന്ത്യ-പാക് രഹസ്യാന്വേഷണ ഏജന്‍സി തലവന്മാര്‍ നടത്തുകയുണ്ടായി. പിന്നീടങ്ങോട്ടും ഇന്ത്യാ-പാക് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മില്‍ ധാരണയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. എന്നാല്‍ 2008-ലെ മുംബൈ ഭീകരാക്രമണമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം കൂടുതല്‍ വഷളാക്കിയത്. ഇന്ത്യ പാകിസ്താനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയപ്പോള്‍ പാകിസ്താന്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചു. അതിന് ശേഷം ഇന്ത്യ-പാക് ബന്ധത്തില്‍ വീണ്ടും വിള്ളുകള്‍ ദൃശ്യമായി.

ഇന്ത്യ-പാക് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ തമ്മിലുള്ള സ്വരച്ചേര്‍ച്ചില്ലായ്മ തന്നെയാണ് എക്കാലത്തും ഇന്ത്യ-പാക് ബന്ധത്തെ വഷളാക്കിയത്. ഐ.എസ്.ഐയുടെ ലോകവീക്ഷണമനുസരിച്ച് റോയാണ് ബംഗ്ലാദേശ് ദേശീയവാദികളെ അനുകൂലിച്ചതും 1971-ല്‍ പാകിസ്താന്‍ വിഭജനത്തിന് കാരണായതും. ഇപ്പോള്‍ സിന്ധും ബലൂചിസ്താനുമൊക്കെ തങ്ങളില്‍ നിന്ന് വേര്‍പ്പെടുത്താനും റോ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അവര്‍ കരുതുന്നു. റോ ആകട്ടെ തീവ്രവാദത്തിന്റെ സ്രഷ്ടാക്കളായി കാണുന്നത് ഐ.എസ്.ഐയെയാണ്. ഇന്ത്യയിലേക്ക് തീവ്രവാദികളെ കയറ്റി അയക്കുന്നതും ഇന്ത്യന്‍ നഗരങ്ങളില്‍ ആക്രമണപരമ്പരകള്‍ സംഘടിപ്പിക്കുന്നതും ഐ.എസ്.ഐ ആണെന്ന് റോ വിശ്വസിക്കുന്നു. ഈ പരസ്പര വിശ്വാസമില്ലായ്മയും തെറ്റിദ്ധാരണകളും തന്നെയാണ് ഇന്ത്യ-പാക് ‘ശത്രുത’യിലേക്ക് നയിച്ചത്. എന്നാല്‍ ഇന്ത്യ-പാക് ജനതകള്‍ എക്കാലത്തും പരസ്പരം സ്‌നേഹത്തിലാണ് കഴിഞ്ഞത്. സ്വാര്‍ത്ഥ രാഷ്ട്രീയമാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും പകപോക്കലുകള്‍ നടത്തുന്നത്.

വിവ: അനസ് പടന്ന

Related Articles