Current Date

Search
Close this search box.
Search
Close this search box.

ആഭ്യന്തരയുദ്ധം തലയറുത്ത സിറിയ

syr.jpg

രാജ്യത്തെ ആഭ്യന്തരയുദ്ധം സ്വകാര്യ പ്രശ്‌നമായി മാറുന്ന സിറിയന്‍ ജനതയുടെ അതിഭീകരമായ ജീവിത നിമിഷങ്ങളാണ് ജാനൈന്‍ ഡി ഗിയോവാനി തന്റെ ‘The Morning They Came for Us’ എന്ന പുസ്തകത്തിലൂടെ വരച്ചുകാണിക്കുന്നത്. പോലീസോ ഇന്റലിജന്‍സോ അതിരാവിലെ വാതിലില്‍ മുട്ടുകയും തങ്ങളില്‍ ഒരാളെ റാഞ്ചുകയും ചെയ്യുന്ന ആ നിമിഷം. സ്‌കൂളിന് പുറത്തോ ഹോസ്പിറ്റലിന് അടുത്തോ വീട്ടുമുറ്റത്തോ ബോംബുകള്‍ പതിക്കുന്ന ആ നിമിഷം. നോക്കുന്ന എല്ലായിടത്തും ചവറ്റുകൂനകളാണ്. കാരണം, നഗരസംവിധാനങ്ങള്‍ ആകെ താറുമാറായി കിടക്കുന്നു. നഗരമാകെ തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങളാണ്. പോളിയോയും ടൈഫോയിഡും കോളറയുമൊക്കെ തലപൊക്കി തുടങ്ങി. അവശ്യവസ്തുക്കളോ പണമോ ഇല്ലാതെ ജനങ്ങള്‍ വലയുന്നു.

സര്‍ക്കാര്‍ വിരുദ്ധ വികാരത്തെ അടിച്ചമര്‍ത്തിയ അസദ് ഭരണകൂടത്തിന്റെ നടപടി കഴിഞ്ഞ അഞ്ചുവര്‍ഷം കടുത്ത ആഭ്യന്തര യുദ്ധത്തിലേക്കാണ് സിറിയന്‍ ജനതയെ തള്ളിവിട്ടത്. ഏകദേശം 2.5 ലക്ഷം സിവിലിയന്മാര്‍ കൊല്ലപ്പെടുകയും 12 മില്യണോളം ആളുകള്‍ അഭയാര്‍ത്ഥികളായിത്തീരുകയും ചെയ്തു. രണ്ടാം ലോകയുദ്ധത്തിന് ശേഷമുണ്ടായ എക്കാലത്തെയും വലിയ അഭയാര്‍ത്ഥി പ്രതിസന്ധിയാണിതെന്ന് ഐക്യരാഷ്ട്രസഭ വിശേഷിപ്പിക്കുകയുണ്ടായി. യുദ്ധം ഗ്രസിച്ച സിറിയയിലെ ജീവിതം എങ്ങനെയാണെന്ന് ഗിയോവാനി അവരുടെ പുസ്തകത്തിലൂടെ വിവരിക്കുന്നു. പോലീസ് പിടിച്ചുകൊണ്ടുപോവുകയും പീഢിപ്പിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍, പകര്‍ച്ചവ്യാധികള്‍ ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ മരിക്കുന്ന കുഞ്ഞുങ്ങള്‍, ചെക്ക്‌പോയിന്റിലും ജയിലറകളിലും വെച്ച് സൈനികരാല്‍ പീഢിപ്പിക്കപ്പെടുന്ന സ്ത്രീകള്‍, എങ്ങും പോകാന്‍ സാധിക്കാതെ സിറിയയില്‍ തന്നെ തങ്ങേണ്ടിവരുന്ന ഹതഭാഗ്യര്‍, ഇവരൊക്കെ അവരുടെ എഴുത്തുകളില്‍ കടന്നുവരുന്നു.

ആഭ്യന്തരയുദ്ധത്തിന്റെ ആദ്യവര്‍ഷങ്ങളാണ് പുസ്തകത്തിന്റെ ഇതിവൃത്തമെങ്കിലും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന കൃത്യങ്ങള്‍ തന്നെയാണ് എഴുത്തുകാരി പങ്കുവെക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന അയല്‍ പ്രദേശത്തേക്ക് ധാന്യങ്ങള്‍ കയറ്റി അയക്കുന്ന തന്റെ ഫാക്ടറി അടച്ചുപൂട്ടിയില്ലെങ്കില്‍ കൊന്നുകളയുമെന്ന സര്‍ക്കാര്‍ ഭീഷണി ലഭിച്ച മുഹമ്മദ് എന്ന വ്യക്തിയെ ഗിയോവാനി പരിചയപ്പെടുത്തുന്നു. അതുപോലെ, യുദ്ധമുഖത്തുള്ള തന്റെ സഹപാഠികള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കിയ നദ എന്ന പെണ്‍കുട്ടിയെയും നമുക്ക് കാണാം. വീട്ടില്‍ വെച്ച് അവള്‍ അറസ്റ്റ് ചെയ്യപ്പെടുകയും എട്ടുമാസത്തെ ജയില്‍വാസത്തിനിടയില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയുമൊക്കെ ചെയ്തു. എന്നാല്‍ ജയിലര്‍മാര്‍ അവളുടെ വീട്ടുകാരോട് പറഞ്ഞത് നദ മരിച്ചു എന്നാണ്. മറ്റൊരു വിദ്യാര്‍ഥിയായ ഹുസൈന്‍, ഈജിപ്തിലും ടുണീഷ്യയിലുമുണ്ടായ അറബ് വസന്ത പ്രക്ഷോഭങ്ങള്‍ക്ക് ശേഷം സിറിയയില്‍ അതിന് നാന്ദി കുറിച്ചവരില്‍ ഒരാളാണ്. അവനെ സൈന്യം വെടിവെച്ചുവീഴ്ത്തുകയും തടവറയില്‍ ക്രൂരമായി പീഢിപ്പിക്കുകയും ചെയ്തു. തന്റെ വയറു കീറി ആന്തരികാവയവങ്ങള്‍ പുറത്തെടുത്ത് വീണ്ടും തുന്നിക്കെട്ടിയതായും എന്നാല്‍, തന്നോട് അലിവു തോന്നിയ ഒരു ഡോക്ടറാണ് മരിച്ചു എന്ന് വിധിയെഴുതി തന്നെ രക്ഷപ്പെടുത്തിയതെന്നും ഹുസൈന്‍ എഴുത്തുകാരിയോട് വെളിപ്പെടുത്തുന്നു.

2005-ല്‍ ഇറാഖ് അധിനിവേശത്തെ കുറിച്ച് ആന്റണി ശദീദ് എഴുതിയ ‘Night Draws Near’ എന്ന പുസ്‌കത്തിന്റെ ഗണത്തിലാണ് ജാനൈന്‍ ഗിയോവാനിയുടെ ഈ പുസ്തകവും ഉള്‍പ്പെടുക. ബോസ്‌നിയയിലെയും ചെച്‌നിയയിലെയും സിയേറ ലിയോണിലെയും യുദ്ധങ്ങള്‍ റിപ്പോര്‍ട്ടു ചെയ്ത് ദീര്‍ഘ പരിചയമുള്ള ഗിയോവാനി വളരെ വ്യഗ്രതയോടെയും ക്ഷോഭത്തോടെയുമാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. പുസ്തകത്തിലെ പല ഭാഗങ്ങളിലും ദുരിതം അനുഭവിക്കുന്ന സിറിയന്‍ ജനതയുടെ നേര്‍ക്കാഴ്ചകള്‍ വളരെ വൈകാരികമായാണ് അവര്‍ പകര്‍ത്തിയിരിക്കുന്നത്. 2012-ല്‍ അഥവാ, ആഭ്യന്തരയുദ്ധത്തിന് ഒരു വര്‍ഷം പ്രായമുള്ളപ്പോഴാണ് ഗിയോവാനി സിറിയ സന്ദര്‍ശിക്കുന്നതെങ്കിലും അന്നു തന്നെ തകര്‍ച്ചയുടെ ചുഴിയില്‍ അകപ്പെട്ടുകൊണ്ടിരുന്ന സിറിയന്‍ ജനങ്ങളെ അവര്‍ മുന്നിലെത്തിച്ചു. രണ്ട് തരത്തിലാണ് അന്ന് അതിജീവനം സാധ്യമായിരുന്നതെന്ന് എഴുതുന്നു ജിയോവാനി, ഒന്നുകില്‍ ബോംബ് വര്‍ഷത്തില്‍ നിന്ന് രക്ഷപ്പെടുക, അല്ലെങ്കില്‍ ഭക്ഷണം കഴിക്കുക.

ലൈംഗിക തടവുകാരിയായി ഐസിസ് തട്ടിക്കൊണ്ടുപോയ കൈല മുള്ളര്‍, തന്റെ സഹപ്രവര്‍ത്തകനായി സിറിയയില്‍ ഉണ്ടായിരുന്ന സ്റ്റീവന്‍ സോട്ട്‌ലോഫ് എന്നിവരെയും ജിയോവാനി ഒരു നെടുവീര്‍പ്പോടെ ഓര്‍ക്കുന്നു. കുഞ്ഞിനെ പോലെ നിഷ്‌കളങ്കനായിരുന്ന, എപ്പോഴും ചിരിക്കുകയും തമാശ പറയുകയും ചെയ്തിരുന്ന, അലപ്പോയിലെ കാഠിന്യാവസ്ഥയെ തനിക്ക് ലഘൂകരിച്ചു തന്ന സ്റ്റീവന്‍ എന്ന ആ ചുറുചുറുക്കുള്ള യുവാവിനെ പറ്റി വേദയോടെയാണ് ഗിയോവാനി സൂചിപ്പിക്കുന്നത്. അവനെയും ഐസിസ് തലയറുത്ത് കൊന്നിട്ടുണ്ടാകുമെന്ന് ഗിയോവാനി പരിതപിക്കുന്നു. അതുവരെ സിറിയക്കാര്‍ എന്ന രീതിയില്‍ ഒന്നിച്ചു നിന്നിരുന്ന ഒരു ജനവിഭാഗം പെട്ടെന്ന് അലവികള്‍, ശിയാക്കള്‍, സുന്നികള്‍, ക്രിസ്ത്യാനികള്‍ എന്നിങ്ങനെ വേര്‍തിരിഞ്ഞ ഒരു പരിവര്‍ത്തന ഘട്ടത്തിനും താന്‍ സാക്ഷിയായതായി ഗിയോവാനി പറയുന്നു. ”ഒരിക്കലും നിലനിന്നിട്ടില്ലെന്ന് ഭാവി തലമുറ വിശ്വസിച്ചുപോകുന്ന ഒരു രാജ്യത്തിന്റെ ചിത്രങ്ങള്‍ ഒരു തെളിവിനു വേണ്ടി ധാരാളമായി ഞാന്‍ മനസ്സില്‍ കോറിയിട്ടെന്ന്” ഗിയോവാനി എഴുതുന്നു. ഈ പുസ്‌കതത്തിലെമ്പാടും ആ ചിത്രങ്ങള്‍ ചിതറിക്കിടക്കുന്നതായി വായനക്കാരന് അനുഭവപ്പെടും.

വിവ: അനസ് പടന്ന

Related Articles