Current Date

Search
Close this search box.
Search
Close this search box.

ആത്മീയതയുടെ ആഴങ്ങളിലേക്കൊരു കപ്പല്‍യാത്ര

kappapattu.jpg

നിത്യജീവിതത്തിലെ ലളിതാനുഭവങ്ങളുടെ സരസവിശകലനത്തിലൂടെ കാര്യവിചാരങ്ങളിലേക്ക് നയിക്കുന്ന കുസൃതിക്കഥകളിലെ നായകന്മാരിലൊരാള്‍ എന്ന നിലക്കേ കുഞ്ഞായിന്‍ മുസ്‌ല്യാരെ അധികമാളുകള്‍ക്കും പരിചയമുള്ളൂ. യഥാര്‍ഥത്തില്‍ മാപ്പിള സാഹിത്യ ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത സംഭാനകള്‍ അര്‍പ്പിച്ച ഒരു പണ്ഡിതന്‍ കൂടിയാണ് അദ്ദേഹം. ഖാദി മുഹമ്മദിന് ശേഷം മാപ്പിള സാഹിത്യത്തില്‍ കാണുന്ന കവിയാണ് കുഞ്ഞായിന്‍ മുസ്‌ല്യാര്‍. മാപ്പിളപ്പാട്ടില്‍ തമിഴ്‌വല്‍ക്കരണ പ്രവണത ആരംഭിക്കുന്നത് കുഞ്ഞായിന്‍ മുസ്‌ല്യാരില്‍ നിന്നാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തലശ്ശേരി സൈദാര്‍ പള്ളിക്കടുത്ത ചന്ദനംകണ്ടിപ്പറമ്പിലെ മക്കറത്തറവാട്ടിലാണ് അദ്ദേഹം ജനിച്ചതെന്ന് അനുമാനിക്കപ്പെടുന്നു. മൂന്ന് കവിതകളാണ് അദ്ദേഹത്തിന്റെ രചനകളായി കണ്ടെടുക്കപ്പെട്ടിട്ടുള്ളത്. നൂല്‍ മദ്ഹ്, കപ്പപ്പാട്ട്, നൂല്‍ മാല എന്നിവയാണവ. മൂന്നിലും ആത്മീയ വിഷയങ്ങളാണ് പ്രതിപാദ്യം.

നൂല്‍മദ്ഹ് പ്രവാചക പ്രകീര്‍ത്തനവും കപ്പപ്പാട്ട് ഒരു ദാര്‍ശനിക കാവ്യവും നൂല്‍ മാല ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ അപദാനങ്ങളുമാണ്. കപ്പപ്പാട്ടിന്റെ രചനയിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്ന പ്രസിദ്ധമായ രണ്ട് കഥകളുണ്ട്.  ഈ കൃതിയുടെ അവതാരികയില്‍ കെ. അബൂബക്ര്‍ അവ ഉദ്ധരിക്കുന്നുണ്ട്. അവയിലൊന്ന് ഇങ്ങനെയാണ്: പൊന്നാനിയില്‍ പഠിക്കുന്ന കാലത്ത് ഗുരുനാഥനായ നൂറുദ്ദീന്‍ മഖ്ദൂമിന്റെ വീട്ടില്‍ നിന്നായിരുന്നു കുഞ്ഞായിന്‍ മുസ്‌ല്യാര്‍ ഭക്ഷണം കഴിച്ചിരുന്നത്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചൊല്ലാനൊരു മന്ത്രം ചോദിച്ച ഗുരുപത്‌നിക്ക് കുഞ്ഞായിന്റെ കുസൃതി നിറഞ്ഞ ഉപദേശം ‘ഏലേ മാലേ’ എന്ന് ചൊല്ലാനായിരുന്നുവത്രെ. രാത്രികാലങ്ങളില്‍ ഭാര്യ ചൊല്ലുന്ന വിചിത്രമായ  മന്ത്രം കേട്ട് ഗുരുനാഥന്‍ കാര്യമന്വേഷിക്കുകയും കുഞ്ഞായിന്റെ കുസൃതിയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. ‘നീ മനുഷ്യനെ കപ്പലാക്കുകയാണോ’ എന്ന ഗുരുവിന്റെ ചോദ്യം കുഞ്ഞായനെ ചിന്താകുലനാക്കുകയും അത് കപ്പപ്പാട്ടിന്റെ രചനയിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് കഥ. എന്നാല്‍ ഏറെ പൊരുത്തക്കേടുകള്‍ നിറഞ്ഞ ഒരു കഥയാണിതെന്ന് പ്രഥമ ദൃഷ്ട്യാ തന്നെ ആര്‍ക്കും ബോധ്യമാവും.

ഇതിനേക്കാള്‍ സന്ദര്‍ഭത്തിനിണങ്ങുന്ന ഒരു പാഠഭേദം ഈ കഥക്ക് പള്ളിക്കര വിപി മുഹമ്മദ് തയ്യാറാക്കിയ കുഞ്ഞായന്റെ കുസൃതികള്‍ എന്ന കൃതിയിലുണ്ട്. അതില്‍ കപ്പലോട്ടക്കാരനായ ഒരു കാദര്‍ കുട്ടിയുടെ ഭാര്യ തിത്തിയുമ്മക്കാണ് കുഞ്ഞായിന്‍ ‘ഏലേ മാലേ’ ഉപദേശിക്കുന്നത്. അവരുടെ പിതാവ് അലവി ഹാജിയുണ്ടായിരുന്ന പ്രതാപകാലത്ത് അവരുടെ വീട്ടില്‍ നിന്നായിരുന്നു കുഞ്ഞായിന്‍ ഭക്ഷണം കഴിച്ചിരുന്നത്. അലവി ഹാജിയുടെ മരണത്തോടെ വീടും പറമ്പും പരിചരിക്കാനാളില്ലാതായി. കൃഷി നശിച്ചു. തിത്തിയുമ്മ പട്ടിണിക്കാരിയായി. വസ്തുവഹകള്‍ നോക്കിനടത്താന്‍ ആരെങ്കിലും തയ്യാറായാല്‍ കഷ്ടകാലം വിട്ടൊഴിയും. ഭര്‍ത്താവായ കാദര്‍കുട്ടി അതിനൊരുക്കമല്ല. അയാള്‍ക്ക് കപ്പല്‍ ജോലിയിലാണ് കമ്പം. മൂന്നോ നാലോ കൊല്ലംകൂടുമ്പോഴേ വീടണയൂ. കരഞ്ഞിട്ടും കാലുപിടിച്ചിട്ടും കാര്യമില്ല. ഉപദേശിച്ച് നേരെയാക്കണമെന്ന് മഖ്ദൂമിനോട് പറഞ്ഞിട്ടും നടക്കുന്നില്ല. നാട്ടില്‍ വരുമ്പോള്‍ മഖ്ദൂമിന്റെ കണ്ണില്‍ പെടാതെ നടക്കും കാദര്‍കുട്ടി. ഈ പശ്ചാത്തലത്തിലാണ് അയാളെ എങ്ങനെയെങ്കിലും മഖ്ദൂമിന്റെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കുഞ്ഞായിന്‍ ‘ഏലേ മാലേ’ ഉപദേശിക്കുന്നത്. അതാകട്ടെ കപ്പലോട്ടക്കാരുടെ വായ്ത്താരിയാകയാല്‍ കാദര്‍കുട്ടിക്ക് എളുപ്പം പിടികിട്ടുകയും ചെയ്യും. ഒരിക്കല്‍ പതിവിലും നേരത്തെ വീട്ടില്‍ തിരിച്ചെത്തിയ കാദര്‍കുട്ടി ഭാര്യ ചൊല്ലുന്ന ഈ അതിശയം മന്ത്രം കേട്ട് കുപിതനായി. അത് മന്ത്രമല്ല, കപ്പക്കാരുടെ പാട്ടാണെന്ന് കാദര്‍കുട്ടി തീര്‍ത്തുപറഞ്ഞു. അത് ഓതിപ്പഠിക്കുന്ന കാലത്ത് താന്‍ ചെലവിന് കൊടുത്ത കുഞ്ഞായിന്‍ നിര്‍ദേശിച്ചതാണെന്നും അസ്സല്‍ മന്ത്രമാണെന്നും ആ മന്ത്ര ശക്തി കാരണമാണ് കാദര്‍കുട്ടി ഇത്ര വേഗത്തില്‍ തിരിച്ചെത്തിയതെന്നും തിത്തിയുമ്മ തിരിച്ചടിച്ചു. വാശിയായപ്പോള്‍ സംശയ നിവാരണത്തിനായി അയാള്‍ മഖ്ദൂമിനെ സമീപിച്ചു. മഖ്ദൂം പറഞ്ഞു: ‘നിന്റെ കെട്ട്യോളെക്കൊണ്ട് കുഞ്ഞായിന്‍ നിന്നെ പരിഹസിക്കുകയായിരുന്നു. ഇനിയെങ്കിലും അടങ്ങിയിരുന്ന് വീട്ടുകാര്യങ്ങള്‍ നോക്ക്. കുറച്ചുകാലമായി നിന്നോടിത് പറയണമെന്ന് ഞാന്‍ കരുതുന്നു. നിന്നെ കണ്ടുകിട്ടാത്തതുകൊണ്ടാണ് പറയാന്‍ കഴിയാതിരുന്നത്. എന്താ സമ്മതമാണോ?’ മഖ്ദൂമിന്റെ വാക്ക് തെറ്റിച്ച് നടന്നാല്‍ കടലില്‍ മുങ്ങിമരിച്ചേക്കുമെന്ന് പേടിച്ച കാദര്‍കുട്ടി വഴങ്ങാന്‍ തയ്യാറായി. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങും മുമ്പേ ഉസ്താദിനോട് യാത്ര പറയാന്‍ ചെന്നപ്പോഴാണ് നീ മനുഷ്യനെ കപ്പലാക്കുകയാണോ കുഞ്ഞായീനേ എന്നു ചോദിക്കുന്നത്.

ഇതും ഒരു കഥ മാത്രമാകാനേ തരമുള്ളൂ എന്നും വേറെയും ചില വസ്തുതകള്‍ കുഞ്ഞായിന്‍ മുസ്‌ല്യാരെ കപ്പപ്പാട്ടിന്റെ രചനയിലേക്കെത്തിക്കാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. കപ്പല്‍ ഉള്‍പ്പെടെയുള്ള കടലടയാളങ്ങള്‍ പ്രതീകാത്മകമായി ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുണ്ടല്ലോ. അതുപോലെ, മനുഷ്യനെ ആത്മീയ ലോകത്തേക്ക് നയിക്കുന്ന വിശുദ്ധവാഹനമായി കപ്പലിനെ പല സൂഫിവര്യന്മാരും മിസ്റ്റിക് കവികളും അവതരിപ്പിച്ചതും കുഞ്ഞായിന്‍ മുസ്‌ല്യാരെ ആകര്‍ഷിച്ചിരിക്കാം. പൊന്നാനി ദര്‍സിലായിരുന്നല്ലോ കുഞ്ഞായിന്‍ മുസ്‌ല്യാരുടെ പ്രധാന പഠനം. ആ ദര്‍സിന്റെ സമുദ്ധാരകനായിരുന്ന സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ രചിച്ച ഹിദായതുല്‍ അദ്കിയാഇ ഇലാ ത്വരീഖില്‍ ഔലിയാഇ എന്ന ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് തന്നെ ആത്മീയ ജീവിതത്തെ കപ്പലുമായി ബന്ധിപ്പിക്കുന്നുണ്ട്. അത് ഇങ്ങനെ വായിക്കാം:

 

فشريعة كسفينة و طريقة        كالبحر ثم حقيقة دُرٌّ غّلاَ
من رام درّا للسفينة يركب        ويغوص بحرا ثم درٌّ حصّلا

 

ഫ ശരീഅതുന്‍ ക സഫീനതിന്‍ വ ത്വരീഖതുന്‍
കല്‍ ബഹ്‌രി സുമ്മ ഹഖീഖതുന്‍ ദുര്‍റുന്‍ ഗലാ
മന്‍ റാമ ദുര്‍റന്‍ ലിസ്സഫീനതി യര്‍കബു
വ യഗൂസു ബഹ്‌റന്‍ സുമ്മ ദുര്‍റന്‍ ഹസ്സലാ
(ശരീഅത്ത് കപ്പല്‍ പോലെയാണ്. ത്വരീഖത്ത് സമുദ്രം പോലെയും ഹഖീഖത്ത് അമൂല്യമായ മുത്ത് പോലയുമാണ്. മുത്ത് തേടുന്നവന്‍ കപ്പലില്‍ കയറുകയും സമുദ്രത്തില്‍ മുങ്ങുകയും ചെയ്യും. അങ്ങനെയാണ് മുത്ത് കരസ്ഥമാക്കുക).
ഇതും കുഞ്ഞായിന്‍ മുസ്‌ല്യാരെ കപ്പല്‍ രൂപകമായി സ്വീകരിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവാം.

മുഹ്‌യുദ്ദീന്‍ മാല പോലെ തന്നെ ഒറ്റയിശലില്‍ രചിക്കപ്പെട്ട കാവ്യമത്രെ കപ്പപ്പാട്ട്. ഇതൊരു പ്രതീകാത്മക കാവ്യമാണ്. മനുഷ്യ ശരീരത്തെ പായ്ക്കപ്പലായി കല്‍പിച്ചിരിക്കുന്നു. ഇസ്‌ലാമികമായ ആത്മീയപ്പൊരുള്‍ പ്രതീകാത്മകമായി വിവരിച്ച് അത് സാക്ഷാല്‍കരിക്കുന്നതിനോട് ആഭിമുഖ്യമുള്ളവരാക്കി മനുഷ്യരെ മാറ്റിയെടുക്കുക എന്ന ദൗത്യമാണ് ഇതില്‍ കവി നിര്‍വഹിക്കുന്നത്.

ഏറെ ദുര്‍ഗ്രഹമാണ് കുഞ്ഞായിന്‍ മുസ്‌ല്യാരുടെ കപ്പപ്പാട്ട്. അതിന്റെ സന്ദേശം വളരെ ലളിതവും നിത്യസുന്ദരവുമാണെങ്കിലും. രണ്ട് കാരണങ്ങളാണ് അതിനുള്ളത്. കാവ്യഭാഷയുടെ തമിഴുവല്‍കരണമാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ, മനുഷ്യ ശരീരത്തെ പായ്ക്കപ്പലുമായി സാദൃശ്യപ്പെടുത്തിയതും. സാമാന്യേന അപരിചിതമായിത്തീര്‍ന്ന പായ്ക്കപ്പലിന്റെ ഘടകങ്ങളുടെയും നിര്‍മാണ സാമഗ്രികളുടെയും പേരുകള്‍ വ്യാപകമായി ഈ കവിതയില്‍ കാണാം. കുറഞ്ഞത് രണ്ടു നൂറ്റണ്ടെങ്കിലും പഴക്കമുള്ള പേരുകള്‍. മലയാള നിഘണ്ടുക്കളില്‍ ചേര്‍ക്കപ്പെട്ടിട്ടില്ലാത്ത പദാവലികള്‍. ഇങ്ങനെ ഏറെ സങ്കീര്‍ണവും പൊതുവെ അജ്ഞാതവും മൃതവുമായ ഭാഷയില്‍ എഴുതപ്പെട്ട ഈ കവിതക്ക് വാക്കര്‍ഥ സഹിതം വ്യാഖ്യാനമെഴുതുക എന്ന സാഹസിക കര്‍മം നിര്‍വഹിച്ചിരിക്കുന്ന ഡോ. സക്കീര്‍ ഹുസൈന്‍ വേങ്ങൂര്‍ എന്തുകൊണ്ടും അഭിനന്ദനം അര്‍ഹിക്കുന്നു.

കപ്പപ്പാട്ട് മാപ്പിളസാഹിത്യത്തില്‍ ചെലുത്തിയ സ്വാധീനം എന്ന തലക്കെട്ടില്‍ പ്രൗഢമായ ഒരു പഠനവും ഈ കൃതിയിലുണ്ട്. കപ്പപ്പാട്ട് രചനയും ഉള്ളടക്കവും, സാമൂഹ്യ ചരിത്ര പശ്ചാത്തലം, കപ്പപ്പാട്ടും ദാര്‍ശനിക കാവ്യപ്രസ്ഥാനവും, കപ്പപ്പാട്ടിന്റെ സൗന്ദര്യശാസ്ത്രം, കപ്പപ്പാട്ട് ഒരു സമകാലിക വായന എന്നീ ഉപശീര്‍ഷകളിലായാണ് ഈ പഠനം തയ്യാറാക്കപ്പെട്ടിരിക്കുന്നത്. അറബി മലയാളത്തിലുള്ള മൂലകാവ്യവും അതിന്റെ മലയാളലിപിയിലുള്ള പകര്‍പ്പെഴുത്തും കുഞ്ഞായിന്‍ മുസ്‌ല്യാര്‍ ഇതില്‍ ഉപയോഗിച്ച അറബി, പേര്‍ഷ്യന്‍, തമിഴ്, ജസരി ഭാഷകളിലുള്ള പദങ്ങളും പ്രയോഗങ്ങളും വേര്‍തിരിച്ച് പരിചയപ്പെടുത്തുന്ന ശബ്ദകോശവും ഈ കൃതിയെ ആകര്‍ഷകമാക്കുന്നു.
മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി (കൊണ്ടോട്ടി)യാണ് ഇതിന്റെ പ്രസാധകര്‍. 2014 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഈ കൃതിയുടെ മുഖവില: 175 രൂപയാണ്.

Related Articles