Current Date

Search
Close this search box.
Search
Close this search box.

അഹ്‌ലുബൈത്തും തങ്ങന്മാരും

sayyids.jpg

പ്രവാചക സന്താന പരമ്പരയാണ് അഹ്‌ലുബൈത്ത് എന്ന പേരില്‍ അറിയപ്പെടുന്നത്. പ്രവാചക സന്താനപരമ്പരയില്‍ പെട്ടവര്‍ ഹിജാസില്‍ നിന്നും യമനില്‍ നിന്നും കേരളത്തിലും എത്തിയിട്ടുണ്ടെങ്കിലും അവയെ കുറിച്ച് മലയാളത്തില്‍ ആധികാരിക രചനകളൊന്നും തന്നെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. ദക്ഷിണ യമനും കേരളവും തമ്മില്‍ വളരെ മുമ്പ് തന്നെ വ്യാപാരബന്ധങ്ങള്‍ നിലനിന്നിരുന്നതായി ചരിത്രപുസ്തകങ്ങള്‍ പറയുന്നുണ്ട്. ഹദ്‌റമൗത്തില്‍ നിന്നും എത്തിയ ചില ഗോത്രങ്ങള്‍ മലബാറിലും കുടിയേറിയിട്ടുണ്ട്. ഇത്തരത്തില്‍ കേരളത്തിലെത്തിയ സയ്യിദ് കുടുംബങ്ങളുടെ വേരുകള്‍ തേടിയിയുള്ള അന്വേഷണമാണ് സയ്യിദ് അബ്ദുല്ല മുനഫര്‍ രചിച്ച ‘അഹ്‌ലുബൈത്ത് ചരിത്രസംഗ്രഹം’ എന്ന പുസ്തകം.

കേരളത്തിലെത്തിയ അഹ്‌ലുബൈത്ത് വ്യക്തികള്‍ ‘തങ്ങള്‍’ എന്ന പേരിലാണ് അറിയപ്പെട്ടത്. തങ്ങള്‍ എന്നത് അഹ്‌ലുബൈത്തില്‍ മലയാള പദമല്ല. ഇവിടത്തുകാര്‍ ആദരസൂചകമായി അവരെ വിളിച്ച തങ്ങള്‍ എന്ന പദം പിന്നീട് അവരുടെ പേരിന്റെ ഭാഗമാവുകയായിരുന്നു. അഹ്‌ലു ബൈത്തില്‍ പെടാത്തവരും ഈ പേരില്‍ അറിയപ്പെട്ടിരുന്നു എന്നത് അതാണ് വ്യക്തമാക്കുന്നത്. കോവിലകത്ത് കുഞ്ഞിരാമന്‍ തങ്ങളും പുതിയേടത്ത് ഇല്ലത്ത് കൃഷ്ണന്‍ തങ്ങളും അമുസ്‌ലിം തങ്ങന്മാര്‍ ഉണ്ടായിരുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ്. അതുകൊണ്ട് തന്നെ അഹ്‌ലുബൈത്തിനെ തിരിച്ചറിയാനുള്ള മാര്‍ഗം പൂര്‍ണമായ വംശാവലിയും ഗോത്രവും മനസിലാക്കുക എന്നതാണ്. അഹ്‌ലുബൈത്തില്‍ പെട്ടവര്‍ മക്കള്‍ക്ക് പൂക്കോയ, ആറ്റക്കോയ പോലുള്ള പേരുകള്‍ വിളിച്ചത് യഥാര്‍ത്ഥ പേരുകള്‍ കണ്ടെത്തുന്നതിന് തടസ്സമായിട്ടുണ്ടെന്നാണ് ഗ്രന്ഥകാരന്റെ വിലയിരുത്തല്‍. അവരില്‍ അപൂര്‍വം കുടുംബങ്ങള്‍ മാത്രമാണ് അലി(റ) വരെയുള്ള തങ്ങളുടെ പിതാക്കന്‍മാരുടെ സില്‍സില (പേരുകളുടെ ശൃംഖല) എഴുതി സൂക്ഷിക്കുന്നത്. ഇന്നും അഹ്‌ലുബൈത്ത് കുടുംബത്തില്‍ പെട്ട പലരും തങ്ങളുടെ സില്‍സില തേടി അവയെ കുറിച്ച് അറിയുന്ന ഗ്രന്ഥകാരനെ സമീപിക്കാറുണ്ടെന്നത് വസ്തുതയാണ്.

അലി(റ)വിന്റെയും പ്രവാചക പുത്രി ഫാതിമ(റ)യുടെയും സന്താന പരമ്പരയില്‍ പെട്ടവരാണ് അഹ്‌ലുബൈത്തായി അറിയപ്പെടുന്നത്. നബി(സ)ക്ക് വേറെയും പെണ്‍മക്കള്‍ ഉണ്ടായിരുന്നുവെങ്കിലും അവരുടെ സന്താനപരമ്പരകള്‍ എന്തുകൊണ്ട് ഈ പേരില്‍ അറിയപ്പെടുന്നില്ലെന്നും ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. അവര്‍ക്കുണ്ടായിരുന്ന ശ്രേഷ്ഠതയും പ്രത്യേക പ്രാധാന്യവും പുസ്തകം കൈകാര്യം ചെയ്യുന്നുണ്ട്. അതോടൊപ്പം തന്നെ പരിശുദ്ധവും മാതൃകാപരവുമായ ജീവിതം കാഴ്ച്ച വെക്കുന്നിടത്തോളം മാത്രമേ അഹ്‌ലുബൈത്ത് എന്ന സ്ഥാനത്തിന് അവര്‍ അര്‍ഹരാകുകയുള്ളൂ എന്നത് കാരണങ്ങള്‍ നിരത്തി തന്നെ അതില്‍ പറയുന്നു.

അലി(റ)ന്റെ സന്താനപരമ്പര വിശദീകരിക്കുന്ന ഭാഗം ലേഖകന് ഖബീലകളെയും പരമ്പരകളെയും കുറിച്ചുള്ള ജ്ഞാനമാണ് വെളിപ്പെടുത്തുന്നത്. ഹദ്‌റമൗത്ത്, ഹിജാസ്, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗോത്രങ്ങളുടെ മലബാറിലേക്കുള്ള കുടിയേറ്റം ആരംഭിച്ചത് ഹിജ്‌റ 500 ന് ശേഷമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹദ്‌റമൗത്തില്‍ നിന്നുള്ള നിരവധി ഗോത്രശാഖകള്‍ ഇവിടെ എത്തിയിട്ടുണ്ടെങ്കിലും അവയില്‍ പലതിനും വംശനാശം സംഭവിച്ചിട്ടുണ്ട്. ആദ്യകാലത്ത് ഇവിടെ എത്തിയ ഇവരില്‍ പലരും ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു.

ഇന്ന് സാദാത്തുക്കളുടെയും തങ്ങന്മാരുടെയും പേരില്‍ വിപുലമായ ആഘോഷങ്ങളും നേര്‍ച്ചകളും നടക്കുന്നത് നാം കാണുന്നുണ്ട്. എന്നാല്‍ അഹ്‌ലുബൈത്ത് സാദാത്തുകള്‍ ആരും തന്നെ മരിച്ചു പോയ പിതാമഹാന്മാരുടെയോ ഗുരുവര്യന്മാരുടെയോ പേരില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്തിയതിന് തെളിവില്ലെന്നാണ് ഗ്രന്ഥകാരന്‍ അഭിപ്രായപ്പെടുന്നത്. അവരുടെ പിന്‍തലമുറകളെ ഇത്തരം ചടങ്ങുകളില്‍ സഹകരിപ്പിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാമെന്ന് തെളിഞ്ഞതോടെയാണ് ഉപജീവന മാര്‍ഗമായി പലരും ഇത് സ്വീകരിച്ചത്.

കേരളത്തില്‍ അഹ്‌ലുബൈത്ത് ഗോത്രങ്ങള്‍ കൂടുതലായി കണ്ടു വരുന്ന പ്രദേശം കൊയിലാണ്ടിയാണെന്നാണ് മുനഫര്‍ തങ്ങളുടെ വിലയിരുത്തല്‍. കൊയിലാണ്ടിയില്‍ താമസമാക്കിയിട്ടുള്ള അദ്ദേഹം അവിട 14 ഗോത്രശാഖകള്‍ വസിക്കുന്നുണ്ടെന്നും അഭിപ്രായപ്പെടുന്നു. ജിഫ്‌രി, ബാഫഖി, ഐദീദ്, മുനഫര്‍, മഷ്ഹൂര്‍, ഐദറൂസ്, സഖാഫ്, ശിഹാബ്, ഷേഖ്അലി, ബാഹസന്‍, മുഷൈഖ്, ഖിര്‍ദ്, അഹ്ദല്‍, ഹാദി, മഖ്ബൂല്‍ ബിന്‍ യഹ്‌യാ, നഹാരി, ഖുദ്‌സി തുടങ്ങിയവയാണ് അവിടെ ശേഷിക്കുന്ന ശാഖകള്‍.

പ്രവാചക സന്താനപരമ്പരയെ കുറിച്ച് മലയാളത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ‘അഹ്‌ലുബൈത്ത് ചരിത്രസംഗ്രഹം’ എന്ന പുസ്തകം. തലക്കെട്ടില്‍ കാണുന്ന സംഗ്രഹം എന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് വായനാക്കാരന് ബോധ്യമാകും. വളരെ സംക്ഷിപ്തമായ ചരിത്രം 45 പേജുകളിലാണ് രചിച്ചിരിക്കുന്നത്. വചനം ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന് 22 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്.

Related Articles