Current Date

Search
Close this search box.
Search
Close this search box.

അല്ലാഹുവെ അടുത്തറിയാന്‍ ഒരു ലഘുകൃതി

aqeeda-was.jpg

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ രചിച്ച വിശ്വവിഖ്യാതമായ ഗ്രന്ഥമാണ് അല്‍അഖീദതുല്‍ വാസിത്വിയ്യ. ഖുര്‍ആനും സുന്നത്തും ലോകത്തെ പഠിപ്പിച്ച വിശ്വാസാദര്‍ശങ്ങളെ തനിമയോടെ പകര്‍ത്തിയ ഏടുകളാണത്; സലഫുസ്സ്വാലിഹുകള്‍ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച വിശ്വാസത്തിന്റെ ലിഖിതരൂപം. വ്യതിയാനങ്ങളില്‍ നിന്നും വിശ്വാസത്തെ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിക്കും അവഗണിക്കാനാവാത്ത ഗ്രന്ഥമാണത്.

ഈ ഗ്രന്ഥം രചിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് ഇബ്‌നു തൈമിയ പറയുന്നു: ശാഫിഈ മദ്ഹബുകാരനും വാസിത്വ്  എന്ന പ്രദേശത്തെ ഖാദിയുമായ റളിയുദ്ദീന്‍ അല്‍ വാസിത്വി എന്ന പണ്ഡിതന്‍ ഒരിക്കല്‍ എന്റെ അടുത്ത് വരികയുണ്ടായി. താര്‍ത്താരീ ഭരണകൂടത്തിന്റെ കീഴലും മറ്റും അധിവസിക്കുന്ന ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടുപോയ മതനിഷ്ഠയെയും വിജ്ഞാനത്തെയും കുറിച്ചും അവരില്‍ സാര്‍വത്രികമായിക്കൊണ്ടിരിക്കുന്ന അജ്ഞതയെയും അക്രമങ്ങളെയും സംബന്ധിച്ചും അദ്ദേഹമെന്നോട് ആവലാതി പറഞ്ഞു. അദ്ദേഹത്തിനും കുടുംബത്തിനും അവലംബിക്കാവുന്ന ഒരു അഖീദാ ഗ്രന്ഥം എഴുതിക്കൊടുക്കുവാന്‍ അദ്ദേഹമെന്നോട് ആവശ്യപ്പെട്ടു. പക്ഷേ ആ ആവശ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിക്കൊണ്ട് ഞാന്‍ പറഞ്ഞു: ‘അഖീദയുമായി ബന്ധപ്പെട്ട് വിരചിതമായ ധാരാളം ഗ്രന്ഥങ്ങള്‍ ഇന്ന് ലഭ്യമാണല്ലോ. അതില്‍ നിന്ന് സുന്നത്തിന്റെ ഇമാമുകള്‍ രചിച്ച ഏതെങ്കിലുമൊന്ന് താങ്കള്‍ തെരഞ്ഞെടുക്കുക’.

പക്ഷേ അദ്ദേഹം തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് എന്നോട് പറഞ്ഞു: ‘താങ്കള്‍ രചിക്കുന്ന ഒരു അഖീദാ ഗ്രന്ഥമല്ലാതെ മറ്റൊന്നും ഞാന്‍ ഇഷ്ടപ്പെടുന്നില്ല’.  അങ്ങനെ അദ്ദേഹത്തിന് വേണ്ടി അന്നേദിവസം തന്നെ അസ്വ്ര്‍ നമസ്‌കാരാനന്തരം ഞാന്‍ ഈ ഗ്രന്ഥം എഴുതി.

വളരെ ലളിതമായ ഭാഷയിലാണ് ഇതിന്റെ അവതരണം. നല്ലൊരു ശതമാനവും ഖുര്‍ആന്‍ സൂക്തങ്ങളാണ്. ഡോ. മുഹമ്മദ് സ്വാലിഹ് ബിന്‍ ഫൗസാന്‍, ശൈഖ് ഇബ്‌നു ഉസൈമീന്‍ തുടങ്ങിയവര്‍ ഈ കൃതിക്ക് വ്യാഖ്യാനം രചിച്ചിട്ടുണ്ട്. മലയാള വിവര്‍ത്തനത്തില്‍ ഖുര്‍ആന്‍ ടെക്സ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രസാധനം: ദഅ്‌വാ ബുക്‌സ്, വൈറ്റില, കൊച്ചി
വിവര്‍ത്തനം: മിഷാല്‍ സലീം
വില: 40.00

Related Articles