Current Date

Search
Close this search box.
Search
Close this search box.

അറിവില്ലായ്മയില്‍ നിന്ന് മോചനം

munqid.jpg

ഇമാം ഗസാലി മനുഷ്യചരിത്രത്തിലെ മഹാനായ ചിന്തകരില്‍ ഒരാളായിരുന്നു. തത്വചിന്തയെയും അറിവിന്റെ സ്രോതസ്സിനെയും കുറിച്ചുള്ള സംവാദങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇസ്‌ലാമിക ചരിത്രത്തില്‍ ഈ സംവാദപാരമ്പര്യത്തിലെ ഏറ്റവും മൗലികമായൊരു കണ്ണിയായിരുന്നു ഇമാം ഗസാലി. യുക്തിക്ക് പ്രാമുഖ്യം കല്‍പിക്കപ്പെട്ടിരുന്ന തത്വചിന്താചരിത്രത്തിലെ ഒരു പ്രത്യേക ഘട്ടത്തിലാണ് ആത്മജ്ഞാനം തത്വചിന്തയുടെ മൗലിക ഘടകങ്ങളെ പൊളിച്ചെഴുതുന്നതായി ഗസാലി നിരീക്ഷിച്ചത്. തത്വചിന്തയുടെ ആധാരം എന്നത് കാര്യങ്ങളുടെ സമഗ്രതയാണെന്നും അതിനായുള്ള സന്ദേഹമാണെന്നും ഗസാലി കരുതുന്നു. ലോക പ്രശസ്തമായ ഇഹ്‌യാ ഉലൂമുദ്ദീന്റെ കര്‍ത്താവായ ഇമാം തത്വചിന്തയുമായി ബന്ധപ്പെട്ട് അനേകം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. മഖാസിദുല്‍ ഫലാസിഫ, തഹാഫതുല്‍ ഫലാസിഫ, ഹഖീഖത്തുര്‍റൂഹ്, അല്‍ മുന്‍ഖിദു മിനള്ളലാല്‍ തുടങ്ങി അനേകം ഗ്രന്ഥങ്ങളദ്ദേഹത്തിന്റേതായി ഉണ്ട്. ഇതില്‍ തഹാഫതുല്‍ ഫലാസിഫ എന്ന ഗ്രന്ഥത്തിന് ഇബ്‌നു റുശ്ദ് നടത്തിയ സംവാദാത്മകമായ മറുപടിയായിരുന്നു തഹാഫതുത്തഹാഫത്തില്‍ ഫലാസിഫ. എന്നാല്‍ അതിനു മറുപടിയായി ഇമാം ഗസാലി വീണ്ടും രചിച്ച ഗ്രന്ഥമായിരുന്നു തഹാഫത്തുത്തഹാഫത്തുത്തഹാഫത്തില്‍ ഫലാസിഫ.

ഇസ്‌ലാമിക ചരിത്രത്തില്‍ സമീപനങ്ങളും ചിന്താരീതികളുമായും ബന്ധപ്പെട്ട് ഒരു പക്ഷെ ഇത്ര സമ്പന്നമായ സംവാദങ്ങള്‍ ഉണ്ടായിട്ടുണ്ടാകില്ല. മുസ്‌ലിഹുദ്ദീന്‍ മുസ്ത്വഫാ ബിന്‍ യൂസുഫ് അല്‍ബുസ്‌റാവീ എന്ന തുര്‍ക്കീ പണ്ഡിതനും ഇബ്‌നുറുശ്ദിന് മറുപടി എഴുതിയിരുന്നു. ആധുനിക പാശ്ചാത്യന്‍ തത്വചിന്ത മതദര്‍ശനവുമായി നടത്തിവരുന്ന സംവാദങ്ങളുടെ പ്രാഗ്‌രൂപമായി നമുക്കീ സംവാദങ്ങളെ എണ്ണാവുന്നതാണ്. അരിസ്‌റ്റോട്ടിലിയന്‍ ഫിലോസഫിയെ വിമര്‍ശനാത്മക വിശകലനത്തിന് വിധേയമാക്കുന്ന ഗസാലിയുടെ എണ്ണം പറഞ്ഞ ഗ്രന്ഥമാണ് മഖാസിദുല്‍ ഫലാസിഫ. അരിസ്‌റ്റോട്ടിലിയന്‍ തത്വചിന്തയെക്കുറിച്ചുള്ള ഏറ്റവും മികച്ച വിമര്‍ശനമായി അനേകം ഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ട ഈ ഗ്രന്ഥം വിലയിരുത്തപ്പെടുന്നു. പ്രപഞ്ചം, അതിന്റെ നശ്വരത, പ്രാപഞ്ചിക സത്യം, വൈയക്തിക സത്യം, അനുഭവ സത്യം തുടങ്ങിയവ ഗസാലിയുടെ തത്വചിന്താസംവാദത്തിലെ പ്രധാനപ്പെട്ട മേഖലകളാണ്. പ്രകൃതിവാദം, ഭൗതികവാദം തുടങ്ങിയവയെ ഗസാലി കണക്കിന് കൈകാര്യം ചെയ്യുന്നത് കാണാനാകും. ശരീരം, ചിന്ത എന്ന ബൈനറിയിലൂന്നിയ തത്വചിന്താസമീപനങ്ങളെ തകര്‍ത്തുകളയുന്ന ഗസാലി ആത്മജ്ഞാനത്താല്‍ നിര്‍ണയിക്കപ്പെടുന്നതാണ് ശരീരമെന്നും മരണം കൊണ്ടൊന്നും അവസാനിക്കുന്നില്ലെന്നും പറയുന്നുണ്ട്. എല്ലാം കാര്യകാരണങ്ങളാലും പരസ്പരം നിര്‍ണയിച്ചും നിലനില്‍കുന്നതാണ് എന്ന ഭൗതിവാദതത്വചിന്തയില്‍ നിന്ന് വിഭിന്നമായി വിശകലനങ്ങളെയും കാര്യകാരണങ്ങളെയും അതിവര്‍ത്തിക്കുന്ന യാഥാര്‍ത്ഥ്യത്തിന്റെ സത്തയെക്കുറിച്ച് (transcending realtiy) അദ്ദേഹം ഊന്നിപ്പറയുന്നു. വസ്തുക്കളല്ല അവയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പങ്ങളാണ് കാര്യകാര്യണങ്ങളായി നമ്മള്‍ വ്യാഖ്യാനിക്കുന്നതെന്നാണ് ഗസാലി അഭിപ്രായപ്പെടുന്നത്. തസവ്വുഫിന്റെ (ആത്മീയ സഞ്ചാരത്തിന്റെ) പൂര്‍ത്തീകരണമോ പ്രതിഫലനമോ ആണ് ശരീഅത്ത് എന്നതാണ് ഇമാം ഗസാലിയുടെ പ്രധാനപ്പെട്ട സമീപനം. ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന ലോകപ്രശസ്ത ഗ്രന്ഥം സല്കര്‍മ്മങ്ങളിലൂടെ പൂര്‍ത്തീകരിക്കപ്പെടുന്ന ശരീഅത്തിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് അനേകം അധ്യായങ്ങളിലൂടെ വിശദീകരിക്കുന്നു.

അല്‍മുന്‍ഖിദു മിനള്ളലാല്‍ എന്ന അദ്ദേഹത്തിന്റെ വിഖ്യാത ഗ്രന്ഥം ഗസാലിയന്‍ ദര്‍ശനത്തെ പഠിക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു കൃതിയാണ്. അറിവില്ലായ്മയില്‍ നിന്ന് മോചനം എന്ന പേരില്‍ കോഴിക്കോട്ടെ അദര്‍ ബുക്‌സ് അതിന്റെ മലയാള വിവര്‍ത്തനം പ്രസിദ്ധീകരിച്ചത് ഈയടുത്താണ്. എ.കെ അബ്ദുല്‍ മജീദ് വിവര്‍ത്തനം നിര്‍വഹിച്ച പ്രസ്തുത ഗ്രന്ഥം പത്ത് അധ്യായങ്ങളുള്‍ക്കൊള്ളുന്നു. ഈ ഗ്രന്ഥത്തില്‍ അന്വേഷണത്തിന്റെ വിവിധരീതികളെയും തത്വചിന്താസരണികളോടുള്ള വിമര്‍ശനങ്ങളെയും ഇമാം ഗസാലി പരാമര്‍ശിക്കുന്നുണ്ട്. സൂഫീ മാര്‍ഗത്തെയും വ്യാഖ്യാനങ്ങളുടെ വഴികളെയും  കുറിച്ച് അദ്ദേഹം വിശദമായി നിരൂപിക്കുന്നുണ്ട്. ഖുര്‍ആന്‍ വ്യാഖ്യാനത്തിന്റെ പ്രമുഖമായ രണ്ടു രീതികളായിരുന്നല്ലോ ബാത്വിനിയ്യത്തും (അന്തസ്സാര വ്യാഖ്യാനം) ളാഹിരിയ്യത്തും (പ്രത്യക്ഷാര്‍ത്ഥ വ്യാഖ്യാനം).

സൂഫികള്‍ ഖുര്‍ആനെ വ്യാഖ്യാനിച്ചിരുന്നത് ബാത്വിനിയ്യായ രീതിയിലായിരുന്നു. ഉസ്താദ് ഇബ്‌നു അറബി ഈ രീതിയുടെ പ്രമുഖ വക്താവായിരുന്നു. എന്നാല്‍ മതവിശകലനത്തിലെ യുക്തിപരതയെ നിഷേധിച്ചിരുന്ന ളാഹിരീ രീതിശാസ്ത്രം ഖുര്‍ആനെ പ്രത്യക്ഷത്തില്‍ തന്നെ വായിക്കേണ്ടതുണ്ടെന്ന വാദക്കാരായിരുന്നു. എന്നാല്‍ ഖുര്‍ആന്‍ വായിക്കുമ്പോളുള്ള അര്‍ത്ഥ നിര്‍ണ്ണത്തെ എതിര്‍ത്ത ഗസാലി അര്‍ത്ഥങ്ങളുടെ പുനര്‍വ്യാഖ്യാനത്തിലും അനശ്വരതയിലും വിശ്വസിച്ച പണ്ഡിതനായിരുന്നു. ഇസ്‌ലാമിക വ്യാഖ്യാന ചിന്താ പാരമ്പര്യത്തിലെ വിവിധ പദ്ധതികളെയും സമീപനങ്ങളെയും അക്കമിട്ട് ഈ ഗ്രന്ഥത്തില്‍ ഇമാം വിവരിക്കുന്നുണ്ട്. അതിനോട് താനെങ്ങനെ സമീപിക്കുന്നു എന്നും ഇമാം വിശദീകരിക്കുന്നുണ്ട്. ഗസാലിയുടെ ചിന്തയെയും സമീപനത്തെയും പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അറിവില്ലായ്മയില്‍ നിന്ന് മോചനം എന്ന ഈ പുസ്തകം വളരെയേറെ സഹായകരമായിരിക്കും. വിശ്വാസ ദൗര്‍ബല്യത്തിന്റെ കാരണങ്ങള്‍ വിവരിക്കുന്ന അധ്യായത്തില്‍ പ്രവാചകത്വത്തെയും വിശ്വാസത്തെയും യുക്തിശാസ്ത്രപരമായി സമീപിക്കുന്നതിനെ തുറന്നെതിര്‍ക്കുന്ന ഗസാലി വിശ്വാസം എന്നാല്‍ വിശ്വാസം ആണെന്ന് ഉറപ്പിക്കുന്നിടത്താണ് ഈ പുസ്തകം സമാപിക്കുന്നത്. വളരെ ലളിതവും വായനാസുഖം നല്കുന്നതുമായ ഈ വിവര്‍ത്തനം മലയാളത്തിലെ ഇസ്‌ലാമിക ചിന്തക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) വലിയ മുതല്‍ക്കൂട്ടാവും.

Related Articles