Current Date

Search
Close this search box.
Search
Close this search box.

അറിവിന്റെ കലവറ തുറന്ന് ഇസ്‌ലാമിക വിജ്ഞാനകോശം

encyclopedia.jpg

ഇസ്‌ലാമിക ദര്‍ശനവും മുസ്‌ലിം സമൂഹവുമായി ബന്ധപ്പെട്ട അറിവു ശേഖരങ്ങളെ മലയാള അക്ഷര ക്രമത്തില്‍ ക്രോഡീകരിക്കുന്ന ബൃഹദ്‌സംരംഭമാണ് ഇസ്‌ലാമിക വിജ്ഞാനകോശം. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) 1995 ല്‍ തുടക്കമിട്ട ഈ വൈജ്ഞാനിക വിപ്ലവത്തിന്റെ പതിനൊന്നാം വാല്യമാണ് ഇപ്പോള്‍ അക്ഷര മലയാളത്തിന് സമര്‍പിച്ചിരിക്കുന്നത്. കാശ്മീരിലെ ചക് എന്ന ഗോത്രത്തിന്റെ ചരിത്രം മുതല്‍ മുഅ്തസിലി വിഭാഗത്തിലെ കക്ഷികളിലൊന്നായ അല്‍ജാഹിളിയ്യ വരെയുള്ള ആയിരത്തോളം ശീര്‍ഷകങ്ങളാണ് പതിനൊന്നാം വാള്യത്തിന്റെ ഉള്ളടക്കം. ഇസ്‌ലാമിക വിജ്ഞാന കോശം എന്നതിലുപരി ച, ജ എന്നീ അക്ഷരങ്ങള്‍ കൊണ്ടാരംഭിക്കുന്ന സര്‍വ വിജ്ഞാനങ്ങളും അപൂര്‍വ ഫോട്ടോകളോടൊപ്പം 765 പേജുകളില്‍ അടുക്കിവെക്കാന്‍ പ്രസാധകര്‍ ശ്രമിച്ചിട്ടുണ്ട്.
‘ജംഇയ്യത്ത്,’ ജാമിഅഃ, ജമാഅത്ത് ശീര്‍ഷകങ്ങളില്‍ വരുന്ന വിശ്വപ്രശസ്തവും അല്ലാത്തതുമായ ഇസ്‌ലാമിക സംഘടനകളെയും സര്‍വകലാശാലകളെയും കുറിച്ചുള്ള വിവരണങ്ങളാണ് പതിനൊന്നാം വാള്യത്തിലെ ശ്രദ്ധേയ കുറിപ്പുകള്‍. ലബനാനിലെ അല്‍ജമാഅഃ അല്‍ ഇസ്‌ലാമിയ്യ, ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വ്യത്യസ്ത രാഷ്ട്രങ്ങളിലെ ജമാഅത്തെ ഇസ്‌ലാമി, തുര്‍ക്കിയിലെ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി തുടങ്ങി ഇരുപതിലേറെ സംഘടനകളെ വിജഞാനകോശത്തില്‍ വിശദമായി പരിചയപ്പെടുത്തുന്നു. സര്‍വകലാശാലകളുടെ വിവരണത്തില്‍ മദീനയിലെ അല്‍ ജാമിഅഃ അല്‍ ഇസ്‌ലാമിയ, ജാമിഅഃ മില്ലിയ്യ, ജാമിഅ ഹംദര്‍ദ്, പട്ടിക്കാട് ജാമിഅ നൂരിയ്യ, ശാന്തപുരം അല്‍ ജാമിഅ, പുളിക്കല്‍ ജാമിഅ സലഫിയ്യ, എടവണ്ണ ജാമിഅ നദ്‌വിയ്യ തുടങ്ങി കേരളത്തിനകത്തും പുറത്തുമുള്ള അമ്പതിലേറെ സര്‍വകലാശാലകളുടെ വിശദമായ ചരിത്രവും ചിത്രങ്ങളും പുസ്തകത്തിലുണ്ട്. സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമൊപ്പം അവയുടെ പ്രമുഖ ശില്‍പികളെയും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഇസ്‌ലാമിക ചരിത്രത്തിലെ ക്ലാസിക് കൃതികളെ പരിചയപ്പെടുത്തുന്നതാണ് ശ്രദ്ധേയമായ മറ്റൊരു വിവരണം. ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഇസ്‌ലാമിന്റെ ആധികാരിക സ്രോതസ്സായി മുസ്‌ലിം ലോകം അംഗീകരിച്ചിട്ടുള്ള അല്‍ ജാമിഅ് സ്വഹീഹ് (സ്വഹീഹുല്‍ ബുഖാരി), അല്‍ ജാമിഅ് സ്വഹീഹ് (സ്വഹീഹ് മുസ്‌ലിം) എന്നീ ഹദീസ് സമാഹാരങ്ങളുടെ സവിശേഷതകളെല്ലാം ഈ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
പാശ്ചാത്യ കേന്ദ്രീകൃതമായ മാധ്യമ സംസ്‌കാരത്തിന് വെല്ലുവിളി ഉയര്‍ത്തിയ ‘അല്‍ ജസീറ’ ചാനലിനെ കുറിച്ചുള്ള വിശദമായ അധ്യായവും ചന്ദ്രിക പ്രസിദ്ധീകരണങ്ങളുടെ സമ്പൂര്‍ണ ചരിത്രവും പത്രപ്രവര്‍ത്തന മേഖലയിലുള്ളവര്‍ക്ക് ഒഴിച്ച് കൂടാനാവാത്ത വിവരണങ്ങളാണ്. ചന്ദ്രികയുടെ നടത്തിപ്പുകാരായ മുസ്‌ലിം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ തലപ്പത്ത് വിവിധ കാലങ്ങളിലുണ്ടായിരുന്ന ഭാരവാഹികളെയും പത്രാധിപന്മാരടക്കമുള്ള പ്രശസ്ത ജേണലിസ്റ്റുകളുമെല്ലാം ഈ ലേഖനത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ പ്രകടമായ മുസ്‌ലിം സാന്നിധ്യമുള്ള അനേകം ഗ്രാമങ്ങളുടെ സംസ്‌കാരവും ചരിത്രവും അവിടങ്ങളിലെ പ്രമുഖ വ്യക്തികളും സ്ഥാപനങ്ങളും സംരംഭങ്ങളും രേഖപ്പെടുത്തിയത് പ്രാദേശിക ചരിത്ര രചനക്ക് വിജ്ഞാന കോശം നല്‍കിയ അമൂല്യ സംഭാവനയായി വിലയിരുത്താം.
മലയാളത്തില്‍ അധികമൊന്നും എഴുതപ്പെടാത്ത ചൈനീസ് മുസ്‌ലിംകളെ കുറിച്ചുള്ള ഇരുപത് പേജ് വിവരണങ്ങളും ജപ്പാന്‍ മുസ്‌ലിംകളെ കുറിച്ചുള്ള പഠനവുമാണ് ശ്രദ്ധേയമായ മറ്റ് ചരിത്രമെഴുത്തുകള്‍. ജനീവ, ജക്കാര്‍ത്ത, ജാഫ്‌ന തുടങ്ങിയ പ്രദേശങ്ങളിലെ മുസ്‌ലിം സാന്നിധ്യങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ചുള്ള സമഗ്ര ലേഖനങ്ങളും ഈ വിഭാഗത്തിലുള്‍പ്പെടുത്താവുന്നതാണ്. ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ പൗരാണികരും ആധുനികരുമായ നിരവധി പ്രമുഖരുടെ വ്യക്തിചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഏറെ പ്രയോജനപ്പെടുന്നതാണ്. സ്വഹാബിവര്യനായ ജഅ്ഫറുബ്‌നു അബീത്വാലിബ്, ചെങ്കിസ്ഖാന്‍, മുഗള്‍ ഭരണാധികാരി ജഹാംഗീര്‍, പ്രമുഖ സൂഫി കവി ജമാലുദ്ദീന്‍ റൂമി മുതല്‍ കേരളത്തിലെ ചേരമാന്‍ പെരുമാള്‍, മാപ്പിള കവി ചാക്കീരി മൊയ്തീന്‍ കുട്ടി, മാപ്പിള ഗാനരചയിതാക്കളായ ചാന്ദ്പാഷ, എസ്.എ ജമീല്‍, വിവാദ പണ്ഡിതന്‍ ചേകന്നൂര്‍ മൗലവി തുടങ്ങി നിരവധി പേരുടെ ജീവചരിത്രങ്ങളും സംഭാവനകളും വിജ്ഞാനകോശത്തിലുണ്ട്. ചരിത്ര സ്മാരകങ്ങള്‍ക്ക് നേരെയുള്ള ഫാഷിസ്റ്റുകളുടെ പുതിയ കടന്നുകയറ്റു കേന്ദ്രമായ ചാര്‍മിനാറിന്റെ വിശദ ചരിത്രവും പഠനാര്‍ഹമാണ്. ചിത്രകല, ജനാധിപത്യം-ജാതി എന്നിവയെ കുറിച്ചുള്ള ആഴത്തിലുള്ള നിരീക്ഷണങ്ങളാണ് എടുത്തുപറയേണ്ട മറ്റ് ലേഖനങ്ങള്‍. ഇസ്‌ലാമിക വിജ്ഞാനകോശം എന്നതിലുപരി ഗവേഷകരും സാധാരണക്കാരും ഉള്‍പ്പെടെയുള്ള അന്വേഷകര്‍ എത്തുന്ന ഏത് ഗ്രന്ഥശാലയിലും അത്യാവശ്യം ഉണ്ടായിരിക്കേണ്ട പൊതു റഫറന്‍സ് ഗ്രന്ഥമായി ഇസ്‌ലാമിക വിജ്ഞാന കോശത്തെ സജ്ജമാക്കാന്‍ എഴുത്തുകാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മലയാള വൈജ്ഞാനിക രംഗത്തെ കഴിഞ്ഞ വര്‍ഷത്തെ മികച്ച സംഭാവനകളിലൊന്നായി വിജ്ഞാനകോശം പതിനൊന്നാം വാള്യത്തെ അടയാളപ്പെടുത്താം.

Related Articles