Current Date

Search
Close this search box.
Search
Close this search box.

അമേരിക്കയുടെ മുസ്‌ലിം മുരടുകള്‍ തേടി

el-america.jpg

അമേരിക്കന്‍ ചരിത്രത്തിന്നും സംസ്‌കാരത്തിന്നും ഇസ്‌ലാമും മുസ്‌ലിംകളും നല്‍കിയ സംഭാവനകളെന്താണ്? ‘Al Ameica: Travels Through America’s Arab and Islamic Roots’ [the New Press. 2009. Paperback] എന്ന ബ്രഹത്തായ തന്റെ കൃതിയില്‍, ജോനാഥന്‍ ക്യൂറില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നു. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ക്യൂറില്‍, The Sanfrancisco Chronicle ന്നു വേണ്ടിയെഴുതിയ പഠനാര്‍ഹമായ പ്രബന്ധങ്ങളുടെയും നര്‍മ്മ നിരൂപണങ്ങളുടെയും പേരില്‍ ശ്രദ്ധേയനാണ്. പ്രധാനപ്പെട്ട അന്താരഷ്ട്ര യാത്രകള്‍, പഠനങ്ങള്‍, ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റിയില്‍ വെച്ച് ഒരു റോയിറ്റേഴ്‌സ് ഫൌണ്ടേഷന്‍ ഫെലോഷിപ്പ്, ലാഹോറിലെ പഞ്ചാബ് യൂനിവേഴ്‌സിറ്റിയില്‍ വെച്ച് ഒരു ഫുള്‍െ്രെബറ്റ് ടീച്ചിംഗ് സകോളര്‍ഷിപ്പ് എന്നിവ അദ്ദേഹത്തിന്റെ പ്രാഗല്‍ഭ്യം വിളിച്ചോതുന്നു. ‘പത്രക്കാര്‍ തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരമാണെങ്കില്‍, ഞാന്‍ ഒരു സസ്യഭുക്കും മാംസഭുക്കുമാണ്.’ അദ്ദേഹം പറയുകയാണ്. ‘ചിലര്‍ പിക്കാസോയിലും സീന്‍ഫെല്‍ഡിലും തല്പരരാരുകുന്നത് പോലെ, ഞാന്‍ വാഷിംഗ്ടണ്‍ രാഷ്ട്രീയത്തിലും വിദേശകാര്യങ്ങളിലും തല്പരനാണ്.’

അമേരിക്കയില്‍ മുസ്‌ലിംകളുടെ ഗുപ്ത മുരടുകള്‍ അനാവരണം ചെയ്യുകയാണ് ക്യൂറിലിന്റെ ലക്ഷ്യം. സ്‌പെയ്‌നിന്റെ യശസ്സിന്നു വേണ്ടി ഈ പുതിയ ലോകം ‘കണ്ടുപിടിച്ച’ ക്രിസ്‌റ്റോഫര്‍ കൊളമ്പസ്സിനെക്കൊണ്ടാണ് അദ്ദേഹം ആരംഭിക്കുന്നത്. രണ്ടു മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ കൃതികളെയായിരുന്നു കൊളംബസ് അവലംബിച്ചിരുന്നതെന്ന വസ്തുത, അമേരിക്കന്‍ മിഥോളജിയില്‍ അത്രയൊന്നും അറിയപ്പെടാത്തതാണ്. ഒമ്പതാം ശതകത്തില്‍ ജീവിച്ച ജ്യോതിശാസ്ത്രജ്ഞന്‍ അബുല്‍ അബ്ബാസ് അഹ്മദ് അല്‍ ഫര്‍ഗാനിയുടെ സിദ്ധാന്തങ്ങളും ഇരുപതാം ശതകത്തിലെ ഭൂപട നിര്‍മാണ വിദഗ്ദ്ധന്‍ അബൂ അബ്ദുല്ല മുഹമ്മദ് അല്‍ ഇദ്‌രീസിയുടെ ലോക ഭൂപടവുമായിരുന്നു അത്. ‘അറബികളുടെ വിജ്ഞാനമുണ്ടായിരുന്നില്ലെങ്കില്‍, സ്പയ്‌നിന്റെ കണ്ടൂ പിടുത്തം ഈ രീതിയില്‍ മുന്നൊട്ടു പോവുകയില്ലായിരുന്നുവെന്നാണ്’ ക്യൂറില്‍ പറയുന്നത്.

അമേരിക്കയില്‍ മുദ്ര ചാര്‍ത്തിയ സ്പയ്ന്‍ കോളനിവല്‍ക്കരത്തിന്റെ കവാടം കൊളംബസ് തുറന്നു കൊടുക്കുകയായിരുന്നു. ഏകദേശം 800 വര്‍ഷങ്ങളോളം സ്‌പെയ്ന്‍ ഭരിച്ച അറബികളുടെയും മുസ്‌ലിംകളുടെയും ശില്പ – കലാ ശൈലികള്‍ പ്രതിഫലിപ്പിക്കുന്നതാണ് തങ്ങളുടെ പ്രിയപ്പെട്ട പല സമരകങ്ങളും ചരിത്ര നഗരങ്ങളുമെന്നറിയുമ്പോള്‍, അമേരിക്കക്കാര്‍ അമ്പരന്നേക്കും.

ഉദാഹരണമായി, ടെക്‌സാസിലെ സാന്‍ അന്റോണിയോയിലെ ഐതിഹാസികമായ അലാമോ, തെക്കന്‍ കരോലിനയിലെ ചര്‍ലെസ്‌റ്റോണില്‍ 1842 ല്‍ സ്ഥാപിതമായ The Citadel എന്ന സൈനിക കോളജ് എന്നിവ മൂറിഷ് രൂപകല്പന അനുകരിക്കുന്നവയത്രെ. ഇംഗ്ലീഷ് ലോകഭാഷയാണല്ലൊ കരുതപ്പെടുന്നത്. എന്നാല്‍, അറബിയില്‍ നിന്നുയര്‍ന്നു വന്ന ആയിരക്കണക്കില്‍ വാക്കുകള്‍ അതിലുണ്ട്. Lemon, zenith, chess, algebra, magazine എന്നിവ ഉദാഹരണങ്ങള്‍ മാത്രം. അത് പോലെ, പല അമേരിക്കന്‍ നഗരങ്ങളും അറബി നാമങ്ങളാണ് വഹിക്കുന്നത്. Arabia, Nebraska, Bagdad, California, Aladdin, Sultan, Cairo, Medina എന്നിവ ഉദാഹരണങ്ങള്‍.

ഇസ്‌ലാമിനെ കുറിച്ച് എന്ത് മുന്‍ വിധികളുണ്ടായാലും, പ്രതീക്ഷ, ശക്തി, ചരിത്രം തുടങ്ങിയവ സൂചിപ്പിക്കുന്ന തങ്ങളുടെ നഗരങ്ങള്‍ക്ക് നാമകരണം ചെയ്യുന്നതിന്ന്, അറേബ്യന്‍ മരുഭൂമിയിലേക്കും ഈജിപ്ത് തുടങ്ങിയ അറേബ്യന്‍  നഗരങ്ങളിലേക്കുമാണ് അമേരിക്കക്കാര്‍ നോക്കിയത്. പത്തൊമ്പതാം ശതകത്തില്‍ ജീവിച്ച രണ്ട് അമേരിക്കന്‍ മനീഷികളെ അറബികളും മുസ്‌ലിംകളും സ്വാധീനിച്ചിട്ടുണ്ട്. റാള്‍ഫ് വാല്‍ഡൊ എമേഴ്‌സന്‍(Ralph Waldo Emerson), ഹെന്‍ റി ഡെവിഡ് തൊറിയന്‍ (Henry David Thorean)എന്നിവരാണവര്‍. പേര്‍ഷ്യന്‍ കവിത, വിശുദ്ധ ഖുര്‍ആന്‍ എന്നിവയടങ്ങുന്ന ഇസ്‌ലാമിക സ്രോതസ്സുകളില്‍ നിന്നാണ് ഇരുവരും തങ്ങളുടെ കൃതികള്‍ക്ക് പ്രചോദനം നേടിയത്. ‘പേര്‍ഷ്യന്‍ കവിത അമേരിക്കക്കാരുടെ പൂജ്യതയിലെ ഒരു ആകാശവാണമായിരിക്കുമെന്ന എമേഴ്‌സന്റെ പ്രവചനം ക്യൂറില്‍ ഉദ്ധരിക്കുന്നുണ്ട്.
എമേഴ്‌സന്‍ പറഞ്ഞത് വളരെ ശരിയാണ്. അമേരിക്കയില്‍ ഇന്ന് ഏറ്റവും പ്രശസ്തവും വിറ്റഴിക്കപ്പെടുന്നതുമായ കവിത ജലാലുദ്ദീന്‍ റൂമിയുടേതത്രെ(1207 – 1273). റൂമിയുടെ 500,000 -ല്‍ പരം കോപ്പികളാണ് അമേരിക്കയില്‍ വിറ്റഴിക്കപ്പെട്ടത്. മഡൊണ, ഒലീവര്‍ സ്‌റ്റോണ്‍, ഡെമീ മൂര്‍, ഡോണാ കരന്‍ തുടങ്ങിയ പ്രശസ്തര്‍ അദേഹത്തിന്റെ സ്തുതി പാടകരാണ്.

അമേരിക്കയെ സംബന്ധിച്ചിടത്തോളം, അറബികളും മുസ്‌ലിംകളും അന്യരല്ല. അമേരിക്ക എന്ന വിവൃത കഥ എഴുതുന്നതില്‍ അവരെല്ലാം സഹകരിച്ചിട്ടുണ്ട്. അവരുടെ കര്‍തൃത്വം അംഗീകരിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതും തന്നെയാണ്. ക്യൂറില്‍ പറയുന്നത് പോലെ, കേവല ജൂതെ്രെകസ്തവ മുരടുകളാല്‍ മാത്രം വിരചിതമല്ല, ഇരുപത്തൊന്നാം ശതകത്തിലെ അമേരിക്ക. പ്രത്യുത, മുസ്‌ലിം മുരടുകള്‍ കൂടിയുള്ളതാണത്. നൂറ്റാണ്ടുകലായി, യഥാര്‍ത്ഥ സ്രോതസ്സുകളില്‍ നിന്നത് വേര്‍പ്പെടുത്തപ്പെട്ടു കഴിയുകയായിരുന്നുവെന്നു മാത്രം.

അമേരിക്കയെയും അറബി – മുസ്‌ലിം സംസ്‌കാരവുമായുള്ള അതിന്റെ ബന്ധത്തെയും, ഒരു പുനര്‍ നിര്‍ണയം നടത്താന്‍ ക്യൂറില്‍ ആഹ്വാനം ചെയ്യുകയാണ്. പ്രസിഡണ്ട് ബറാക് ഒബാമയുടെ അനുകൂല ശ്രമങ്ങളാല്‍, സ്വദേശത്തും വിദേശത്തും അത് നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍, അമേരിക്കയെ കുറിച്ച ഒരു പുനര്‍ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന്ന്, സാമൂഹ്യ പുരോഗതിയുടെ ശത്രുവായ അജ്ഞതയെ വെല്ലുന്ന വിപുലമായ ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്.
വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു പുത്തന്‍ അമേരിക്കയുടെ സൂര്യപ്രകാശമാണ്, ജോനാഥന്‍ ക്യൂറിലിന്റെ പുസ്തകം. അമേരിക്കയുടെ ഭാവിയെ കുറിച്ച് മൂന്നു പ്രവചനങ്ങള്‍ ക്യൂറില്‍ നടത്തുന്നുണ്ട്:
• ഇസ്‌ലാം അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും വലിയ മതമായി തീരും.
• പ്രധാന അമേരിക്കന്‍ സര്‍വകലാശാലകളില്‍ അറബി ഭാഷ പഠിപ്പിക്കപ്പെടും.
• അറബി – മുസ്‌ലിം സംസ്‌കാരങ്ങള്‍ അമേരിക്കന്‍ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി തീരും.
ഒരു പക്ഷെ, അപ്പോള്‍, ഒരു ജൂത – െ്രെകസ്തവ – മുസ്‌ലിം രാജ്യമായി അമേരിക്ക സ്വയം മനസ്സിലാക്കും.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles