Current Date

Search
Close this search box.
Search
Close this search box.

അധാര്‍മികതക്കെതിരെ സിംഹഗര്‍ജ്ജനം

MUSLIM-WORLD.jpg

ധീരനായ ഒരു വിപ്ലവകാരിയുടെ ഗാംഭീര്യമാര്‍ന്ന ശബ്ദം മുഴങ്ങിക്കേള്‍ക്കുന്ന ഗ്രന്ഥമാണ് ‘ഇലല്‍ ഇസ്‌ലാം മിന്‍ ജദീദ്’. ‘മുസ്‌ലിം ലോകം ചരിത്രവും വര്‍ത്തമാനവും’ എന്ന പേരില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ കൃതി പ്രമുഖ പണ്ഡിതനായ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ പ്രൗഢമായ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരമാണ്. ആധുനിക ലോകത്തെ കുറിച്ചും യൂറോപ്യന്‍ അധിനിവേശം കടപുഴക്കിയ നിര്‍മലമായ മാനവിക സംസ്‌കാരത്തെ കുറിച്ചുമുള്ള  ഒരു പണ്ഡിതന്റെ ആകുലതകള്‍ ഇതില്‍ നമുക്ക് വായിക്കാം.
ഇസ്‌ലാമിക പ്രമാണങ്ങളുടെ വെളിച്ചത്തില്‍ കാലത്തോട് നിര്‍ഭയമായി സംവദിക്കുന്ന ഒരു പണ്ഡിതന്റെ  ചിത്രമാണ് ഇത് വായിക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത്. ഖുര്‍ആന്റെ സന്ദേശങ്ങള്‍, ലോകത്തിന് വെളിച്ചമായും ഊര്‍ജമായും നിലകൊണ്ടിരുന്ന ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും നാഗരികതകളുടെയും നഖചിത്രങ്ങള്‍, സാംസ്‌കാരി അധിനിവേശങ്ങള്‍, മുസ്‌ലിം സമൂഹത്തിന്റെ അധഃപതന കാരണങ്ങള്‍, സുഖലോലുപരായ ഭരണാധികാരികളുടെ കൊള്ളരുതായ്മകള്‍, ജിഹാദീബോധത്തിന്റെ ആവശ്യകത തുടങ്ങി അനേകം മേഖലകളിലൂടെ നദ്‌വിയുടെ തൂലിക സഞ്ചരിക്കുന്നു.
വിവിധ കാലങ്ങളില്‍ ലോകത്ത് നടന്ന ചരിത്രസംഭവങ്ങളുടെ പകര്‍പ്പെഴുത്തല്ല ഇതില്‍ പ്രതിഫലിക്കുന്നത്. മറിച്ച് ചരിത്രബോധവും മൗലികവും കാലികവുമായ അറിവുകളും അല്ലാഹുവിനോടും പ്രവാചകനോടും അഗാധമായ സ്‌നേഹബന്ധവും നിലനിര്‍ത്തുന്ന ഒരു മഹാന്റെ നിരീക്ഷണങ്ങളാണ് ഇതില്‍ ദര്‍ശിക്കാന്‍ കഴിയുന്നത്.
അതുല്യമായൊരു സാംസ്‌കാരിക മഹിമ അവകാശപ്പെടാനുണ്ടായിട്ടും അവ കളഞ്ഞുകുളിച്ച മുസ്‌ലിം സമൂഹത്തിലെ നേതാക്കളോടും ഭരണാധികാരികളോടുമുള്ള അമര്‍ശം വരികള്‍ക്കിടയില്‍ വായിക്കാം. ഇസ്‌ലാമിക സംസ്‌കാരം വലിച്ചെറിഞ്ഞ മുസ്‌ലിം നാമധാരികളെ മതപരിത്യാഗികളെന്ന് വിശേഷിപ്പിക്കാന്‍ അലിമിയാന്‍ ധീരത കാണിക്കുന്നു. വേഷഭൂഷാധികളില്‍ മുഖ്യശ്രദ്ധപതിപ്പിച്ച് ഇസ്‌ലാമിന്റെ ആത്മാവിനെ കൊന്നുകളഞ്ഞ മുസ്‌ലിം സമുദായത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുന്നു. അധാര്‍മികതകളോട് പടവെട്ടി മാനവകുലത്തിന് ക്ഷേമസമ്പൂര്‍ണമായ ഒരു ജീവിതം സമ്മാനിക്കാന്‍ രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഒരു സമൂഹം സ്വാര്‍ഥതാല്‍പര്യങ്ങളുടെ മണിമാളികകളില്‍ അഭിരമിക്കുന്ന വിരോധാഭാസം അദ്ദേഹം തുറന്നുകാണിക്കുന്നു.
ഇസ്‌ലാമിക രാഷ്ട്രങ്ങളിലെ പ്രതിനിധികളോട്, രൂപവും യാഥാര്‍ഥ്യവും, ഇസ്‌ലാമിക ചരിത്രത്തിലെ ഉത്ഥാനപതനങ്ങള്‍, വിപ്ലവചിന്തയുടെ ആവശ്യകത, ഭരണകൂടത്തിന്റെ രണ്ടുമുഖങ്ങള്‍, ജാഹിലിയ്യത്തിന്റെ പതനം, വിശ്വാസപ്രതിസന്ധി, മതപരിത്യാഗം സജീവം പക്ഷേ അബുബക്ര്‍ (റ) കൂടെയില്ല തുടങ്ങിയവയാണ് ഇതിലെ പ്രധാനതലക്കെട്ടുകള്‍.
വിവര്‍ത്തനം: അബ്ദുല്ലാ നദ്‌വി കുറ്റൂര്‍
പ്രസാധനം : മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍
ബിംബിനോ മാര്‍ക്കറ്റ്, കോര്‍ട്ട് റോഡ്, കോഴിക്കോട് 1
വില: 70.00 പേജ്: 160

Related Articles