Current Date

Search
Close this search box.
Search
Close this search box.

അകം പൊള്ളിക്കുന്ന അനുഭവങ്ങള്‍ കൊണ്ടൊരു പുസ്തകം

solidarity.jpg

യു.എ.പി.എ എന്ന കിരാതനിയമം മുസ്‌ലിം, ദലിത് ആദിവാസി ന്യൂനപക്ഷവിഭാഗങ്ങളെ വേട്ടയാടാന്‍ തുടങ്ങിയിട്ട’് കാലങ്ങളായി. ഈ നിയമം നിലവില്‍ വന്നതിന് ശേഷം നിയമം നിര്‍മിക്കാന്‍ മുന്‍കൈയെടുത്തവര്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് മാത്രമല്ല, ഇതിന്റെ പേരില്‍ ഒരുപാട് നിരപരാധികള്‍ തടവറകള്‍ക്കകത്താകുകയും കാലങ്ങളോളം വിചാരണ തടവുക്കാരായി കഴിയുകയും ഒരുപാട് കുടുംബങ്ങള്‍ക്കത്താണി നഷ്ടപ്പെടുകയും, ഒരുപാട് കുടുംബങ്ങളുടെ അന്തസ്സും അഭിമാനവും സമൂഹത്തിന് മുന്നില്‍ അടിയറവ് പറയുകയും സമൂഹത്തില്‍ നിന്നും തീവ്രവാദമുദ്ര ചാര്‍ത്തപ്പെട്ട’് അപരത്വം കല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന ദയനീയാവസ്ഥകള്‍ കൈവന്നുവെന്നല്ലാതെ, മറ്റൊരു നേട്ടവും ഈ നിയമം മൂലമുണ്ടായിട്ടില്ല എന്ന് ചരിത്രവും വര്‍ത്തമാനവും നമ്മോട് ഒരേ സമയം പറഞ്ഞുകൊണ്ടിരിക്കുന്നു.

ഇത്തരമൊരു സന്ദര്‍ഭത്തിലാണ് യു.എ.പി.എ എന്ന കിരാതനിയമത്തിന്റെ പേരില്‍ തുറുങ്കിലടക്കപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ അഭിമുഖ സംഭാഷണ രൂപേണ തയ്യാറാക്കി സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് പ്രസാധനം ചെയ്ത് ഡോക്യുമെന്ററി സംവിധായകനായ ഗോപാല്‍ മേനോന്‍ തയ്യാറാക്കിയ ‘പിന്നെ അവര്‍ എന്നെ തേടിവന്നു’ എന്ന പുസ്തകം ഇറങ്ങുന്നത്. ഭരണകൂടം എത്രമേല്‍ ഭരണീയരുടെ കാര്യത്തില്‍  ”ജാഗരൂകരാ”ണെന്ന് തെളിയിക്കാന്‍ ഈ പുസ്തകം തന്നെ ധാരാളം. മാത്രമല്ല, വംശീയമുന്‍വിധികള്‍ വെച്ച് പുലര്‍ത്തുന്ന പൊതുബോധവും വായനക്കിടയില്‍ നമുക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. നിയമ ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ മെനഞ്ഞുണ്ടാക്കുന്ന തിരക്കഥകള്‍ക്ക് പാത്രമാകേണ്ടി വന്നവരുടെ കദനകഥകളാണ് ഉള്ള് പൊള്ളിക്കുന്ന അനുഭവങ്ങളായി ഗ്രന്ഥത്തില്‍ കോറിയിടുന്നത്. നിസംഗമനോഭാവം വെടിയാന്‍ കൂട്ടാക്കാത്ത ഭരണകൂട സമീപനങ്ങളും, വിരോധാഭാസമായ വിധിയില്‍ അന്തിച്ചുനില്‍ക്കുന്ന ഒരുപാട് കുടുംബങ്ങളും വായനക്കിടയിലേക്ക് കയറിവരുമ്പോള്‍ നമ്മുടെ നിയമവ്യവസ്ഥകള്‍ എവിടെയാണ് എത്തിനില്‍ക്കുന്നതെന്നും, ഒരുപക്ഷേ നാളെ നമുക്കും ഈ ഗതി വന്നുകൂടായ്കയില്ല എന്ന ബോധം നമ്മിലേക്ക് വന്നുചേരുന്നുണ്ട്.

 മഅ്ദനി മുതല്‍ വയനാട് മാവോയിസ്റ്റ് കേസുവരെയുള്ളവയിലേക്കുള്ള ഇഴകീറിയുള്ള അന്വേക്ഷണം ചില നിജസ്ഥിതികളും, ഭരണകൂടവും വലതുപക്ഷ അജണ്ടകളില്‍നിന്നും മറ്റുമായി രൂപപ്പെടുന്ന  വംശീയമുന്‍വിധികള്‍ ഉല്‍പാദിപ്പിക്കുന്നത് എവ്വിധമാണെന്നും ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്ന അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷ സമൂഹങ്ങളുടെ അരക്ഷിതാവസ്ഥകള്‍ അനാവരണം ചെയ്യുകയും, തീര്‍ത്തും യുക്തിക്ക് നിരക്കാത്തവണ്ണമെന്ന് തോന്നിക്കുമാറുള്ള നിയമവ്യവസ്ഥകളുടെയും നിയമവൃത്തങ്ങളുടെയും സമീപനങ്ങളെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ വെളിപ്പെടുത്തുകയും ചെയ്യുന്ന ഈ പുസ്തകം പുറത്തിറക്കുക വഴി സോളിഡാരിറ്റി പ്രതിരോധത്തിന്റെ സാംസ്‌കാരിക ദൗത്യമാണ് നിര്‍വഹിച്ചിരിക്കുന്നത്.
                                                                                                                                                                                                                      

 

Related Articles