Book Review

സ്വര്‍ഗം കിനാവു കണ്ട ജീവിതം

അനുസ്മരണ കുറിപ്പുകള്‍ പലതും വായിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്ന് ഏറെ വ്യത്യസ്തമായി അനുഭവപ്പെട്ട ഒന്നാണ് ശാന്തപുരം അല്‍ജാമിഅ അല്‍ഇസ്‌ലാമിയ പുറത്തിറക്കിയ സാദിഖ് മൗലവിയെ അനുസ്മരിക്കുന്ന കൃതി. കൂടുതല്‍ കേള്‍ക്കുകയും കുറച്ചു മാത്രം സംസാരിക്കുകയും ചെയ്ത ഒരാള്‍ എന്ന അവതാരികയോടെ തുടങ്ങുന്ന പുസ്തകം ഒട്ടേറെ ജീവിത പാഠങ്ങളാണ് വായനക്കാരന് പകര്‍ന്നു നല്‍കുന്നത്. വ്യക്തിത്വ വികസനത്തിന്റെ പാഠങ്ങളെല്ലാം ഉള്‍ക്കൊണ്ടിരുന്ന വലിയൊരു ഗ്രന്ഥമായിരുന്നു മൗലവിയുടെ ജീവിതമെന്ന് അതിലെ ഓരോ താളുകളും സാക്ഷ്യപ്പെടുത്തുന്നു. നേതാവ്, അനുയായി, അധ്യാപകന്‍, രക്ഷിതാവ് എന്നീ നിലകളില്‍ അദ്ദേഹം വഹിച്ച റോള്‍ അനുഭവസ്ഥര്‍ വിവരിക്കുന്നത് ശ്രദ്ധേയമാണ്.

പൊതുവെ ബന്ധങ്ങള്‍ക്ക് ആരും വേണ്ടത്ര വില കല്‍പിക്കാത്ത കാലത്ത് ബന്ധങ്ങള്‍ കൊണ്ട് മൗലവി മനസ്സുകളെ കീഴടക്കിയതിനെ കുറിച്ചാണ് ‘സി.ടി. സ്വാദിഖ് മൗലവി; സ്വര്‍ഗം കിനാവുകണ്ടു നടന്ന ജീവിതം വിവരിക്കുന്നത്. ആളുകളുമായി അടുത്ത വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും അദ്ദേഹം നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് മിക്കവര്‍ക്കും പറയാനുള്ളത്. ബന്ധങ്ങളിലൂടെ ഇസ്‌ലാമിക പ്രബോധനത്തിന്റെയും വ്യക്തി സംസ്‌കരണത്തിന്റെയും വിശാലമായ ഇടങ്ങളാണ് അദ്ദേഹം തുറന്നത്.

എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുണ്ടായിരുന്ന മൗലവി മറ്റൊരാള്‍ക്ക് മേല്‍ അവ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചിരുന്നില്ല എന്നും ഈ കൃതി നമുക്ക് മനസ്സിലാക്കി തരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ ലാളിത്യം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സ്വന്തം ജീവിതം ലളിതമായിരിക്കണമെന്നതില്‍ കര്‍ക്കശ നിലപാടുള്ള അദ്ദേഹം മറ്റുള്ളവര്‍ തന്റെ രീതി പിന്തുടരണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പല വിഷയങ്ങളിലും ആഴത്തിലുള്ള അറിവുണ്ടായിട്ടും ഒരു പണ്ഡിതനായി ആളുകള്‍ തന്നെ കാണുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിനയത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് അടുത്തിടപഴകിയവര്‍ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.

ഓരോ വിഷയത്തെയും വളരെ യുക്തിയോടെ സാദിഖ് മൗലവി കൈകാര്യം ചെയ്തതിന്റെ ഉദാഹരണങ്ങളിലൊന്നാണ് എ. സൈനുദ്ദീന്‍ കോയ കൊല്ലത്തിന്റെ കുറിപ്പിലുള്ള നിശാ ക്യാമ്പിനെ കുറിച്ച മൗലവിയുടെ വിശദീകരണം. ‘ഈ രാജ്യത്ത് കുറേ ജയിലുകളുണ്ട്. ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണവ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. ഇസ്‌ലാമിന്റെയും പ്രസ്ഥാനത്തിന്റെയും യാഥാര്‍ഥ്യം മനസ്സിലാക്കുന്ന നിമിഷം ഭരണകൂടം പ്രവര്‍ത്തകരെ അതില്‍ പാര്‍പ്പിക്കും. ഇപ്പോള്‍ കള്ളന്മാരെയും മറ്റും അതില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന് മാത്രം. പ്രവര്‍ത്തകര്‍ക്ക് ജയിലുകളില്‍ കിടക്കേണ്ടി വരുമ്പോള്‍ ആ അവസ്ഥയെ സധൈര്യം അതിജീവിക്കുവാന്‍ വീടുകളില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള പരിശീലനം ആവശ്യമാണ്. ശഹീദ് ഹസനുല്‍ ബന്ന തന്റെ അനുയായികളെ മാസങ്ങളോളം മരുഭൂമികളില്‍ താമസിപ്പിച്ച് പരിശീലിപ്പിച്ചതിനാലാണ് ഇഖ്‌വാന്‍ പ്രവര്‍ത്തകര്‍ക്ക് സുദീര്‍ഘമായ ജയില്‍ ജീവിതം ക്ഷമാപൂര്‍വം തരണം ചെയ്യാന്‍ കഴിയുന്നത്.’ ഈ വിവരണം കേട്ട് ന്യായമായ കാരണങ്ങളാല്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിക്കാനുദ്ദേശിച്ചവര്‍ പോലും അനുമതി ചോദിച്ചില്ലെന്നാണ്.

ജീവിതത്തില്‍ തങ്ങളുടെ മാര്‍ഗദര്‍ശിയായിരുന്ന സാദിഖ് മൗലവിയെയാണ് ഈ കൃതിയില്‍ സഹപ്രവര്‍ത്തകരും ശിഷ്യന്‍മാരുമായ മിക്ക ആളുകളും അനുസ്മരിക്കുന്നത്. സാദിഖ് മൗലവിയിലെ കുടുംബനാഥനെയും പിതാവിനെയും പരിചയപ്പെടുത്തുന്നതാണ് മക്കളായ അബൂദര്‍റ്, സുഹൈബ്, സല്‍മാന്‍ എന്നിവരുടെ ഓര്‍മകള്‍. ഭൗതിക നേട്ടങ്ങളിലേക്ക് ആളുകള്‍ മക്കളെ തള്ളിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഭൗതികതയുടെ കെണില്‍ അകപ്പെടുന്നതിനെ കുറിച്ച് എപ്പോഴും മുന്നറിയിപ്പ് നല്‍കിയിരുന്ന പിതാവായിരുന്നു അദ്ദേഹം. എപ്പോഴും സ്വര്‍ഗം മാത്രം കിനാവു കണ്ടിരുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് ഇതിലെ ഓരോ പേജും പറയുന്നു.

Facebook Comments
Related Articles
Show More

Check Also

Close
Close
Close