Book Review

സമുദായ പുരോഗതിക്കൊരു കരട് രേഖ

കേരളത്തിന്റെ ഉയര്‍ന്ന മാനവ വികസ സൂചിക കേരളം ഒരു സമ്പൂര്‍ണ സമത്വം നിലനില്‍ക്കുന്ന സമൂഹമാണെന്ന് പലരെയും തെറ്റിധരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള പല ധാരണകളെയും തുറന്നു കാണിക്കുകയാണ് Kerala Muslim History: A Revist എന്ന പുസ്തകത്തിലൂടെ പ്രൊഫസര്‍ കെ.എം. ബഹാഉദ്ദീന്‍. സമൂഹത്തില്‍ വിയോജിപ്പുകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമായി ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന അനീതികള്‍ക്കും അസ്വമത്വങ്ങള്‍ക്കും ഒരു പരിഹാരം വരച്ചു കാണിക്കുകയാണതില്‍.

റോളണ്ട് മില്ലറുടെ മാപ്പിള മുസ്‌ലിംകള്‍ പോലുള്ള പുസ്തകങ്ങള്‍ വായിച്ചവര്‍ക്ക് ഈ പുസ്തകത്തിന്റെ ആദ്യ ഭാഗത്ത് വലിയ വ്യത്യാസമൊന്നും കണ്ടെത്താനാവില്ല. പ്രവാചകന്റെ കാലത്ത് സമുദ്രമാര്‍ഗം കേരള തീരത്തെത്തിയ അറബി കച്ചവടക്കാരുടെ ചരിത്രമാണ് അതില്‍ വരച്ചു കാട്ടുന്നത്. 1492-ല്‍ അന്‍ദുലുസിന്റെ പതനത്തോടെയാണ് പോര്‍ച്ചുഗീസ് അധിനിവേശം ആരംഭിക്കുന്നത്. ഇന്ത്യ കണ്ടെത്താന്‍ പടിഞ്ഞാറോട്ട് തുഴഞ്ഞ കൊളമ്പസ് എത്തിചേര്‍ന്നത് അമേരിക്കന്‍ മണ്ണിലായിരുന്നു. 900 വര്‍ഷത്തോളം മാപ്പിളമാരുടെ ആധിപത്യം നിലനിന്നിരുന്ന അറബിക്കടലിലെ സമുദ്രവ്യാപാരം പിടിച്ചെടുക്കാന്‍ 1498-ല്‍ വാസ്‌കോ ഡ ഗാമ കേരളത്തിലെത്തി.

മുസ്‌ലിംകളെ സാമൂഹികമായും സാമ്പത്തികമായും തകര്‍ക്കുന്നതിലേക്കാണത് നയിച്ചത്. സമുദ്രതീരത്തുണ്ടായിരുന്ന മുസ്‌ലിം വിഭാഗങ്ങള്‍ മുക്കുവന്‍മാരായും ഉള്‍നാടുകളിലുള്ളവര്‍ കര്‍ഷകരായും മാറി. ഒരു കാലത്ത് സമ്പന്നരായിരുന്ന സമുദായം വെള്ളം കോരികളും വിറകുവെട്ടികളുമായി തീര്‍ന്നു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മുസ്‌ലിംകളും നായന്‍മാരും ഒരുമിച്ച് പോരാടിയിരുന്നെങ്കിലും, ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ സമവാക്യത്തില്‍ മാറ്റങ്ങള്‍ വന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മൈസൂര്‍ ഭരണത്തിന്റെ അന്ത്യത്തോടെയായിരുന്നു അത്. കൃഷിക്കാരെ ഭൂമിയുടെ ഉടമകളാക്കി മാറ്റുന്ന ഭൂപരിഷ്‌കരണം പോലുള്ള കാര്യങ്ങള്‍ ടിപ്പു ഭരണത്തില്‍ പുതിയ സാമ്പത്തിക ഉണര്‍വിന്റെ പ്രതീക്ഷകള്‍ ഉയര്‍ത്തി. എന്നാല്‍ വളരെ പരിമിതമായി മാത്രമേ അതു നടന്നുള്ളൂ. ബ്രിട്ടീഷ് ഭരണാധികാരികളുടെ ശത്രുത മാത്രമാണ് അതിലൂടെ നേടാനായത്. പുതിയ യജമാനന്മാര്‍ക്ക് മുന്നില്‍ ബ്രാഹ്മണര്‍ക്കുണ്ടായിരുന്ന സ്വാധീനം നായന്മാര്‍ സ്വന്തമാക്കി. 1830 ഓടെ ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ അജണ്ട കച്ചവടത്തില്‍ നിന്നും ഭരണത്തിലൂടെ ലാഭം കൊയ്യുന്നതിലേക്ക് മാറ്റി. അതിനായി അവര്‍ പുതിയ കൃഷികളും വസ്തുക്കളും പരിചയപ്പെടുത്തി. അതിന്റെ ഫലമായി മുമ്പില്ലാതിരുന്ന പുതിയ പല തൊഴിലുകളും ജന്മമെടുക്കുകയും അതിലേക്ക് ആവശ്യമായ വിദഗ്ധരെ സൃഷ്ടിക്കുന്നതി് സ്‌കൂളുകളും ആശുപത്രികളും പരിശീലന കേന്ദ്രങ്ങളും ആവശ്യമായി വരികയും ചെയ്തു. നായന്മാര്‍ നേരത്തെ സ്വയം സജ്ജരായിരുന്നു. ക്രിസ്ത്യാനികള്‍ മതപരിവര്‍ത്തനത്തിലൂടെ അംഗസംഖ്യ വര്‍ധിക്കുകയും ചെയ്തു. അതിനവര്‍ക്ക് പുതിയ ഭരണാധികാരികളുടെ ആശീര്‍വാദവും ലഭിച്ചിരുന്നു.

ഭൂതകാലത്തിന്റെ ഓര്‍മകളില്‍ അള്ളിപ്പിടിച്ചിരുന്ന മാപ്പിളമാര്‍ക്ക് മാറ്റത്തിനൊത്ത് നീങ്ങാനായില്ല. ബ്രിട്ടീഷ് ഭരണത്തോടുള്ള ചെറുത്തു നില്‍പ് അവരെ ബ്രിട്ടീഷുകാരുടെ ശത്രുക്കളാക്കി മാറ്റി. നായര്‍ സമുദായത്തിലെ ജന്മിമാര്‍ക്കെതിരെയും അവര്‍ നിലകൊണ്ടു. 1836-നും 1921 നും ഇടയില്‍ അവര്‍ക്കിടയിലുണ്ടായ 32 കലാപങ്ങളില്‍ 319 ജീവനുകള്‍ നഷ്ടപ്പെട്ടു. ബ്രിട്ടീകാര്‍ അവര്‍ക്ക് വരുമാനം നേടിക്കൊടുത്തിരുന്ന ജന്മിമാരൊടൊപ്പമാണെന്ന് തിരിച്ചറിയാന്‍ മാപ്പിളമാര്‍ക്ക് കഴിഞ്ഞിരുന്നില്ല.

മലബാര്‍ മേഖല 17, 18, 19 നൂറ്റാണ്ടുകളില്‍ പോരാട്ടങ്ങളിലായിരുന്നപ്പോഴും കൊച്ചിയും തിരുവിതാകൂറും സമാധാനത്തിലും സാമ്പത്തിക വളര്‍ച്ചയിലും മുന്നേറി കൊണ്ടിരിക്കുകയായിരുന്നു. ബ്രീട്ടുഷുകാര്‍ മാപ്പിളമാര്‍ക്കെതിരെ അക്രമം അഴിച്ചു വിട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച അസ്വസ്ഥകളും വര്‍ഗീയമായി വ്യാഖ്യാനിക്കപ്പെട്ടു. അതിനെ തുടര്‍ന്ന് 1854-ല്‍ മാപ്പിളമാരെ അടിച്ചമര്‍ത്താനുള്ള നിയമവും പാസാക്കി. സ്വാതന്ത്ര്യ സമരത്തില്‍ എല്ലാ വിഭാഗങ്ങളും ഒന്നിക്കുന്നതിന്റെ പ്രതീക്ഷകള്‍ പുതുനൂറ്റാണ്ടില്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനകത്തു തന്നെയുണ്ടായിരുന്ന തീഷ്ണമായ പ്രത്യയ ശാസ്ത്ര തര്‍ക്കങ്ങള്‍ ഊന്നലുകളെ പലതാക്കി. പ്രബല വിഭാഗങ്ങളായ നായന്മാരും ക്രിസ്ത്യാനികളും ഭരണം, വിദ്യാഭ്യാസം, മാധ്യമം, ബാങ്ക്, കൃഷി തുടങ്ങിയ മേഖലകളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു.

സാമൂഹികവും സാമ്പത്തികവുമായ അപചയത്തിന്റെ കാരണങ്ങള്‍ പുതിയ ഒരു സംഘം നേതാക്കന്‍മാര്‍ തിരിച്ചറിഞ്ഞു. വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അക്കൂട്ടത്തില്‍ ആധുനിക വിദ്യാഭ്യാസത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു. മുസ്‌ലിംകള്‍ക്ക് മലയാളത്തോടുള്ള എതിര്‍പ്പ് ഇല്ലാതാക്കുന്നതിനും പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കുന്നതിനും വേണ്ടി അദ്ദേഹം നിലകൊണ്ടു. ഗാന്ധിയുടെ ഖിലാഫത്ത് പ്രസ്ഥാനവും ദാരുണമായ തിരൂരങ്ങാടി കലാപവും സാമൂഹിക – സാമ്പത്തിക പ്രശ്‌നങ്ങളെ പിന്നോട്ടടിപ്പിച്ചു. ഭരണകൂടം മുസ്‌ലിംകള്‍ക്കെതിരെ ക്രൂരമായി ശക്തി പ്രയോഗിച്ചു. പതിനായിരത്തോളം ആളുകള്‍ കൊല്ലപ്പെടുകയും ഇരുന്നൂറോളം ഗ്രാമങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്തു. 60,000 പേരെ അറസ്റ്റ് ചെയ്യുകയും 17,000 പേര്‍ക്കെതിരെ കേസെടുക്കുകയും 1300 പേരെ ആന്തമാനിലേക്ക് നാടുകടത്തുകയും ചെയ്തു.

1891-നും 1931-നും ഇടയിലുണ്ടായ 18,651 സര്‍ക്കാര്‍ ജോലികളില്‍ 12,238 ഉം നേടിയത് നായന്‍മാരായിരുന്നു. സാമൂഹികാസന്തുലിതത്വം മറ്റു വിഭാഗങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം വളരുന്നതിന് കാരണമായി. 1936-ല്‍ ഹബീബുല്ല ദിവാന്‍ ആയിരുന്ന കാലത്ത് തിരുവിതാംകൂറില്‍ മുസ്‌ലിംകള്‍ക്ക് 12 ശതമാനം സംവരണം കൊണ്ടുവന്നു. എന്നാല്‍ 1968 ആയപ്പോള്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ ഗസ്റ്റഡ് തസ്തികകളില്‍ 9.09 ശതമാനവും ഗസറ്റേതര തസ്തികകളില്‍ 6.3 ശതമാനവും മാത്രമാണ് നേടാനായത്. സംവരണത്തിലൂടെ മുസ്‌ലിംകളെ നിയമിക്കുന്നതില്‍ 7,383 പോസ്റ്റുകളുടെ കുറവു വന്നിട്ടുണ്ടെന്ന് നരേന്ദ്രന്‍ കമ്മീഷന്‍ സൂചിപ്പിച്ചിട്ടുണ്ട്. വേദനാജനകമായ കണക്കുകളും യാഥാര്‍ത്ഥ്യങ്ങളും നിരത്തി മുസ്‌ലിംകള്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടത് സൂക്ഷ്മമായി രേഖപ്പെടുത്തുകയാണ് ഗ്രന്ഥകാരന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ സമുദായത്തിന്റെ സാമൂഹിക സാമ്പത്തിക അപചയത്തിന്റെ കാരണം കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. സത്വ രാഷ്ട്രീയം, സമുദായത്തിന്റെ വിഭവങ്ങള്‍ ഒഴുക്കപ്പെട്ടിരിക്കുന്ന അസംഖ്യം മദ്‌റസകള്‍, രാഷ്ട്രീയ പാര്‍ട്ടികളെ കടത്തിവെട്ടുന്ന വിഭാഗീയത, ഗള്‍ഫില്‍ കഷ്ടപ്പെട്ട് നേടിയെടുത്ത സമ്പത്ത് വിനിയോഗിക്കുന്നതിലുള്ള കഴിവുകേട് തുടങ്ങിയ വിഷയങ്ങളെ അനിതര സാധാരണമാം വിധത്തില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്നുണ്ട്.

സ്വാതന്ത്ര്യാനന്തരം പ്രമുഖ വിഭാഗങ്ങള്‍ ഭരണ നിയന്ത്രണ കേന്ദ്രങ്ങളിലും കൂടുതല്‍ ശക്തി നേടി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ സംസാരിച്ചിരുന്ന രാഷ്ട്രീയ പാര്‍ട്ടികളിലും അവര്‍ വിശേഷ സ്ഥാനങ്ങള്‍ നേടി. കേരളത്തില്‍ സ്വാതന്ത്യത്തിന് ശേഷമുള്ള ആദ്യ പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ ഏഴ് മന്ത്രിസഭകളാണ് താഴെവീണത്. അതില്‍ ചിലതിന് കാരണം ഒരു എഞ്ചിനീയറിങ് കോളേജിന് അനുവാദം നല്‍കാത്തതായിരുന്നു. ഇതില്‍ ഗ്രന്ഥകാരന്‍ വര്‍ഗീയതക്ക് പുതിയൊരു നിര്‍വചനം നല്‍കുന്നുണ്ട്. വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തലല്ല, ഏതെങ്കിലും ഒരു വിഭാഗമോ വിഭാഗങ്ങളോ സാമൂഹികവും സാമ്പത്തികമായും ആധിപത്യം സ്ഥാപിക്കലാണ് വര്‍ഗീയതയെന്ന് അദ്ദേഹം വിവരിക്കുന്നു.

കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ വളരെ വിലപ്പെട്ട ഒരു കൂട്ടിചേര്‍ക്കലായിരിക്കും ഈ ഗ്രന്ഥം. അതിന്റെ പ്രസാധകരായ അദര്‍ ബുക്‌സും പ്രത്യേക പ്രശംസ അറിയിക്കുന്നുണ്ട്. സമുദായത്തിന്റെ ഉയര്‍ച്ചക്ക് നിലമൊരുക്കുകയാണിത് ചെയ്യുന്നത്. കേരള മുസ്‌ലിംകളുടെ ഭാവി പുരോഗതിയില്‍ ക്രമത്തില്‍ ഇതൊരു കരട് രേഖയായി മാറുമെന്നതില്‍ സംശയമില്ല.

വിവ: നസീഫ്‌

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker