Book Review

സംവാദത്തിന്റെ സംസ്‌കാരം

സംഘടനകള്‍  തമ്മില്‍  ഛിദ്രതയും കടുത്ത  അസഹിഷ്ണുതയും  നിലനില്‍ക്കുന്ന  വര്‍ത്തമാനകാലത്ത്  ‘സംവാദത്തിന്റെ  സംസ്‌കാരം’ എന്ന  കൃതിയുടെ  പ്രസക്തി  വളരെ  വലുതാണ്. ഇസ്‌ലാമിക  സംഘടനകളുടെ  നേതാക്കളും  അണികളും ശ്രദ്ധിച്ചിരിക്കേണ്ട  പല  കാര്യങ്ങളും  ഈ  പുസ്തകം  നമ്മെ  ഓര്‍മപ്പെടുത്തുന്നു. ഇന്ത്യയിലെ  മറ്റുഭാഗങ്ങളിലെ  മുസ്‌ലിംകളെ  അപേക്ഷിച്ച് കേരളത്തിലെ  മുസ്‌ലിംകള്‍  സാമൂഹ്യമായും  സാമ്പത്തികമായും  മുന്നിലാണ്.  എന്നിട്ടും ഇസ്‌ലാം പഠിപ്പിച്ച സ്‌നേഹവും  സൗഹാര്‍ദവും  ഇസ്‌ലാമിക  സംഘടനകള്‍ തമ്മില്‍ പോലും  നിലനില്‍ക്കുന്നില്ലെങ്കില്‍  നമുക്കെവിടെയോ  പിഴച്ചിട്ടുണ്ടെന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

പുസ്തകത്തിന്റെ  അവതാരികയില്‍  സിദ്ദീഖ്  ഹസന്‍  സാഹിബ്  എഴുതുന്നു : ‘ഒരു വേള, മഹാനായ ഒരു പണ്ഡിതന്‍  ഒരിക്കല്‍ ചൂണ്ടിക്കാണിച്ചത് പോലെ, ഒരു ചെറിയ  പ്രദേശത്ത്  ഇത്രയേറെ  കര്‍മോത്സുകരും ഊര്‍ജസ്വലരുമായ  അനേകം  വിഭാഗങ്ങള്‍  ഒത്തുകൂടുമ്പോള്‍  അനിവാര്യമായും  സംഭവിക്കുന്ന  ഒരു ദുരന്തമാണ്  ഇക്കാലത്ത്  കേരളീയ മുസ്‌ലിംകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്… സയണിസ്റ്റുകളുടെയും സാമ്രാജ്യ ശക്തികളുടെയും  പഠന ഗവേഷണ കേന്ദ്രങ്ങളില്‍  ഇസ്‌ലാമിനെ  മുഖ്യ ശത്രുവായി കണ്ട്  ആയിരക്കണക്കിന്  ഗവേഷണ  പ്രബന്ധങ്ങളാണ്  വര്ഷം തോറും  തയ്യാറായിക്കൊണ്ടിരിക്കുന്നത്. ഫാസിസ്റ്റ്  ബ്രാന്‍ഡ്  ഹിന്ദുത്വത്തിന്റെ  ഗവേഷണ കേന്ദ്രങ്ങളിലും  അതുതന്നെയാണ് കഥ….. ‘ജാമിയ’കളെന്നു ബോര്‍ഡ് വെച്ച്   നാം നടത്തുന്ന  ‘യുനിവേഴ്‌സിറ്റി’കളുടെ  നിലവാരമറിയണമെങ്കില്‍ അവരെന്തു  പുതിയ അറിവാണ് കാലത്തിന്റെ പ്രശ്‌നങ്ങള്‍ക്ക്  പ്രതിവിധിയായി  മൗലിക രചനകളിലൂടെ സംഭാവന ചെയ്തത് എന്നു  മാത്രം നോക്കിയാല്‍ മതി. നമ്മുടെ പ്രതിഭകള്‍ക്കു മുമ്പില്‍ രണ്ടിലൊരു  വഴിയേ  ഉള്ളൂ. ഒന്നുകില്‍, കേരളത്തിനു  പുറത്ത്  വിദേശ രാജ്യങ്ങളിലോ  മറ്റോ  ചേക്കേറുക. അല്ലെങ്കില്‍  വാദ്യാരായി  ജീവിതം തുടങ്ങി  വാദ്യാരായി  അവസാനിപ്പിച്ച്  ഗ്രഹസ്ഥാശ്രമത്തിലേക്ക്   ഉള്‍വലിയുക’.

വീക്ഷണ വൈജാത്യങ്ങളുടെ  സൗന്ദര്യം, ആശയസംവാദത്തിന്റെ  അന്തസ്സുള്ള  വഴികള്‍, ഈ മര്യാദകള്‍  പാലിച്ചുകൂടെ നമുക്ക്, കര്‍മ ശാസ്ത്ര ഭിന്നതകളില്‍ സലഫികളുടെ  വിശാല വീക്ഷണം, ഇമാം ലൈസ് ബിന്‍ സാദ്  ഇമാം മാലിക്കിനയച്ച കത്ത്, ഇസ്‌ലാമില്‍  നിന്ന്  പുറത്താക്കാന്‍  അധികാരം നല്‍കിയത് ആരാണ് ?, മുസ്‌ലിം സ്‌പെയിന്‍  കേരളത്തോട് പറയുന്നത്, മുസ്‌ലിം ഐക്യം, മത സൗഹാര്‍ദം: പാളയം  ജുമാ മസ്ജിദിന്റെ  മാതൃക  എന്നീ  ശ്രദ്ധേയമായ  തലക്കെട്ടുകളിലുള്ള എട്ടു  അധ്യായങ്ങളാണ്   ഈ പുസ്ത കത്തിലുള്ളത് .
സദ്‌റുദ്ദീന്‍ വാഴക്കാട്  രചിച്ച  ഈ പുസ്തകം വിചാരം ബുക്‌സ്, തൃശൂര്‍  ആണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Facebook Comments
Related Articles
Show More
Close
Close