Book Review

സംഘടന സര്‍ഗാവിഷ്‌കാരമാകണമെങ്കില്‍

പ്രകൃതിയിലെ ജീവിവര്‍ഗങ്ങളില്‍ അവിഛിന്നമാമായി അലിഞ്ഞു ചേര്‍ന്ന ഒരുഭാവമാണ് സാമൂഹിക ബോധം. പ്രപഞ്ചത്തിലെ സൂക്ഷ ജീവിവര്‍ഗം മുതല്‍ ഏറ്റവും വലിയ ജീവിവര്‍ഗത്തില്‍ വരെ സാമൂഹികതയെ കുറിക്കുന്ന ധാരാളം അടയാള്ങ്ങള്‍ അനുഭവിക്കാനാവും. ഉദാഹരണത്തിന് ഉറുമ്പ്, തേനിച്ച എന്നീ ജീവിവര്‍ഗങ്ങളെ പരിശോദിച്ചു നോക്കു. അവയുടെ വളര്‍ച്ച, ജോലി വിഭജനം, ചലനം.. തുടങ്ങിയയൊക്കെ സാമൂഹ്യപരമാണെന്ന് ബോധ്യമാവും. ഇതര ജീവിവര്‍ഗങ്ങളില്‍ നിന്ന് സാമൂഹികതയുടെ കാര്യത്തില്‍ ഒരു വ്യത്യാസമുണ്ടെന്നു മാത്രം. ഇതരജീവികളില്‍ ദൈവം നിക്ഷേപിച്ച നൈസര്‍ഗികതയുടെ ഭാഗമായി സാമൂഹികത നിലനില്‍ക്കുമ്പോള്‍ മനുഷ്യ വര്‍ഗത്തില്‍ നൈസര്‍ഗിക ഭാവത്തോടൊപ്പം സ്വതന്ത്രവും സൈദ്ധാന്തികവുമായ തലമുണ്ടതിന്.

ഇസ്‌ലാമിക ദര്‍ശനം സാമൂഹികതക്ക് ഉന്നതമായ ഒരു പദവി നല്‍കിയിട്ടുണ്ട്. വിശുദ്ധവേദം പ്രയോഗിച്ച ‘അല്‍ ഉമ്മ’ എന്ന സാങ്കേതിക ശബ്ദവും തിരുചര്യ പ്രയോഗിച്ച ‘അല്‍ ജമാഅഃ’ എന്ന സാങ്കേതിക ശബ്ദവും സംഘടന, സംഘബോധം, എന്നിങ്ങനെ വ്യവഹരിക്കുന്ന സാമൂഹിക പ്രതിഭാസത്തിന് താത്വികവും ഉദാത്തവുമായ പൊരുളുകളാണ് നല്‍കിയിട്ടുള്ളത്. ഈ താത്വികമായ പൊരുളുകളുടെ പ്രായോഗികമായ രൂപങ്ങളാണ് മുസ്‌ലിം ജനത നാളിതുവരെ ലോകത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍.

സംഘടന, സംഘബോധം, നേതൃശേഷി തുടങ്ങിയവയെ പ്രൊഫഷണല്‍ സ്പര്‍ശത്തോടെ സമീപിക്കുന്ന പ്രവണത വര്‍ത്തമാന കാലത്ത് തികച്ചും പോസീറ്റിവായ ഒരു പ്രവണതയാണിത്. മിക്ക സര്‍വകലാശാലകളുടെയും സിലബസുകളില്‍ അവക്ക് സവിശേഷമായ ഒരു സ്ഥാനമുണ്ട്. കൂടാതെ ധാരാളം വ്യക്തികളും ഈ മേഖലയില്‍ കാണാം. മലയാള ഭാഷയിലുമുണ്ട് അത്തരം കൃതികള്‍. ദേബാശിഷ് ചാറ്റര്‍ജിയുടെ ‘നിങ്ങളുടെ ഹൃദയത്തിലെ അഗ്നിയെ ജ്വലിപ്പിക്കുക’, നിങ്ങളിലെ നേതാവിനെ കണ്ടെത്തുകട തുടങ്ങിയവ ഉദാഹരണം.

എന്നാല്‍ ഇസ്‌ലാമികാദര്‍ശത്തിലൂന്നി കൊണ്ടുള്ള കൃതികള്‍ ഇല്ലെന്നു പറയാം. ഇസ്‌ലാമിക പ്രവര്‍ത്തകരുടെ പരിശീലന സഹായിയെന്ന കൃതി അപവാദമായുണ്ടെങ്കില്‍ പോലും, അതൊരു വിവര്‍ത്തന രചനയാണെന്ന പോരായ്മയുണ്ട്. ഈയൊരു പോരായ്മയെ നികത്തുന്ന സ്തുത്യര്‍ഹമായ ചുവടുവെപ്പാണ് യുവത ബുക്ഹൗസ് പ്രസിദ്ധീകരിച്ച മുജീബുറഹ്മാന്‍ കിനാലൂരിന്റെ സംഘടന ഒരു പാഠശാല എന്ന കൃതി. ഈ കൃതി സമര്‍പ്പിക്കുന്ന പ്രമേയത്തെ കുറിച്ച് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ കുറിക്കുന്നതിപ്രകാരമാണ്. ‘ഇസ്‌ലാമിക പ്രവര്‍ത്തനം ലക്ഷ്യം വെച്ചുള്ള സംഘടനകള്‍ക്ക് സംഘടനാ ശാസ്ത്ര തത്വങ്ങള്‍ പകര്‍ന്ന് നല്‍കാനുള്ള ഒരു എളിയ ശ്രമമാണ് ഈ കൃതി. ഇസ്‌ലാമിക സംഘടനയുടെ അടിസ്ഥാന തത്വങ്ങളും പ്രയോഗരീതിക്കും ഇതില്‍ സവിസ്തരം ചര്‍ച്ച ചെയ്തിരിക്കുന്നു. സിദ്ധാന്തങ്ങള്‍ വിവരിക്കുകയല്ല, പ്രായോഗിക പാഠങ്ങള്‍ നല്‍കുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം.

23 ശീര്‍ഷകങ്ങളിലായി കൃതി വിഭജിക്കപ്പെട്ടിരിക്കുന്നു. സംഘടനയുടെ പ്രായോഗിക വശങ്ങളുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും കൃതിയില്‍ വിഷയീ ഭവിച്ചിട്ടുണ്ട്. ആദ്യത്തെ ഒമ്പത് അധ്യായങ്ങള്‍ സംഘടനയിലെ പ്രവര്‍ത്തകന്റെ ആത്മസംസ്‌കരണം മുന്‍നിര്‍ത്തിയുള്ളതാണ്. അതിനാല്‍, സംഘടനാ വികാസത്തോടൊപ്പം സംസ്‌കരണത്തിന്റെ പ്രാധാന്യവും കൃതി പകര്‍ന്നു നല്‍കുന്നുണ്ട്. അവശേഷിക്കുന്ന ഭാഗം സംഘടനയുടെ പ്രായോഗിക രംഗത്താണ്. യോഗം, പ്രവര്‍ത്തനരീതികള്‍, ഓഫീസ് വ്യവസ്ഥ, പൊതുപരിപാടികള്‍ … എന്നിവ കൃതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിജയമന്ത്രങ്ങള്‍ എന്ന അധ്യായത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തകന്‍ ഉറപ്പ് വരുത്തേണ്ട 7 കാര്യങ്ങള്‍ക്ക് അടിവരിയിടുന്നു. ഉത്തമമായ സ്വപ്നം, വ്യവസ്ഥാപിതത്വം, സര്‍ഗാത്മക മനസ്സ്, പ്രവര്‍ത്തന സന്നദ്ധതയും സ്ഥിരോത്സാഹവും, സമയബോധം, മാറ്റത്തിന്റെ മനസ്, ശുഭപ്രതീക്ഷ എന്നിവയാണവ.
ഏതെങ്കിലും ഒരു സംഘടനയെ മുന്‍നിര്‍ത്തിയല്ല ഇതിലെ വിഷയ പ്രതിപാദ്യം എന്നത് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു. കേരളീയാന്തരീക്ഷത്തിലെ ഇസ്‌ലാമിക പ്രവര്‍ത്തനം ഏതെങ്കിലും സംഘടന കേന്ദ്രീകരിച്ചായിരിക്കുമല്ലോ, ഏത് സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയായാലും ശരി, ഒരോരുത്തര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന ഒരു കൃതിയാണ് ഇതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

Facebook Comments
Related Articles
Show More
Close
Close