Book Review

ദുഖമില്ലാത്ത ജീവിതം

‘വ്യക്തിത്വ വികസന’ (Personality Development) മേഖലയില്‍ അനേകം ആലോചനകളാണ് ഈ കാലയളവില്‍ നടന്നുകൊണ്ടിരിക്കുന്നത്. അവ കൃതികളും പഠനങ്ങളും ലേഖനങ്ങളുമായി പുസ്തക കടകളില്‍ ലഭ്യമാണ്. ഈ ഇനത്തില്‍ പ്രസിദ്ധീകൃതമായ ശ്രദ്ധേയമായ രണ്ട് കൃതികളായിരുന്നു ശിവ്‌ഖേരയുടെ ‘യു കാന്‍ വിന്‍’ എന്ന കൃതിയും ഡേവിഡ് ജെ ഷോര്‍ട്‌സിന്റെ ‘ദി മാജിക് ഓഫ് തിംഗിങ്ങ് ബിഗ്’ എന്ന കൃതിയും. ഇതില്‍ ആദ്യം സൂചിപ്പിച്ച യു കാന്‍ വിന്‍ എന്ന കൃതിയുടെ അനേകലക്ഷം കോപ്പികളാണ് ലോകത്തുടനീളം വിറ്റഴിക്കപ്പെട്ടത്. ‘നിങ്ങള്‍ക്കും വിജയിക്കാം’ എന്ന പേരില്‍ അതിന്റെ വിവര്‍ത്തനം മലയാളത്തില്‍ നേരത്തെ തന്നെ വന്നിട്ടുണ്ട്. ചില വര്‍ത്തമാന പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് പ്രത്യേക കോളം തന്നെയുണ്ട്. ദീപികയുടെ സണ്‍ഡേ പതിപ്പിലെ ‘ചിന്താവിഷയം’, മാതൃഭൂമിയുടെ ബുധനാഴ്ചത്തെ വിജയപഥത്തിലെ ‘വിജയമന്ത്രം’, മലയാളമനോരമയുടെ ഞായറാഴ്ച വരുന്ന ‘ഇന്നത്തെ ചിന്താവിഷയം’, കേസരി ആഴ്ചപ്പതിപ്പില്‍ വരുന്ന ‘വിജയമാര്‍ഗം’ തുടങ്ങിയവ അവക്കുദാഹരണമാണ്.

 

എന്തുകൊണ്ടായിരിക്കും മുമ്പൊന്നും ഇല്ലാത്തവിധം വ്യക്തിത്വ വികസന മേഖലയില്‍ കൂടുതല്‍ സൃഷ്ടികള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം? രണ്ട് കാരണങ്ങളാണ് അതിനുള്ളത്. മുമ്പ് ഈ മേഖല മനസാസ്ത്ര(psychology)ത്തിന്റെ ഭാഗമായിരുന്നു. അതിന്റെ ഒരു പ്രശ്‌നം, ഐഛികമായി തെരഞ്ഞെടുക്കുന്നവര്‍ക്കു മാത്രമേ അത് ഉപകാരപ്പെടുകയുള്ളൂ. സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായി തന്നെ കിടന്നു. മനശാസ്ത്രത്തില്‍ നിന്ന് വേറിട്ട് വ്യക്തിത്വവികസനം സ്വതന്ത്രമായി വികസിച്ചതിലൂടെ ഈ മേഖല സാധാരണക്കാരെയും ആകര്‍ഷിക്കുന്നു. ഇതാണ് പ്രഥമ കാരണം. രണ്ടാമത്തെ കാരണമാണ് ഓന്നാമത്തെതിനെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത്. ആത്മാവ്, മനസ്സ്, ദൈവം എന്നിങ്ങനെയുള്ള ആത്മീയ ജീവിതത്തില്‍ നിന്ന് മനുഷ്യന്‍ വേറിട്ടതിന്റെ ഫലം അതിഭയാനകമായിരുന്നു. തനി ഭൗതിക ജീവിതത്തില്‍ നിന്ന് മോചനം നേടാനുള്ള പോംവഴികളായിട്ടാണ് വ്യക്തിത്വ വികസന മേഖലയിലെ രചനകള്‍ ഉണ്ടാവുന്നത്. അവയില്‍ മതപാഠങ്ങള്‍ അവലംബമാക്കിയുള്ളതും കേവലം മാനസികമായ രസാനുഭൂതി ലക്ഷ്യം വെച്ചുകൊണ്ടുള്ളതും ധനപരമായ ലാഭം മുന്‍ നിര്‍ത്തിയുള്ളതും കാണാനാവും.
ഇസ്‌ലാമിക ദര്‍ശന ദൃഷ്ട്യായുള്ള വ്യക്തിത്വ വികസന കൃതികള്‍ അപൂര്‍വ്വമാണ്. അതിനുള്ള പരിഹാരമാണ് ആഇദ് അല്‍ഖര്‍നി രചിച്ച് കെ.ടി. ഹനീഫ് വിവര്‍ത്തനം ചെയ്ത ‘ദുഖിക്കരുത് : ദൈവം നമ്മോടൊപ്പമുണ്ട്’ എന്ന കൃതി. മനുഷ്യന്റെ മനസ്സിനോട് നേര്‍ക്കുനേരെ സംവദിക്കുകയും വിശുദ്ധവേദത്തിന്റെയും തിരുചര്യയുടെയും അടിസ്ഥാനത്തില്‍ മനുഷ്യനെ ആകുലതയില്‍ അകപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ക്ക് പോംവഴികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ കൃതിയുടെ പ്രഥമ സവിശേഷത. കൂടാതെ, കൃതിയുടെ ശീര്‍ഷകത്തില്‍ തന്നെ ഒരു ആത്മീയസൗന്ദര്യം ഒളിഞ്ഞുകിടപ്പുണ്ട്. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ പ്രവാചകന്‍ മുഹമ്മദ്(സ) തന്റെ അനുചരന്‍ അബൂബക്കറിനോട് പറയുന്ന ആശ്വാസവചനമാണിത്. പ്രഥമാഭിസംബോധന അബൂബക്കറിനോടാണെങ്കിലും മാനവരാശിയോടുള്ള സംബോധനയാണിത്. ‘താങ്കള്‍ ദുഖിക്കേണ്ടതില്ല; നിശ്ചയം, ദൈവം നമ്മോടൊപ്പമുണ്ട്’. ഈ കൃതിയുടെ മൂലകൃതി അറബിഭാഷയില്‍ നേരത്തെ തന്നെ പ്രസിദ്ധീകൃതമായിട്ടുണ്ട്. അറബിഭാഷാ പരിജ്ഞാനമുള്ളവര്‍ മൂലഭാഷയില്‍ തന്നെ പാരായണം ചെയ്യുന്നതായിരിക്കും ആസ്വാദ്യകരം. അല്ലാത്തവര്‍ക്ക് മലയാളത്തില്‍ വായിക്കാം.
മുഖവുരക്ക് മുമ്പായി ഗ്രന്ഥകാരന്റെ കുറിപ്പ് കൃതിയിലുണ്ട്. അതിലദ്ദേഹം ഇപ്രകാരം കുറിക്കുന്നുണ്ട് : ഈ കൃതി പകരുന്ന സന്ദേശം ലളിതവും ഹ്രസ്വവുമാണ്. ഉത്കണ്ഠയും പിരിമുറുക്കവും വെടിഞ്ഞ് ജീവിതം ആനന്ദപൂരിതമാക്കുക. പ്രതീക്ഷാ നിര്‍ഭരമായി ജീവിതം നയിക്കുക. ജീവിതത്തോട് രചനാത്മകമായ സമീപനം സ്വീകരിക്കുക. അതിന് ജീവിതത്തിന്റെ പൊരുളറിഞ്ഞ് ജീവിക്കേണ്ട പ്രകാരം ജീവിക്കുക.
‘ദുഖിക്കരുത്’ എന്ന അദ്ധ്യായത്തോടെയാണ് കൃതിയുടെ പ്രാരംഭം. തുടര്‍ന്ന്, ഒരേക ചരടിലെ മുത്തുകളെന്ന വണ്ണം നിത്യജീവിത യാഥാര്‍ഥ്യങ്ങളെ കോര്‍ത്തിണക്കി എങ്ങനെ ജീവിതത്തെ ലക്ഷ്യപൂര്‍ണമാക്കാമെന്ന് ഈ കൃതി നമുക്ക് പറഞ്ഞ് തരുന്നു. സമയക്രമീകരണം, പ്രതിസന്ധികളുടെ അതിജീവനം, വിശ്വസം, ദൈവസ്മരണ, പ്രാര്‍ഥന, ദൈവത്തില്‍ ഭരമേല്‍പ്പിക്കല്‍, വജ്ഞാനം, വകാരനിയന്ത്രണം, ദുഖത്തിനു പകരം സന്തോഷം, ശുഭപ്രതീക്ഷ…….. എന്നിങ്ങനെ അനേകം വിഷയങ്ങളെയാണ് ഹൃദ്യമായ ഭാഷയില്‍ ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. വിഷയത്തിന് ഉപോല്‍ബലകമായ വിശുദ്ധവേദത്തിലെ സൂക്തങ്ങളും തിരുചര്യയിലെ വചനങ്ങളും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുവെന്നത് ഗ്രന്ഥത്തിന്റെ വൈജ്ഞാനിക തിളക്കതിനു മാറ്റ് കൂട്ടുന്നു. ഒരു വിഷയം മാത്രം പരിശോധിക്കാം. ജീവിതത്തില്‍ നിന്ന് വിഷാദം ഒഴിവാക്കേണ്ടതിനെ സംബന്ധിച്ച് കൃതിയില്‍ ഒരു ഭാഗമുണ്ട്. മൂന്ന് ദശലക്ഷം മനുഷ്യര്‍ കടുത്ത വിഷാദത്തിനടിമകളാണുപോലും. 300 ദശലക്ഷം മനുഷ്യര്‍ക്കെങ്കിലും വിഷാദരോഗമുണ്ടത്രെ. മാനവകുലത്തെ പിടിച്ചുലക്കുന്ന മാരക രോഗമാണ് വിഷാദം. അതിനാല്‍, ‘സ്വന്തം കരങ്ങളെ നാശത്തില്‍ അകപ്പെടുത്താതിരിക്കൂ’ (2:195). ഈ പ്രശ്‌നത്തിന്റെ പരിഹാരത്തിനാവശ്യമായ കവിതകളും മദ്വചനങ്ങളും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നു. ഇമാം ശാഫി പറയുന്നു : ‘ദിനങ്ങള്‍ എന്തുമേ കൊണ്ടുവരട്ടെ, ഒരു വിധി നടപ്പാക്കാനായാല്‍ അതില്‍ നീ തൃപ്തനാവുക.’
ചുരുക്കത്തില്‍ വിഭവസമൃദ്ധമായ ഒരു കൃതിയാണെന്നതില്‍ സംശയമില്ല. ഈ കൃതി പ്രസിദ്ധീകരിക്കുന്നത് വെളിയത്തു പറമ്പില്‍ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഫൗണ്ടേഷനാണ്.

Facebook Comments
Related Articles
Show More
Close
Close