Book Review

ചരിത്രത്തെ ധന്യമാക്കിയ ജീലാനി

ആത്മകഥാരചന (Autobiography)ക്കും അപരകഥാരചന(Biography)ക്കും ഏതാണ്ട് എല്ലാ ഭാഷകളിലും സവിശേഷമായ സ്ഥാനമുണ്ട്. മലയാള ഭാഷയും ഇതിന്നപവാദമല്ല. രാഷ്ട്രീയ, മത, സാംസ്‌കാരിക രംഗത്തുള്ള വ്യക്തികളുടെ പരശ്ശതം രചനകളാണ് ഈ മേഖലയില്‍ പ്രസിദ്ധീകൃതമായിട്ടുള്ളത്. എന്തുകൊണ്ടായിരിക്കും ഈ മേഖലകളിലുള്ള സാഹിത്യങ്ങള്‍ക്ക് വന്‍തോതിലുള്ള പ്രാധാന്യവും പ്രസക്തിയും ലഭിക്കുന്നത്? സംശയമില്ല, സാമൂഹിക ജീവിതത്തില്‍ ചില വ്യക്തികള്‍ക്ക് അനിഷേധ്യമായ സ്ഥാനമുണ്ടെന്നതാണ് അതിന്റെ കാരണം. വ്യക്തി ചരിത്രത്തെ സൃഷ്ടിക്കുകയാണോ, അതല്ല ചരിത്രം വ്യക്തിയെ സൃഷ്ടിക്കുകയാണോയെന്ന തികച്ചും സൈദ്ധാന്ധികമായ ചര്‍ച്ചയെ താല്‍ക്കാലികമായി അവഗണിക്കാം. ഒരു കാര്യം തീര്‍ച്ചയാണ്, വ്യക്തികളാണ് ചരിത്രത്തിന്റെ ശില്‍പികള്‍. വര്‍ത്തമാനത്തിന്റെ രചയിതാക്കളും അവര്‍ തന്നെ. ഭാവിയുടെ നിര്‍മാതാക്കളും അവര്‍ തന്നെയായിരിക്കും. അല്ലെങ്കിലും, വ്യക്തിയെ മാറ്റി നിര്‍ത്തിയിട്ട് പിന്നെയെന്ത് സമൂഹം.

ചരിത്രത്തെ വിജ്ഞാനം കൊണ്ടും കര്‍മം കൊണ്ടും അഗാധമാക്കിയ ആത്മീയഗുരുവാണ് ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി. അദ്ദേഹത്തിന്റെ ജീവിതം ഹ്രസ്വമായി പരിചയപ്പെടുത്തുന്ന സമാന്യം ഭോദപ്പെട്ട ഒരു കൃതിയാണ് ഡോ. അബ്ദുല്‍ റസാഖ് കീലാനി രചിച്ച് എം.എസ്.എ റസാഖ് വിവര്‍ത്തനം ചെയ്ത ‘ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി : ജീവിതവും സന്ദേശവും’. ഹിജ്‌റ 471-ല്‍ ത്വബരിസ്ഥാനിലെ ജീലാനിയിലായിരുന്നു ശൈഖിന്റെ ജനനം. (പിന്നീട് ഹി. 488-ല്‍ ജീലാനി വിട്ട് അദ്ദേഹം ബഗ്ദാദിലേക്ക് പുറപ്പെട്ടു.) രാഷ്ട്രീയ സംഘട്ടനങ്ങളും അധികാര വടംവലികളും നിത്യയാഥാര്‍ഥ്യമായിരുന്ന സവിശേഷ സാമൂഹിക-പശ്ചാത്തലത്തിലായിരുന്നു ശൈഖിന്റെ ജനനം. സല്‍ജൂക്കി സുല്‍ത്താന്‍ മാലിക് ഷായുടെയും അദ്ദേഹത്തിന്റെ മന്ത്രി നിസാമുല്‍ മുല്‍കിന്റെയും ഭരണകാലമായിരുന്നു അത്. വിശുദ്ധവേദവും തിരുചര്യയും സമര്‍പ്പിക്കുന്ന ധാര്‍മികതത്വങ്ങളും സനാതന മൂല്യങ്ങളും അന്നത്തെ മുസ്‌ലിം സമൂഹത്തില്‍ നിന്ന് ഏറെ വിദൂരമായിരുന്നു. എല്ലാ, ഭൗതിക സുഖാഢംബരങ്ങളിലും രമ്യഹര്‍മ്യങ്ങളിലും വേണ്ടവോളം മുങ്ങികഴിഞ്ഞ ഒരു ജനതയായിരുന്നു മുസ്‌ലിംകള്‍. അങ്ങനെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് ജീര്‍ണത മുഖമുദ്രയായ പശ്ചാത്തലത്തിലാണ് അതിശക്തമായ വ്യക്തിപ്രഭാവത്തോടുകൂടി ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ഉയിര്‍പ്പ്.

ഏതൊരു സാമൂഹിക പരിഷ്‌കര്‍ത്താവിന്റെയും അജണ്ടകളെ നിര്‍ണയിക്കുന്നത് നിലവിലുള്ള സാമൂഹിക സാഹചര്യമായിരിക്കും. ശൈഖ് ജീലാനി തന്റെ പരിഷ്‌കരണ പദ്ധതി വികസിപ്പിച്ചത് താന്‍ ജീവിച്ച സാമൂഹികമായ യാഥാര്‍ഥ്യം മുന്‍ നിര്‍ത്തിതന്നെയായിരുന്നു. അതിനാല്‍ ശൈഖ് ജീലാനി ഇസ്‌ലാമിക ദര്‍ശനത്തിലെ ആത്മീയ ശാസ്ത്രത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് കാണാനാവും. ഈ വശം മുന്‍നിര്‍ത്തി ചരിത്രത്തിന്റെ ആത്മീയ ഗുരുവെന്ന് ജീലാനിയെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഈ കൃതിയുടെ മൂന്ന് മുതല്‍ നാല് വരെയുള്ള അധ്യായങ്ങള്‍ ജീലാനിയുടെ ആത്മീയ ശാസ്ത്രവുമായി ബന്ധപ്പെട്ട് വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ആത്മീയത, അതിന്റെ നിര്‍വചനം, അതിന്റെ ലക്ഷ്യങ്ങളും ഉദ്ദേശ്യങ്ങളും, പണ്ഡിത വാക്യങ്ങള്‍ തുടങ്ങി വളരെ വിപുലമായ ചര്‍ച്ച കാണാം. ആത്മീയ ശാസ്ത്രത്തിന് തസ്വവുഫ് അഥവാ സൂഫിസം എന്നാണ് പറയപ്പെടുന്നത്. തസ്വവുഫിനെകുറിച്ച് ഗ്രന്ഥകാരന്‍ ശൈഖ് ജീലാനിയുടെ പണ്ഡിതോചിതമായ നിരീക്ഷണത്തെ അടയാളപ്പെടുത്തുന്നുണ്ട്. സൂഫ് (കമ്പിളി) എന്ന പദത്തില്‍ നിന്നല്ല, സഫാ (തെളിമ, വിശുദ്ധി) എന്ന പദത്തില്‍ നിന്ന് നിഷ്പന്നമായതാണ് തസ്വവുഫ്. സത്യസന്ധനായ സൂഫി തന്റെ യജമാനനായ ദൈവത്തെകുറിച്ചുള്ള ചിന്ത മനസില്‍ നിറച്ചിരിക്കും. ദൈവത്തെ ഒഴിച്ച് ബാക്കി എല്ലാറ്റില്‍ നിന്നും മനസിനെ ശുദ്ധമാക്കിയിരിക്കും. അനിതരസാധാരണത്വം കൊണ്ടോ ദൃഷ്ടികള്‍ താഴ്ത്തുന്നത് കൊണ്ടോ സജ്ജനങ്ങളെകുറിച്ച കഥനത്തിലൂടെയോ കേവലമായ സ്‌ത്രോത്രം കൊണ്ടോ അംഗചലനങ്ങള്‍ കൊണ്ടോ ലഭ്യമാവുന്നതല്ല തസവുഫ്. പ്രത്യുത, ദൈവാര്‍ഥനയിലെ സത്യസന്ധത കൊണ്ടും ഭൗതിക വിരക്തികൊണ്ടും ദൈവസ്മരണകൊണ്ടും സിദ്ധിക്കുന്നതാണ് തസവ്വുഫ്.
സാധാരണ ജനങ്ങള്‍ക്കിടയില്‍ ശൈഖ് ജീലാനി വിശ്രുതനായത് തന്റെ അത്ഭുത സിദ്ധി(കറാമത്)കളിലൂടെയാണ്. ഇതിനെകുറിച്ചും കൃതിയില്‍ ഒരു അധ്യായമുണ്ട്, ശൈഖ് അബ്ദുല്‍ ഖാദിറിന്റെ കറാമത്തുകള്‍ എന്ന പേരില്‍. ദൈവാനുമതിയോടെ പ്രവാചകന്‍മാര്‍ക്ക് അനാനുഷിക സംഭവങ്ങളും (മുഅ്ജിസത്) പുണ്യപുരുഷന്‍മാര്‍ക്ക് അത്ഭുത സിദ്ധികളും പ്രകടിപ്പിക്കാനാവുമെന്നത് ഇസ്‌ലാമക ദര്‍ശനത്തിലെ വിശ്വാസശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട ഒരു പ്രമേയമാണ്. അതിശയോക്തി കലര്‍ന്നതും അല്ലാത്തതുമായ ധാരാളം അത്ഭുത സിദ്ധികള്‍ ശൈഖ് ജീലാനിയില്‍ നിന്ന് ഉണ്ടായതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അതില്‍ പെട്ട ധാരാളം സംഭവങ്ങളെ ഗ്രന്ഥകാരന്‍ വായനക്കാര് പരിചയപ്പെടുത്തുന്നുണ്ട്. എന്നാല്‍, അതിശയോക്തി കലരാത്ത അത്ഭുത സിദ്ധികള്‍ ഏതൊക്കെ എന്ന് വേര്‍തിരിക്കാതെ ജീലാനിയില്‍ നിന്ന് ഉദ്ധരിക്കപ്പെടുന്ന എല്ലാ അത്ഭുതസിദ്ധികള്‍ക്കും ശരിവെക്കുകയാണ് ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഇത് കൃതിയുടെ തിളക്കത്തിന്റെ മാറ്റ് കുറക്കുന്നു.

പദാനുപദ വിവര്‍ത്തന രീതിയും അറബി പദങ്ങളുടെ അമിതമായ പ്രയോഗവും അവയുടെ അര്‍ഥങ്ങളും ബ്രാക്കറ്റ് വത്കരണവും മലയാള ഭാഷയുടെ തനിമയാര്‍ന്ന ഒഴുക്കിന് സാരമായ ഭംഗം വരുത്തിയിട്ടുണ്ടെന്ന് പറയാതെ വയ്യ. പദാനുപദ വിവര്‍ത്തന രീതിയേക്കാള്‍ കൂടുതല്‍ ആസ്വാദ്യകരം ആശയ വിവര്‍ത്തന രീതി തന്നെയാണ്. എന്നിരുന്നാലും, ശൈഖ് ജീലാനിയെ സാമാന്യമായി പരിചയപ്പെടുത്തുന്ന കനപ്പെട്ട ഒന്നാണ് ഈ കൃതിയെന്നതില്‍ ഒട്ടും സംശയം വേണ്ട. വിചാരം ബുക്‌സാണ് കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Facebook Comments
Related Articles
Show More

Check Also

Close
Close
Close