Book Review

ഖുര്‍ആനിന്റെ ഉള്ളറകളിലൂടെ

ഖുര്‍ആനിനെ സമുദ്രത്തോട് ഉപമിക്കാറുണ്ടല്ലോ. അതിന്റെ തീരത്ത് നിന്നാല്‍ പോലും മനസിന് കുളിര്‍മയേകുന്ന മന്ദമാരുതന്‍! ആഴങ്ങളിലേക്ക് ഊളിയിട്ടാലോ മുത്തും പവിഴവും!! നൂറിലധികം വ്യഖ്യാനങ്ങള്‍ എഴുതപ്പെട്ട ഏതെങ്കിലും ഗ്രന്ഥമുണ്ടെങ്കില്‍ അത് ഖുര്‍ആന്‍ മാത്രമാണ്. അത് ഇന്നും തുടരുന്നു. അറിവിന്റെ അക്ഷയഖനിയാണ് ഖുര്‍ആന്‍ എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല.

നിര്‍ഭാഗ്യവശാല്‍ ഖുര്‍ആനികാശങ്ങളുടെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങിയുള്ള പഠനങ്ങള്‍ മലയാളത്തില്‍ വിരളമാണ്. ഈ പശ്ചാത്തലത്തില്‍ മര്‍ഹൂം ജമാല്‍ മലപ്പുറം രചിച്ച ‘ഖുര്‍ആന്‍ വിചിന്തനങ്ങള്‍’ എന്ന ലഘു കൃതി ഒരു ബൃഹദ്ഗ്രന്ഥമായി വായനക്കാര്‍ക്ക് അനുഭവപ്പെടുമെന്നതില്‍ സംശയമില്ല. സൂറത്തുല്‍ ബഖറയിലെ 168, 188 എന്നീ സൂക്തങ്ങളെ അവലംബമാക്കി കൈക്കൂലി, അന്നപാനീയങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ച്  സമകാലിക മുസ്‌ലികളുടെ ആദര്‍ശ ഭദ്രതയില്ലായ്മയും, തൗഹീദ് പ്രഖ്യാപിക്കുന്നതോടൊപ്പം അതിന് വിരുദ്ധമായ മുതലാളിത്തം പോലുള്ള പ്രത്യയശാസ്ത്രങ്ങളെ വാരിപ്പുണരുന്ന  വൈരുദ്ധ്യവും നമ്മുടെ ചിന്തയെ തൊട്ടുണര്‍ത്തിക്കൊണ്ട് സരളമായി ഈ കൃതിയില്‍ തുറന്നുകാണിക്കുന്നു. ലളിതമായ വാക്കുകളിലൂടെ ഖുര്‍ആനിന്റെ ആഴിയിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകാനുള്ള അദ്ദേഹത്തിന്റെ അസാമാന്യ പാടവം സമ്മതിക്കാതിരിക്കാന്‍ നമുക്ക് കഴിയില്ല.

അദ്ദേഹം എഴുതുന്നു: ‘ദാഹിച്ചാല്‍ വെള്ളം കുടിക്കണമെന്നത് ഒരു പ്രകൃതി നിയമമാണ്. കുടിവെള്ളം ശുദ്ധവും രോഗാണു വിമുക്തവും ആയിരിക്കണമെന്നല്ലാതെ ദൈവവും മതവും അതില്‍ ഇടപെടേണ്ട കാര്യമില്ല എന്ന് വിശ്വസിച്ചുകൊണ്ടാണ് ഒരാള്‍ ദാഹശമനം വരുത്തുന്നതെങ്കില്‍ ആ പ്രവൃത്തി ശിര്‍ക്കും കുഫ്‌റുമായിത്തീരും. ആ കുടിവെള്ളം എത്ര നിര്‍മലമായിരുന്നാലും! അതേ അവസരം, അന്നപാനീയങ്ങളുടെ വിഹിതാവിഹിതവും നന്മ തിന്മകളും തീരുമാനിക്കേണ്ടത് ദൈവമാണെന്നും അവന്‍ മദ്യപാനം നിരോധിച്ചിരിക്കുന്നുവെന്നും അംഗീകരിച്ചുകൊണ്ട് ഒരാള്‍ തനി കള്ള് തന്നെ കുടിച്ചാലും അത് ദൈവധിക്കാരം മാത്രമേ ആവുകയുള്ളൂ. എന്നാല്‍ വേറൊരാള്‍ കള്ളു കുടിച്ചത് ദാഹിച്ച് വലഞ്ഞ് ജീവന്‍ നിലനിര്‍ത്താന്‍ മറ്റൊന്നും ലഭ്യമല്ലാത്ത, ജീവന്‍ മരണ സാഹചര്യത്തിലായിരുന്നുവെങ്കില്‍ അത് ഒരു അനുസരണക്കേടുമാകില്ല. കാരണം, തന്റെയും തന്റെ ദാഹത്തെയും കള്ളിനെയും സൃഷ്ടിച്ചവന്‍ അത് അനുവദിച്ചിരിക്കുന്നു.

ഈ മൂന്ന് നിലപാടുകള്‍ അടിവരയിടുന്ന കാര്യം, സ്രഷ്ടാവായ അല്ലാഹുവിന്റെ പരമാധികാരത്തെയും നിയമനിര്‍മാണത്തിനുള്ള  അവന്റെ അവകാശത്തെയും ആകുന്നു. അതില്‍ അവന്റെ അനുവാദമില്ലാതെ കൈവെക്കുന്നത് ശിര്‍ക്കും കുഫ്‌റുമാകുമെന്നതിന് വിശുദ്ധ ഖുര്‍ആന്റെ അന്നപാനീയ ചര്‍ച്ച മാത്രം മതിയാകുന്നതാണ്.’
 മുട്ടാണിശ്ശേരില്‍ കോയക്കുട്ടി അവതാരിക എഴുതിയ ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് വിചാരം ബുക്‌സ് (തൃശൂര്‍) ആണ്. വില : 30.00

Facebook Comments
Related Articles
Show More

അബൂദര്‍റ് എടയൂര്‍

1981 മെയ് 23ന് മലപ്പുറം ജില്ലയിലെ എടയൂരില്‍ ജനനം. പിതാവ് സി.ടി. സ്വാദിഖ് മൗലവി. മാതാവ് സൈനബ്. ഐ. ആര്‍. എസ് എടയൂര്‍, അല്‍ജാമിഅ അല്‍ഇസ്‌ലാമിയ ശാന്തപുരം എന്നിവിടങ്ങളില്‍ പഠനം. തഫ്ഹീമുല്‍ ഖുര്‍ആന്‍ ഡിജിറ്റൈസേഷന്‍ പ്രൊജക്റ്റിന്റെ കോ ഓഡിനേറ്ററായും അല്‍ജാമിഅ അല്‍ഇസ്‌ലാമിയയില്‍ ചീഫ് ലൈബ്രേറിയനായും പ്രവര്‍ത്തിച്ചു. ഭാര്യ: രഹ്‌ന. കൃതികള്‍: സഹനം, തവക്കുല്‍, വിശ്വാസ സ്വാതന്ത്ര്യം, ഖുര്‍ആന്‍ ചരിത്രം സത്യവും മിഥ്യയും (വിവര്‍ത്തനം).
Close
Close