Book Review

ഇന്ത്യന്‍ മുസ്‌ലിംകളുടെ വേറിട്ട ശബ്ദം

സയ്യിദ് ശഹാബുദ്ദീന്‍ എന്ന മഹാനായ മുസ്‌ലിം വ്യക്തിത്വത്തെ പരിചയപ്പെടുത്താനുള്ള ശ്രമമാണ് ‘Syed Shahabuddin-Outstanding Voice of Muslim India’ എന്ന നടത്തുന്നത്. അദ്ദേഹവുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചവരുടെയും ദീര്‍ഘകാലത്തെ പരിചയം പുലര്‍ത്തിയവരുടെയും സഹായത്തോടെയാണിത് തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹത്തോട് പല വിഷയങ്ങളിലും വിയോജിപ്പുള്ളവര്‍ പോലും അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകുളിലെ സ്പഷ്ടതയും വ്യക്തതയുമായിരുന്നു അതിന് കാരണം. രാജ്യവും സമുദായവും നേരിടുന്ന നിരവധി വിഷയങ്ങള്‍ അദ്ദേഹം സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ ബഹുമുഖ വ്യക്തിത്വം സമര്‍പ്പിക്കുന്നതിന് സമാഹര്‍ത്താവ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പണ്ഡിതരും ആദരണീയരുമായി വ്യക്തികളെ സമീപിച്ചിട്ടുണ്ട്. സയ്യിദ് ശഹാബുദ്ദീനുമൊത്തുള്ള തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അവര്‍ പങ്കുവെക്കുന്നുണ്ട്. മഹാനായ ഈ ഭാരതീയന്‍ എന്തിനായിരുന്നു നിലകൊണ്ടത് എന്നും, മുസ്‌ലിം സമൂഹത്തിന് എന്തൊക്കെ മഹത്തായ സംഭാവനകളാണ് അദ്ദേഹം അര്‍പ്പിച്ചിട്ടുള്ളതെന്നും, അത് സമുദായത്തിനുണ്ടാക്കിയ നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും വെളിപ്പെടുത്തുന്നതാണ് അവരുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും. ലേഖനങ്ങളുടെയും ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ എഴുത്തുകളുടെയും മുസ്‌ലിം സമുദായത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളുടെയും മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിലപാടുകളുടെയും സമാഹാരമാണ് ഈ പുസ്തകം. സയ്യിദ് ശഹാബുദ്ദീന്‍ ഐ.എഫ്.എസ് ഓഫീസര്‍ എന്ന നിലക്കുള്ള തന്റെ അനുഭവ സമ്പത്തിന് പുറമെ ഭരണഘടനാ നിയമത്തിലും, പാര്‍ലമെന്റേറിയന്‍, മാധ്യമപ്രവര്‍ത്തകന്‍, അഭിഭാഷകന്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. അപ്പോഴെല്ലാം മുസ്‌ലിംകളുടെ ക്ഷേമത്തിനും ജനങ്ങളുടെ അന്തസും ആദരവും ഉറപ്പു വരുത്തുന്നതിനും അദ്ദേഹം അതീവ താല്‍പര്യം കാണിച്ചിരുന്നു.

ഇന്ത്യന്‍ ഭരണഘടനയെ മനസാ വാചാ നെഞ്ചേറ്റിയ കടുത്ത ദേശസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി എഴുതിയ മുഖവുരയില്‍ വിശേഷിപ്പിക്കുന്നുണ്ട്. ഒരു വിഭാഗത്തോട് മാത്രം കാണിക്കുന്ന നീതി അനീതിയിലേക്കാണ് നയിക്കുക എന്ന വിശ്വാസത്തില്‍ പ്രചോദിതനായി അതില്ലാതാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. ചില നേട്ടങ്ങള്‍ അദ്ദേഹത്തിന് സാധിച്ചു, ചില ധാരണകള്‍ ഉയര്‍ത്തി കൊണ്ടുവരാനും. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളിലും അസമത്വത്തിന്റെ കെണിയൊരുക്കിയ കാര്യങ്ങളിലുമായിരുന്നു അദ്ദേഹം ഊന്നല്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസങ്ങളും പ്രതികരണം ഭയക്കാതെയുള്ള നിലപാടുകളുമായിരുന്നു സമകാലികരില്‍ അദ്ദേഹത്തെ വ്യതിരിക്തനാക്കിയത്.

യാതൊരുവിധ സമ്മര്‍ദങ്ങള്‍ക്കും വഴങ്ങാത്ത സമൂഹം കുരിശിലേറ്റിയ പോരാളിയായിട്ടാണ് ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് എ.എം അഹ്മദി അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നത്. യാതൊരു മുന്‍വിധിയും വെച്ചു പുലര്‍ത്താതെ അദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിരുന്നു. കര്‍ക്കശക്കാരനും തീവ്രവാദിയുമാണെന്ന ആരോപണങ്ങള്‍ മിക്കപ്പോഴും അദ്ദേഹത്തിന് ഉയര്‍ന്നിരുന്നു. എന്നാല്‍ അദ്ദേഹം ഒരിക്കലും അതായിരുന്നില്ല എന്നതാണ് വസ്തുത. കണ്ണുകളുടെ കാഴ്ച്ചക്കപ്പുറം കാണുന്നതിനും അറിയുന്നതിനും അദ്ദേഹം അതീവ താല്‍പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും നിര്‍ഭയത്വവും ഒരു കര്‍ക്കശക്കാരനായി തെറ്റിധരിക്കുന്നതിന് കാരണമായി. ശഹാബുദ്ദീന്‍ കുറച്ചെങ്കിലും അതിരുവിട്ടെന്ന് ജസ്റ്റിസ് അഹ്മദിക്ക് തോന്നിയിട്ടുള്ളത് ഷാബാനു കേസാണ്.

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അമീര്‍ മൗലാനാ ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി തിളക്കമാര്‍ന്ന രത്‌നമായിട്ടാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. അദ്ദേഹം സമുദായത്തിന് വേണ്ടി ചെയ്ത സംഭാവനയും സമര്‍പ്പണവും തര്‍ക്കമില്ലാത്ത കാര്യമാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷം മിക്ക മുസ്‌ലിം നേതാക്കന്‍മാരും നാല് ചുവരുകള്‍ക്കിടയില്‍ ഒതുങ്ങി കൂടിയപ്പോള്‍ മൗലാനാ അലി മിയാന്‍ നദ്‌വി (അബുല്‍ ഹസന്‍)യുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിനെ ചെന്ന് കണ്ട സംഘത്തില്‍ സയ്യിദ് ശഹാബുദ്ദീനും ഉണ്ടായിരുന്നുവെന്ന് ഉമരി സാഹിബ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഓര്‍മപ്പെടുത്തുന്നുണ്ട്. കൂടിയക്കാഴ്ച്ചയില്‍ വസ്തുതകളും അക്കങ്ങളും നിരത്തി അദ്ദേഹം നടത്തിയ വാദങ്ങള്‍ എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇബ്‌റാഹീം സുലൈമാന്‍ സേട്ടിനും ജി.എം. ബനാത്ത് വാലക്കും ശേഷം മുസ്‌ലിം വിഷയങ്ങള്‍ ധീരമായും സത്യസന്ധമായും ഉയര്‍ത്തിപ്പിടിച്ച പാര്‍ലമെന്റേറിയനായിരുന്നു അദ്ദേഹം.

സയ്യിദ് ശഹാബുദ്ദീന്‍ എന്ന പേര് ബാബരി മസ്ജിദിന്റെ പര്യായമായി മാറിയിരിക്കുന്നു എന്നാണ് ജസ്റ്റിസ് രജീന്ദ്ര സച്ചാര്‍ അഭിപ്രായപ്പെടുന്നത്. വിഷയം പരിഹരിക്കുന്നതിന് അദ്ദേഹം കാണിച്ച അശാന്ത പരിശ്രമമായിരുന്നു അതിന് കാരണം. ബുദ്ധിജീവികള്‍ക്കും സെക്യുലറിസ്റ്റുകള്‍ക്കും പോലും നിയമത്തില്‍ വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ കോടതി വിധിയെ മാനിക്കാന്‍ ആവശ്യപ്പെട്ടത് ശഹാബുദ്ദീന്‍ മാത്രമായിരുന്നുവെന്ന് ജസ്റ്റിസ് സച്ചാര്‍ എഴുതുന്നു. ഹൈക്കോടതി വിധിയ മേല്‍ക്കോടതി തിരുത്തുമെന്ന അദ്ദേഹത്തിന്റെ വിശ്വാസമായിരുന്നു അതിന് കാരണം.

ജനതാ പാര്‍ട്ടി പ്രസിഡന്റ് ഡോ. സുബ്രമണ്യസ്വാമി, ഭരണഘടനാ വിദഗ്ദനായ ഡോ. സുബാശ് കാഷ്യപ്, ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍ തുടങ്ങിയവരും സയ്യിദ് ശഹാബുദ്ദീനെ കുറിച്ചുള്ള വിലയിരുത്തലുകള്‍ പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്തു നിന്നുള്ളവരും അദ്ദേഹത്തിന്റെ സേവനങ്ങള്‍ പ്രത്യേകം സ്മരിക്കുന്നുണ്ട്.
മുശ്താഖ് മദനി സമാഹരിച്ചിട്ടുള്ള ലേഖനങ്ങളടങ്ങിയ പുസ്തകത്തിന്റെ പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത് പി.എ. ഇനാംദാറാണ് (P. A. Inamdar, ‘Daulat’, 963, New Nana Peth, Pune, India) അനുസ്മരണങ്ങള്‍ക്ക് പുറമെ 112 പേജുകളുള്ള പുസ്തകത്തിന്റെ മുഖവില 400 രൂപയാണ്.

Facebook Comments
Related Articles

126 Comments

Leave a Reply

Your email address will not be published.

Close
Close